ലാസ് വേഗസ്: പ്രസിഡൻറ് ട്രംപിന്റെ പുതുക്കിയ കുടിയേറ്റ നിയമം മൂലമുണ്ടായ സന്ദേഹങ്ങൾ അടങ്ങുന്നില്ല. പൗരത്വ നിയമ ഭേദഗതികളിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ ഇവിടെ പ്രതിപാദിക്കുകയാണ് . അമേരിക്കൻ പാസ്സ്‌പോർട്ട് കൈവശമുണ്ടെങ്കിൽ അതുകൊണ്ടു മാത്രം പൗരത്വം തെളിയിക്കാനാവില്ല. താഴെ പറയുന്ന ഗണങ്ങളിൽ പെട്ടവർ പാസ്പോർട്ട് ഇല്ലങ്കിലും അമേരിക്കൻ പൗരന്മാരായി പരിഗണിക്കപ്പെടും .
1. അമേരിക്കൻ പൗരത്വം ഉള്ള മാതാപിതാക്കളുടെ മക്കൾ ലോകത്ത് എവിടെ ജനിച്ചാലും അവർ അമേരിക്കക്കാരാണ്.
2. അമേരിക്കൻ പൗരത്വം ഉള്ള മാതാവിന്റേയോ പിതാവിന്റെയോ മക്കൾ ലോകത്ത് എവിടെ ജനിച്ചാലും അവർ അമേരിക്കക്കാരാണ്.
3. അമേരിക്കയിൽ നിയമപരമായി ജനിക്കുന്നവർ ഏതുരാജ്യക്കാരാണെങ്കിലും (ഇതുവരെ) അമേരിക്കനാണ്.
മുകളിൽ പറഞ്ഞവർക്ക് പാസ്പോർട്ട് ലഭിക്കാൻ അമേരിക്കൻ സർക്കാരിന്റെ ജനന സർട്ടിഫിക്കറ്റ് മാത്രം മതിയാകും .
4. ഗ്രീൻകാർഡ് ലഭിച്ചാൽ മൂന്ന് വര്ഷം (ബന്ധുക്കൾ സ്പോൺസർ ചെയ്‌താൽ) അല്ലെങ്കിൽ അഞ്ച് വർഷങ്ങൾ (തൊഴിൽ അടിസ്ഥാനത്തിൽ) കഴിയുമ്പോൾ അമേരിക്കൻ പൗരത്വത്തിന് അപേക്ഷിക്കാനുള്ള യോഗ്യത നിലവിൽ വരും. യു.എസ്.ഐ എസിൽ N-400 എന്ന അപേക്ഷയിൽ മതിയായ തുക അടച്ച് അപേക്ഷിക്കണം . നടപടിക്രമങ്ങൾ ശരിയായ രീതിയിലാണെങ്കിൽ ആറ് മാസത്തിനകം പൗരത്വം ലഭിക്കാം . സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം പൗരത്വരേഖ അടങ്ങിയ സർട്ടിഫിക്കറ്റ് കിട്ടും . നാച്ചുറലൈസെഷൻ സർട്ടിഫിക്കറ്റ് എന്ന ഈ രേഖ കൊണ്ട് അമേരിക്കൻ പാസ്സ്പോർട്ടിന് അപേക്ഷ സമർപ്പിക്കാം .
5. ഗ്രീൻകാർഡിൽ കുട്ടികളുമായി അമേരിക്കയിൽ വന്നവർ (നമ്പർ 4 ൽ പറഞ്ഞവർ) ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഇനി പറയുന്നത് . നിങ്ങളുടെ കുട്ടികൾ അമേരിക്കയിൽ ജനിച്ചവർ അല്ല . അവരുടെ ജനന സർട്ടിഫിക്കറ്റ് വേറെ ഒരു രാജ്യത്തിലെ ആയിരിക്കാം. നിങ്ങൾക്ക് അമേരിക്കൻ പൗരത്വം കിട്ടുന്ന സമയത്ത് അവർ പതിനെട്ട് വയസ്സിന് താഴെ ഉള്ളവർ ആണെങ്കിൽ ആ കുട്ടികളും അമേരിക്കൻ പൗരന്മാരായി കണക്കാക്കും. അവർക്ക് നിങ്ങളുടെ പൗരത്വ രേഖ കൊണ്ട് പാസ്സ്പോർട്ടും ലഭിക്കും. പക്ഷെ അവർക്ക് നാച്ചുറലൈസെഷൻ സർട്ടിഫിക്കറ്റ് കൈവശമുണ്ടാവില്ല. അങ്ങനെയുള്ളവർ പതിനെട്ട് വയസ്സ് കഴിഞ്ഞ് പാസ്പോർട്ട് നഷ്ടപ്പെട്ടാൽ, പൗരത്വ രേഖ ഉണ്ടായിരുന്ന മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല എങ്കിൽ പൗരത്വം തെളിയിക്കാൻ ബുദ്ധിമുട്ടുണ്ടാകാം .
വിദേശത്ത് ജനിച്ചവരും അമേരിക്കൻ പാസ്സ്‌പോർട്ട് കൈവശം ഉള്ളവരും എന്നാൽ പൗരത്വരേഖ ഇതുവരെ എടുത്തിട്ടില്ലാത്തവരും N-600 എന്ന അപേക്ഷയിൽ 1385.00 ഡോളർ അടച്ച് സർട്ടിഫിക്കറ്റ് ഓഫ് സിറ്റിസൺഷിപ്പിന് അപേക്ഷിക്കാം . അപേക്ഷകൾ അംഗീകരിച്ചാൽ പൗരത്വത്തിനുള്ള അതേ നടപടിക്രമങ്ങൾ തന്നെയാണ് ഇതിനും . https://www.uscis.gov/n-600
6) പൗരത്വം എടുത്തു കഴിഞ്ഞാൽ അത് സോഷ്യൽ സെക്യൂരിറ്റിയെ അറിയിക്കേണ്ടതും അത്യാവശ്യമാണ്.
N-600 അപേക്ഷ, അമേരിക്കൻ പൗരനാണ് എന്ന് തെളിയിക്കാനുള്ള സർട്ടിഫിക്കറ്റിനാണ് (സർട്ടിഫിക്കറ്റ് ഓഫ് സിറ്റിസൺഷിപ്).
N-400 അപേക്ഷ, അമേരിക്കൻ പൗരത്വം എടുക്കുന്നതിനാണ് (സർട്ടിഫിക്കറ്റ് ഓഫ് നാച്ചുറലൈസേഷൻ).