ടെക്സസിലെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 111 കഴിഞ്ഞു എന്നു സ്ഥിരീകരണം. കാണാതായവരിൽ 173 പേരെ ഇപ്പോഴും കണ്ടുകിട്ടിയിട്ടില്ലെന്നു അഞ്ചാം ദിവസമായ ചൊവാഴ്ച്ച ഗവർണർ ഗ്രെഗ് ആബട്ട് സ്ഥിരീകരിച്ചു. മരണസംഖ്യ കുത്തനെ ഉയരുമെന്ന് ഇതോടെ ആശങ്ക കനത്തു.
ഏറ്റവുമധികം പേർ മരിച്ച --87-- കെർ കൗണ്ടിയിലാണ് ഏറ്റവുമധികം പേരെ കണ്ടുകിട്ടാനുള്ളത്. മറ്റു കൗണ്ടികളിലെ മരണ സംഖ്യ: കെണ്ടാൽ 8, ബർനറ്റ് 5, വില്യംസൺ 3, ടോം ഗ്രീൻ 1.
മരിച്ചവരിൽ 30 കുട്ടികളും ഉണ്ടെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഗ്വാഡലൂപ് നദിക്കരയിൽ നടന്നു വന്ന മിസ്റ്റിക് എന്ന ക്രിസ്ത്യൻ സമ്മർ ക്യാമ്പിൽ ഉണ്ടായിരുന്ന 27 പെൺകുട്ടികൾ അതിൽ ഉൾപ്പെടുന്നു.
ആബട്ട് പറഞ്ഞു: "പ്രളയം ബാധിച്ച എല്ലാവരെയും കണ്ടെത്തേണ്ടതുണ്ട്. അതാണ് പ്രധാനപ്പെട്ട ജോലി. ഓരോ ജഡവും കണ്ടെത്തുന്നതു വരെ ഈ തിരച്ചിൽ നമ്മൾ തുടരും."
ക്യാമ്പ് മിസ്റ്റിക്കിൽ ഉണ്ടായിരുന്ന അഞ്ചു പേരെയെങ്കിലും കണ്ടുകിട്ടാനുണ്ടെന്നു കെർ കൗണ്ടി ഷെരിഫ് ലാറി ലെയ്‌ത പറഞ്ഞു. വെള്ളം കരകവിഞ്ഞു കയറിയപ്പോൾ ക്യാമ്പിൽ 750 കുട്ടികൾ ഉണ്ടായിരുന്നു.
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗട്ടറസ് ടെക്സസ് ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തിയതായി അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.
Texas searching for over 170 missing