3278 ദിവസങ്ങൾക്കും 8 മണിക്കൂറുകൾക്കും 12 മിനിറ്റുകൾക്കും മുമ്പ് ഞാൻ അയാളെ കണ്ടിരുന്നു. കളിമണ്ണിന്റെ, നിറം മങ്ങിയ കല്ലുകൾ നിലത്ത് വിരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കണം. പൂപ്പലിന്റെയും കാലങ്ങളോളം അടച്ചിട്ടതിന്റെയും രൂക്ഷഗന്ധമുള്ള മുറിയിൽ പ്രേമത്തിൻ്റേതായ ഒന്നും അവശേഷിച്ചിരുന്നില്ല. കറുത്ത ഒരു നായ ഒരിക്കലും സ്നേഹിക്കാൻ കഴിയാത്ത വിധം ചുവന്ന പല്ലുകൾ ഉള്ള അയാളെ പോലെ തന്നെ രാക്ഷസീയമായി എന്നെത്തന്നെ തുറിച്ചു നോക്കി. ഞാൻ ഉറക്കത്തിലായിരുന്നു. ഉണർച്ചയിൽ ആയിരുന്നു എന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല.
ഭൂതകാലത്തിന്റേതായ പടിയിറങ്ങി പോയി കഴിയുമ്പോൾ ഇരുട്ട് വീണു തുടങ്ങിയ വയലറ്റ് വിരികളുള്ള പഴയ മുറി . ശീതം ബാധിച്ച് മഴ കിനിഞ്ഞ ചുമരുകൾ. പൂതലുകളിൽ പച്ചപ്പട്ട് വളർന്ന പഴയ മഴക്കാലം. അസാധാരണമാം വിധം തൊള്ളയിടുന്ന ഒരു പഴയകാല ശീതരണി ആ മുറിയിൽ ഇരുന്ന് സ്വയം തണുക്കാൻ ശ്രമിച്ചു. എനിക്ക് ഉഷ്ണിച്ചു.
പ്രേമത്തിന്റേതായ ഒന്നും ആ വീട്ടിൽ ഞാൻ കണ്ടില്ല.പ്രേമിക്കപ്പെടുവാനുള്ള ഒരു സാധ്യതയും ഞാൻ കണ്ടില്ല. ആ ദിവസമോ അതിന്റെ പത്തുവർഷങ്ങൾക്ക് ഇപ്പുറമോ ഞാൻ അയാളെ പ്രേമിക്കാൻ എന്തെങ്കിലും തരത്തിലുള്ള സാധ്യതയുണ്ട് എന്ന് ഞാൻ കരുതിയിരുന്നുമില്ല.
“ മരണാനന്തരം എന്നെ ഇവിടെ ആയിരിക്കും കിടത്തുക “ അങ്ങനെ പറഞ്ഞപ്പോൾ അയാളുടെ പളുങ്ക് കണ്ണുകളിൽ ജീവിതത്തിൻറെതായ അഗാധശാന്തത ഞാൻ കണ്ടു. അപരിചിതനായ ഒരാൾക്കൊപ്പം വീടുകാണാൻ ഇറങ്ങിപ്പുറപ്പെട്ടതിന്റെ ഭയം ഞാൻ മുഖത്ത് വരാതിരിക്കാൻ പരമാവധി ശ്രമിച്ചു. ചിരിച്ചു. ഞാൻ ഏതോകാലത്ത് ജീവിക്കുന്ന കഴുതയാണ്. ഒരുപക്ഷേ മൂന്നാമതൊരാൾ ഇല്ലാതെ പരിചിതനോ അപരിചിതനോ ആയ ഒരു പുരുഷനൊപ്പം ഒരിടത്ത് ആദ്യമായാണ് നിൽക്കുന്നത് എന്നത് എൻറെ ഭയത്തെ പതിന്മടങ്ങാക്കി.
എനിക്ക് ഒരാളെയും വിശ്വാസമുണ്ടായിരുന്നില്ല. ഒരു പുരുഷനെയും വിശ്വാസം ഉണ്ടായിരുന്നില്ല. ഒരു പ്രേമത്തെയും വിശ്വാസമുണ്ടായിരുന്നില്ല. അപ്പോൾ പിന്നെ പ്രേമിക്കാത്ത ഒരാളെ ഒരുപരിചിതനെ ഞാനെങ്ങനെ വിശ്വസിക്കും. ?
വീടുകാണാൻ മറ്റൊരാളെ കൂട്ടിയിട്ട് വരാമായിരുന്നു അല്ലെങ്കിൽ വരാമെന്ന് പറഞ്ഞ് ആൾ വരാതിരുന്നപ്പോൾ തിരികെ പോയാൽ മതിയായിരുന്നു. മുറികളിൽ നിന്നും മുറികളിലേക്ക് പോകുമ്പോൾ എൻറെ ഹൃദയം പട ഇടിച്ചു. അയാൾ തന്ന മധുരമോ പാലോ ഇല്ലാത്ത കാപ്പി കുടിക്കാൻ ഞാൻ ഭയന്നു.
കുടിക്കാൻ പ്രയാസമുണ്ടെങ്കിൽ വേണ്ട എന്ന് അയാൾ പറഞ്ഞിട്ടും കപ്പ് താഴെ വയ്ക്കാതെ ഞാൻ കയ്യിൽ പിടിച്ചു തന്നെ ഇരുന്നു. ഞാൻ ഭയക്കുന്നു എന്നോ അവിശ്വസിക്കുന്നു എന്നോ അയാൾ കരുതേണ്ടതില്ല എന്ന് എനിക്ക് തോന്നിയിരുന്നു. കൃത്യം പത്തു വർഷങ്ങൾക്കിപ്പുറം എന്റെ ജീവിതം മാറിമറിക്കാൻ പോകുന്ന ഒരുവനാണ് എൻറെ മുന്നിൽ നിൽക്കുന്നത് എന്ന് എനിക്കപ്പോൾ തോന്നിയതേയില്ല. വർത്തമാനം പറയുന്നതിനിടയിൽ അയാൾ തന്റെ മുടിയിഴകൾ ഒതുക്കി വയ്ക്കുന്ന വിധം എന്നെ അത്ഭുതപ്പെടുത്തി. മിലാനോയുടെ മഞ്ഞുതിർന്ന ഉച്ചയിൽ അതിസുന്ദരനായ യുവാവ് കയ്യുറകളൂരി മുടി കോതിയതായി ഞാൻ കണ്ടു.
ചാരനിറമുള്ള അയാളുടെ കണ്ണുകളിൽ ഒരു നവവരൻ്റെ കൗതുകങ്ങൾ ഉണ്ടായിരുന്നു. യൗവ്വനയുക്തമായിരുന്ന ചന്ദനനിറത്തിലുള്ള തൊലി സർപ്പ ശല്ക്കം പോലെ തിളങ്ങി. ഇടയ്ക്കെപ്പഴോ കറണ്ട് പോയി. ഇരുട്ട് എനിക്ക് അയാൾക്കും ഇടയിൽ അകൽച്ച പോലെ തുടിച്ചു നിന്നു.
വാതിൽക്കൽ നിന്ന് യാത്ര പറയുമ്പോൾ "കപ്പ് "എന്നയാൾ പറഞ്ഞു. ഞാൻ കാപ്പിക്കപ്പ് ചുണ്ടോടു ചേർത്തു. ജീവിതത്തിൽ ഞാൻ ഇതുവരെ അനുഭവിച്ച മുഴുവൻ കൈപ്പുകളും മാഞ്ഞുപോയി. നവ്യമായ അഭൂതപൂർവ്വമായ ഒരു കാപ്പി പൂന്തോട്ടത്തിലേക്ക് ഞാൻ വീണു പോയത് പോലെ എനിക്ക് തോന്നി.
"വേണ്ടെങ്കിൽ കുടിക്കേണ്ട എന്ന് പറഞ്ഞുവല്ലോ"
അയാൾ നിർബന്ധപൂർവ്വം കപ്പ് തിരികെ വാങ്ങി. എൻറെ തലയിരമ്പി . വയനാട്ടിലെ തണുത്ത പുലർകാലങ്ങൾ എനിക്ക് ഓർമ്മ വന്നു. കാപ്പി പൂക്കൾ പൊടിച്ചുയർന്ന തണുത്ത കാറ്റിൻറെ ഇളക്കത്തിൽ ഞാൻ വിറച്ചു. വെള്ള നക്ഷത്രങ്ങൾ പോലെ കോടമഞ്ഞൊരുക്കത്തിൽ അവയും വിറച്ചു.
അയാൾ എൻറെ ജീവിതം തന്നെയായിരുന്നു അയാൾ എനിക്ക് ജീവനായിരുന്നു എന്ന് വീണ്ടും 10 വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്.
അത് കണ്ടുപിടിച്ചപ്പോൾ കുഞ്ഞുങ്ങളെപ്പോലെ എനിക്ക് ആഹ്ലാദം ഉണ്ടായി. അന്തോറിയും പൂവിൻറെ തൊലിപോലെ ഭംഗിയുള്ള ഉള്ളംകൈ .....
ചെമ്പകപ്പൂക്കൾ മണക്കുന്ന വിരലുകൾ......
കാപ്പി പൂവിൻറെ ഗന്ധമുള്ള നഖങ്ങൾ .......
ഓദേ കൊളോണിൻ്റെ മാസ്മരികത ഉണരുന്ന കവിളുകൾ.......
ഞാൻ കരഞ്ഞപ്പോൾ അയാൾ വിമാനത്തെ തന്നെ പറത്തി തന്നു.
ഞാൻ അശരണമായി നിന്നപ്പോൾ അയാൾ മാലാഖമാരെ അയച്ചു. നഗരത്തിന്റെ ക്രൂരതകളിൽ നിന്നും വെയിലിൽ നിന്നും മണിക്കൂറുകളോളം എനിക്ക് കാത്തിരിക്കുവാൻ ശീതീകരിക്കപ്പെട്ട വലിയ മുറിയൊരുക്കി.
എനിക്ക് ഏറ്റവും പ്രിയപ്പെട്ട റെഡ് ഗ്ലോബ് മുന്തിരി പഴങ്ങളും അയാളുടെ ചുണ്ടിന്റെ നിറമുള്ള ചെറിപ്പഴങ്ങളും അയാളോളം മധുരമുള്ള മാംഗോസ്റ്റിനുകളും എനിക്കായി കാത്തിരുന്നു.
മുറിക്ക് പുറത്ത് ജനാലയ്ക്ക് അപ്പുറം വലിയ വിമാനങ്ങൾ ഇറങ്ങുകയും പോവുകയും ചെയ്യുന്നത് ഞാൻ കണ്ടുകൊണ്ടിരുന്നു. കിലോമീറ്ററുകൾ കിലോമീറ്റർ അപ്പുറത്ത് അതിമനോഹരമായ ഒരു സ്വപ്നം പോലെ അയാൾ നിൽക്കുന്നത് ഞാൻ ഓർമ്മിച്ചു.
പത്തു വർഷങ്ങൾക്കു മുമ്പ് ഇത്രയും തീവ്രമായ ഒരു സ്നേഹം എനിക്ക് അദ്ദേഹത്തോട് തോന്നിയിരുന്നുവെങ്കിൽ തണുപ്പിന്റെയും പൂതപ്പഴക്കത്തിന്റെയും പട്ടിച്ചൂരിന്റെയും ഗന്ധമുള്ള ആ വീട്ടിൽ വച്ച് ഞാൻ അയാളെ ഉമ്മ വെച്ചേനെ എന്ന് അത്യാഗ്രഹിച്ചു. ഒരു ചെറിയ കുറിപ്പ് എഴുതി കൊടുക്കാമായിരുന്നു
“ ഉമ്മ തരുമോ? “ 16 കാരിക്ക് മാത്രം സാധിക്കുന്ന പ്രേമ നിഷ്കളങ്കതയോടെ ആ കുറിപ്പ് ചുരുട്ടി മോതിരം പോലെ അയാളുടെ വിരലുകളിൽ അണിയിച്ചു കൊടുക്കാമായിരുന്നു.തിരക്കിൽ ഞാൻ അയാളെ അണിയിക്കുന്ന ആദ്യത്തെ പ്രേമത്തിന്റെ കടലാസ് മോതിരം .
എനിക്ക് പത്ത് വർഷങ്ങൾക്കു മുമ്പ് അയാളെ ഞാൻ കണ്ട രണ്ട് സന്ദർഭങ്ങൾ ഓർമ്മ വന്നു. തീർത്തും അപരിചിതനായിരുന്നിട്ടും ഞാൻ അയാൾക്കൊരു പുസ്തകം നൽകിയിരുന്നു എന്നെ അയാൾക്ക് കൗതുകത്തോടെ നോക്കിയിരുന്നു. പിന്നെ ഒരിക്കൽ ഞങ്ങൾ ഒരു വിമാനത്തിൽ സഞ്ചരിച്ചു. അടുത്തടുത്ത് സീറ്റിൽ ആയിരുന്നിട്ടും അയാൾ എന്നെ തിരിച്ചറിഞ്ഞില്ല. 20 വർഷങ്ങൾക്കു മുമ്പായിരുന്നു അത്.ഞാനും അയാളെ തിരിച്ചറിഞ്ഞതായി നടിച്ചില്ല. അയാൾ കളം കളം ഷർട്ട് ഇട്ടു പട്ടുനൂൽ പോലെ നെറ്റിയിലേക്ക് തൂങ്ങി നിൽക്കുന്ന മുടി അഹങ്കാരത്തോടെ കോതി ഒതുക്കി.എന്തെന്നില്ലാത്ത അസൂയയാൽ എൻറെ ഹൃദയം തപിച്ചു. കണ്ണാടിയിൽ കാണുമ്പോൾ എനിക്ക് തന്നെ എന്നെ മനസ്സിലാക്കാതെ പോയ ഒരു കാലമായിരുന്നു അത്. കടുത്ത ഹൃദ്രോഗവും മൂന്നാമത്തെ ഗർഭവും പലതരത്തിലുള്ള അവഗണനകളും ചേർന്ന് അസ്ഥികൂടം കണ്ണാടിയിൽ നിന്നു. അപകർഷതാബോധത്തോടെ പുതപ്പിനുള്ളിലേക്ക് ഞാൻ ചുരുണ്ടു.
"അങ്ങനെയൊരു യാത്ര നമ്മൾ ചെയ്തിട്ടില്ല. നിന്നെ കണ്ടാൽ തിരിച്ചറിയാതിരിക്കുവാനുള്ള ഒരു മതിഭ്രമവും എനിക്ക് ജീവകാലത്ത് ഉണ്ടാവുകയുമില്ല" അയാൾ ആണയിട്ട് പറഞ്ഞു. ഞാനെൻറെ ഇറ്റിനരികൾ വീണ്ടും വീണ്ടും തപ്പി. അന്ന് കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് ഫ്ലൈറ്റ് ക്യാൻസൽ ചെയ്തതിനാൽ എനിക്ക് കൊച്ചിയിൽ പോയി ഇറങ്ങേണ്ടിവന്ന യാത്രയായിരുന്നു അത്..എനിക്കൊപ്പം യാത്ര ചെയ്തിരുന്നു മറ്റൊരാളെ ഓർത്തെടുത്തു.
"ഉവല്ലോ അന്ന് യാത്ര ചെയ്തിരുന്നുവല്ലോ" അവൾ ഉറപ്പിച്ചു പറഞ്ഞു.
"നമ്മൾ അയാളെ കണ്ടിരുന്നുവോ?"
"ഉവ് കണ്ടിരുന്നു നീ വെറുപ്പോടെ എന്തൊക്കെയോ പിറുപിറുക്കുകയും ചെയ്തിരുന്നു. അയാൾ ചിത്രപ്രദർശനം കാണാൻ വേണ്ടി പോവുകയായിരുന്നു എന്നോ മറ്റോ പറഞ്ഞത് നീ ഓർക്കുന്നില്ലേ?"
"ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നില്ല. അയാൾ എന്തിനു പോവുകയാണ് എന്ന് ഞാൻ ചോദിച്ചിരുന്നുമില്ല. "
"20 വർഷങ്ങൾ കഴിഞ്ഞു. നിനക്ക് എന്താണ് പറ്റിയത്?"
"എനിക്ക് പ്രേമം പറ്റിയിരിക്കുന്നു. "
എൻറെ സുഹൃത്ത് വാ പൊളിച്ചു നിന്നു.
അതി വിചിത്രവും അത്ഭുതകരവുമായ ഒരു വാർത്ത കേട്ടതുപോലെ അവൾ അത്ഭുതപ്പെട്ടു.
" നിൻറെ വട്ടിനു കുറവൊന്നുമില്ലല്ലോ അല്ലെ ?"
എൻ്റെ ഉന്മാദകരമായ ഒരു പ്രേമത്തെക്കുറിച്ച് വിഡ്ഢിയായ അവൾക്ക് ഒന്നുമറിയില്ല എന്ന് എനിക്ക് മനസ്സിലായി.
"നീ നീല നിറത്തിലുള്ള ഇരട്ട കാക്ക പ്പുള്ളികൾ കണ്ടിട്ടുണ്ടോ? അയാളുടെ ഹൃദയത്തിന് മുകളിലുള്ള ഇടത്ത് അങ്ങനെ കാക്കപ്പുള്ളികൾ ഉള്ളതായി എനിക്കറിയാം "
"എങ്ങിനെ അറിയാം"" ?
"എത്രയോ വട്ടം ഞാൻ സ്വപ്നം കണ്ടിരിക്കുന്നു"
അവൾ ചിരി അടക്കിപ്പിടിക്കുന്നത് എന്നെ ക്ഷുഭിതയാക്കി.
"ആത്മീയമായ പ്രേമത്തിന്റെയും സ്വപ്നങ്ങളുടെയും കാലമൊക്കെ എന്നേ കഴിഞ്ഞു. നീ ആ കാക്ക പുള്ളികളിൽ ശരിക്കും ഉമ്മ വയ്ക്കണം. അതാണ് പ്രേമത്തിന്റെ ഹരം "
"പ്രലോഭിപ്പിക്കുന്ന വിഷ സന്തതി ......
പാപത്തിന്റെ വഴി പറഞ്ഞു കൊടുക്കുന്നവളെ.....
നാശമെ ......"
ഞാൻ അവളെ ചീത്ത വിളിച്ചു.
അപ്പോഴെല്ലാം ഞാൻ എൻറെ ചുണ്ടുകൾ മറച്ചുപിടിച്ചു. അവന് കൊടുക്കുവാനുള്ള ചുംബനങ്ങൾ ഒളിപ്പിച്ച സൂക്ഷിച്ച് ഒരു കുഞ്ഞു സഞ്ചിയായിരുന്നു അതിന് പുറകിൽ ഉണ്ടായിരുന്നത്. ചുണ്ടുകൾ ലിപ്സ്റ്റിക് പുരട്ടിയ രണ്ട് സിബുകൾ. പ്രേമത്തിൻറെ നിറം മായ്ച മെറൂൺ നിറത്തിളക്കം.
എൻറെ ഡയറിക്കുറിപ്പുകളിൽ പ്രേമം വയലറ്റിരമ്പി .....ഒരു പ്രപഞ്ചത്തിലെ മുഴുവൻ പ്രേമവും ഒളിപ്പിച്ചുവെച്ച കണ്ണുകൾ എനിക്ക് ഓർമ്മ വന്നു.
അന്ന് കരണ്ട് പോയപ്പോൾ ഇരുട്ടിൽ ഒരു പൂച്ചക്കുഞ്ഞിന്റെ ചാരക്കണ്ണുകൾ പോലെ അവ തിളങ്ങിയത് എന്തുകൊണ്ടാണെന്ന് ഞാൻ പൊടുന്നനെ തിരിച്ചറിഞ്ഞു.
"വീട് കാണാൻ പോകുന്നതിനു മുമ്പ് എന്തുകൊണ്ട് ഒരു അപരിചിതയെ പോലെ എൻറെ മുഖത്തേക്ക് നീ നോക്കിയതേയില്ല " എന്ന് ഞാൻ ഭേദ്യം ചെയ്തു.
അയാൾ കണ്ണുകൾ താഴ്ത്തി എൻറെ കണ്ണുകളിലേക്ക് നോക്കി. മരിയാന ട്രഞ്ചിന്റെ കറുപ്പിൽ ഞാൻ അയാളോടുള്ള പ്രേമം പൂഴ്ത്തിവെച്ചു.
"എൻറെ കണ്ണിലേക്ക് നോക്ക്. എൻറെ കണ്ണുകൾ നിന്നോടുള്ള എൻറെ പ്രേമത്തെ ഒറ്റുകൊടുക്കുമെന്ന് ഞാൻ ഭയപ്പെട്ടു.ഇന്നീ കാണുന്നതിനേക്കാളും തെളിവോടെ അന്നത് എൻറെ കണ്ണിൽ ഉണ്ടായിരുന്നു "
"ഏയ് ഇല്ല ഇല്ല."
പത്തുവർഷങ്ങൾക്കു മുമ്പ് തന്നെ അയാൾ എന്നെ പ്രേമിച്ചിരുന്നുവെന്നോ? അയാൾ എന്നോട് കള്ളം പറയുകയേ ഇല്ല എന്ന് ഉറപ്പായിട്ടും ഞാൻ സംശയാലുവായി. കാരണം അയാളോളം പ്രേമ സാധ്യതയുള്ള ഒരു പുരുഷനെയും ഞാൻ ലോകത്ത് കണ്ടിരുന്നില്ല. നിഷ്കളങ്കമായ മുഖവും ഗാംഭീര്യമാർന്ന ചലനവും ആരെയും മയയ്ക്കി കളയുന്ന മനോഹരമായ പുഞ്ചിരിയും ആർക്കും ഇഷ്ടം തോന്നുന്ന സംഭാഷണങ്ങളും അയാൾ ഒരു മികച്ച മനുഷ്യനായിരുന്നു. അയാളെ പ്രേമിക്കുവാനായി അനവധി സ്ത്രീകൾ അലഞ്ഞു നടന്നിരുന്നു.
ലോകത്തോട് മുഴുവൻ അലിവുള്ള ഒരാൾ…
പ്രപഞ്ചത്തോളമെന്നെ സ്നേഹിക്കുന്ന ഒരാൾ. അയാളെ നഷ്ടപ്പെടുത്തിയ 25 വർഷങ്ങൾ എന്നെ നോക്കി കൊഞ്ഞനം കുത്തി. ജീവിതത്തിൽ ഞാൻ അനുഭവിച്ച സകല വേദനകളും നിരാസങ്ങളും ഞാനാ നിമിഷം മറന്നു പോയി. അയാൾ പ്രേമിക്കുന്ന ഏതൊരുവളും ഈ ലോകത്ത് രാജകുമാരി ആയിരിക്കുമെന്ന് എനിക്കറിയാമായിരുന്നു.
അയാൾ സ്നേഹിക്കുന്ന ഏതൊരുവളും മരുതു പൂക്കൾ പൂത്തു നിൽക്കുന്ന കൊടുംകാടിന്റെ ദേവതയായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു…..
എനിക്ക് മുമ്പിൽ പ്രപഞ്ചം കടപുഴകി വീണു. ഒരു വിഷുക്കാലത്തെ മുഴുവൻ മധുരിപ്പിക്കുന്ന തേൻകൂടകൾ വീണു ചിതറി. ഈ ലോകം മുഴുവൻ മഴയായി മാറി. കൊടുംവെയിലിൽ സൂര്യന് ചൂട് നഷ്ടപ്പെട്ടു. രാത്രിയിൽ ചന്ദ്രൻ ചുട്ടുപൊള്ളി’. ഞരമ്പിന്റെ ഉള്ളിലൂടെ വലിയ മഴക്കാലങ്ങൾ ഹൃദയത്തിൽ മിന്നൽപിണർ . കണ്ണുകളിൽ പ്രേമത്തിൻറെ അഴക്. അതി വിചിത്രവും മാദകവും മാരകവുമായ ഒരു പ്രേമവിശുദ്ധത എനിക്ക് അനുഭവപ്പെട്ടു. തലയ്ക്കുള്ളിൽ കടലിരമ്പം കേട്ടു. പ്രണയവിക്ഷുബ്ധമായ തിരകൾ ആഞ്ഞടിച്ചു. വൈദ്യുതി പായിക്കാൻ കഴിവുള്ള ഈലു മത്സ്യങ്ങൾ രക്തക്കുഴലിനുള്ളിനുലൂടെ പാഞ്ഞുകൊണ്ടേയിരുന്നു. അയാളുടെ വിരലിൽ ഞാൻ അണിയിച്ച കടലാസും മോതിരം എൻറെ തന്നെ കണ്ണീർ വീണു നനഞ്ഞു.
അയാളുടെ നെഞ്ചിലെ ഇരട്ടകാക്ക പുള്ളികൾ കടും നീലയായി തിളങ്ങിയിരുന്നു
അയാൾ എൻറെ നെറ്റിയിൽ ചുണ്ട് ചേർത്തു.
"ലോകം അവസാനിച്ചു " എന്ന് ഞാൻ പറഞ്ഞു.