Image

സക്കർബർഗിന്റെ ത്രെഡ്സ് എതിരാളി മസ്‌കിന്റെ എക്‌സിനു തൊട്ടു പിന്നിലെത്തി എന്ന് ഗവേഷണ റിപ്പോർട്ട് (പിപിഎം)

Published on 09 July, 2025
സക്കർബർഗിന്റെ ത്രെഡ്സ് എതിരാളി മസ്‌കിന്റെ എക്‌സിനു തൊട്ടു പിന്നിലെത്തി എന്ന് ഗവേഷണ റിപ്പോർട്ട് (പിപിഎം)

ഫേസ്ബുക്കിന്റെ മാർക്ക് സക്കർബർഗ് 2023ൽ ആരംഭിച്ച ത്രെഡ്സ് ആപ്പ് മത്സരത്തിൽ ലക്‌ഷ്യം വച്ച എലോൺ മസ്‌കിന്റെ എക്‌സിനൊപ്പം ഓടിയെത്തിയെന്നു റിപ്പോർട്ട്. വിപണി ഗവേഷണം നടത്തുന്ന സിമിലർവെബ് ആണ് ഈ നിരീക്ഷണം നടത്തിയതെന്ന് അത് റിപ്പോർട്ട് ചെയ്ത ടെക്ക്രഞ്ച് പറയുന്നു.

നേരിട്ടുള്ള മത്സരത്തിനു തന്നെയായിരുന്നു ബിസിനസിൽ നിന്നു വ്യക്തിപരമായ ശത്രുതയിലേക്കു എത്തിയപ്പോൾ ത്രെഡ്സ് ആരംഭിച്ച സക്കർബർഗിന്റെ ലക്‌ഷ്യം. ജൂണിൽ ആപ്പിൾ ഐ ഒഎസ്, ആൻഡ്രോയിഡ് എന്നിവയിൽ ത്രെഡ്സിനു 115.1 മില്യൺ ഉപയോക്താക്കൾ ആയപ്പോൾ മസ്‌കിന്റെ എക്‌സിനു 132 മില്യൺ ആയിരുന്നു.  

എക്സിന്റെ പ്രതിദിന സജീവ ഉപയോക്താക്കൾ ജൂണിൽ കഴിഞ്ഞ വർഷം ജൂണിനേക്കാൾ 15.2% കുറഞ്ഞു. ത്രെഡ്സ് അതേ സമയം 127.8% കുതിച്ചു.

മൊബൈൽ ഫോണുകളിൽ മത്സരം പൊടിപൊടിക്കുമ്പോൾ എക്‌സിനു കംപ്യൂട്ടറുകളിൽ മുൻതൂക്കമുണ്ട്. എക്‌സിനു അവിടെ കഴിഞ്ഞ മാസം 145.8 ബില്യൺ പ്രതിദിന ഉപയോഗം ഉണ്ടായിരുന്നു. ത്രെഡ്സിനു ആവട്ടെ 6.9 മില്യൺ മാത്രം.

സക്കർബർഗിന്റെ പുതിയ ആപ്പിൽ എതിർപ് പ്രകടിപ്പിച്ച മസ്‌ക് അദ്ദേഹത്തെ ദ്വന്ദയുദ്ധത്തിനു ക്ഷണിച്ചിരുന്നു. യു എഫ് സി ശൈലിയിലെ കൂട്ടിനുള്ളിലുള്ള ഏറ്റുമുട്ടൽ. 2023 ഓഗസ്റ്റിൽ നടത്താനിരുന്ന മത്സരം മാർഷ്യൽ ആർട്ടിൽ തത്പരനായ സക്കർബർഗ് ഒടുവിൽ ഉപേക്ഷിച്ചു. മസ്‌ക് അതിനെ ഗൗരവത്തോടെ സമീപിക്കുന്നില്ല എന്നായിരുന്നു ആക്ഷേപം.

എക്‌സും ത്രെഡ്സും തമ്മിലുളള ഗണ്യമായ സാമ്യങ്ങൾ ചൂണ്ടിക്കാട്ടി കേസ് കൊടുക്കുമെന്നു മസ്‌ക് ഭീഷണി മുഴക്കിയിരുന്നു. ഇതുവരെ പക്ഷെ ഒന്നും സംഭവിച്ചിട്ടില്ല.

Threads closing in on X 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക