നികുതിയിളവ് പദവി നഷ്ടപ്പെടാതെ തന്നെ, രാഷ്ട്രീയ പദവികളിലേക്ക് സ്ഥാനാർത്ഥികളെ അംഗീകരിക്കാൻ സഭകളെ അനുവദിക്കുമെന്ന് ഇന്റേണൽ റവന്യൂ സർവീസ് (ഐആർഎസ്) പുതിയ ഫെഡറൽ കോടതി ഫയലിംഗിൽ അറിയിച്ചു .
തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച അപ്രതീക്ഷിത പ്രഖ്യാപനം ഉണ്ടായത്. പതിറ്റാണ്ടുകളായി തുടരുന്ന പാരമ്പര്യത്തിനാണ് ഇതോടെ മാറ്റമുണ്ടാകുന്നത്.
ജോൺസൺ ഭേദഗതി പ്രകാരം സഭകൾക്കും ലാഭേച്ഛയില്ലാത്ത സംഘടനകൾക്കും രാഷ്ട്രീയ സ്ഥാനാർത്ഥികളെ അംഗീകരിക്കുന്നത് വിലക്കിയിരുന്ന 70 വർഷം പഴക്കമുള്ള യുഎസ് നികുതി കോഡിൻ്റെ വ്യാഖ്യാനത്തെ അസാധുവാക്കുന്നതാണ് പുതിയ തീരുമാനം . 1954 മുതൽ നിലനിൽക്കുന്ന ജോൺസൺ ഭേദഗതി എന്ന നികുതി കോഡിലെ ഒരു വ്യവസ്ഥ പറയുന്നത്, പള്ളികൾക്കും മറ്റ് ലാഭേച്ഛയില്ലാത്ത സംഘടനകൾക്കും "ഏതെങ്കിലും സ്ഥാനാർത്ഥിക്ക് വേണ്ടി രാഷ്ട്രീയ പ്രചാരണത്തിൽ" പങ്കെടുക്കുകയോ ഇടപെടുകയോ ചെയ്താൽ അവരുടെ നികുതി ഇളവ് പദവി നഷ്ടപ്പെടുമെന്നാണ്.
ഈ നിയമം അഭിപ്രായ സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങൾ ലംഘിക്കുന്നുവെന്ന് വാദിച്ച് നാഷണൽ റിലീജിയസ് ബ്രോഡ്കാസ്റ്റേഴ്‌സിനൊപ്പം നിരവധി പള്ളികളും ഐ. ആർ. എസിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു.