ചിലപ്പോഴെങ്കിലും മനുഷ്യൻ സ്വാർത്ഥ മതികളാവും. അതവരുടെ ആവശ്യമാണുതാനും. വൈദിക്കിപ്പോ വിശാലോ അവൻ്റെ ചോദ്യങ്ങളോ ഒന്നും യാതൊരു പ്രശ്നവുമല്ല. അവൾടെ ലക്ഷ്യം സാധുകരിക്കുക എന്ന ഒരു ഉദ്ദേശം മാത്രം. ട്രാവൽബാഗെടുത്തു വൈദി അതിലേക്ക് യാത്രയ്ക്കാവശ്യമായ സാധനങ്ങൾ കുത്തിനിറച്ചു. ഒന്നടുക്കിപ്പറക്കി വയ്ക്കാമായിരുന്നില്ലേ എന്നു മനസു ചോദിച്ചെങ്കിലും തനിക്കങ്ങനെയൊരു ശീലമില്ലെന്നറിഞ്ഞിട്ടും പിന്നെന്തിന് അങ്ങനെയൊരു ചോദ്യമെന്നറിഞ്ഞ് ആ ചിന്ത അവിടെ ഉപേക്ഷിച്ചു. മനസും അവളും തമ്മിൽ പലപ്പോഴും പല കാര്യത്തിലും വിഭിന്നമായിരുന്നു.
സമയം മുന്നോട്ടുപോകുന്നെങ്കിലും പതിവായിപോകുന്ന വേഗത അതിനില്ലെന്ന് തോന്നി. കുറച്ചധികം നാളായിട്ട് ഉറങ്ങാനായി കൂട്ടിന് മദ്യത്തെ ആശ്രയിക്കുന്നത് പതിവായിരുന്നു. ഇന്ന് ആ പതിവു തെറ്റി. ജീവിതത്തിലെ ലക്ഷ്യപ്രാപ്തിക്കെന്നവണ്ണം മനസ് വല്ലാതെ മേളിച്ചു. നാളെ മുതൽ ഞാനൊരു പുതിയ വൈദിയാണെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു. എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല. രണ്ടു മണിക്ക് സെറ്റ് ചെയ്തു വച്ചിരിക്കുന്ന അലാം ബെൽ അടിച്ചതും അവളുണർന്നു. മൂന്നു മണിയാവുമ്പഴേയ്ക്കും ഇക്ക എത്തും.വേഗം മുടി വാരിക്കെട്ടി എണീറ്റ് അടുക്കളയിലേക്ക് കയറി ഒരു കട്ടൻ കാപ്പിയുണ്ടാക്കി അതു കുടിച്ച് ടോയ്ലറ്റിൽ കയറി പല്ലുതേപ്പും കക്കൂസിൽ പോക്കും കുളിയുമൊക്കെ കഴിഞ്ഞ് പെട്ടെന്നിറങ്ങി. യാത്രയല്ലേ ചുരിദാറാവാം വേഷം .കറുപ്പിന് മാറ്റുകൂട്ടാനായി കറുത്തൊരു ചുരിദാർ തന്നെ ഇട്ടു. മുടി ഒന്നു ചീകി അതിലേക്ക് ഒരു ക്ലിപ്പെടുത്തിട്ടു.ബോയ് കട്ടായിരുന്നപ്പോൾ അതിൻ്റെ ആവശ്യമില്ലായിരുന്നു.
വിശാലുമായി പ്രണയത്തിലായിരുന്നപ്പോഴാണ് മുടി വീണ്ടും വളർത്തിയത്.
ഒരു ഫേയിസ് ക്രീം മുഖത്തിട്ട് അല്പം പൗഡർ പൂശി.മനസ് വേണ്ടെന്നു പറഞ്ഞെങ്കിലും ഒരു ചെറിയ പൊട്ടും തൊട്ടു കണ്ണാടിയിലേക്കൊന്നു നോക്കി. ആഹാ കറുപ്പിനേഴഴക്, കൊള്ളാം ഒരു ഷാളെടുത്തു വെറുതേ കഴുത്തിലൂടെ ചുറ്റി.
ക്ലോക്കിലേക്ക് നോക്കിയപ്പോ മൂന്നാവാനിനിയും അഞ്ചു മിനിറ്റുണ്ടല്ലോ എന്നു ചിന്തിച്ചു
അപ്പോഴേയ്ക്കും ഇക്കയുടെ ഫോൺ വിളിയെത്തി.
"ഹായ് എന്തായി"
"ഞാൻ റെഡി "
"ആ അഞ്ചു മിനിട്ടിനുള്ളിൽ ഞാനങ്ങ് എത്തും. നീ വാട്ട്സപ്പിൽ ലൊക്കേഷനിട്"
എന്നുപറഞ്ഞ് യൂസുഫ് ഇബ്രാഹിം ഫോൺ കട്ടു ചെയ്തു. അപ്പഴേക്കും വൈദി ലൊക്കേഷൻ ഷെയർ ചെയ്തിരുന്നു. പെട്ടെന്നു തന്നെ ബാഗുകളെടുത്ത് പുറത്തിറങ്ങി വീടുപൂട്ടാനായി പുറത്തെ ലൈറ്റിട്ടതും അവിടിരിക്കുന്ന വിശാലിനെ കണ്ട് അവളൊന്നു ഞെട്ടി.
"നീ........ ഇന്നലെ പോയില്ലേ?"
"ഇല്ല "
"എന്തിനാ നീയെനിക്കു കാവൽ കിടക്കുന്നത്?"
"വൈദി എനിക്കു നീയില്ലാതെ പറ്റില്ല പെണ്ണേ. എന്തിനാ നീയെന്നോടിങ്ങനെ ചെയ്യുന്നത് ?"
"നിനക്ക് വൈദിയെന്ന പെണ്ണിനെയല്ലേ ഇഷ്ടം. പക്ഷേ ഞാൻ പെണ്ണല്ല. അതു കൊണ്ട് എനിക്ക് നിന്നോടൊത്തൊരു ജീവിതം സാധ്യമല്ല "
എന്നു പറഞ്ഞ് വീടുപൂട്ടിയപ്പോഴേക്കും യൂസുഫ് ഇബ്രാഹിമിൻ്റെ കാർ പുറത്തെത്തിയിരുന്നു.
വിശാലിനെ നോക്കി ബൈ പറഞ്ഞിട്ട് വൈദി ബാഗുമെടുത്ത് യൂസുഫ് ഇബ്രാഹിമിൻ്റ അടുത്തെത്തി.
"ഇക്കാ ഡിക്കി. ഒന്നോപ്പൺ ചെയ്തോളു ഞാനീ ലഗേജൊന്നു വയ്ക്കട്ടെ"
"ഓപ്പൺ ചെയ്തു കൊച്ചേ. ഞാൻ വരണോ സഹായിക്കാൻ "
"വേണ്ട ഇക്ക. ഒരു ബാഗ്രയുള്ളൂ "
"അല്ല വൈദി നിൻ്റെ സിറ്റൗട്ടിൽ ഒരു ചെറുപ്പക്കാരൻ നില്ക്കുന്നല്ലോ. ആരാണയാൾ. നേരം മൂന്നു മണി സമയത്ത് അങ്ങനൊരാൾ?"
യൂസുഫ് ചെറിയൊരു സംശയത്തോടെ വൈദിയെ നോക്കി
വൈദി ഇഷ്ടമില്ലാത്ത മട്ടിൽ യൂസുഫിനോട്
"നമുക്കു പോവാം ഇക്കാ. അത് അവനാണ് വിശാൽ. ഇന്നലെ രാത്രി മുതൽ എനിക്കു കാവലായി
ഇവിടുണ്ടായിരുന്നു. ഞാനിപ്പഴാ കണ്ടത്.ഇക്ക വണ്ടി എടുത്തോളൂ. നമുക്കു പോവാം."
"നീ നില്ക്ക്. ഞാനവനെയൊന്നു കണ്ടിട്ടു വരാം." എന്നു പറഞ്ഞ് യൂസുഫ് ഇബ്രാഹിം വിശാലിൻ്റെ അടുക്കലേക്ക് നടന്നു.
"ഹായ് വിശാൽ, ഞാൻ യൂസുഫ് ഇബ്രാഹിം അറിയുമോ?"
"അയ്യോ സാറിനെ അറിയാത്ത മലയാളികളുണ്ടോ? ഇതെന്താ സാറീ നേരത്തിവിടെ? സാറിനെ ഒരിക്കലും ഇങ്ങനെ ഇവിടെ പ്രതീക്ഷിച്ചില്ല."
"നമ്മൾ പ്രതീക്ഷിക്കുന്നതല്ലല്ലോ വിശാൽ പലപ്പോഴും നടക്കുന്നത്. ഞാനൊരു യാത്ര പ്ലാൻ ചെയ്തു
വന്നതാ "
'വൈദിയുമൊത്താണോ പോണത്? അവളെന്നോട് ദേഷ്യത്തിലാ. പക്ഷേ ഞാൻ ചെയ്ത തെറ്റെന്തെന്നു മാത്രം എനിക്കറിയില്ല. കുറച്ചു നാളായി അവളെന്നെ വല്ലാണ്ട് അവോയിഡ് ചെയ്യുന്നു.കാര്യമെന്താണെന്നറിയില്ല ."
"സാരമില്ല വിശാൽ എല്ലാം ശരിയാവും എനിക്കത്യാവശ്യമായി മധുര വരെ പോകണം. എൻ്റെ ഇൻറർവ്യൂ എടുക്കാൻ എന്നോടൊപ്പം വൈദിയും വരുന്നു. യാത്രയിൽ ഞാനവളോട് എല്ലാം സംസാരിക്കാം. അനാവശ്യമായി തെറ്റിദ്ധാരണകളൊന്നും വേണ്ട.
വിശാലൊന്നു വെയിറ്റ് ചെയ്യൂ. യാത്ര കഴിയുമ്പോഴേക്കും എല്ലാം ശരിയാകും. എന്നാപ്പിന്നെ ഞങ്ങൾ പോയിട്ടു വരട്ടെ "
എന്നു പറഞ്ഞ് യൂസുഫ് ഇബ്രാഹിം വണ്ടിയിൽച്ചെന്നു കയറി. യൂസുഫ് ഇബ്രാഹിം വിശാലിനോട് സംസാരിച്ചത്
വൈദേഹിക്കിഷ്ടപ്പെട്ടില്ല എന്നവളുടെ മുഖഭാവത്തിൽ നിന്നു വ്യക്തമായെങ്കിലും അപ്പോൾ അതേക്കുറിച്ചൊന്നും സംസാരിക്കാതെ യൂസുഫ് ഇബ്രാഹിം ഡ്രൈവറോട് വണ്ടി എടുക്കാൻ പറഞ്ഞു. അവരുടെ വണ്ടി മറഞ്ഞിട്ടും എന്തു ചെയ്യണമെന്നറിയാതെ അവരെത്തന്നെ നോക്കി നില്ക്കുകയായിരുന്നു വിശാലപ്പോഴും.
"ഏയ് മാഡം, എന്തു പറ്റി. നമ്മുടെ യാത്രയിൽ ഇങ്ങനെ ചിന്തിതയായിരുന്നു കൂടാ.ഇപ്പോ മുതൽ നമ്മൾ തിരിച്ചെത്തുംവരെ നമ്മൾ മാത്രമേ നമുക്ക് കൂട്ടിനുള്ളു. ബാക്കിയെല്ലാവരേയും പടിക്കു പുറത്താക്കി വാതിലടച്ചോളൂ. നമുക്ക് മിണ്ടിയും പറഞ്ഞുമൊക്കെ അങ്ങു പോകാം."
വിശാലിൻ്റെ മനസിൽ വൈദി പറഞ്ഞ വാക്കുകൾ മുഴങ്ങിക്കൊണ്ടേയിരുന്നു. ഒരു മാതിരി അയാളെ ഭ്രാന്തു പിടിപ്പിക്കുംപോലെ. അവൾ പറഞ്ഞതിനർത്ഥം എന്താണ്? അവളൊരു മൂന്നാം ലിംഗക്കാരിയാണെന്നാണോ? അതോ സ്ത്രീവേഷം ധരിച്ചു നടക്കുന്ന ഒരു പുരുഷനെന്നോ? അല്ല അങ്ങനെയാവില്ല. ഒരു സ്ത്രീയുടെ എല്ലാ ശരീരമിനുപ്പും അവളിലുണ്ടല്ലോ. പിന്നെ അങ്ങനെയെങ്കിൽ അവളുടെ വീട്ടുകാർ എൻ്റെയൊപ്പം കല്യാണമാലോചിക്കുമോ? അവളിലെ അവസ്ഥ എന്തായാലും അതിപ്പഴുണ്ടായതല്ലല്ലോ? എന്നിട്ടും പ്രേമം നടിച്ചെന്നെ ചതിച്ചതെന്തിനായിരുന്നു. ദൈവമേ ചിന്തകളോടൊപ്പം മനസിൻ്റെ പിടിയും വിട്ടു പോവുകയാണല്ലോ .അവളോടൊന്നു സംസാരിക്കാമെന്നു വച്ചാൽ എന്നോടു സംസാരിക്കാൻ മാത്രം അവൾക്കു താല്പര്യമില്ല. എന്നോട് അവൾക്കെന്തോ ദേഷ്യമുള്ളതുപോലെ.
യാത്രയിലെങ്കിലും ചിന്തകൾ വൈദിയേയും നിശബ്ദയാക്കി എന്നു തന്നെ പറയാം. അവളുടെ മൂഡ് ചെയിഞ്ച് ക്കാനായി യൂസുഫ് ഇബ്രാഹിം അവളെ വിളിച്ചു.
''കൊച്ചേ "
"ഉം " എന്നവൾ വിളി കേട്ടു .
"നീ എന്നെങ്കിലും നിന്നെ സ്നേഹിച്ചിട്ടുണ്ടോ? നീ നിന്നെ അറിയാൻ ശ്രമിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇപ്പോൾ മുതൽ നീ നിന്നെ സ്നേഹിക്കണം. അതുവഴി നീ നിന്നെ അറിയണം.അപ്പോൾ ഇതുവരെ എന്തായിരുന്നു നിനക്ക് നഷ്ടപ്പെട്ടതെന്ന് നിനക്കോർമ്മ വരും."
"ഇക്കാ........ '''
''എന്താ കൊച്ചേ ...."
"ഇക്കായ്ക്ക് എന്നെപ്പറ്റി ഒന്നും അറിയില്ല. അറിഞ്ഞിരുന്നെങ്കിൽ ഇക്കാ ഇങ്ങനെ പറയില്ലായിരുന്നു. അല്ല ഇക്കായ്ക്കു മാത്രമല്ല ആർക്കും എന്നെപ്പറ്റി ഒന്നും അറിയില്ല. ഒരു പെൺകുട്ടിയെ പ്രസവിച്ചു വളർത്തുന്നതിനിടയിൽ അവൾക്കൊരുപാട് ജനിതകമാറ്റങ്ങളുണ്ടാവും. ഇതെല്ലാം അവളോടൊപ്പം അവളുടെ അമ്മയും അറിയേണ്ടതായിട്ടുണ്ട്. പക്ഷേ ഇന്നുവരെ എൻ്റെ അമ്മ എന്നെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ല. അറിയാൻ ശ്രമിച്ചിട്ടുമില്ല. അങ്ങനെ ആരും തിരക്കാത്ത എന്നെ ഞാനും തിരക്കാതായി. പലപ്പോഴും പാഴ്ജന്മം എന്നു അമ്മ പറയുന്നതു കേട്ടപ്പോഴൊക്കെ ഞാനതു ശരിവച്ചതു പോലായിരുന്നു. എന്തായാലും ഈ യാത്രയിൽ ഞാനെന്തെന്നു ഇക്കായ്ക്കു മനസിലാവും. അതു ഞാനുറപ്പുതരുന്നു."
"വൈദി.... നിന്നെ എനിക്കങ്ങോട്ടു മനസിലാവുന്നില്ലല്ലോ കൊച്ചേ. എന്നെ ഇൻറർവ്യൂ ചെയ്യാൻ വന്ന നിന്നെ ഞാൻ ഇൻ്റർവ്യൂ ചെയ്യണ്ട അവസ്ഥയിലായല്ലോ ''
" ഹ ഹ ഹ അതു കൊള്ളാം. എൻ്റെ കഥ കേട്ടാൽ പിന്നെ ഇക്കായ്ക്കൊരു നോവലിൻ്റെ സബ്ജക്റ്റ് തേടി പിന്നെങ്ങും അലയണ്ട.ഈ സ്ത്രീവേഷത്തിലിരിക്കുന്ന ഞാനെന്തെന്നറിഞ്ഞാൽ ഇക്കയൊന്നു ഞെട്ടും......... ഉറപ്പായും ഞെട്ടും.''
''ഇല്ല നിൻ്റെ പിന്നിൽ ഇങ്ങനെയൊരു കഥയുണ്ടാവുമെന്ന് വെറുതെയെങ്കിലും ഞാനൂഹിച്ചു. ഇല്ലെങ്കിൽ വിശാലിനെപ്പോലെ ഒരു ചെറുപ്പക്കാരനെ നിനക്കു വേണ്ടെന്നു വയ്ക്കാൻ കഴിയില്ല. പക്ഷേ നീ അവനോടെങ്കിലും നീയാരാണെന്നു വ്യക്തമാക്കിയാൽ അവനിങ്ങനെ അവൻ്റെ സമയം മെനക്കെടുത്തി നിൻ്റെ പിറകേ വരത്തില്ലായിരുന്നു."
"ഇക്കാ ഞാൻ ചിലപ്പോ പെണ്ണും മറ്റു ചിലപ്പോ ആണുമാണ്. പക്ഷേ എനിക്കിഷ്ടം എന്നിലെ പെണ്ണിനെയാണ്. ആണാവാൻ നോക്കിയതാ ഞാൻ അപ്പോഴൊക്കെ എന്നിലെ പെണ്ണുണരും.എന്നാൽ പെണ്ണാവാവുന്ന് വച്ചാലോ അതെന്നിലെ പുരുഷൻ സമ്മതിക്കുകയുമില്ല. സ്വത്വം നഷ്ടപ്പെട്ട ഞാൻ എന്നെത്തേടി പലപ്പോഴും അലയാറുണ്ട്."
ഒന്നു നിർത്തി വൈദി പുറത്തേക്ക് നോക്കി ഗദ്ഗദം ഉള്ളിലടക്കി
'പെണ്ണായിരുന്ന ഏതോ നിമിഷങ്ങളിൽ ഞാനവനെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ എന്തുകൊണ്ടോ ഇത്ര കാലവും എനിക്കാരുടെയും മുന്നിൽ എന്നെ തുറന്നുകാട്ടാൻ കഴിഞ്ഞില്ല എന്നതായിരുന്നു സത്യം. വിശാൽ ഞാനറിയാതെ എൻ്റെ അച്ഛനമ്മമാരെ തേടി എന്നെ വിവാഹം ചെയ്യണമെന്ന ആവശ്യം പറഞ്ഞതാണ് കുഴപ്പമായത്.
വൈഗയുടെ വിവാഹത്തിനു മുന്നേ ആരുടെയെങ്കിലും തലയിൽ എന്നെ കെട്ടിവച്ചാൽ നാട്ടുകാരുടെ വായടിപ്പിക്കാമല്ലോ എന്നു കരുതി മാത്രമാ ഇപ്പോ ഇങ്ങനെയൊരു കല്യാണാലോചന. പക്ഷേ ഞാനെന്തെന്നറിയാതെ എൻ്റെ മനസെന്തെന്നറിയാതെ അവരൊക്കെ എന്തിനാണിങ്ങനെ ചെയ്യുന്നതെന്നു മാത്രം എനിക്കറിയില്ല.
വർത്തമാനങ്ങളും സങ്കടങ്ങളും പങ്കുവച്ച് അവരുടെ വാഹനം കൊല്ലത്തിൻ്റെ മലയോര മേഖലയിലൂടെ ഏതോ ഒരു ദൗത്യം പൂർത്തീകരിക്കണം എന്ന ലക്ഷ്യത്തോടെ പായുകയാണ്.
വൈദിയും യൂസുഫും പുതിയ ഒരു കാൽവയ്പിനായി അതിർത്തിയുടെ സൗന്ദര്യം കടന്ന് തമിഴ്നാനാട്ടിലേക്ക്.... യൂസുഫിനെ അറിയാൻ വന്ന വൈദിയെ അറിയാൻ വേണ്ടിയുള്ള യാത്ര.
(തുടരും)