Image

പഞ്ചസ്വരങ്ങൾ (കവിത: നസ്രേത്തിൽ ജോസ്‌ വർഗ്ഗീസ്‌)

Published on 10 July, 2025
പഞ്ചസ്വരങ്ങൾ (കവിത: നസ്രേത്തിൽ ജോസ്‌ വർഗ്ഗീസ്‌)

1. എനിക്കാരോടോ വിരോധം തോന്നി,
തൂങ്ങിയാടുന്ന കയറാരോ
അറുത്തിട്ടപ്പോളാണറിഞ്ഞതു
അതെന്നോടായിരുന്നുവെന്നു!

എനിക്കാരോടോ ഇഷ്ടം തോന്നി
കതിർമണ്ഡപത്തിലൂതിയ
നാദസ്വരത്തിനൊപ്പം നെഞ്ചു
തകിലടിച്ചപ്പോളാണതവളോ-
ടായിരുന്നുവെന്നറിഞ്ഞതു!
------
2. ഏതോ നവമാദ്യമമെറിഞ്ഞ
കോളർമൈക്കിൽതട്ടി കുഴിയിൽവീണു
വാരിയെറിഞ്ഞ ചെളികളെല്ലാം
ക്യാമറകൾക്കു വർണ്ണപ്പൂരമായി!

എരിവുപോരാഞ്ഞവർ നാക്കിളക്കി
മോർച്ചറിയിൽതപ്പി കിട്ടിയതെല്ലാം
എയർഫ്രൈയറിലിട്ടു ചൂടാക്കി
കഴുതകൾ മാംസം കടിച്ചുതുപ്പി!
-----------------
3. ഒലിവിൻ കൊമ്പുകൾ ഓശാനപാടി
കുരുത്തോലകൾ വണങ്ങിനിന്നു
കന്യകമാരങ്കികൾ വീഥിയിൽ വിരിച്ചു
ഏതുകഴുതയ്ക്കുംതോന്നും താൻ
ബുദ്ധിമാനും ഇവർ കഴുതയുമെന്നു
പിറ്റേന്നാളാപന്ഥാവിൽ ഏറും കൂക്കലും
കുട്ടികൾ കഴുതയെന്നുവിളിച്ചപ്പോൾ
ഭാരമുള്ളതലയർത്താനായില്ല
പിന്നീടൊരിക്കലും!
---------------------
 

4. മുതലക്കണ്ണീരിലൊലിച്ചുപോയ
കവചകുണ്ഡലങ്ങളിൽ
സമരസപ്പെടാതൊരു സമസ്യ
ഉത്തമഗീതമെഴുതുന്ന
അമ്മയുടെ കണ്ണിലൊരു
നൂറു പേറ്റുനോവ്!
------------------
5. തലകുനിച്ചൊരാൾ മണ്ണിലെഴുതുന്നു
കയ്യിൽ കല്ലെടുത്തവരുടെ പേരുകൾ
കൈകൾ ലഘുവും
കല്ലുകൾ ഗുരുവുമായി
വീട്ടിലേക്കുള്ള വഴിതെറ്റിപ്പോയവർ
അവൾ പായകൾ കത്തിച്ചുകളഞ്ഞു
വസ്ത്രങ്ങൾ കഴുകാതൊഴുക്കിക്കളഞ്ഞു
ഇരുട്ടുമുട്ടിയ വാതായനങ്ങളിൽ
സാക്ഷ മുറുകിപ്പിടിച്ചിരുന്നു
അവളുടെ നൃത്തത്തിനു മാലാഖമാർ
പത്തുകമ്പിയുള്ള വാദിത്രം വായിച്ചു!
———————————————————-
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക