Image

ചിത്ര (കഥ: ശ്രീകുമാർ ഭാസ്കരൻ)

Published on 10 July, 2025
ചിത്ര (കഥ: ശ്രീകുമാർ ഭാസ്കരൻ)

“നീ നമ്മുടെ ചിത്രയെ ഓർക്കുന്നില്ലേ?” ദീപാരാധന തൊഴുതു തിരിയുമ്പോൾ എന്നോട് സുന്ദർ ചോദിച്ചു. 
ഞാൻ എന്റെ ഗവേഷണത്തിന്റെ ഇടവേളയിൽ ഗ്രാമ സൗന്ദര്യം ആസ്വദിക്കാൻ ഒന്നുകിൽ അമ്മ വീടിൻറെ സമീപമുള്ള കാളിക്ഷേത്രത്തിൽ എത്താറുണ്ട്. ആ ക്ഷേത്രത്തിൻറെ പ്രത്യേകത ഒരു വശം മലയും മറുവശം വയലുമാണ്. ഇതിന്റെ രണ്ടിന്റേയും ഇടയിലുള്ള ചെറിയ ഒരു നിരപ്പിലാണ് ക്ഷേത്രം നിൽക്കുന്നത്. ക്ഷേത്രത്തിൻറെ കന്നിക്കോണിൽ നിബിഡമായ കാവ്. ക്ഷേത്രത്തിൻറെ മുൻവശം ഏകദേശം ഒരു കിലോമീറ്റർ ദൂരം തെങ്ങും പിന്നെ പച്ചക്കറിപ്പാടവുമാണ്. വളരെ മനോഹരമായി ഒരു കാഴ്ചയാണത്. ഒരു പെയിൻറിങ് പോലെ. 
പല ദിവസങ്ങളിലും സായാഹ്നത്തിൽ ഞാൻ അവിടെ പോകാറുണ്ട്. പുരാതനമായ ആ ക്ഷേത്രത്തിൻറെ വിശാലമായ മുറ്റത്ത് ഒരു കോണിലായി തയ്യാറാക്കിയിട്ടുള്ള കളിത്തട്ടിൽ ഇരിക്കും.         ഏറെ നേരം. പിന്നെ ആറരയ്ക്കുള്ള ബസ്സിൽ തിരിച്ചു പോരും. 
എൻറെ വീട്ടിൽ നിന്നും സുമാർ പതിനഞ്ചു കിലോമീറ്റർ ആണ് ആ ക്ഷേത്രത്തിലേക്കുള്ള ദൂരം.  ഗ്രാമീണഭംഗി ആസ്വദിക്കാനുള്ള എന്റെ ആഗ്രഹത്തെ പലപ്പോഴും തൃപ്തിപ്പെടുത്തിയിരുന്നത് ആ ക്ഷേത്രമാണ്. 
നാട്ടിലുള്ള ചില സമയങ്ങളിൽ ആ ക്ഷേത്രത്തിലേക്ക് പോകുന്നതിന് പകരം വീട്ടിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരെയുള്ള കൃഷ്ണൻനടയിലേക്ക് ഞാൻ പോകും. ഞാൻ ഒരു വലിയ കൃഷ്ണഭക്തൻ ഒന്നുമല്ല. അവിടെ പ്രതിഷ്ഠ ഉണ്ണിക്കണ്ണനാണ്. അതും പുരാതനമായ ഒരു ക്ഷേത്രമാണ്. ഒരുപാട് പ്രത്യേകതകൾ ഉള്ള ക്ഷേത്രം. ആ ക്ഷേത്രത്തിന്റെ ഇടതുവശത്ത് വയൽ. മുൻവശത്ത് ചെറിയൊരു തെങ്ങുംതോപ്പ്. വലതുവശത്തായി അച്ഛൻകോവിൽ നദി വളഞ്ഞൊഴുകുന്നു. നദിയുടെ വളവിലാണ് ക്ഷേത്രം നിൽക്കുന്നത്.
ക്ഷേത്രത്തിന് ചുറ്റുമതിലില്ല. അതൊരു പ്രത്യേക ഭംഗി തന്നെയാണ്. അധികം ആളുകൾ അവിടെ വരാറില്ല. തികച്ചും ശാന്തസുന്ദരമായ അന്തരീക്ഷം. അതുകൊണ്ട് ചില വൈകുന്നേരങ്ങളിൽ ഞാൻ ആ ക്ഷേത്രത്തിൻറെ മുന്നിൽപ്പോയി ഇരിക്കും. 
ആ ക്ഷേത്രത്തിന് ഒരുപാട് കഥകൾ പറയാനുണ്ട്.  ഇനിയും ഉത്തരം കിട്ടാത്ത ഒരുപാട് നിഗൂഢതകൾ കൂട്ടിവെച്ചിരിക്കുന്ന ഒരു ക്ഷേത്രം കൂടിയാണത്. ക്ഷേത്രത്തിൻറെ അകത്ത് വലതുവശത്തായി ഒരു മുറി നൂറ്റാണ്ടുകളായി  പൂട്ടിയിട്ടിരിക്കുന്നു. ഒരു ചെറിയ മുറി. അത് ഇനിയും തുറന്നിട്ടില്ല. തലമുറകളായി പൂട്ടിയിട്ടിരിക്കുന്നു. അതൊന്നു തുറന്നു നോക്കണം എന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. പക്ഷേ ആർക്കും അതിനുള്ള ധൈര്യം ഇല്ല. ആ മുറിക്കകത്ത് കാളിയനെ ബന്ധിച്ചിരിക്കുന്നു എന്നാണ് ഐതിഹ്യം. ആ മുറി തുറന്നാൽ കാളിയൻ പുറത്തു വരുമെന്നും നാട് നശിക്കും എന്നുമാണ് പഴമക്കാർ പറയാറ്.  
പണ്ട് ഇടതുപക്ഷത്തിന്റെ ഭരണകാലത്ത്, നിരീശ്വരവാദി എന്ന് സ്വയം പ്രഖ്യാപിച്ച ഒരു ദേവസ്വം ബോർഡ് പ്രസിഡൻറ് ഈ മുറിയെപ്പറ്റി അറിയുകയും ജനത്തെ വിളിച്ചു കൂട്ടിയിട്ട് ‘ഈ മുറി ഞാൻ തുറക്കും’ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. നിരീശ്വരവാദി ആയത് കൊണ്ട് അടച്ചിട്ട ആ മുറി തുറക്കുന്നതിന് അദ്ദേഹത്തിന് വലിയ ധൈര്യമായിരുന്നു. ആ മുറി വളരെ ചെറിയ തുരുമ്പെടുത്ത ഒരു താഴിട്ട് പൂട്ടിയ നിലയിലാണുള്ളത്.  ആ മാന്യൻ ആളുകളെ വിളിച്ചുകൂട്ടി മുറി തുറക്കാൻ താഴിൽ പിടിച്ചപ്പോൾ എന്തോ ഒന്ന് കയ്യിൽ ഊതിയതുപോലെ അദ്ദേഹത്തിന് തോന്നിയത്രെ. അദ്ദേഹം പെട്ടെന്ന് കൈ പിൻവലിച്ചു എന്നിട്ട് ഒരു പ്രഖ്യാപനം നടത്തി. ‘ആർക്കും വേണ്ടെങ്കിൽ പിന്നെ എനിക്കെന്താ’. എന്നിട്ട് തിരിച്ചു പോയി. അതായിരുന്നു ആ ധീരസാഹസികന്റെ നടപടി.  
ശാന്തസുന്ദരമായ ഒരു സായാഹ്നം ആസ്വദിക്കാനാണ് ഞാൻ അന്ന് അവിടെ എത്തിയത്. ആ സമയത്താണ് യാദൃശ്ചികമായിട്ട് സുന്ദറിനെ കാണുന്നത്. 
ഞങ്ങൾ ഒരേ പ്രായക്കാരാണ്.  സുന്ദർ ബ്രാഹ്മണ്യ സംസ്കാരം തികഞ്ഞവനാണ്. തികഞ്ഞ  സസ്യഭുക്ക്. സുന്ദരൻ, സുമുഖൻ, സൽസ്വഭാവി. അവൻ ആ ക്ഷേത്രത്തിന്റെ സമീപം  താമസിക്കുന്നു. 
പത്താം ക്ലാസിൽ നല്ല മാർക്ക് വാങ്ങി ഫസ്റ്റ് ക്ലാസ്സിൽ പാസായ വ്യക്തി. അന്ന് ഡിസ്ട്ടിംഗ്ഷൻ ഇല്ലാത്ത കാലം. ഉണ്ടായിരുന്നുവെങ്കിൽ അത് സുന്ദറിന് ഉണ്ടാകുമായിരുന്നു. സുന്ദർ ഒരു വിശാലമനസ്കൻ കൂടിയായിരുന്നു. അവന്റെ സമീപത്ത് ഇരുന്ന് അവന്റെ പേപ്പർ കോപ്പിയടിച്ചു എഴുതിയ മൊണ്ണയ്ക്കും കിട്ടി ഫസ്റ്റ് ക്ലാസ്സ്. 
സുന്ദർ പത്താം ക്ലാസ് കഴിഞ്ഞ് ടൈപ്പും ഷോർട്ട് ഹാൻഡും പഠിച്ച് ആദ്യത്തെ ടെസ്റ്റിൽ തന്നെ റവന്യൂ വകുപ്പിൽ സ്റ്റെനോയായി കയറി. ചിലരുടെ ജീവിതത്തിൽ ദുരന്തം ഭാഗ്യമായി തുടങ്ങും പിന്നെ ദുരന്തമായി അവസാനിക്കും. ചിലരുടെ ജീവിതത്തിൽ ഭാഗ്യം ദുരന്തമായി തുടങ്ങും പിന്നെ ഭാഗ്യമായി അവസാനിക്കും. സുന്ദറിന്റെ ജീവിതത്തിൽ ദുരന്തം ഭാഗ്യമായി തുടങ്ങി ദുരന്തമായി അവസാനിച്ചു എന്ന്  പറയാം. കാരണം ചെറിയ പ്രായത്തിൽ നല്ല ശമ്പളത്തിൽ കയറിയ സുന്ദറിന് അവിടെ വെച്ചു വിദ്ധ്യാഭ്യാസം നിലച്ചു. പിന്നീട് ഒരു അക്കാദമിക് പുരോഗതി ഉണ്ടായില്ല. അതിൽ അവൻ എന്നും ദു:ഖിച്ചിരുന്നു.  
ഒരാൾ കോൺസ്റ്റബിൾ ആയി കയറിയാൽ സി. ഐ. വരെ ആകാം. ക്ലെർക്കായി കയറിയാൽ ഏറ്റവും കുറഞ്ഞത് സെക്ഷൻ ഓഫീസർ എങ്കിലും ആവാം. പക്ഷേ സ്റ്റെനോയായി കയറിയാൽ സ്റ്റെനോയായിത്തന്നെ റിട്ടേഡ് ആവണം. അതിനൊരു പുരോഗതിയില്ല. അത് വൈകിയാണ് സുന്ദറിന്  മനസ്സിലായത്. അപ്പോഴേക്കും സുന്ദറിന് പലതും നഷ്ടപ്പെട്ടു. സുന്ദർ കേവലം ഒരു പ്രീഡിഗ്രിക്കാരൻ മാത്രമായി ഒതുങ്ങി. 
സുന്ദറിന്റെ അത്ര ബുദ്ധിയില്ലാത്ത ഞാനും മറ്റു പലരും ഡിഗ്രിയും പി. ജിയും ഒക്കെ കഴിഞ്ഞ് മുന്നോട്ടു പോയപ്പോൾ അതിബുദ്ധിമാനായ സുന്ദർ ആദ്യമേ കൈവന്ന സൗഭാഗ്യത്തിന് കൈകൊടുത്ത് അതിൽ തന്നെ ഒതുങ്ങിപ്പോയി. അതിൻറെ ഖിന്നത സുന്ദർ മറച്ചുവച്ചില്ല. അതുകൊണ്ട് അവൻ എന്നോട് പറഞ്ഞു. 
“നീ ഭാഗ്യവാനാണ്. നിനക്ക് പി. ജി ഉണ്ടല്ലോ. എൻറെ കാര്യം നോക്കൂ. ഞാൻ ഉദ്യോഗസ്ഥനാണ്. ശമ്പളം വാങ്ങുന്നുണ്ട്. പെൻഷൻ കിട്ടും. പക്ഷേ എൻറെ വിദ്യാഭ്യാസമോ, കേവലം പ്രീഡിഗ്രി മാത്രം.”
ഞാൻ അവനെ ആശ്വസിപ്പിച്ചു. “നിനക്ക് ഇനിയും പഠിക്കാമല്ലോ.”
“ആഗ്രഹിക്കാമെന്നല്ലാതെ എന്നെക്കൊണ്ട് ഇനിയും അത് പറ്റില്ല. ജോലിയും മറ്റു കാര്യങ്ങളൊമൊക്കെ ആയിട്ട് ഇനിയൊരു പഠനം, അത് സാധ്യമല്ല.” അവൻ പറഞ്ഞു. 
വിദ്യ നഷ്ടപ്പെട്ട സുന്ദറിനോട് എനിക്ക് അനുകമ്പ തോന്നി. പ്രാരംഭത്തിൽ അവനോട് എനിക്ക് അസൂയ ആയിരുന്നു. ചെറിയ പ്രായത്തിൽ ജോലി കിട്ടിയ സർക്കാർ ഉദ്യോഗസ്ഥൻ. ശ്രീപത്മനാഭന്റെ പത്തുചക്രം വാങ്ങുന്ന ഒരു ഉദ്യോഗസ്ഥൻ. പക്ഷേ ഇപ്പോൾ എനിക്ക് അവനോട് തോന്നിയത്  അനുകമ്പയാണ്. 
ആ സുന്ദറാണ് എന്നോട് ചോദിക്കുന്നത് “നിനക്ക് നമ്മുടെ ചിത്രയെ ഓർമ്മയില്ലേ” എന്ന്. 
എനിക്ക് എങ്ങനെ ഓർക്കാതിരിക്കാൻ പറ്റും. എന്റെ ആദ്യത്തെ പ്രണയിനിയല്ലേ ചിത്ര. അഞ്ചാമത്തെ വയസ്സിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ ഒരു കാമുകൻ ആയിട്ടുണ്ടെങ്കിൽ അതിൻറെ കാരണം സുന്ദരിയായ ചിത്രയായിരുന്നു.  ചിത്ര ബ്രാഹ്മിൺ  ആയിരുന്നു. അവൾ എൻറെ ക്ലാസിലായിരുന്നു. ഇപ്പോഴത്തെ ഭാഷയിൽ പറഞ്ഞാൽ എൻറെ ക്ലാസ്മേറ്റ്. എന്റെ നാട്ടിലെ സർക്കാർ സ്കൂളിൽ. 
അന്ന് പോഷ് സ്വകാര്യ സ്കൂളുകൾ ഇല്ലാത്തതുകൊണ്ട് ആ പ്രദേശത്തെ എല്ലാവരും സർക്കാർ സ്കൂളിൽ വന്നു ചേരുമായിരുന്നു. ബുദ്ധിയുള്ളവരും ബുദ്ധിയില്ലാത്തവരും ധനികരും ദരിദ്രരും എല്ലാം. അങ്ങനെ മുപ്പത്തിമൂന്ന് പേർ അടങ്ങുന്ന ഒരു ക്ലാസിൽ മൂന്നോ നാലോ ഏറിയാൽ അഞ്ചോ പഠിക്കുന്ന കുട്ടികൾ ഉണ്ടാകും. ബാക്കിയെല്ലാം പിന്നൊക്ക  വിഭാഗമാണ് വിദ്യാഭ്യാസത്തിൽ. ഞാനും അതിൽ ഒരാളായിരുന്നു. പിന്നോക്ക വിഭാഗക്കാരൻ. സരസ്വതീ ദേവിയുടെ കടാക്ഷം കിട്ടാത്തവൻ. 
എന്നാൽ ചിത്ര അങ്ങനെ ആയിരുന്നില്ല. മുന്നോക്ക വിഭാഗമായിരുന്നു. നന്നായി പഠിക്കുമായിരുന്നു. ക്ലാസിലെ ഒന്നാം നിരക്കാരി. സുന്ദരി, സൽസ്വഭാവി. അതുകൊണ്ടുതന്നെ അവളായിരുന്നു ക്ലാസിലെ മോണിറ്റർ. 
അക്കാലത്ത് മിക്കവാറും പൊട്ടിയ സ്ലേറ്റാണ് ഞങ്ങൾക്കുള്ളത്. അദ്ധ്യയന വർഷത്തിന്റെ പ്രാരംഭത്തിൽ ആദ്യത്തെ രണ്ടാഴ്ച അല്ലെങ്കിൽ മൂന്നാഴ്ച ഏറിയാൽ ഒരുമാസം എന്റെ സ്ലേറ്റ് പൂർണ രൂപത്തിൽ എന്റെ കൂടെക്കാണും. പിന്നെ അത് പൊട്ടും. പിന്നെ സ്ലേറ്റിന്റെ ഫ്രെയിമിന്റെ കോണിൽ ഒരു ചെറിയ ത്രികോണം പോലെ ഒരുകഷണം  സ്ലേറ്റുമായിട്ടായിരിക്കും ഞാൻ ക്ലാസിൽ എത്തുന്നത്. മിക്കവരും അങ്ങനെ തന്നെയായിരിക്കും. അതിന് കാരണം നമ്മുടെ കൈയ്യിലിരിപ്പാണ്. 
എന്നും തൂപ്പുകാരി പ്രസന്ന സ്കൂളിൽ എത്തുന്നതിനു മുമ്പ് ഞങ്ങൾ അതായത് ഞാനും  എന്നെപ്പോലെ കുറെ വാനരക്കൂട്ടവും സ്കൂളിൽ എത്തും. പഠിക്കാനുള്ള ആക്രാന്തം കൊണ്ടല്ല. മറിച്ച് അവർ തൂക്കാൻ ക്ലാസ് തുറക്കുന്ന സമയത്ത് ഞങ്ങൾ ക്ലാസിൽ ഇടിച്ചു കയറും. പിന്നെ ക്ലാസ്സിലെ ബെഞ്ചിൽക്കൂടി ചാടി മറിയും. എനിക്ക് നന്നായി ഓട്ടം അറിയാം. പിന്നെ സുരേഷ്, ഷാജഹാൻ അങ്ങനെ കുറെപ്പേർ. 
ഞങ്ങളുടെ കൂട്ടത്തിൽ ആരും തന്നെ പഠിക്കുന്നവർ ഉണ്ടായിരുന്നില്ല. അതാണ് മറ്റൊരു സത്യം. ഞങ്ങൾ ചാടി മറിയുന്നതിന്റെ കൂട്ടത്തിൽ പറ്റുന്നതാണ് ഈ സ്ലേറ്റുകളുടെ പൊട്ടൽ. അതിൽ ആർക്കും പരാതി ഉണ്ടാകാറില്ല. പരാതി പറഞ്ഞാൽ, പറഞ്ഞവന് കിട്ടും ആദ്യത്തെ തല്ല്. അതുകൊണ്ട് ക്ലാസിലെ മിക്കവരുടെയും സ്ലേറ്റ് പൊട്ടിയ നിലയിലായിരിക്കും. പ്രത്യേകിച്ചും ആൺകുട്ടികളുടെ. പെൺകുട്ടികളുടെ സ്ലേറ്റ് പൊട്ടാറില്ല. കാരണം ആ ഭാഗത്ത് ചാടി മറിയാതിരിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിക്കും. എന്നാൽ പെൺകുട്ടികൾ ഓടിക്കളിക്കുമ്പോൾ ആൺകുട്ടികളുടെ സ്ലേറ്റ്  ചവിട്ടിപ്പൊട്ടിക്കാറുണ്ട്. പക്ഷേ അതിൽ ഞങ്ങൾ പരാതി പറയാറില്ല. തല്ല് പേടിച്ച്.  
അങ്ങനെയിരിക്കെ ഒരു ദിവസം ചിത്ര ക്ലാസിൽ ചാടിമറിയുന്ന കൂട്ടത്തിൽ എന്റെ സ്ലേറ്റിൽ ചവിട്ടി. അത് പൊട്ടി. എനിക്കതിൽ പരാതിയുണ്ടായില്ല. പക്ഷെ ചിത്ര എന്നെ ഒരുപാട് അവധാ  പറഞ്ഞ് സമാധാനിപ്പിച്ചു.
ചിത്രയെ എന്റെ വീട്ടുകാർക്ക് നല്ല പരിചയമാണ്. കാരണം സ്കൂൾ കുട്ടികൾ കളി കഴിഞ്ഞു വെള്ളം കുടിക്കാൻ വരുന്നത് എന്റെ വീട്ടിലായിരുന്നു. എന്റെ വീട് സ്കൂളിനോട് വളരെ അടുത്ത ഒന്നായിരുന്നു. 
സ്കൂളിന് ചുറ്റുമതിൽ ഉണ്ടായിരുന്നില്ല.  അതുകൊണ്ട് വൈകിട്ട് അഞ്ചു മണിക്ക് ശേഷം സ്കൂൾ ഞങ്ങടെ സാമ്രാജ്യമാണ്. വലിയ ടീംസ് വോളിബോൾ കളിക്കുന്നുണ്ടാവും. അവരായിട്ട് ആ സ്കൂളിൻറെ നല്ല ശതമാനം ഓടും തല്ലിപ്പൊട്ടിച്ചിട്ടുണ്ട്. പിന്നെ മാമ്പഴം നിറഞ്ഞ ആറു മാവുകളുണ്ട്. സ്കൂൾ  ഗ്രൌണ്ടിൽ. അതിൻറെ സാന്നിധ്യം കൊണ്ട് ബാക്കി വരുന്ന ഓടുകൾ ഞങ്ങളും എറിഞ്ഞു പൊട്ടിക്കും. ഇതൊക്കെ കഴിഞ്ഞ് ബാക്കിവരുന്ന ഓടിന്റെ കീഴിൽ സൂര്യപ്രകാശം കൊണ്ട് ആകാശവും കണ്ടിരുന്ന് ഞങ്ങൾ  പഠിക്കും. 
സ്കൂളിൽ നല്ല ഒന്നാന്തരം ഒരു കിണറുണ്ട്. എന്നാൽ ആ കിണറ്റിൽ ചെരുപ്പും കുപ്പിച്ചില്ലും ഫീസായ ബൾബും ഒക്കെ ഇട്ട് ഞങ്ങൾ വൃത്തിഹീനമാക്കിയിരുന്നു. അതിനകത്ത് ഒന്ന് രണ്ട് തവളകളുണ്ട്. അതിനെ എറിയാൻ വേണ്ടി ഞങ്ങൾ എന്നും വൈകിട്ട് അരമണിക്കൂർ മെനക്കെടും. മത്സരിച്ച് ആ തവളകളെ എറിയും. ആ വകയിൽ ഒരുപാട് കല്ലുകളും ആ കിണറ്റിൽ ഉണ്ടായിരുന്നു.  അതുകൊണ്ടുതന്നെ സ്കൂളിലെ വെള്ളം കുടിക്കാൻ ആരും താല്പര്യപ്പെടാറില്ല. ടീച്ചേഴ്സ് വീട്ടിൽ നിന്നും വെള്ളം കൊണ്ടുവരും. കുട്ടികൾ സമീപത്തുള്ള വീടുകളിൽ പോകും. 
അങ്ങനെ ചിത്ര സ്ഥിരമായി വെള്ളം കുടിക്കാൻ എന്റെ വീട്ടിൽ വരും. പക്ഷേ ഞാൻ ഒരിക്കലും ചിത്രയുടെ മുഖത്ത് നോക്കി ചിരിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. നാണം, ഭയം അങ്ങനെ എന്തൊക്കെയോ കാരണങ്ങൾ. 
വിദ്ധ്യാഭ്യാസത്തിൽ ഞാൻ  ഒരു മണ്ടനായിരുന്നു. ചിത്രയോ ഒരു ബുദ്ധിമതിയും. ഒരു മണ്ടന് ഒരു ബുദ്ധിമതിയോട് തോന്നിയ ആരാധനയാണ് എൻറെ മനസ്സിലെ ചിത്രയോടുള്ള മനോഭാവം. അല്ലെങ്കിൽ എൻറെ മനസ്സിൽ ചിത്രയെന്ന കാമുകി രൂപപ്പെട്ടത് ആ ആരാധനയിൽ നിന്നാണ്. അതെനിക്ക് മാത്രം അറിയാവുന്ന ഒരു രഹസ്യമായിരുന്നു. അങ്ങനെ എൻറെ ആദ്യ കാമുകിയായി ഞാൻ ചിത്രയെ അവരോധിച്ചു. 
ചിത്ര എന്റെ മനസ്സിൽ അന്നും ഇന്നും മിഴിവോടെ നിൽക്കുന്നു. കാരണം അവളാണ് എൻറെ ആദ്യത്തെ പ്രണയിനി. പക്ഷേ അത് സുന്ദറിന് അറിയില്ല. അതുകൊണ്ടാണ് സുന്ദർ എനിക്കു ചിത്രയെ ഓർമ്മയുണ്ടോ എന്നു  ചോദിച്ചത്. ചിത്രയെ മറന്നെങ്കിൽ അല്ലേ ഓർമിക്കേണ്ട കാര്യമുള്ളൂ. 
സുന്ദറിന്റെ ചോദ്യത്തിന് പിന്നാലെ പോയപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി. അവന്റെ മനസ്സിലും ചിത്ര നിറഞ്ഞു നിൽക്കുന്നു. രണ്ടു മൂകകാമുകന്മാർ. ഞാൻ മൌനത്തോടെ അവനെ നോക്കി. അവന് അവളെപ്പറ്റി കുറെ കാര്യങ്ങൾ പറയാനുണ്ടെന്ന് എനിക്കറിയാമായിരുന്നു. കാരണം അവൻറെ മനസ്സിലും എവിടെയോ ഒരു നനുത്ത സ്പർശനമായിട്ട് ഇപ്പോഴും ചിത്ര ഉണ്ടാവണം. ഇല്ലെങ്കിൽ നാടുവിട്ടുപോയി പതിറ്റാണ്ടുകൾ കഴിഞ്ഞ് തിരിച്ചുവന്ന ഒരു സ്ത്രീയെപ്പറ്റി അവന് ഇത്ര വേവലാതിപ്പെടേണ്ട കാര്യമില്ലല്ലോ. 
ചിത്ര നാലാം ക്ലാസ്സ് വരയെ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നുള്ളൂ. നാലാം ക്ലാസിനു ശേഷം അവൾ തമിഴ്നാട്ടിലേക്ക് പോയി. അവളുടെ അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട്. ചിത്ര തമിഴ് ബ്രാഹ്മിൻ ആണ്. തമിഴ് നാട്ടിലെവിടെയോ ആണ് അവളുടെ തായ് വേര്. 
എന്നാൽ അവളുടെ മുത്തശ്ശി ഇവിടെ ഒറ്റയ്ക്ക് താമസിക്കാൻ താല്പര്യപ്പെട്ടു. അവർ  തമിഴ്നാട്ടിലേക്ക് പോകാൻ തയ്യാറായില്ല. അവരെ പിന്നീട് പല പ്രാവശ്യം ഞാൻ ഈ ക്ഷേത്രത്തിൽ വെച്ചു കണ്ടിട്ടുണ്ട്. അല്പം കൂനുള്ള പ്രായമായ ഐശ്വര്യമുള്ള ഒരു സ്ത്രീ. 
അവർക്ക് ക്ഷേത്രത്തിന് സമീപം ഒരു മുപ്പതു സെൻറ് സ്ഥലം ഉണ്ടായിരുന്നു. അത് നിറയെ വൃക്ഷങ്ങൾ ആയിരുന്നു. ഒരു കാവുപോലെ. അതിന്റെ മദ്ധ്യത്തിൽ പഴയ ഒരു വീട്. അകത്തളത്തോട് കൂടിയ ഒരു ചതുർശാല. മുന്നിൽ വിശാലമായ മുറ്റം. അതായിരുന്നു ചിത്രയുടെ വീട്. അത് റോഡിൽ നിന്നും ഒരു ഇരുപത് അടിയോളം ഉയർന്നാണ് നിന്നിരുന്നത്. ഒരുപാട് ഒതുക്കുകല്ലുകൾ കയറി വേണം മുകളിൽ എത്താൻ. ഞാൻ ഇടയ്ക്കൊക്കെ ക്ഷേത്രത്തിൽ പോകുമ്പോൾ ആ വീടിൻറെ മുന്നിലുള്ള വഴിയിൽക്കൂടിയാണ് പോകാറ്. ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴി അതല്ലെങ്കിലും.
വർഷങ്ങൾക്ക്  ശേഷം ചിത്രയുടെ വിവാഹം കഴിഞ്ഞ വിവരം ആരോ പറഞ്ഞ് ഞാനും അറിഞ്ഞിരുന്നു. അവളുടെ വിവാഹം തമിഴ്നാട്ടിൽ വെച്ചായിരുന്നു. 
ഇപ്പോൾ ഞാൻ വീണ്ടും ചിത്രയെപ്പറ്റി കേൾക്കുകയാണ്. എൻറെ മനസ്സിലെ ചിത്രത്തിൻറെ പൊടി തട്ടിത്തെറിപ്പിച്ചുകൊണ്ട് സുന്ദർ മുന്നിൽ നിൽക്കുന്നു. അവനറിയില്ല എന്റെ മനസ്സ്. അവൻ ചോദിക്കുന്നു ‘നിനക്കു ചിത്രയെ ഓർമ്മയില്ലേ’ എന്ന്. 
ഞാൻ അവനെ ആകാംക്ഷയോടെ നോക്കി. അവൻ പറഞ്ഞു. 
“അവളുടെ വിവാഹമൊക്കെ കഴിഞ്ഞു. രണ്ടു കുട്ടികളുണ്ട്. അവൾ അങ്ങ് വണ്ണം വെച്ച് ഒരുമാതിരി തള്ളച്ചിയായിരിക്കുന്നു. പ്രസവാനന്തരം സ്ത്രീകൾ എന്തുകൊണ്ടാണ് ഇങ്ങനെ വണ്ണം വെക്കുന്നത്?”
ഒരു ഗൈനക്കോളജിസ്റ്റിനോട് ചോദിക്കേണ്ട ചോദ്യം. ഞാൻ ഒരു ബയോളജിസ്റ്റ്   ആയതുകൊണ്ടാവാം അവൻ അത് എന്നോട് ചോദിച്ചത്. സ്ത്രീകൾ പ്രസവാനന്തരം പെട്ടെന്ന്  വണ്ണം വെക്കുന്നതിന്റെ കാരണം ഒന്ന് പ്രസവ ശുശ്രൂഷ. പിന്നെ മനോസുഖം. അതിലുപരി പ്രസവസമയത്തു സ്രവിക്കുന്ന ഹോർമോണുകളുടെ സ്വാധീനവും ഉണ്ടാകാം. 
എന്റെ മനസ്സിലെ ചിത്ര സ്ലിം ബ്യൂട്ടിയാണ്. ഞാൻ സങ്കല്പിച്ചുണ്ടാക്കിയ രൂപം. പക്ഷേ ഇപ്പോൾ അവൾ വല്ലാതെ വണ്ണം വെച്ച് ചീർത്തിരിക്കുന്നു എന്നാണ് സുന്ദർ പറഞ്ഞത്. ശരിയാവണം. അവന്റെ അയൽക്കാരിയാണല്ലോ അവൾ. 
പ്രസവാനന്തരം എല്ലാ സ്ത്രീകളും വണ്ണം വെക്കണം എന്നു നിർബന്ധമില്ല. വർഷങ്ങൾക്കുശേഷം ഞാനൊരു അധ്യാപകനായി പ്രവർത്തിക്കുന്ന കാലം. എന്റെ സ്കൂളിലെ പി. ടി. ടീച്ചർ സിമി അലക്സ് സ്ലിം ബ്യൂട്ടി ആയി നിലനിന്നു പ്രസവാനന്തരവും. അവർക്ക് വണ്ണം അല്പം പോലും കൂടിയില്ല. ഞാനൊരു ദിവസം അതിൻറെ രഹസ്യം എന്തെന്ന് അവരോട് ചോദിച്ചു. 
സ്കൂളിൽ, സഹപ്രവർത്തകരിൽ സ്ത്രീകളാണ് കൂടുതൽ. ഞാൻ അവരോട് അധികം ഇടപെടുമായിരുന്നില്ല. കാരണം നമ്മുടെ ഒരു നിലവാരം അനുസരിച്ച് പെരുമാറാൻ അവർക്ക് കഴിയാറില്ല. നമ്മുടെ നിലവാരം എന്ന് പറഞ്ഞാൽ സംസാരത്തിന്റെ ഇടയ്ക്ക് നോൺവെജ് തമാശ പറയുക എന്നുള്ളതാണ്. നമ്മുടെ നോൺവെജ് തമാശ ഉൾക്കൊള്ളാൻ പലപ്പോഴും പല സ്ത്രീകൾക്കും കഴിയാറില്ല. അതിനൊരു അപവാദമായിരുന്നു സിമി. സിമി നോൺവെജ് തമാശകൾ ആസ്വദിക്കുക  മാത്രമല്ല എന്നെപ്പോലും അമ്പരപ്പിച്ചുകൊണ്ട് ചില നോൺവെജ് തമാശകൾ  സന്ദർഭത്തിനനുസരിച്ച് പറയുകയും ചെയ്യും. 
നോൺവെജ് തമാശകളുടെ ഒരു കലവറയായിരുന്നു സിമി. അതെനിക്കൊരു ധൈര്യമായിരുന്നു. അതുകൊണ്ട് സിമിയോട് ധൈര്യമായി എന്തും ചോദിക്കാം. ഞാൻ ചോദിച്ചു. 
“ഈ സ്ട്രക്ച്ചറിന്റെ രഹസ്യം എന്ത്?” 
“കെട്ടിയോന്റെ ഭീഷണി” സിമി പറഞ്ഞു. 
“ഭീഷണി?”
“ങ്ഹാ.  പ്രസവത്തിന് ഞാൻ എന്റെ വീട്ടിലേക്ക് പോകുമ്പോൾ എന്റെ കെട്ടിയോൻ എന്നോടു പറഞ്ഞത് ‘തിരിച്ചു വരുമ്പോൾ ഉപ്പുമാങ്ങാഭരണിപോലെയാണെങ്കിൽ ഞാൻ വേറൊന്നിനെ നോക്കും’ എന്നാണ്. അപ്പോൾ പിന്നെ സ്ട്രക്ച്ചർ നിലനിർത്തിയല്ലേ പറ്റൂ. നിലനിൽപ്പിന്റെ പ്രശ്നമല്ലേ ബ്രോ.?” 
ശരിയാണ് നിലനിൽപ്പിന്റെ പ്രശ്നമാണ്. ജീവിതത്തിന്റെ പ്രശ്നമാണ്. 
“എൻറെ കെട്ടിയോൻ നല്ല ഒന്നാംതരം ലക്ഷണമൊത്ത ഒരു കാട്ടുകോഴിയാണ്. ഞാൻ ഉപ്പുമാങ്ങാഭരണിപോലെയാണ് വരുന്നത് എങ്കിൽ ആ കാട്ടുകോഴി അതിൻറെ തനിസ്വഭാവം പുറത്തെടുക്കും. പിന്നെ അതൊരു  തലവേദനയാവും. അത് വേണ്ടല്ലോ എന്ന് കരുതി. കുറേക്കാലം കൂടി കൂടെക്കിടക്കേണ്ടതല്ലേ.” സിമി നയം വ്യക്തമാക്കി. പിന്നെ സിമി എനിക്കിട്ടൊരു താങ്ങും താങ്ങി. ഒരു പൊതുപ്രസ്താവന എന്ന നിലയിൽ.
“എല്ലാ ആണുങ്ങളിലും ഉണ്ട് ഒരു കാട്ടുകോഴി”
പിന്നെ എന്നെ നോക്കി സിമി ഒരു ആക്കിയ ചിരി ചിരിച്ചു.  
അപ്പോൾ സിമിയുടെ മുമ്പിൽ ഞാൻ അല്പം വിവസ്ത്രനായപോലെ എനിക്കു തോന്നി. 
ഒരിക്കൽ അതിസുന്ദരനായ എന്റെ സുഹൃത്ത് പ്രസന്നൻ ഒരു സുന്ദരിയെ വളച്ചുകൊണ്ടു നടന്നു. അവന്റെ ഒരു ക്ലാസ്മേറ്റ്. അവന് ഒരു ടൈംപാസ്സ്. അത്രയെ ഉദ്ദേശ്യമുള്ളു. പക്ഷേ സുന്ദരി ഒരുപാട് കണക്ക് കൂട്ടൽ നടത്തി. 
ഒരു ദിവസം അവൾ അവളുടെ അമ്മയെ ക്യാംപസ്സിൽ കൊണ്ടുവന്നു.  നമ്മുടെ സുന്ദരനെ പരിചയപ്പെടുത്താൻ. ഭാവിയിൽ അവരുടെ മരുമകൻ ആവേണ്ട വ്യക്തിയല്ലേ. അവർ ഒന്നിച്ചു ചായ കുടിച്ചു. പിന്നെ പിരിഞ്ഞു. കേവലം പത്തു മിനിറ്റ്. അവർ പോകുന്നതിന് മുൻപ് മകളെ വിളിച്ച്  എന്തോ പറഞ്ഞു. എന്നിട്ട് പോയി.  
അവർ പോയിക്കഴിഞ്ഞപ്പോൾ എന്റെ സുഹൃത്ത് അവളോടു ചോദിച്ചു. 
“അമ്മ എന്താണ് പറഞ്ഞത്?” 
സുന്ദരി മറയില്ലാതെ പറഞ്ഞു.  
“അമ്മ പറഞ്ഞത് അവനെ സൂക്ഷിക്കണം. ആളു ശരിയല്ല എന്നാണ്” 
ഇക്കാര്യം എന്നോടു പറഞ്ഞിട്ട് പ്രസന്നൻ എന്നോടു പറഞ്ഞു. 
“ആ പൊട്ടിക്ക് ഇത്ര നാളായിട്ടും എന്നെ മനസ്സിലായില്ല. പക്ഷേ പത്തുമിനിട്ടുകൊണ്ട് അവളുടെ തള്ളയ്ക്ക് എന്നെ മനസ്സിലായി. ഞാൻ നന്നായി അഭിനയിച്ചു, എന്നിട്ടും. അതെങ്ങനെ?” അവനെന്നെ ചോദ്യരൂപേണ നോക്കി.  
“കൊക്ക് എത്ര കുളം കണ്ടതാ.” ഞാൻ ഒരു പൊതുപ്രസ്താവന അവനെ ഓർമ്മിപ്പിച്ചു. 
“എത്ര നന്നായി അഭിനയിച്ചാലും നമ്മുടെ തനത് സ്വഭാവം ചില സ്ത്രീകൾ തിരിച്ചറിയും. സ്ത്രീകളുടെ ഒരു ഉൾക്കാഴ്ചയെ.” അവനതിശയം. 
ശരിയാണ് പ്രകൃതി കുശുമ്പു മാത്രമല്ല അല്പം ഉൾക്കാഴ്ചയും കൂടുതൽ കൊടുത്തിട്ടാണ് സ്ത്രീകളെ സൃഷ്ടിച്ചത്. 
സിമി പറഞ്ഞത് ശരിയാണ്. വഴിതെറ്റാനുള്ള സാഹചര്യം ഒഴിവാക്കുക. അതാണ് നല്ലത്. 
ആ തത്ത്വം സിമിക്ക് നന്നായി അറിയാമായിരുന്നു. ദാമ്പത്യത്തിൽ സ്ലിംബ്യൂട്ടിയായിരിക്കേണ്ടതിന്റെ ആവശ്യകത സിമി മനസ്സിലാക്കിയിരുന്നു. 
സിമിയുടെ ആ കാഴ്ചപ്പാട് ചിത്രയ്ക്ക് ഉണ്ടായില്ല. അതിന്റെ ഫലമാണ് സുന്ദറിന്റെ വാക്കുകളിൽ മുഴച്ചു നിന്നത്.
‘അവളിപ്പോൾ വണ്ണം വെച്ച് ഒരു തള്ളച്ചിയെപ്പോലെയായിരിക്കുന്നു എന്ന പ്രസ്താവന’. ആ പ്രസ്താവന എന്നെ ഒന്നു വേദനിപ്പിച്ചു. 
അവൻറെ മനസ്സിലും എവിടെയോ ഒരു നനുത്ത മഴയായി അവൾ ഉണ്ടായിരിന്നിരിക്കണം. 
“അവളുടെ വിവാഹജീവിതം ഒരു ദുരന്തമായിരുന്നു.” സുന്ദർ പറഞ്ഞു.
“അവളുടെ ഭർത്താവ് രാംനാഥ് ഒരു കമ്പനിയിൽ അക്കൌണ്ടൻറ് ആയിരുന്നു. അവളുടെ അച്ഛന്റെ താല്പര്യമായിരുന്നു ആ വിവാഹം. രാംനാഥ് അവളുടെ അച്ഛന്റെ സുഹൃത്തിന്റെ മകൻ  ആയിരുന്നു.  ചിത്ര ബി. എ. ഇംഗ്ലീഷ് ആണ്. പിന്നെ ബി. എഡും എടുത്തിട്ടുണ്ട്.”
“അദ്ധ്യാപികയായിരുന്നോ?” ഞാൻ ചോദിച്ചു.
“അല്ല. അവൾ പഠിപ്പിക്കാൻ പോയിട്ടില്ല. രാംനാഥ് ഒരു മൂരാച്ചിയൊന്നും ആയിരുന്നില്ല. അവൾക്ക് താല്പര്യമുണ്ടായിരുന്നില്ല. ഇവിടെ അവളുടെ ഇപ്പോഴത്തെ അടുത്ത കമ്പനി എന്റെ കസിൻ ദിവ്യയാണ്. അവർ ഇവിടെയൊരു ട്യൂഷൻ സെന്റർ  തുടങ്ങാനുള്ള പ്ലാനുണ്ട്. എന്നോടൊരു ലോൺ സംഘടിപ്പിച്ചു കൊടുക്കാമോ എന്നു ചോദിച്ചിരുന്നു”  സുന്ദർ പറഞ്ഞു. 
“രാംനാഥ്..?” 
“മരിച്ചു. പാവം. ഹാർട്ട് അറ്റാക്ക് ആയിരുന്നു. ശുദ്ധ വെജിറ്റേറിയൻ. എന്നിട്ടും..”. സുന്ദർ അർധോ ക്തിയിൽ  നിർത്തി.  
“മരിക്കുമ്പോൾ രാംനാഥിന് ഇരുപത്തിയൊൻപത് വയസ്സേ ഉണ്ടായിരുന്നുളളു. അവൾക്ക് ഇരുപത്തിയാറും. അഞ്ചു വർഷത്തെ ദാമ്പത്യം.” സുന്ദർ പറഞ്ഞു.  
“ഞാൻ രാംനാഥിനെ കണ്ടിട്ടുണ്ട്. അവൾക്ക് ചേർന്ന പയ്യൻ. സുന്ദരൻ. അവരുടെ വിവാഹം കഴിഞ്ഞ് ഒരിക്കൽ അവരിവിടെ വന്നിട്ടുണ്ട്. അവളുടെ മുത്തശ്ശിയെ കാണാൻ. ഒരാഴ്ച താമസിച്ചിട്ടു തിരിച്ചു പോയി. പിന്നെ വന്നിട്ടില്ല. ഇപ്പോൾ അവൾ ഇങ്ങനെ..” സുന്ദർ  പറഞ്ഞു.   
“നോൺ കൂടുതൽ കഴിക്കുന്നവർക്കല്ലേ ഹൃദയം കൂടുതൽ പണി കൊടുക്കുന്നത്.?” സുന്ദർ ചോദിച്ചു. ഒരു ബയോളജിസ്റ്റിന്റെ വിദഗ്ധാഭിപ്രായമാണ്  അവൻ തേടുന്നത്. 
ചായയും കാപ്പിയും പോലും കഴിക്കാത്ത ദുശ്ശീലങ്ങൾ ഒന്നുമില്ലാത്ത തികച്ചും സസ്യഭുക്കായ എന്റെ സുഹൃത്ത് ഹരിമാഷ് അദ്ദേഹത്തിന്റെ മൂപ്പത്തിമൂന്നാമത്തെ വയസ്സിൽ ആദ്യ ഹൃദയസ്തംഭനത്തിൽ വിടപറഞ്ഞപ്പോൾ എന്റെ ചില സുഹൃത്തുക്കൾ  എന്നോടു ചോദിച്ച അതേ ചോദ്യം.  
“രാംനാഥിന് ചെറിയ ഒരു നെഞ്ചിന് വേദന ആയിരുന്നു എന്നാണ് വിദ്യയോട് ചിത്ര പറഞ്ഞത്. ഗ്യാസ്ട്രബിൾ  പോലെ ഒന്ന്. വേദന വന്ന് അരമണിക്കൂറിനുള്ളിൽ രാംനാഥ് ഹോസ്പിറ്റലിൽ എത്തി. രാംനാഥ് സ്വയം വണ്ടി ഓടിച്ചാണത്രെ ഹോസ്പിറ്റലിൽ എത്തിയത്.  കൂടെ ചിത്രയുമുണ്ടായിരുന്നു. ഡോക്ടർ പരിചയക്കാരനായിരുന്നു. അദ്ദേഹത്തോട് ലോഹ്യം പറഞ്ഞുകൊണ്ടിരിക്കവേ രാംനാഥ് മുന്നോട്ടു കുനിഞ്ഞു വീണു. തിരിച്ചു കിടത്തുമ്പോൾ മൂക്കിൽ  നിന്നും രക്തം ചാലുവെച്ചിരുന്നു. ഒന്നും ചെയ്യാൻ പറ്റിയില്ല. അവളുടെ വിധി. സൌന്ദര്യം തിളച്ചുമറിയുന്ന നല്ല പ്രായത്തിൽ അവൾ വിധവയായി.” സുന്ദർ ആത്മഗതം എന്നോണം പറഞ്ഞു.
“രാംനാഥ് മരിക്കുമ്പോൾ അവൾ പ്രഗ്നന്റ് ആയിരുന്നു. പ്രസവം കഴിഞ്ഞ് ഏതാനം നാൾ കഴിഞ്ഞപ്പോൾ അവൾ ഇങ്ങോട്ട് പോന്നു. ചിത്ര ജനിച്ചതും ബാല്യം കഴിഞ്ഞതും ഇവിടല്ലേ. അവളുടെ നാട് ഇതല്ലേ. അവളുടെ അമ്മ മരിച്ചിരുന്നു. അച്ഛൻ അവൾക്കൊപ്പം  ഇവിടെ ഉണ്ട്. രണ്ടു കുട്ടികളാണവൾക്കുള്ളത്. രണ്ടാൺകുട്ടികൾ. ഇളയവൻ പിച്ച വെക്കുന്ന പരുവമാണ്. അവൾ ഇടയ്ക്ക് ഈ ക്ഷേത്രത്തിൽ വരാറുണ്ട്. മിക്കവാറും ഞായറാഴ്ചകളിൽ  അവൾ ഇവിടെ വരും.” ഒന്ന് നിർത്തിയിട്ട് സുന്ദർ പറഞ്ഞു. 
“നീ  അടുത്ത ഞായറാഴ്ച ഇവിടെ വന്നാൽ അവളെക്കാണാം. ഒന്നിച്ചു പഠിച്ചതല്ലേ”.
ഞാൻ ഒന്നും മിണ്ടിയില്ല. നിശ്ശബ്ദം കേട്ടുനിന്നു. എന്റെ മനസ്സിൽ അപ്പോൾ ഒൻപതു വയസ്സുള്ള ഒരു പാവാടക്കാരി ഓടിക്കളിക്കുകയായിരുന്നു.  
“നീ അടുത്ത ഞായറാഴ്ച വരുമോ?” സുന്ദർ എടുത്തുചോദിച്ചു.  
“ഇല്ല”. ഞാൻ പറഞ്ഞു. പിന്നെ ഞാൻ തിരിഞ്ഞു നടന്നു.
‘അടുത്ത ഞായർ എന്നല്ല ഇനി ഒരിക്കലും ഞാനീ ക്ഷേത്രത്തിലേക്ക് വരില്ല സുന്ദർ. വന്നാൽ... എപ്പോഴെങ്കിലും അവളെ നേരിൽ കാണേണ്ടി വന്നാൽ... 
എന്റെ മനസ്സിൽ ഇപ്പോഴും പ്രസരിപ്പോടെ ഓടിക്കളിക്കുന്ന ഒരു പാവാടക്കാരിയുണ്ട്. അതങ്ങനെ തന്നെ നിൽക്കട്ടെ. അവളെ കൊല്ലാൻ ഞാൻ തയ്യാറല്ല സുന്ദർ’.   
dr.sreekumarbhaskaran@gmail.com

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക