ബോളിവുഡിലും തെന്നിന്ത്യയിലും നിറഞ്ഞു നിൽക്കുകയാണ് രശ്മിക മന്ദാനയിപ്പോൾ. ഒന്നിനു പുറകേ ഒന്നായി വൻ റിലീസുകളാണ് രശ്മികയുടേതായി റിലീസിനെത്തുന്നത്. ഏറ്റവുമൊടുവിൽ ധനുഷ് നായകനായെത്തിയ കുബേരയിലായിരുന്നു രശ്മിക അഭിനയിച്ചത്. സിനിമകളുടെ പ്രൊമോഷന്റെ ഭാഗമായി രശ്മിക പല വേദികളിലും സംസാരിക്കുന്ന കാര്യങ്ങൾ പലപ്പോഴും നടിയ്ക്ക് തന്നെ വിനയായി മാറുകയാണിപ്പോൾ.
ഇപ്പോഴിതാ അനിമൽ സിനിമയിലെ രൺബീർ കപൂർ ചെയ്ത കഥാപാത്രത്തെ പോലെയുള്ളവരെ ജീവിത്തിലും അംഗീകരിക്കാനാകുമോ എന്ന ചോദ്യത്തിനുള്ള രശ്മികയുടെ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
അനിമലിലെ കഥാപാത്രത്തെ പോലെ ഒരാളെ ജീവിതത്തിലും അംഗീകരിക്കുമെന്നും ഒരു പാർട്ണറുമായി ഒരുമിച്ചു വളരുമ്പോൾ നിങ്ങൾക്ക് പരസ്പരം മനസ്സിലാക്കാൻ സാധിക്കുകയും മാറാൻ പറ്റുകയും ചെയ്യുമെന്നാണ് രശ്മികയുടെ അഭിപ്രായം. ദ് വുമൺ ഏഷ്യക്ക് നൽകിയ അഭിമുഖത്തിലാണ് രശ്മികയുടെ ഈ പ്രതികരണം.
'നിങ്ങൾ ആരെയെങ്കിലും സ്നേഹിക്കുകയോ അല്ലെങ്കിൽ നിങ്ങളെ ആരെങ്കിലും സ്നേഹിക്കുകയോ ചെയ്യുമ്പോൾ നമ്മളിൽ ഒരുപാട് മാറ്റങ്ങളുണ്ടാകും. നിങ്ങളുടെ പാർട്ണറുമൊത്തുള്ള ഒരുമിച്ചുള്ള യാത്രയിൽ നിങ്ങളും വളരുകയാണ്. നിങ്ങൾക്ക് എന്ത് വേണം എന്ത് വേണ്ട എന്നുള്ളതടക്കം, സ്വഭാവ രൂപീകരണം വരെ അവിടെ നിന്നാണ് തുടങ്ങുന്നത്. നിങ്ങളെ തന്നെ ഒരുക്കുന്ന സമയം അതാണ്', രശ്‌മിക പറഞ്ഞു.
തന്റെ മനസ്സിലുള്ള റൊമാന്റിക് സങ്കല്പം ഇത്തരത്തിലുള്ളതാണോ എന്ന് അവതാരക തമാശയായി ചോദിച്ചപ്പോഴായിരുന്നു രശ്‌മികയുടെ ഈ മറുപടി. എന്നാൽ നമുക്കൊരിക്കലും പുരുഷന്മാരെ മാറ്റാൻ കഴിയില്ലെന്ന അഭിപ്രായമാണ് രശ്‌മികയ്ക്ക് പ്രേക്ഷകർ നൽകിയ മറുപടി. 2023 ൽ ബോളിവുഡിൽ വൻ ഹിറ്റാകുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത സിനിമയാണ് അനിമൽ.
രൺബീർ കപൂർ, രശ്മിക മന്ദാന എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വൻ കളക്ഷൻ നേടിയിരുന്നു. എന്നാൽ, അതേസമയം ചിത്രം സ്ത്രീ വിരുദ്ധത പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം സിനിമയെ ശക്തമായി വിമർശിച്ചിരുന്നു. രൺബീർ അവതരിപ്പിച്ച കഥാപാത്രത്തിനെതിരെയും വിമർശനങ്ങളുയർന്നിരുന്നു.