മുൻ മാനേജർ വിപിൻ കുമാറിനെ നടൻ ഉണ്ണി മുകുന്ദൻ മർദിച്ചിട്ടില്ലെന്ന് പൊലീസിന്റെ കുറ്റപത്രം. മർദനം നടന്നതായി തെളിവില്ലെന്നാണ് കണ്ടെത്തൽ. എന്നാൽ പിടിവലിയുണ്ടാവുകയും ഇതിൽ വിപിൻ കുമാറിന്റെ കണ്ണട പൊട്ടുകയും ചെയ്തു. കൊച്ചി ഇൻഫോ പാർക്ക് പൊലീസാണ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം. വൈകാരികമായ പ്രതികരണമാണ് സംഭവസമയത്ത് ഉണ്ണി മുകുന്ദൻറെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പൊലീസിൻറെ കണ്ടെത്തൽ. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദന്റെ ഫ്ളാറ്റിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. താൻ വിപിൻ കുമാറിനെ മർദിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ കണ്ണട നിലത്തെറിയുക മാത്രമാണ് ചെയ്തതെന്നും പരാതി വന്ന സമയത്ത് തന്നെ ഉണ്ണി വ്യക്തമാക്കിയിരുന്നു. അടുത്തിടെയായിരുന്നു ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന് ആരോപിച്ച് മുൻ മാനേജറും പിആർഒയുമായിരുന്ന വിപിൻ പൊലീസിനെ സമീപിച്ചത്. കാക്കനാട്ടെ ഫ്ളാറ്റിൽ അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഉണ്ണി വന്നുവെന്നും തുടർന്ന് ആളൊഴിഞ്ഞ പാർക്കിങ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദിച്ചുവെന്നുമാണ് പരാതിയിൽ ഉണ്ടായിരുന്നത്