നേരം പരുപരാ വെളുത്തു വരുന്നതേയുള്ളു. വേലിക്കരുകിലെ ചെഷ്നട്ട് മരങ്ങളിലെ ഇലകളിൽ ഖനീഭവിച്ച മഞ്ഞുതുള്ളികൾ, ജനങ്ങൾ വെറുത്ത ചിലസർക്കാർ പോലെ,താഴേയ്ക്ക് പതിക്കാൻ ഒരുങ്ങി നിൽപ്പുണ്ട്.
നല്ല അങ്കവാലുള്ള ഒരു കോഴിപ്പൂവൻ പരിസരത്തെങ്ങാനും ഉണ്ടായിരുന്നെങ്കിൽ
അവൻ "അലാറം" അടിക്കാൻ തുടങ്ങേണ്ട സമയമാണിത്.
അന്നേരമാണ് എന്റെ മൊബൈൽ ഫോൺ അടിക്കാൻ തുടങ്ങിയത്.
നേരോം കാലോം അറിയാൻ മേലാത്ത ഒരമ്മാവൻ എന്റെ ഭാര്യയുടെ വകയിൽ നാട്ടിലുണ്ട്.കണ്ടാൽ
ശങ്കരാടിയെപ്പോലിരിക്കുന്ന,
വകതിരിവില്ലാത്ത അങ്ങേരാകാനേ തരമുള്ളൂ എന്നുകരുതി ആദ്യം ഫോൺ അടിച്ചപ്പോൾ മൈൻഡ് ചെയ്യാൻ പോയില്ല.
മുൻപ് പല പ്രാവശ്യോം അങ്ങേരോട് മര്യാദയ്ക്ക് പറഞ്ഞിട്ടുണ്ട്.
" അമ്മാവാ, നാട്ടിൽ രാവിലെ പത്തുമണി ആയാലും ഇംഗ്ലണ്ടിൽ നേരം വെളുത്തു വരുന്നതേയുള്ളു.
അത്യാവശ്യം ഇല്ലാത്തപ്പോൾ കുറച്ചു കഴിഞ്ഞേ വിളിക്കാവൂ "എന്ന്.
ഇനിയങ്ങനെ ചെയ്‌തോളാം എന്ന് സമ്മതിച്ചിട്ടും അങ്ങേര് വീണ്ടും അതുതന്നെ കാണിക്കും.
അതാണ് ആ അമ്മാവനായിരിക്കും ഇതെന്നോർത്ത് എനിക്ക് ദേഷ്യം വരാൻ കാരണം.
പക്ഷെ, ഫോൺ ഉണ്ടോ നിർത്താൻ ഭാവം?
അത് പിന്നെയും അലറാൻ തുടങ്ങിയപ്പോൾ " ഏതു ദ്രോഹിയാ
ഈ വെളുപ്പിനെ " എന്ന് പ്രാകിക്കൊണ്ട് ഞാൻ ഫോൺ എടുത്ത് അത്ര ഇഷ്ട്ടപ്പെടാതെ "ഹലോ ആരാ" എന്ന് ചോദിച്ചത്.
ഹലോ, സിഗ്ഗിഷ് അല്ലേ?
എന്റെ ഫോണിൽ വിളിച്ചിട്ട് എന്നോട് സിജീഷ് അല്ലേ എന്ന്,സർദാർജിയെ കണ്ടിട്ട് സർദാർജിയല്ലേ എന്ന് ചോദിക്കുന്നപോലത്തെ ഊളൻ ചോദ്യം.
ഇയാളെന്റെ ഇന്നത്തെ ദിവസം
കുളമാക്കും.
എനിക്ക് കുറേശ്ശേ ദേഷ്യം വരുന്നുണ്ട്.
എന്റെ ഫോൺ സംസാരം കേട്ട് ഇഷ്ട്ട
പ്പെടാതെ ഉറക്കം തെളിഞ്ഞ ഭാര്യ
സുമതി "ശ്ശോ, നാശം ആരായിത് വെളുപ്പിനെ?" എന്ന് പിറുപിറുത്തോണ്ട് പുതപ്പും ദേഹത്തോട്ട് വലിച്ചിട്ട് തിരിഞ്ഞു കിടന്നു.
അതേ, സിജിഷ് ആണ്.
ആരാ നിങ്ങൾ ?
വിളിച്ച കാര്യം പറയൂ.ഞാൻ അക്ഷമനായി.
ഇത് ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സ് ൽ നിന്നാണ് വിളിക്കുന്നത്.
ഞാൻ ക്യാപ്റ്റൻ റോജേഴ്സ് .
നമ്മുടെ പ്രൈമിനിസ്റ്റർ സ്റ്റാമർ പറഞ്ഞിട്ടാണ് ഞാൻ വിളിക്കുന്നത്.
ഇതുകേട്ടതും എന്റെ കിളിപോയി.
British RAF ൽ നിന്നും എന്നേ ഈ വെളുപ്പാൻ കാലത്ത് ഫോൺ വിളിക്കാൻ?
അല്ലേലും ഈ പട്ടാളത്തിന് രാവെന്നോ പകലെന്നോ ഇല്ലല്ലോ.
എന്നാലും ഈ വെളുപ്പാൻ കാലത്ത് എന്നേ വിളിക്കാൻ?
ആരാണിവർക്ക് എന്നേ വിളിക്കാൻ പറഞ്ഞുകൊടുത്തത്?
"നിങ്ങൾ റോയൽ എയർഫോഴ്‌സിൽ നിന്നാണെന്നോ?
എന്താ കാര്യം പറയൂ. "
ഞാൻ ഗൗരവം വെടിഞ്ഞ് അയാളോട് മയത്തിൽ ഒന്നുകൂടി ചോദിച്ചു. കേട്ടത് നേരാണോ എന്ന് ഉറപ്പാക്കണമല്ലോ.
അതേ സിഗ്ഗിഷ്.
"സിഗ്ഗിഷ് അല്ല, സിജിഷ്. ഞാൻ അയാളെ തിരുത്തി."
സോറി. സിഗ്ഗിഷ്.
തേ, പിന്നെയും അതുതന്നെ പറയുന്നു!
സായിപ്പിനെ പറഞ്ഞുതിരുത്താൻ പോകാതിരിക്കുകയാണ് നല്ലത്.
മിസ്റ്റർ സിഗ്ഗിഷ്, നിങ്ങളുടെ ട്രിവാൻഡർത്ത് നമ്മുടെ ഒരു
F- 35 ഫൈറ്റർ പ്ലെയിൻ പ്രശ്നമായി കിടക്കുന്നത് നിങ്ങളും അറിഞ്ഞു കാണുമല്ലോ.
ഫ്യൂവൽ അടിക്കാൻ വേണ്ടി അവിടെ ലാൻഡ് ചെയ്യുമ്പോൾ പ്ലെയിനിന്റെ മൂക്ക്, അന്നേരം റൺവേയിൽ ഉണ്ടായിരുന്ന
ഏതോ പട്ടിയുടെ പൊക്കിപ്പിടിച്ചിരുന്ന വാലിൽ മുട്ടിയതാണ് എന്നാണ് അവിടുത്തെ എഞ്ചിനീയർസ് പറയുന്നത്.
"ങ്ഹാ, വിവരം ഞാൻ കേട്ടിരുന്നു,അതിന്?"
അത് ഒന്ന് ശരിയാക്കി തിരികെ കൊണ്ടുവരാൻ നിങ്ങളുടെ സഹായം വേണം. ഇവിടെ RAF എഞ്ചിനീയർസ് ഇപ്പോഴത്തെ അന്തർദേശീയ പിരിമുറുക്ക സാഹചര്യത്തിൽ വളരെ busy ആണ്.
പിന്നെ ഞങ്ങൾ അന്വേഷിപ്പോൾ താങ്കൾ നമ്മുടെ ഫൈറ്റർ കേരളത്തിൽ നിന്നും തിരികെ കൊണ്ടുവരാൻ ഏറ്റവും പറ്റിയ ആളാണെന്നു മനസ്സിലായി.
നിങ്ങൾ ഇന്ത്യൻ എയർഫോഴ്‌സ് ൽ Fighter എഞ്ചിനീയർ ആയിരുന്ന ആളല്ലേ? അതുകൊണ്ട് ഈ മിഷൻ നിങ്ങളെത്തന്നെ ഏൽപ്പിക്കണം എന്ന് പ്രൈമിനിസ്റ്റർ ന് ഒരേ നിർബന്ധം.
നിങ്ങൾക്കാകുമ്പോൾ Trivandrum
ഒക്കെ ഞങ്ങളെക്കാൾ കൂടുതൽ അറിയാവല്ലോ. നിങ്ങളുടെ കൂടെ ഒരു team of engineers നെക്കൂടി തരാം. നിങ്ങൾ ഒന്നു സൂപ്പർവയ്സ് ചെയ്‌താൽ മതി.
ചെറിയ ഏതാണ്ട് പ്രശ്നമേയുള്ളു.
എയർ ഇന്ത്യയുടെ എഞ്ചിനീയർസ്
ശരിയാക്കിത്തരാം എന്ന് പറഞ്ഞതാണ്.എയർ ഇന്ത്യ എന്ന് കേട്ടപ്പോഴേ നന്ദി, നിങ്ങൾ അതിൽ കൈവയ്‌ക്കേണ്ട എന്ന് ഇവിടെ UK ഗവണ്മെന്റ് പറഞ്ഞു.
ഇപ്പോൾ ആണ് ഞാൻ ശരിക്കും ഞെട്ടിയത്. ഞാൻ ഇന്ത്യൻ എയർഫോഴ്‌സ് ൽ ആയിരുന്നു എന്നത് സത്യമാണ്. എന്നാൽ എയർഫോഴ്‌സ് ഫൈറ്റർ പൈലറ്റ് ആയിരുന്നു എന്ന് ഞാൻ ഇംഗ്ലണ്ടിൽ വന്നപ്പോൾ പരിചയ പ്പെട്ടവരോടൊക്കെ ഒരു ഗമയ്ക്ക് വെറുതെ തട്ടി വിട്ടതാണ്.ന്യൂസ് എവിടെവരെ എത്തി എന്ന് നോക്കിക്കേ!
പണ്ട് സുമതിയെ കല്യാണം കഴിക്കുമ്പോഴും ഞാൻ അവളെ കെട്ടാൻ വേണ്ടി ഇതേ വെടിയാണ് പറഞ്ഞത്.
പക്ഷെ, കുറെ നാൾ കഴിഞ്ഞപ്പോൾ
അവളുടെ മുൻപിൽ എന്റെ കള്ളി വെളിച്ചത്തായി. അപ്പോൾ ഞാൻ Fighter എഞ്ചിനീയർ എന്നത് തരം താഴ്ത്തി ഹെലികോപ്റ്റർ എഞ്ചിനീയർ ആക്കി നിർത്തിയിരിക്കുകയാണ്.
എയർഫോഴ്‌സ് ൽ ശരിക്കും ഞാൻ എന്തായിരുന്നു എന്ന് എനിക്കും എന്റെ കൂടെ ജോലി ചെയ്തിരുന്നാർക്കും മാത്രമേ അറിയൂ.
ആലോചനയില്ലാതെ എന്നെക്കൊണ്ട് പെണ്ണിനെക്കെട്ടിച്ച അബദ്ധത്തിന്റെ
മാനക്കേടോർത്ത് സുമതിയുടെ കുടുംബക്കാർ അന്ന് ക്ഷമിച്ചു.
ഇല്ലാത്ത പൊങ്ങച്ചം പറഞ്ഞുനടന്നാൽ ജീവിതത്തിൽ അതിലും വലിയ അബദ്ധത്തിൽ വീണ്ടും ചാടും എന്ന് ഇപ്പോൾ ബോധ്യമായി.
പക്ഷെ, ഇവിടെ ഷൈൻ ചെയ്യാൻ നല്ലൊരാവസരം കൈവന്നത് എങ്ങനെ കൈവിടും?
എന്നുകരുതി ഇല്ലാത്ത മേനി നടിച്ച് ഒക്കെ ഞാൻ ഏറ്റു എന്നും പറഞ്ഞു
F35 fighter നന്നാക്കാൻ Trivandrum ന് ചാടിപ്പുറപ്പെട്ടാൽ?
അവര് Team of engineers നെ കൂടി തരും എന്നല്ലേ Captain Rogers പറഞ്ഞത്?
അപ്പോൾ എല്ലാം അറിയാം എന്ന ഭാവത്തിൽ വെറുതെ കൂട്ടത്തിൽ നിന്നാൽ പോരെ?
എന്നാലും എങ്ങാനും കള്ളി വെളിച്ചത്തായാൽ?
എന്റെ മനസ്സ് രണ്ട് പക്ഷം തിരിഞ്ഞ്
എന്നോട് ചോദ്യം തുടങ്ങി.
ഞാൻ ഏത് പക്ഷത്തുനിൽക്കും?
ഇന്ത്യക്കാരൻ ശുഭ്മാൻ ഗിൽ Space സ്റ്റേഷനിൽ പോയി എന്ന് വാർത്ത
ടീവി യിൽ കേട്ടോണ്ടിരുന്നപ്പോൾ
" അങ്ങനെയാ ആണുങ്ങള് " എന്ന കമന്റ് പാസ്സാക്കി ഭാര്യ എന്റെ മുഖത്തോട്ട് അർത്ഥഗർഭമായി നോക്കിയിട്ട് അവിടുന്ന് എഴുന്നേറ്റു പോയത് ഞാൻ മറന്നിട്ടില്ല.
നമ്മുടെ കൂട്ടത്തിൽ "മൊയ്‌തീനും ഒരു പത്തിന്റെ സ്പാനറും" ഉണ്ടെങ്കിൽ നമുക്ക് എന്തും
ശരിയാക്കാൻ പറ്റും എന്ന് മലയാളികളുടെ പ്രിയപ്പെട്ട നടൻ കുതിരവട്ടം പപ്പു കാണിച്ചുതന്നിട്ടുള്ളത് എന്റെയുള്ളിൽ ധൈര്യം പകരുകയാണ്.
RAF തരുന്ന Team of engineers ൽ ഒരു മൊയ്‌തീൻ ഉണ്ടാവാതെ വരുമോ?
അവന്റെ ടൂൾ ബോക്സിൽ
ഒരു സ്പാനറും?
എന്റെ ചിന്തകൾക്ക് ചൂടുപിടിക്കുകയാണ്.
ഈ മിഷൻ ഏറ്റെടുത്ത് പണിയറിയാവുന്ന മറ്റ് എഞ്ചിനീയർസ് ന്റെ കൂടെ നിന്ന് ഒതുക്കത്തിൽ F35 നന്നാക്കി
ശ്രീ പദ്മനാഭന്റെ നാട്ടിൽ നിന്നും എങ്ങിനെയും
തിരിച്ചുകൊണ്ടുപോരാൻ എനിക്ക് പറ്റിയാൽ ഞാൻ പിന്നെയാരാ?
F35 ഫൈറ്റർ ജെറ്റ് ഇന്ത്യയിൽ നിന്നും തിരിച്ചുകൊണ്ടുവരാൻ നേതൃത്വം കൊടുത്ത ആദ്യത്തെ മലയാളി
"സിജിഷ് ആനയറ!"
പിന്നെ സിജിഷ് ആനയറയ്ക്ക്
RAF വക സ്വീകരണം,
ബ്രിട്ടീഷ് പ്രധാന മന്ത്രിയുമൊത്ത് ഫോട്ടോ.
അതുകഴിഞ്ഞ് ഇന്ത്യൻ എംബസിവക സ്വീകരണം, ഉപഹാരം.
പിന്നെ മലയാളി അസോസിയേഷനുകളുടെ വക.
പിന്നെയങ്ങോട്ട് ബ്രിട്ടീഷ് മണ്ണിൽ മലയാളി ആഞ്ഞുചെണ്ടകൊട്ടൂന്ന എവിടെ ചെന്നാലും
അവിടെ മുൻ നിരയിൽ എനിക്ക് ഒരുസീറ്റ്! പേര്, പ്രശസ്ഥി.
ഇങ്ങോട്ട് വന്ന ഈ അവസരം കളഞ്ഞുകൂടാ.
"ഹലോ, സിഗ്ഗിഷ്, എന്താ ആലോചിക്കുന്നത്?
മറുപടി ഒന്നും പറഞ്ഞില്ല?
അടുത്തയാഴ്ച്ച ട്രിവാൻഡ്രം ന് നിങ്ങൾ പുറപ്പെടണം."
ശരി ക്യാപ്റ്റൻ റോജർസ്. വരുന്നതുവരട്ടെ, കരഗതമാകാൻ പോകുന്ന പേരും പ്രശസ്തിയുമോർത്ത്
സിജിഷ് ആനയറ എന്ന ഞാൻ അതിന് സമ്മതിച്ചു.
താങ്ക് യു, താങ്ക് യൂ, യൂ ആർ ആ ഗ്രേറ്റ് മാൻ എന്നുപറഞ്ഞു റോജർസ്.
നാളെകഴിഞ്ഞു RAF airbase Uxbridge ൽ എത്താൻ വണ്ടി വിടും എന്ന് പറഞ്ഞു അയാൾ സന്തോഷത്തോടെ ഫോൺ കട്ട് ചെയ്തതാണ്.
രണ്ടാം ദിവസം രാവിലെ RAFmission flight തിരുവനന്തപുരം ലക്ഷ്യമാക്കി
ആകാശത്തുകൂടി ഞാനും എന്റെ ടീം
പത്ത് എഞ്ചിനീയർ മാരും പറന്നുകൊണ്ടിരിക്കുകയാണ്.
റിച്ചർഡ് മെയ്സൺ ആണ് എഞ്ചിനീയർസ് ലീഡർ.
മേഘപാളികളിൽ തെന്നി പറന്നുകൊണ്ടിരുന്ന പ്ലെയിനിൽ കണ്ണടച്ചുകൊണ്ട് "എന്തായിതീരുമോ
ദൈവമേ "എന്നോർത്തു വിഷമിച്ചിരിക്കുന്നതുകണ്ട്
റിച്ചർഡ് മെയ്സൺ എന്റെ അടുത്തു കണ്ട മറ്റ് എഞ്ചിനീയർസ്നോട്
പറയുകാ, കണ്ടോ സിഗ്ഗിഷ് സാറിന്റെ ഡെഡിക്കേഷൻ അദ്ദേഹം ഇപ്പോഴേ
ട്രൗബിൾ ഷൂട്ടിംഗ് മൂഡിലാണ് " എന്ന്.
ഞാൻ തന്നെ "ട്രബിളിൽ "
പ്പെട്ടിരിക്കുകയാണെന്ന് അവനുണ്ടോ അറിയുന്നു? ഞാൻ വിഷമിച്ചു ഒരു വളിച്ച ചിരി മുഖത്ത് കൊണ്ടുവരാൻ, സുരേഷ്ഗോപി കേരളത്തിൽ എയിംസ് കൊണ്ടുവരാൻ ശ്രമിക്കുന്നപോലെ,
ശ്രമിച്ചുകൊണ്ടിരുന്നു.
ഇന്ത്യൻ എയർ ഫോഴ്‌സിൽ പട്ടാളക്കാർക്ക് യൂണിഫോം തൈക്കാൻ ഉപയോഗിക്കുന്ന തയ്യൽ മെഷീൻ മെക്കാനിക് ആയിരുന്ന
താൻ എങ്ങിനെ Fighter പ്ലെയിൻ എഞ്ചിനീയർ ആയി അഭിനയിച്ചു ഈ മിഷൻ പൂർത്തിയാക്കും?
ഓർത്തിട്ട് പേടിയാകുന്നു എങ്കിലും
ഇന്ത്യയിൽ പത്തും നാൽപ്പതും വർഷം വ്യാജഡോക്ടർമാരായിട്ട് വിലസിയിട്ടും ആരും പിടിക്കാതെ
പണി തുടരുന്ന തിരുട ഗുരുക്കന്മാരെ ധ്യാനിച്ചു ഞാൻ ശക്തി സംഭരിച്ചുകൊണ്ടിരുന്നപ്പോഴേയ്ക്കും
ഞങ്ങളുടെ എയർഫോഴ്‌സ് വിമാനം
തിരുവനന്തപുരം എയർപോർട്ടിൽ
ലാൻഡ് ചെയ്തു.
പ്ലെയിനിൽ നിന്നും ഇറങ്ങിപ്പോകാൻ ഞങ്ങൾ വെയിറ്റ്
ചെയ്യുമ്പോൾ കൂട്ടത്തിൽ ഉണ്ടായിരുന്ന "വെള്ളകൾ" പ്ലെയിനിന്റെ ജനലുകളിൽ കൂടി പുറത്തേയ്ക്ക്
നോക്കികൊണ്ട്
" വൗ, ബ്യൂട്ടിഫുൾ പ്ലേസ് "
എന്ന് പറഞ്ഞുകൊണ്ടിരുന്നപ്പോൾ
ആണ് കണ്ടത് കുറെ പോലിസുകാർ
സിജിഷ് ആരാണ് എന്നും ചോദിച്ചു
എന്റെ അടുത്തേയ്ക്ക് കൈവിലങ്ങും പൊക്കി കാണിച്ചോണ്ട് വരുന്നത്.
മനസ്സിലായി. എയർഫോഴ്‌സിൽ ഉണ്ടായിരുന്ന ആരാണ്ട് അസൂയക്കാര് മലയാളികള് എന്നെ ഒറ്റിക്കൊടുത്തതാണ്. ഒരുത്തനും മറ്റൊരുത്തൻ നന്നാവുന്നത് കണ്ടുകൂടാ.
ഇനി രക്ഷയില്ല.
ഒരബദ്ധം പറ്റി,രക്ഷിക്കണേ സാറേ എന്നും പറഞ്ഞു ഞാൻ രണ്ടു കയ്യും കൂപ്പി പോലീസുമേലാവിയുടെ
മുൻപിലോട്ട് ആഞ്ഞതും
ഭാര്യ സുമതി " ഇതേ കാപ്പി " എന്നും പറഞ്ഞു എന്റെ നേരെ ബെഡിലോട്ട് നീട്ടിയ കപ്പിൽ,
എന്റെ കൈതട്ടി ചൂടുകാപ്പി ദേഹത്തുവീണതും ഒന്നിച്ച്!!