സിനിമ പ്രെമോഷനുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിൽ മുൻപ് ചെയ്യാൻ ശ്രമിച്ചിരുന്ന കാര്യം തുറന്നുപറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. അഭിമുഖങ്ങൾ എന്റർടൈനിങ്ങാക്കാൻ മനപൂർവം ശ്രമിച്ചിരുന്നതായും എന്നാൽ പിന്നീട് അത് ഒരുപാട് ആളുകൾക്ക് ഓവറായി തോന്നിയെന്നും ഷൈൻ ടോം പറഞ്ഞു. തന്റെ എറ്റവും പുതിയ ചിത്രവുമായി ബന്ധപ്പെട്ട് ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് നടൻ മനസുതുറന്നത്. “ഒരു സമയത്ത് ഞാൻ ഒരുപാട് അഭിമുഖങ്ങൾ കൊടുത്തിരുന്നു. അപ്പോൾ, അത് കൊടുത്ത് കൊടുത്ത് എനിക്ക് തന്നെ മടുപ്പ് തോന്നിയിരുന്നു. ഇന്റർവ്യൂകൾ എന്റർടൈനിങ്ങ് ആക്കാൻ ഞാൻ പരമാവധി ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു മര്യാദയ്ക്ക് ഇരിക്കാതെ, നോക്കാതെ, നിൽക്കാതെ, വ്യത്യസ്തമായി അഭിമുഖങ്ങളിൽ സ്വയം അവതരിപ്പിച്ചത്, ഷൈൻ പറയുന്നു.
പക്ഷെ, അത് ഒരുപാട് ആളുകൾക്ക് വളരെ ഓവറായി തോന്നി. ആദ്യമൊക്കെ ആളുകൾക്ക് അത് ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ, പിന്നീട് അത് അവർക്ക് തന്നെ അരോചകമായി തോന്നുകയും മടുപ്പ് ഉളവാക്കുകയും ചെയ്തപ്പോഴും എനിക്ക് അത് മനസിലായിരുന്നില്ല. അത് പലപ്പോഴും നമ്മുടെ ശീലങ്ങൾ കൊണ്ടായിരിക്കാം. പിന്നെ നമ്മൾ എല്ലാവരെയും എതിർത്ത് തുടങ്ങും. ഇപ്പോൾ ഞാൻ അടങ്ങി ഒതുങ്ങിയല്ലേ ഇന്റർവ്യു തരുന്നത്. പക്ഷെ സിനിമയുടെ പ്രൊസസിനെ ഒരു രീതിയിലും തടസപ്പെടുത്താൻ ശ്രമിച്ചിട്ടില്ല, ഷൈൻ ടോം ചാക്കോ കൂട്ടിച്ചേർത്തു.