Image

നിർമ്മിത ബുദ്ധിയുടെ കടന്നുകയറ്റത്തെക്കുറിച്ച് ഫൊക്കാന മീഡിയ സെമിനാറിൽ മാധ്യമപ്രവർത്തകരുടെ വേറിട്ട ചർച്ച

Published on 05 August, 2025
നിർമ്മിത ബുദ്ധിയുടെ കടന്നുകയറ്റത്തെക്കുറിച്ച് ഫൊക്കാന മീഡിയ സെമിനാറിൽ മാധ്യമപ്രവർത്തകരുടെ വേറിട്ട ചർച്ച

ഫൊക്കാനയുടെ കേരള കൺവൻഷനോട് അനുബന്ധമായി നടന്ന മാധ്യമ സെമിനാർ കേരള ചീഫ് വിപ്പ് എൻ.ജയരാജ് ഉദ്‌ഘാടനം ചെയ്തു. രാഷ്ട്രീയക്കാരൻ ആയിരുന്നില്ലെങ്കിൽ താൻ ഒരു മാധ്യമപ്രവർത്തകൻ ആകുമായിരുന്നെന്ന് ജയരാജ് (എംഎൽഎ) സദസ്സിനോട് പറഞ്ഞു.അമേരിക്കൻ മാധ്യമങ്ങളും മലയാള മാധ്യമങ്ങളും നിർമ്മിത ബുദ്ധിയുടെ ഈ കാലഘട്ടത്തിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച്  സെമിനാറിൽ പങ്കെടുത്ത ഫാദർ മൈക്കിൾ വെട്ടിക്കാട്ട് (ദീപിക )പി പി . ജെയിംസ് ,അനിൽ അടൂർ(ഏഷ്യാനെറ്റ് ന്യൂസ്), ശരത്ചന്ദ്രൻ(കൈരളി), ജെയ്സൺ ജോസഫ് (വിഷണം )ബൈജു കൊട്ടാരക്കര (ചാനൽ 24), റോമി മാത്യു (മനോരമ),പ്രമേഷ് കുമാർ (മാതൃഭൂമി),ജോർജ്ജ് ജോസഫ്( ഇ-മലയാളി)തുടങ്ങിയവർ തങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തമാക്കി.ക്രിസ്റ്റീന ചെറിയാൻ (24 ന്യൂസ്) എംസി ആയിരുന്നു. തോമസ് തോമസ്(ഫൊക്കാനയുടെ പ്രഥമ ട്രഷറർ) ഏവരെയും സ്വാഗതം ചെയ്തു. പ്രസിഡന്റ് സജിമോൻ ആന്റണി അധ്യക്ഷത വഹിച്ചു. 

പത്രമാധ്യമങ്ങൾ വായിക്കും മുൻപ് ട്രൂത്ത് സോഷ്യൽ നോക്കുന്നതാണ് അമേരിക്കയിലെ ഇപ്പോഴത്തെ സ്ഥിതി എന്നും ട്രംപ് എല്ലാ കാര്യങ്ങളും ഇതിലൂടെ അറിയിക്കുന്നത് പ്രസ്തുത പ്ലാറ്റ്ഫോമിന്റെ പ്രചാരം വർദ്ധിപ്പിച്ചതായും ക്രിസ്റ്റീന ആമുഖത്തിൽ പറഞ്ഞു. മാധ്യമങ്ങളിലേക്ക് ഒരു ഭരണാധികാരി കടന്നുവരുമ്പോൾ അതിനെ ഏത് രീതിയിൽ കാണണമെന്ന ചോദ്യവും അവർ മുന്നോട്ടുവച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാധ്യമപ്രവർത്തനത്തെ അമേരിക്കയിലായാലും കേരളത്തിലായാലും അടിമുടി മാറ്റുമെന്ന അഭിപ്രായവും ശക്തമായി ഉയർന്നു.

 ക്രിസ്തീയ സഭ തുടക്കം കുറിച്ച പത്രമാണെങ്കിലും സെക്കുലർ മുഖം കാത്തുസൂക്ഷിക്കാൻ ദീപിക ഇന്നും ശ്രമിക്കുന്നതായി ദീപികയുടെ എംഡി ആയ ഫാദർ പറഞ്ഞു. നേരായ വാർത്ത വിശദമായി അറിയാൻ കേരളത്തിൽ പ്രിന്റ് മീഡിയയെ ഇന്നും ആശ്രയിക്കുന്നത് ഫാദർ നല്ല ലക്ഷണമായി ചൂണ്ടിക്കാട്ടി. ഏത് വ്യാവസായിക പ്രേരണ ഉണ്ടായാലും മാധ്യമങ്ങൾ അതിന്റെ നിലപാടിൽ നിന്ന് മാറരുതെന്നും ഓർമ്മിപ്പിച്ചു.സർക്കാരിനെ വിമർശിച്ചാൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന ഒരവസ്ഥ ഇന്ത്യയിലുണ്ടെന്നും ജനാധിപത്യരാജ്യത്ത് അത് അഭികാമ്യമല്ലെന്നും റോമി മാത്യു വിലയിരുത്തി. മാധ്യമങ്ങൾ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളിലേക്കും സമൂഹ മാധ്യമങ്ങളിലൂടെയുള്ള ആക്രമങ്ങളിലേക്കും അദ്ദേഹം വിരൽചൂണ്ടി.അമേരിക്കയിൽ പ്രധാനമായുമുള്ള രണ്ട് രാഷ്ട്രീയപ്പാർട്ടികളെ നേരിട്ടാൽ മതിയെന്നും കേരളത്തിൽ മതസാമുദായിക സംഘടനകളെയും നേരിടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അമേരിക്കയിൽ ഭരണഘടന മാധ്യമസ്വാതന്ത്ര്യം നൽകുമ്പോൾ പൗരന്റെ മൗലീകാവകാശങ്ങളിലൂടെ 'ഫ്രീഡം ഓഫ് സ്പീച്' ഉള്ള രാജ്യമാണ് ഇന്ത്യ എന്നും അതിനതിന്റേതായ മെച്ചവും പരിമിതികളുമുണ്ടെന്ന് പ്രമേഷ്കുമാർ വിലയിരുത്തി.മാധ്യമങ്ങളിലെ മാറ്റം ആഗോളപ്രതിഭാസമാണെന്നും കൂട്ടിച്ചേർത്തു.'നമ്മൾ തമ്മിൽ' പോലെ ഗിന്നസ് റെക്കോർഡുള്ള പരിപാടി സംവിധാനം ചെയ്തതിന്റെയും യുക്രൈൻ യുദ്ധമുഖത്തുപോയി വാർത്ത റിപ്പോർട്ട് ചെയ്തതിന്റെയും അനുഭവം ബൈജു കൊട്ടാരക്കര പങ്കുവച്ചു. സമൂഹത്തിന് നേർക്കുപിടിക്കുന്ന കണ്ണാടിയായിരിക്കണം മാധ്യമങ്ങൾ എന്നും അഭിപ്രായപ്പെട്ടു.

വിമർശനങ്ങൾ വസ്തുത അറിഞ്ഞുമാത്രമേ ആകാവൂ എന്ന് ശരത്ചന്ദ്രൻ പറഞ്ഞു. ചൂരൽമലയിൽ സർക്കാർ നിർമ്മിച്ചുനൽകിയ വീടുകളെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചതിനെ അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തെ കേരളമായി നിലനിർത്തുന്നതിൽ ഇവിടുള്ള ഒരുകൂട്ടം മാധ്യമങ്ങൾ വലിയ പങ്ക് വഹിക്കുന്നതായി ചൂണ്ടിക്കാട്ടി. ആളുകളുടെ ശ്രദ്ധ പിടിച്ചുനിർത്താൻ പ്രയാസമുള്ള പുതുയുഗ സാഹചര്യത്തിൽ ദൈർഘ്യമേറിയ ലേഖനങ്ങൾക്ക് സ്ഥാനമുണ്ടോ എന്ന സംശയവും അദ്ദേഹം പങ്കുവച്ചു.അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾ ഇന്നും 4000 വാക്കുകളുടെ ലേഖനങ്ങൾ എഴുതുമ്പോൾ ചെറുലേഖനങ്ങൾക്കാണ് മലയാള മാധ്യമങ്ങൾ സാധ്യത കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

നിർമ്മിത ബുദ്ധിയുടെ കടന്നുകയറ്റത്തെക്കുറിച്ച് ഫൊക്കാന മീഡിയ സെമിനാറിൽ മാധ്യമപ്രവർത്തകരുടെ വേറിട്ട ചർച്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക