Image

ഫൊക്കാന കേരള കണ്‍വന്‍ഷന്റെ ബാക്കിപത്രം; പ്രസിഡന്റ് സജിമോന്‍ ആന്റണി വിശദീകരിക്കുന്നു (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 05 August, 2025
ഫൊക്കാന കേരള കണ്‍വന്‍ഷന്റെ ബാക്കിപത്രം; പ്രസിഡന്റ് സജിമോന്‍ ആന്റണി വിശദീകരിക്കുന്നു  (എ.എസ് ശ്രീകുമാര്‍)

അമേരിക്കന്‍ മലയാളികളുടെ ആദ്യത്തെ ഫെഡറേഷനായ ഫൊക്കാന നേരിട്ട പിളര്‍പ്പിനു ശേഷം ഇടക്കാലത്തെ മന്ദീഭവിച്ച പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശക്തമായൊരു തിരിച്ചു വരവ് നടത്തിയെന്ന് അക്ഷരംപ്രതി ശരിവയ്ക്കുന്നതായിരുന്നു കുമരകത്ത്, ഗോകുലം ഗ്രാന്റ് ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടിലെ 'ഡോ. അനിരുദ്ധന്‍ നഗറി'ല്‍ അരങ്ങേറിയ കേരള കണ്‍വന്‍ഷന്‍-2025. വലിയ അവകാശവാദങ്ങളോ കൊട്ടിഘോഷിക്കലുകളോ ഇല്ലാതെ കണ്‍വന്‍ഷന് കൊടിയിറങ്ങിയപ്പോള്‍ സ്വാഭാവികമായി ഉയരുന്ന ചോദ്യം, ഈ കണ്‍വന്‍ഷന്‍ കൊണ്ട് ആര്‍ക്ക് എന്ത് പ്രയോജനം ലഭിച്ചു, ഫൊക്കാനയ്ക്ക് എന്തു ഗുണം ഉണ്ടായി എന്നൊക്കെയായിരിക്കും. ഈ ചോദ്യങ്ങള്‍ക്കെല്ലാം അക്കമിട്ട് വസ്തുനിഷ്ഠമായി മറുപടി പറയുകയാണ് ഫൊക്കാനയുടെ പ്രസിഡന്റ് സജിമോന്‍ ആന്റണി. അദ്ദേഹവുമായുള്ള സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ഇവിടെ കുറിക്കുന്നത്.

''എന്റെ അഭിപ്രായത്തിലുപരി കണ്‍വന്‍ഷനില്‍ പങ്കെടുത്തവര്‍ എന്തു പറഞ്ഞു എന്നുള്ളതിനാണ് പ്രസക്തി. ഫൊക്കാന മുന്‍ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസിന്റെ അഭിപ്രായത്തില്‍, 42 വര്‍ഷമായി നടക്കുന്ന ഫൊക്കാന കേരള കണ്‍വന്‍ഷനുകളില്‍ വച്ച് ഏറ്റവും മികച്ച കണ്‍വന്‍ഷന്‍ ആയിട്ടാണ് അദ്ദേഹം ഈ കുമരകം കണ്‍വന്‍ഷനെ വിലയിരുത്തുന്നത്. സാജ് എര്‍ത്ത് ഗ്രൂപ്പിന്റെ സാരഥി സാജന്‍ വര്‍ഗീസ് പറയുന്നത് താന്‍ കണ്ടതില്‍ വച്ച് അടുക്കും ചിട്ടയോടും കൂടി നടന്ന ഏറ്റവും വലിയ കണ്‍വന്‍ഷനാണ് കുമരകത്ത് നടന്നത് എന്നാണ്. ഇത്തരത്തില്‍ നിരവധി പേരുടെ അഭിപ്രായങ്ങള്‍ ചേര്‍ത്തു വച്ച് പറയുകയാണെങ്കില്‍ ഇതൊരു ചരിത്രം സൃഷ്ടിച്ച കണ്‍വന്‍ഷനാണ്...'' സജിമോന്‍ ആന്റണി വ്യക്തമാക്കി.

ത്രിദിന കണ്‍വന്‍ഷന്‍

ഇതാദ്യമായാണ് ഫൊക്കാനയുടെയോ മറ്റേതെങ്കിലുമൊരു പ്രവാസി മലയാളി സംഘടനകളുടെയോ ഒരു കേരള കണ്‍വന്‍ഷന്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്നത്. സമ്മേളനങ്ങളോ സെമിനാറുകളോ പ്രസംഗങ്ങളോ മാത്രമല്ലാതെ കാതലായ ചില പ്രോജക്ടുകളുടെ പരിസമാപ്തി ഇവിടെ നടന്നു. ഉദാഹരണത്തിന്, 1500-ഓളം പേര്‍ കേരളത്തില്‍ പ്രതിവര്‍ഷം മുങ്ങിമരിക്കുന്ന ഒരു സാഹചര്യമുണ്ട്. ഇത് മനസ്സിലാക്കി മൈല്‍സ്റ്റോണ്‍ സ്വിമ്മിങ് പ്രൊമോട്ടിങ്ങ് ചാരിറ്റബിള്‍ സൊസൈറ്റിയുമായി സഹകരിച്ച് ജാഗ്രതയും ബോധവത്ക്കരണവും ഒരു സന്ദേശമായി സമൂഹത്തിനു പകര്‍ന്ന് നല്‍കുന്ന ഫൊക്കാന-സ്വിം കേരള സ്വിം പ്രോജക്ടിന്റെ മൂന്നാം ഘട്ട സമാപനം കണ്‍വന്‍ഷനോട് അനുബന്ധിച്ച് നടന്നു.

വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയ 148 കുട്ടികള്‍ക്ക് ഒരു പ്രോത്സാഹനം എന്ന നിലയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ഈ ഒരു സെഗ്മെന്റില്‍ തന്നെ 300-ലധികം പേരുണ്ടായിരുന്നു. ആവേശഭരിതരായ കുട്ടികളും പരിശീലകരും രക്ഷിതാക്കളുമുള്‍പ്പെടെയുള്ളവര്‍ കണ്‍വന്‍ഷനിലെത്തി സന്തോഷം പങ്കുവച്ച് നമ്മോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഇവിടെ ചെറിയവരോ വലിയവരോ എന്ന വ്യത്യാസമില്ലാതെ ഏവരെയും ഒന്നായി കണ്ട് ഫൊക്കാന ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍ അത് സമഭാവനയുടെ നേര്‍കാഴ്ചയായി.

അപകടത്തിലും മറ്റും പെട്ട് കാലകള്‍ നഷ്ടപ്പെട്ടവരെ ജീവിതത്തിലേയ്ക്ക് വഴിനടത്താന്‍ രൂപീകൃതമായ ന്യൂയോര്‍ക്കിലെ ലൈഫ് ആന്‍ഡ് ലിംബ് എന്ന പ്രസ്ഥാനവുമായി സഹകരിച്ച് 40-ലധികം പേര്‍ക്ക് കൃത്രിമ കാലുകള്‍ നല്‍കിയ പദ്ധതി ജീവകാരുണ്യ പ്രവര്‍ത്തിയുടെ മഹത്വം വിളിച്ചോതി. വാക്കുകള്‍ക്കും വാഗ്ദാനങ്ങള്‍ക്കും അപ്പുറത്ത് സമൂഹത്തില്‍ കുറവുള്ളവരെ എങ്ങനെ ചേര്‍ത്ത് നിര്‍ത്തണം എന്ന സന്ദേശമാണ് മഹത്തായ ഈ ചാരിറ്റിയിലൂടെ ഫൊക്കാന സമൂഹത്തിന് നല്‍കിയത്.

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്

മുന്‍കാലങ്ങളില്‍ നേഴ്സിങ്ങിന് മാത്രമാണ് ഫൊക്കാന സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഒരു പ്രത്യേക ഇനത്തിനു മാത്രമല്ല, എല്ലാ തൊഴിലും തുല്യപ്രാധാന്യമുള്ളതാണ്, മഹത്തരമാണ്, ഇക്കാര്യത്തില്‍ വിവേചനം ഇല്ല എന്ന കാഴ്ചപ്പാടോടു കൂടിയാണ് ഫൊക്കാന വിമന്‍സ് ഫോറം സ്‌കോളര്‍ഷിപ്പ് വിവിധ പഠനമേഖലകളിലേക്ക് വ്യാപിപ്പിച്ചത്. അപ്രകാരം 26-പേര്‍ക്കാണ് 50,000 രൂപ വീതം ഇക്കുറി നല്‍കിയത്. വലുതോ ചെറുതൊ ആകട്ടെ തൊഴിലിന് ഒരു മഹത്വമുണ്ട്. അതാണിവിടെ പ്രകടമായത്.

ലഹരിക്കെതിരെ

രാസലഹരി ഉള്‍പ്പെടെയുള്ള മയക്കു മരുന്നു വ്യാപനത്തിനെതിരെ ഒരു വിളംബരമായിട്ടാണ് ഫൊക്കാന കണ്‍വന്‍ഷന് തുടക്കം കുറിച്ചതു തന്നെ. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സംഘടന എന്ന നിലയില്‍ ഫൊക്കാനയുടെ ഉത്തരവാദിത്വമാണ്, ഇന്ന് കേരളത്തിലെ യുവാക്കളുടെയും, കൗമാരപ്രായക്കാരുടെയും ഇടയില്‍ ഒരു ശാപമായി മാറിയിരിക്കുന്ന കടുത്ത ലഹരി ഉപയോഗത്തിനെതിരെ ഉറച്ചു ശബ്ദിക്കുകയെന്നത്. ഇത് കേവലമൊരു വിളംബരം മാത്രമായി ഫൊക്കാന ലഘൂകരിച്ചില്ല. മറിച്ച് സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഒരു പ്രത്യേക പ്ലാനും പദ്ധതിയും സമര്‍പ്പിച്ചിട്ടാണ് നമ്മള്‍ ഇക്കാര്യം പറഞ്ഞത്. കാതലായ ഒരു മാറ്റത്തിലേക്ക് സമൂഹത്തെ എത്തിക്കുവാന്‍ ഫൊക്കാന ഈ വിപത്തിനെ വിസ്തൃതമായി വരച്ചു കാട്ടുകയാണ് ചെയ്തതെന്ന് സജിമോന്‍ ആന്റണി പറയുന്നു.

വിവിധ സെമിനാറുകള്‍

സാധാരണ ബിസിനസ് സെമിനാറുകളില്‍, ബന്ധപ്പെട്ടവര്‍ വന്ന് കുറച്ച് കാര്യങ്ങള്‍ പറഞ്ഞ് പോവുകയാണ് പതിവ്. ഫൊക്കാന കേരള കണ്‍വന്‍ഷനിലെ ബിസിനസ് സെമിനാറില്‍ ചെറുതും വലുതുമായ കുറേ ബിസിനസുകാര്‍ എത്തി സംസാരിച്ചു എന്നതിലുപരിയായി, സാമൂഹിക പ്രതിബദ്ധതയുള്ള ബിസിനസുകാരെ പ്രൊമോട്ടു ചെയ്യുവാനുള്ള ഉത്തരവാദിത്വം ഫൊക്കാനയെ പോലെയുള്ള ഒരു പ്ലാറ്റ്ഫോമിന് ഉണ്ട് എന്നാണ് നമ്മള്‍ തെളിയിച്ചത്. ബിസിനസുകാരെ നമ്മള്‍ പിന്തുണയ്ക്കണം. അവര്‍ വളരുമ്പോഴാണ് സമൂഹവും വളരുന്നത്. സമൂഹം വളരുമ്പോഴാണ് വ്യക്തികളും വളരുന്നത്.

മറ്റൊരു ശ്രദ്ധേയമായ സെഷനായിരുന്നു മീഡിയ സെമിനാര്‍. ഇതില്‍ ആരൊക്കെ പങ്കെടുത്തു എന്നതാണ് മീഡിയ സെമിനാറിന്റെ പ്രാധാന്യവും ഗൗരവവും വര്‍ദ്ധിപ്പിച്ചത്. മലയാള മനോരമയുടെ ഏറ്റവും സീനിയര്‍ ആയ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം, രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടഷറപ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, 24 ചാനലില്‍ നിന്നും ശ്രികണ്ഠന്‍ നായരുടെ ആശീര്‍വാദത്തോടെ എത്തിയ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പി.പി ജയിംസ്, കൈരളിയുടെ കരുത്തുറ്റ ശബ്ദമായ ശരത്ചന്ദ്രന്‍, മാതൃഭൂമിയുടെ പ്രമേഷ്‌കുമാര്‍, ജന്മഭൂമിയുടെ പ്രദീപ് പിള്ള, വീക്ഷണത്തിന്റെ ജെയ്സണ്‍ ജോസഫ് തുടങ്ങിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ അപൂര്‍വ സംഗമമായിരുന്നു മീഡിയ സെമിനാര്‍. 24-ന്റെ ശക്തയായ ആങ്കര്‍ ക്രിസ്റ്റീന ചെറിയാനായിരുന്ന മീഡിയ സെമിനാറിന്റെ മോഡറേറ്റര്‍ എന്നതും എടുത്തു പറയേണ്ട കാര്യമാണ്.

ഒരേ സമയം മൂന്ന് പ്രോഗ്രാം

ഒരേ സമയം മൂന്ന് വേദികളില്‍ വ്യത്യസ്തമായ മൂന്നു പരിപാടികള്‍ അരങ്ങേറിയ ഏക കേരള കണ്‍വന്‍ഷനായിരുന്നു ഇത്. ഗോകുലം ഗ്രാന്റ് റിസോര്‍ട്ടിന്റെ മുകളിലത്തെ നിലയിലുള്ള ശബരി ഹാളില്‍ മീഡിയ സെമിനാറും മറ്റും നടക്കുമ്പോള്‍ താഴത്തെ നിലയില്‍ ജീവകാരുണ്യത്തിന്റെ തുടിപ്പുമായി 40-ലധികം പേര്‍ക്ക് കൃത്രിമ കാലുകള്‍ നല്‍കുന്ന ലൈഫ് ആന്‍ഡ് ലിംബ് പ്രോഗ്രാമും, ഔട്ട് ഡോറിലെ സ്വിമ്മിങ് പൂളില്‍ മൈല്‍ സ്റ്റോണ്‍ ചാരിറ്റബിള്‍ സൊസൈറ്റിയുമായി സഹകരിച്ചുള്ള സ്വിം കേരള സ്വിമ്മിന്റെ ആവേശകരമായ ഫൈനലും അരങ്ങേറി. ഈ മൂന്ന് പരിപാടികളും വ്യത്യസ്തമായ സന്ദേശമാണ് നല്‍കിയത്.

ജല സുരക്ഷയുടെ കാര്യത്തില്‍ ജാഗ്രത പാലിക്കാനുള്ള സ്വിം കേരള സ്വിം പദ്ധതിയുടെ മൂന്നാം ഘട്ടം ഇവിടെ സമാപിച്ചെങ്കിലും അത് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. കാലുകളില്ലാത്തത് ഒരു കുറവായാണ് കണ്ടുകൊണ്ടിരുന്നതെങ്കിലും ഫൊക്കാന നല്‍കാന്‍ ഉദ്ദേശിച്ച മെസേജുണ്ട്. നിരവധി പേര്‍ക്ക് കൃത്രിമ കാല്‍ നല്‍കാന്‍ ഫൊക്കാന ഒരു പ്ലാറ്റ് ഫോം കൊടുത്തു എന്നതിലുപരി അംഗവൈകല്യം സംഭവിച്ചവരെ ചേര്‍ത്തു പിടിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ഒരു സാമൂഹിക സംവിധാനം കേരളത്തില്‍ വേണം, നമ്മള്‍ അവരെ തിരിച്ചറിയണം, അവരോട് അനുകമ്പയുള്ളവരായിരിക്കണം എന്ന സന്ദേശമാണ് ഈ പ്രോജക്ടില്‍ പങ്കാളികളായതിലൂടെ ഫൊക്കാന നല്‍കുന്നത്.


 

മാര്‍ ക്രിസോസ്റ്റം സ്മരണ

ഫൊക്കാനയെ എന്നും സ്നേഹിച്ചിരുന്ന മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ പേരിലുള്ള ഒരു ചിത്രകലാ പ്രദര്‍ശനം ഈ കണ്‍വന്‍ഷനില്‍ നമ്മള്‍ നടത്തി. കണ്‍വന്‍ഷനുകളുടെ ചരിത്രത്തില്‍ ഇദംപ്രഥമമായി ഉള്‍പ്പെടുത്തിയ ആര്‍ട്ടിസ്റ്റുകളുടെ ലൈവ് കാരിക്കേച്ചര്‍ സെഗ്മെന്റ് പുതിയ അനുഭവം ആയി. തങ്ങളുടെ കാരിക്കേച്ചറുകള്‍ വരച്ചു കിട്ടാനുള്ള ആള്‍ക്കാരുടെ തിക്കും തിരക്കും അവിടെ പ്രകടമായി. എന്നും തിരശ്ശീലയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആറ് കാര്‍ട്ടൂണിസ്റ്റുകളെ അമേരിക്കന്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്താനുള്ള അവസരമായി, കൗതുകവും സന്തോഷവും പകര്‍ന്ന ഈ ലൈവ് കാരിക്കേച്ചര്‍ സെഷന്‍.

അവാര്‍ഡുകള്‍

ഫൊക്കാനയുടെ അവാര്‍ഡുകളെ പറ്റി ഏറെ പറയാനുണ്ടെന്ന് സജിമോന്‍ ആന്റണി വ്യക്തമാക്കി. അവാര്‍ഡുകള്‍ വെറുതെ വാരിക്കോരി കൊടുക്കുകയായിരുന്നില്ല. മലയാള സിനിമയുടെ ആരാധ്യ പുരുഷനായ പത്മവിഭൂഷന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് ആദ്യത്തെ അവാര്‍ഡ് സമ്മാനിച്ചത്. അദ്ദേഹത്തെ പോലെ ലോകോത്തര പ്രതിഛായ ഉള്ള ഒരു വ്യക്തിത്വത്തെ ആദരിക്കാന്‍ സാധിച്ചത് ഫൊക്കാനയെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷമുള്ള കാര്യമാണ്. കോട്ടയത്തിന്റെ തെരുവുകളിലും മറ്റും കാണുന്ന നിരാലംബരുടെ ആശയും ആശ്രയവുമായ പി.യു തോമസിനും നമ്മള്‍ പുരസ്‌കാരം നല്‍കി. വാസ്തവത്തില്‍ പുരസ്‌ക്കാരങ്ങള്‍ക്ക് അതീതനാണ് അദ്ദേഹം.

ഭൗതിക സുഖങ്ങളെല്ലാം ത്യജിച്ച് അനാഥരുടെ അത്താണിയായി മാറിയ ലൂര്‍ദ്ദ് ഭവന്റെ മാനേജിങ് ട്രസ്റ്റി ജോസ് ആന്റണിയെയും നമ്മുക്ക് ആദരിക്കാനായി. ഭിന്നശേഷി ഒരിക്കലും കുറവല്ല, അത് നമുക്ക് തുല്യമോ നമ്മില്‍ കൂടുതലോ ആണെന്ന ആശയം സമൂഹത്തിന് നല്‍കിയ ഗോപിനാഥ് മുതുകാടും ആദരിക്കപ്പെട്ടു. ലൈഫ് ആന്‍ഡ് ലിംബിന്റെ സാരഥിയും മനുഷ്യ സ്നേഹിയുമായ ജോണ്‍സണ്‍ സാമുവല്‍, ആരോരുമില്ലാത്തവര്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച സോളസിന്റെ വിഷനറി സ്ഥാപക ഷീബ അമീര്‍ എന്നിവര്‍ക്കും സ്നേഹ സേവനങ്ങള്‍ക്കുള്ള പുരസ്‌കാരം നല്‍കി. ഇവരെ പോലെയുള്ള മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകാ വ്യക്തിത്വങ്ങള്‍ സമൂഹത്തിലേക്ക് ഇനിയും ഇറങ്ങിവരണം എന്ന മെസേജ് പകരുവാന്‍ വേണ്ടിയാണ് അവരെയെല്ലാം നമ്മള്‍ വന്ദിച്ചത്.

റിട്ടയേഡ് ഐ.എ.എസ് ഓഫീസറായ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന സാഹിത്യ സെമിനാറും അവാര്‍ഡ് വിതരണവും, കേരള സാഹിത്യ അക്കാദമിയുടെ നിലവാരത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. ഫൊക്കാന കമ്മറ്റി അംഗങ്ങള്‍ ആരും തന്നെ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ സ്വാധീനം ചെലുത്തിയില്ല എന്ന് ജൂറി അംഗങ്ങള്‍ നമ്മുടെ വേദിയില്‍ പറയുകയുണ്ടായി. 300-ലധികം സാഹിത്യ കൃതികളില്‍ നിന്ന് അവാര്‍ഡിനര്‍ഹമായ കൃതികള്‍ തിരഞ്ഞെടുത്തത് നിഷ്പക്ഷമായാണ് ഇക്കാര്യത്തില്‍ ഫൊക്കാന 100 ശതമാനം സുതാര്യത നിലനിര്‍ത്തിയെന്ന് അഭിമാനത്തോടെ പറയാം.

സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും ഒരു ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടിന്റെ ആഡംബരവും ഭക്ഷണവും അന്തരീക്ഷവും അനുഭവവേദ്യമാക്കുന്നതിനു വേണ്ടിയാണ് ഈ കണ്‍വന്‍ഷനു വേണ്ടി നമ്മള്‍ ഗോകുലം റിസോര്‍ട്ട് തിരഞ്ഞെടുത്തത്. ഏകദേശം 60-ലധികം വിശിഷ്ടാതിഥികളാണ് കണ്‍വന്‍ഷനില്‍ എത്തിയത്. ആറ് മന്ത്രിമാരുടെ സാന്നിധ്യം എടുത്തു പറയേണ്ടതാണ്. അവര്‍ ഓടി വന്ന് ഒരു ട്രോഫി കൊടുത്ത് അതേ സ്പീഡില്‍ മടങ്ങിപ്പോവുകയായിരുന്നില്ല. നാലും അഞ്ചും മണിക്കൂര്‍ അവര്‍ നമ്മോടൊപ്പം ചിലവഴിച്ചു. സ്റ്റേജില്‍ മുഴുവന്‍ സമയവും ഇരുന്നു. ചില അസൗകര്യങ്ങള്‍ കാരണം മുഖ്യമന്ത്രി പിണറായി വിജയന് എത്താന്‍ കഴിഞ്ഞില്ലെങ്കിലും തന്റെ മന്ത്രിസഭയിലെ ഉന്നതന്മാരെ തന്നെയാണ് അദ്ദേഹം അയച്ചത്. ഈ സര്‍ക്കാര്‍ ഫൊക്കാനയ്ക്ക് എത്രമാത്രം പ്രാധാന്യം കൊടുക്കുന്നു എന്നതിന്റെ പ്രതിഫലനമായിരുന്നു മന്ത്രിമാരുടെ പങ്കാളിത്തം.

രണ്ട് ദിവസത്തെ പ്രോഗ്രാമുകളുടെ തിരക്കിനും നിര്‍ത്താതെയുള്ള ഓട്ടപ്പാച്ചിലിനും ശേഷം മൂന്നാം ദിനം ആനന്ദത്തിന്റേത് മാത്രമായിരുന്നു. 480 പേര്‍ക്ക് ഒരുമിച്ച് കയറാവുന്ന ഹൗസ്ബോട്ടില്‍ വേമ്പനാട്ട് കായലിലൂടെയുള്ള ഉല്ലാസയാത്ര അവിസ്മരണീയമായിരുന്നു. പാട്ടും ഡാന്‍സും നാടന്‍ ഭക്ഷണവും ഉള്‍പ്പെടെയുള്ളതെല്ലാം ഹൃദ്യമായി. സാധാരണ ഒരു കണ്‍വന്‍ഷന്‍ കഴിയുമ്പോള്‍ പ്രസിഡന്റ് ആണ് പറയുന്നത് എല്ലാം അടിപൊളി ആയി എന്ന്. എന്നാല്‍ ഇവിടെ ജനങ്ങളും മീഡിയയുമൊക്കെയാണ് ഫൊക്കാന കേരള കണ്‍വന്‍ഷന്റെ വാര്‍ത്തകളും ദൃശ്യങ്ങളും അഭിപ്രായങ്ങളും പങ്കു വച്ചത്. സമയം കിട്ടാത്തതു മൂലം പ്രസിന്റ് എന്ന നിലയില്‍ ചാനലുകളോടും മറ്റും നേരിട്ട് സംസാരിക്കാന്‍ എനിക്ക് സാധിക്കാത്തതിലുള്ള ഖേദം ഇവിടെ രേഖപ്പെടുത്തട്ടെ. കേരളത്തിലെ ചാനലുകളും പത്രങ്ങളും അമേരിക്കയിലെ പ്രവാസി ചാനല്‍, ഇ-മലയാളി ഉള്‍പ്പെടെയുള്ള മീഡിയകളും നല്‍കിയ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു.

നമ്മുടെ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫൊക്കാനയുടെ ഹൗസിങ് പ്രോജക്ടിനായി പത്തനംതിട്ട ജില്ലയിലെ ചിറ്റാറില്‍ സംഭാവനയായി 50 സെന്റ് സ്ഥലം  നല്‍കിയ കാര്യം ഏവര്‍ക്കും അറിയാവുന്നതാണല്ലോ. താമസിയാതെ അവിടുത്തെ  ഭവന പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം നടക്കുന്നതാണ്. എന്നോടൊപ്പം പ്രവര്‍ത്തിച്ച ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ജോയി ചാക്കപ്പന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി ജോര്‍ജ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍, ബി.ഒ.ടി, നാഷണല്‍ കമ്മറ്റി അംഗങ്ങള്‍, ആര്‍.വി.പിമാര്‍, കേരളത്തില്‍ നിന്നുള്ള കണ്‍വന്‍ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സുനില്‍ പാറയ്ക്കന്‍, ഡോ. ലൂക്കോസ് മണ്ണയോട്ട്, സജി കൊട്ടാരക്കര തുടങ്ങി എല്ലാവരുടെയും ഏകമനസ്സോടെയുള്ള പ്രവര്‍ത്തനമാണ് ഈ കേരള കണ്‍വന്‍ഷന്‍ വിജയപ്രദമാക്കിയത്.

ഞങ്ങള്‍ ഏഴു കടലുകള്‍ക്കക്കരെയിരുന്ന് ഒരു കണ്‍വന്‍ഷന്‍ പ്ലാന്‍ ചെയ്ത് നാട്ടിലെത്തി രണ്ട് മൂന്ന് ദിവസം കൊണ്ട് ആയിരത്തോളം പേരുടെ ഒരു സമ്മേളനം സംഘടിപ്പിച്ചത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ്. ഓരോ പ്രോഗ്രാമും വ്യക്തമായ ലക്ഷ്യത്തോടു കൂടി തന്നെയാണ് അരങ്ങേറിയത്. ജനപക്ഷമുഖമുള്ള വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളുടെ പ്രതിഫലനം വേദികളില്‍ കാണാനിടയായി. വാസ്തവത്തില്‍ ഒരു വമ്പിച്ച പ്രവാസി മേള തന്നെയായിരുന്നു 2025-ലെ ഫൊക്കാന കേരള കണ്‍വന്‍ഷന്‍ എന്ന് ഫൊക്കാനയുടെ ഊര്‍ജസ്വലനായ പ്രസിഡന്റ് സജിമോന്‍ ആന്റണി തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക