ലോകപ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തെ ഗോകുലം ഗ്രാന്റ് ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടില്‍ നടന്ന ത്രിദിന കണ്‍വന്‍ഷനിലൂടെ, ഫൊക്കാന ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നതെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ ഒരുകാലത്ത് ഉന്നത നിലവാരത്തിലുള്ളതായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യകരമായ പിളര്‍പ്പിന് ശേഷം കാര്യങ്ങള്‍ മന്ദീഭവിച്ചു. അതിന് പല കാരണങ്ങള്‍ ഉണ്ട്. ദീര്‍ഘവീക്ഷണവും അര്‍പണബോധവും കാര്യപ്രാപ്തിയുമുള്ള ശക്തമായൊരു യുവനേതൃനിരയുടെ അഭാവം അക്കാലങ്ങളില്‍ പ്രകടമായിരുന്നു. എന്നാല്‍ ഫൊക്കാന പഴയ പ്രതാപത്തിലേയ്ക്ക് മടങ്ങയെത്തിയിരിക്കുന്നുവെന്ന് അടിവരയിടുന്നതാണ് കേരള കണ്‍വന്‍ഷന്‍ 2025-ന്റെ ബാക്കിപത്രമെന്ന് ശ്രീകുമാര്‍ ഉണ്ണിത്താന്‍ വ്യക്തമാക്കുന്നു.
പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി വിനോദം-വിജ്ഞാനം-സാഹസികത-ജീവകാരുണ്യം തുടങ്ങിയ മേഖലകള്‍ കോര്‍ത്തിണക്കി സമൂഹത്തിന് പ്രയോജനപ്രദമാകുന്ന വിധത്തിലാണ് ഇത്തവണത്തെ കേരള കണ്‍വന്‍ഷന്‍ പ്ലാന്‍ ചെയ്തത്. ഓരോ പ്രോഗ്രാമും വ്യക്തമായ സന്ദേശം നല്‍കുന്നതും വിരസതയില്ലാത്തതുമായിരിക്കണ മുന്‍വിധി ഉണ്ടായിരുന്നുവെന്ന് ശ്രീകുമാര്‍ ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു.
''അതിഥികളുടെ വന്‍നിര തന്നെയായിരുന്നു സമ്മേളനത്തിന്റെ എടുത്തു പറയേണ്ട ഒരു പ്രത്യേകത. മുഖ്യമന്ത്രിക്ക് പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും കേരള മന്ത്രിസഭയിലെ ഉന്നതരെല്ലാം തന്നെ എത്തി മണിക്കൂറുകളോളം കണ്‍വന്‍ഷന്റെ വിവിധ വേദികളിലിരിക്കുകയും ഫൊക്കാന കുടുംബാംഗങ്ങളുമായി കുശലപ്രശ്നം നടത്തുകയും ചെയ്തു. മുങ്ങി മരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാനുള്ള ഫൊക്കാന-മൈല്‍സ്റ്റോണ്‍ സ്വിം കേരള സ്വിം, ജീവകാരുണ്യ പ്രവര്‍ത്തിയുടെ മഹത്വമോതുന്ന ലൈഫ് ആന്റ് ലിംബ് ക്രിത്രിമക്കാല്‍ വിതരണം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, മലയാള ഭാഷയോടുള്ള ആദരവ് പ്രകടിപ്പിക്കുന്ന ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരം, സാഹിത്യ അവാര്‍ഡ് വിവിധ സെമിനാറുകള്‍, സമ്മേളനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ക്കെല്ലാം ഫൊക്കാനയുടെ കൈയ്യൊപ്പുണ്ടാരുന്നു....'' ശ്രീകുമാര്‍ ഉണ്ണിത്താന്‍ പറഞ്ഞു.
കേരളത്തില്‍ ഇതാദ്യമായാണ് ഒരു പ്രവാസി സംഘടനയുടെ കണ്‍വന്‍ഷന്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്നത്. ഒരുകാലത്ത് ഫൊക്കാന കേരളത്തില്‍ പരക്കെ അറിയപ്പെടുന്ന സംഘടനയായിരുന്നു. ആ പാരമ്പര്യം വിണ്ടും ഊട്ടിയുറപ്പുക്കുന്നതിനായാണ് വിവിധ ദിവസങ്ങളിലായി വിപുലമായ ഒരു സംഗമം ഞങ്ങള്‍ പ്ലാന്‍ ചെയ്തത്. അതാകട്ടെ ഇതുവരെ കേരളത്തില്‍ നടന്ന കണ്‍വന്‍ഷനുകളെ അപേക്ഷിച്ച് ഏറ്റവും മികച്ചതായി പര്യവസാനിക്കുകയും ചെയ്തു. ഒരേ സമയം മൂന്നു വേദികളില്‍ വ്യത്യസ്തമായ പരിപാടികള്‍ നടന്നത് ഇതാദ്യമായാണ്. അങ്ങനെ ഈ കണ്‍വന്‍ഷന്‍ ചരിത്രമാകുന്നതില്‍ അതീവ സന്തോഷമുണ്ടെന്ന് ശ്രീകുമാര്‍ ഉണ്ണിത്താന്‍ പറഞ്ഞു.
അമേരിക്കയില്‍ നിന്ന് ഫൊക്കാനയുടെ 250-ലധികം പ്രതിനിധികളാണ് കുമരകത്തെ കൂട്ടായ്മയില്‍ പങ്കെടുത്തത്. അതിഥികളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമൊക്കെയായി ആയിരത്തോളം പേര്‍ പങ്കെടുത്ത ഒരു പ്രവാസി മലയാളി സംഘടനയുടെ കണ്‍വന്‍ഷന്‍ ഇതിനു മുമ്പ് കേരളത്തില്‍ നടന്നിട്ടുണ്ടെന്ന് സംശയമാണ്. പരിപാടികളുടെ മികവു കൊണ്ടും അവ സമൂഹത്തിന് നല്‍കുന്ന മാനവികതയുടെ സന്ദേശം കൊണ്ടും കുമരകത്തെ ഈ പ്രവാസി മേള വേറിട്ടു നിന്നു. ഉച്ചയ്ക്കും വൈകിട്ടുമുള്ള ഒരു നേരത്തെ ഭക്ഷണത്തിന് ഒരാള്‍ക്ക് 1800 രൂപയോളം വരും ഈ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടില്‍. എന്നാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നൂറുകണക്കിന് ആളുകള്‍ക്ക് നമ്മോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ വേദി ഒരുക്കിയത് ഫൊക്കാന വലുപ്പചെറുപ്പമില്ലാതെ ഏവരെയും തുല്യരായി കാണുന്നതു കൊണ്ടാണെന്ന് ജനറല്‍ സെക്രട്ടറി വിശദീകരിക്കുന്നു.
സമൂഹത്തിന് നന്മ ചെയ്യുന്നതും വ്യത്യസ്തമാര്‍ന്നതുമായ പരിപാടികള്‍ വേണം നടത്താന്‍ എന്ന കൃത്യമായ ആസൂത്രണത്തിന്റെയും ആലോചനയുടെയും വിജയമാണ് കുമരകത്ത് കണ്ടത്. ഫൊക്കാനയുടെ ചികിത്സാ സഹായം, ഹൗസിങ് പ്രൊജക്ട്, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് തുടങ്ങിയ ജനക്ഷേമകരമായ പരിപാടികള്‍ വരും വര്‍ഷങ്ങളിലും മാറ്റമില്ലാതെ തുടരും എന്നതിന്റെ വിളംബരം കൂടിയായിരുന്നു ഈ കണ്‍വന്‍ഷന്‍.
സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സംഘടനയുടെ ഭാരവാഹി യാഥാര്‍ത്ഥത്തില്‍ ആരായിരിക്കണം എന്ന് സ്വന്തം പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് ശ്രീകുമാര്‍ ഉണ്ണിത്താന്‍. പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍ വയ്യാറ്റുപുഴയില്‍ മെയിന്‍ റോഡിനോട് ചേര്‍ന്നുള്ള 50 സെന്റ് സ്ഥലം അദ്ദേഹം ഫൊക്കാനയുടെ ഭവന പദ്ധതിക്കായി സംഭാവന ചെയ്തിരിക്കുകയാണ്. നിര്‍ദ്ധനരായ 25-30 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ പാകത്തില്‍ ഇവിടെ ഒരു ഫ്ളാറ്റോ വീടുകളോ നിര്‍മിക്കാനാണ് ആലോചന. പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം ഉടന്‍ നടത്തി തങ്ങളുടെ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്ന് ശ്രീകുമാര്‍ ഉണ്ണിത്താന്‍ വെളിപ്പെടുത്തി. ഇത്തരത്തില്‍ ഒറ്റയ്ക്കും കൂട്ടായുമുള്ള ക്ഷേമ പദ്ധതി പങ്കാളിത്തങ്ങളിലൂടെ ഫൊക്കാന, പ്രസിഡന്റ് സജിമോന്‍ ആന്റണിയുടെ ഡ്രീം ടീമായി ജൈത്രയാത്ര തുടരുന്നു.