ഡാളസ് : അമേരിക്കൻ മലയാളിയുടെ പുതിയ തലമുറയെ മലയാള ഭാഷ പഠിപ്പിക്കുന്നതിനും, അവരേയും നമ്മുടെ സമൃദ്ധമായ സംസ്കാരത്തിന്റെയും, പാരമ്പര്യത്തിന്റേയും ഭാഗമായി നിലനിർത്തുന്നതിനുവേണ്ടി ഫോമ രൂപം കൊടുത്ത "മലയാള ഭാഷ - വിദ്യാഭ്യാസ" കമ്മിറ്റിയുടെ ഉദ്ഘാടനം ജൂലൈ 7-)o തീയതി തിങ്കളാഴ്ച ഓൺലൈനിലൂടെ നടത്തപ്പെട്ടു. മുൻ ചീഫ് സെക്രെട്ടറിയും, ഗാന രചിയിതാവും, "തുഞ്ചത്തു എഴുത്തച്ഛൻ മലയാള സർവ്വകലാശാല" വൈസ് ചാൻസലറുമായിരുന്ന ഡോ. കെ . ജയകുമാർ ഐ.എ.എസ് ഉദ്‌ഘാടനം നിർവ്വഹിച്ച യോഗത്തിൽ പ്രശസ്ത കവി മുരുകൻ കാട്ടാക്കട മുഖ്യാതിഥി പങ്കെടുത്തു.
മലയാള ഭാഷയുടെ ഉന്നമനത്തിനായി ഫോമ ചെയ്യുന്ന പ്രവർത്തങ്ങൾ പ്രശംസനീയമാണെന്നു കെ. ജയകുമാർ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഭാഷാ മലയാളത്തെ സ്നേഹിക്കുന്ന ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നതിൽ ഫോമയെ പോലെ നൂറോളും അംഗ സംഘടനകളുള്ള ഒരു വലിയ ഓർഗനൈസേഷൻറെ പ്രാധന്യം അദ്ദേഹം എടുത്തു പറയുകയുണ്ടായി.
ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ യോഗത്തിൽ അദ്ധൃക്ഷ വഹിച്ചു. ഫോമയുടെ പുരോഗമനപരമായ പ്രവർത്തനത്തെക്കുറിച്ചും, മലയാള ഭാഷ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടതിൻറെ ആവശ്യകതയെപ്പറ്റിയും വിശദീകരിച്ച ബേബി മണക്കുന്നേൽ, ഫോമ അതിനു പ്രതിജ്ഞ ബദ്ധമാണെന്നും ഉറപ്പുനൽകി.
ഫോമാ സെക്രട്ടറി ബൈജൂ വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി,വൈസ്പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമാ കൃഷ്ണൻ, ഫോമാ ഭാഷാ -വിദ്യഭ്യാസ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ജോജോ കോട്ടക്കൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഫോമാ ഭാഷാ -വിദ്യഭ്യാസ കമ്മിറ്റി ചെയർമാൻ സാമുവേൽ മത്തായി, കമ്മിറ്റിയുടെ ഉദ്ദേശത്തെക്കുറിച്ചും തുടർന്നുള്ള പ്രവർത്തനങ്ങളെപ്പറ്റിയും യോഗത്തിൽ വിശദീകരിച്ചു.
മുഖ്യാതിഥിയായ മുരുകൻ കാട്ടാക്കട, ഭാഷാ മലയാളത്തിന് കൊടുക്കേണ്ട പ്രാധാനൃത്തെക്കുറിച്ചും, ഫോമയുമായി അദ്ദേഹത്തിനുള്ള വ്യക്തിപരമായ അടുപ്പത്തെക്കുറിച്ചും പ്രതിപാദിച്ചു. തുടർന്ന് സ്വതസിദ്ധമായ ശൈലിയിൽ തൻ്റെ കവിത ആലപിച്ചതു യോഗത്തിൻറെ മാറ്റു കൂട്ടി.
ഡോ.ശശി തരൂർ, പ്രസിദ്ധ എഴുത്തുകാരൻ ജോർജ് ഓണക്കൂർ എന്നിവരുടെ ആശംസകൾ യോഗത്തിൽ വായിക്കുകയുണ്ടായി.
അയ്യപ്പപണിക്കരുടെ പ്രശസ്തമായ “അഗ്നിപൂജ” എന്ന കവിത ആദിതൃ സുജയ്യും, വള്ളത്തോൾ നാരായണ മേനോന്റെ "എന്റെഭാഷ” എന്ന കവിത കിരൺ രതീഷും ആലപിച്ചത് ഏവരുടെയും ശ്രദ്ധ നേടിയെടുത്തു. കൂടാതെ മനോഹരമായ ഗാനം ആലപിച്ച വിനീതാ അലക്സാണ്ടറും സദസൃരുടെ കയ്യടിവാങ്ങി.
ഇഷ വിനീൻറെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ കമ്മറ്റി വൈസ് ചെയർ പേഴ്സൻ എൽസി ജൂബ് സ്വാഗതവും , ട്രഷറർ അമ്മു സഖറിയ നന്ദി രേഖപ്പെടുത്തി. ഫോമാ ഭാഷാ -വിദ്യഭ്യാസ കമ്മിറ്റി സെക്രട്ടറി ബിനി മൃദുൽ എം.സി ആയി പരിപാടികൾ നിയന്ത്രിച്ചു.