Image

സാബി (കഥ: ബാബു പാറയ്ക്കൽ)

Published on 08 August, 2025
സാബി (കഥ: ബാബു പാറയ്ക്കൽ)

കാർ കമാലക്കടവിലെ ജങ്കാർ ജട്ടി കഴിഞ്ഞു കുറച്ചുകൂടി മുൻപോട്ടു പോയി. ഡച്ചുകാരുടെ സെമിത്തേരിയും കഴിഞ്ഞു ബീച്ച് റോഡിലേക്കു കയറി. ഇതിനടുത്ത് ഇടതു വശത്തായിട്ടായിരുന്നു കുറെയധികം ചെറിയ വീടുകൾ അടുത്തടുത്തുള്ള ഒരു ചെറിയ കോളനി. അതിലൊന്നിലായിരുന്നു അയാൾ കുടുംബസമേതം താമസിച്ചിരുന്നത്. പക്ഷേ, കുറച്ചുകൂടി മുൻപോട്ടു പോയിട്ടും അവിടെ അങ്ങനെയൊരു കോളനി കാണാനായില്ല.

കാർ നിർത്താൻ സണ്ണി ഡ്രൈവറോടാവശ്യപ്പെട്ടു. അവിടെ അടുത്തെങ്ങും ഒരു വീടുപോലും കാണാനായില്ല. അയാൾ കാറിനു വെളിയിലിറങ്ങി ചുറ്റും നിരീക്ഷിച്ചു. റോഡിനപ്പുറം ഇന്ത്യൻ നേവിയുടെ 'നിരോധിതമേഖല'യാണെന്നുള്ള ബോർഡ് വായിച്ചയാൾ കാറിലേക്കു തിരിച്ചുകയറി. 
"ഇവിടമെല്ലാം വളരെ മാറിയിരിക്കുന്നല്ലോ." സണ്ണി ആരോടെന്നില്ലാതെ പറഞ്ഞു.
"അച്ചായൻ എന്നാണ് ഇതിനു മുൻപ് അയാളുടെ വീട്ടിൽ പോയത്?" ഡ്രൈവർ സീറ്റിലിരിക്കുന്ന സണ്ണിയുടെ അനന്തരവൻ കെവിൻ ചോദിച്ചു.
"മുപ്പതു വർഷങ്ങൾ കഴിഞ്ഞു."
"അയാളുടെ ഫോൺ നമ്പരും അഡ്രസ്സും ഒന്നും കയ്യിലില്ലേ?"
"എല്ലാം എൻറെ കയ്യിൽ നിന്നും നഷ്ട്ടപ്പെട്ടു പോയി. ഇത്രയും നാളായില്ലേ?"
"ഒന്നുമില്ലാതെ ആരെ എവിടെ ചെന്ന് കണ്ടുപിടിക്കാനാ? നമുക്ക് തിരിച്ചു വിട്ടേക്കാം."
"ഏയ്, ഏതായാലും ഒന്ന് ശ്രമിച്ചു നോക്കാം. ഈ അടുത്ത ഏരിയായിൽ എവിടെയെങ്കിലും കാണുമായിരിക്കും. ഇവിടെ വരെ വന്നിട്ട് കാണാതെ പോകുന്നതു ശരിയല്ലല്ലോ."
"ഇയാൾ ആരാണ്? എന്താ ഇത്ര കാണണമെന്ന് നിർബ്ബന്ധം?"
"എന്റെ ജീവിതത്തിൽ പരിചയപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ആത്മാർത്ഥതയുണ്ടായിരുന്ന ഒരു ചങ്ങാതി. ഞങ്ങൾ ഒന്നിച്ചു ഗൾഫിൽ ജോലി ചെയ്തതാണ്."
"എങ്കിൽ നമുക്കു തിരിച്ചു ജെട്ടിയിൽ പോയി അവിടെയുള്ള കടയിൽ ആരോടെങ്കിലും ചോദിക്കാം. ഒരു പക്ഷേ അവർക്കറിയാമായിരിക്കും."

കാർ തിരിച്ചു വിട്ടു. ജെട്ടിയിലുള്ള ഒരു ചെറിയ ചായക്കടയുടെ മുൻപിൽ കാർ നിർത്തി. സണ്ണി ഇറങ്ങിച്ചെന്ന് കടക്കാരനോട് അന്വേഷിച്ചു. 
"ഇവിടെയടുത്തു ഹുസൈൻ എന്നു പേരുള്ള ഒരാൾ ഉണ്ടായിരുന്നു. ഗൾഫിൽ ജോലി ചെയ്‌തതാണ്‌. 30 വർഷങ്ങൾ മുൻപ് ഞാൻ ഇവിടെ അവരുടെ വീട്ടിൽ വന്നിട്ടുണ്ട്. ഈ റോഡിൽ കൂടി മുൻപോട്ടു ചെല്ലുമ്പോൾ ഇടതു വശത്തായി ഒരു കോളനി പോലെ കുറെ വീടുകളുണ്ടായിരുന്നു. അതിൽ ഒന്നിലായിരുന്നു അദ്ദേഹത്തിൻെറ വീട്."
"ഓഹോ, അവിടെയായിരുന്നോ? ആ സ്ഥലമെല്ലാം പൊന്നുംവില കൊടുത്തു നേവി വാങ്ങിയില്ലേ. ഇപ്പോൾ അവിടെയെങ്ങും ആരുമില്ല. അവരെല്ലാം കിട്ടിയ കാശും കൊണ്ട് പല വഴിക്കു പോയി. കുറച്ചു പേർ മട്ടാഞ്ചേരിയിൽ പുല്ലുപാലത്തിന്റെ അടുത്തുണ്ട്. കുറച്ചു പേർ ഫോർട്ട് കൊച്ചിയിൽ കുന്നുംപുറത്തുണ്ട്. രണ്ടോ മൂന്നോ കുടുംബങ്ങൾ ഇവിടെയടുത്തു കോട്ടപ്പള്ളിയുടെ പുറകിൽ താമസിക്കുന്നുണ്ട്."
"നന്ദി. എങ്കിൽ അങ്ങനെയാവട്ടെ."
"നിങ്ങൾ ആരാ, ചങ്ങാതിയാ?"
"അതെ."
"നിങ്ങൾ എവിടെ നിന്നു വരുന്നു?"
"കുറച്ചു തെക്കൂന്നാ."
ഇറങ്ങുവാൻ തുടങ്ങുമ്പോൾ കടക്കാരൻ പറഞ്ഞു, "ഇരിക്കിൻ, ഒരു ചായ കുടിച്ചിട്ടു പോയാ മതി."
അയാൾ രണ്ടു ചായ എടുത്തു നീട്ടി. എന്നിട്ടു പറഞ്ഞു, "എന്റെ പേര് സുലൈമാൻ." അകത്തേക്കു നോക്കി അയാൾ നീട്ടി വിളിച്ചു, "ബഷീറേ."
ഒരു മിനിറ്റിനു ശേഷം അയാൾ കുറച്ചുകൂടി ഉച്ചത്തിൽ വിളിച്ചു, "എടാ ബഷീറേ."
കാഴ്ച്ചയിൽ ഇരുപതു വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ പുറത്തേക്കു വന്നു."
"എന്തെടുക്കുവാരുന്നെടാ ഹിമാറേ?"
"നാളത്തെ ദോശയ്ക്ക് അരി അരയ്ക്കുവാരുന്നിക്കാ."
"നിന്നോടു ഞാൻ പറഞ്ഞിട്ടില്ലേ, ഈവക പണിയൊന്നും നീ ചെയ്യേണ്ടെന്ന്?"
"സാരമില്ലിക്കാ, ആരെങ്കിലും ചെയ്യേണ്ടേ?"
"മകനാ." സണ്ണിയെ നോക്കി സുലൈമാൻ പറഞ്ഞു. "കോളേജിൽ പഠിക്കുന്ന പയ്യനാ. എന്നാലും ഈ വക പണിയൊക്കെ ഓൻ ചെയ്തോളും."
"അത് നല്ലതാ. അങ്ങനെ വേണം പിള്ളാരായാൽ." സണ്ണി പറഞ്ഞു.
"ബഷീറേ, ആ ടവ്വൽ ഇങ്ങെടുത്തോളിൻ. ഞാൻ ഇവരുടെ കൂടെ ഒന്നു കറങ്ങി നോക്കട്ടെ, ആ പഹയനെ എവിടെങ്കിലും കണ്ടുപിടിക്കാമോന്ന്."
ബഷീർ അകത്തുനിന്നും എടുത്തു കൊണ്ടുവന്ന ടവ്വൽ വാങ്ങി തോളിൽ മടക്കിയിട്ടിട്ടു സുലൈമാൻ സണ്ണിയോടുകൂടെ കാറിൽ കയറി.
"ആദ്യം കുന്നിൻപുറത്തോട്ടു വിട്ടോളിൻ. കുറേപ്പേർ അവിടെയാണ് താമസം. ഈ റോഡിൽക്കൂടി തന്നെ നേരെ പൊക്കോട്ടെ."
അവർ കുന്നിൻപുറത്തും പിന്നീട് പുല്ലുപാലത്തിങ്കലുമുള്ള വീട്ടുകാരിൽ അന്വേഷിച്ചു. 
"രണ്ടോ മൂന്നോ കുടുംബങ്ങൾ വൈപ്പിനിലേക്ക്‌ പോയിട്ടുണ്ട്. ബാക്കിയുള്ളവർ ചേർത്തല ഭാഗത്ത് എവിടെയോ ആണ്." അവരിലൊരാൾ പറഞ്ഞു.  
"അപ്പോൾപിന്നെ പടം മടക്കാം. എന്നെ കടയിലോട്ടു വിട്ടിട്ടു നിങ്ങൾ മടങ്ങിക്കോളിൻ." സുലൈമാൻ പറഞ്ഞു.
"ഇല്ല സുലൈമാനിക്കാ. എവിടെയെങ്കിലും പുള്ളിയെ കണ്ടു പിടിക്കണം. ഏതായാലും ഇതിനുവേണ്ടി ഇറങ്ങിയതല്ലേ?"
"ഇതാരപ്പാ, നിങ്ങടെ ചെങ്ങാതിയാ? നിങ്ങൾ ഇത്ര പെരുത്ത ചെങ്ങാതിമാരാരുന്നോ?"
"അതേ, ഇക്കാ. അതൊരു കഥയാണ്."

"മോനേ, കാറു നിർത്തിക്കേ." റോഡിന്റെ ഒരു വശം ചേർന്നു നടന്നു പോകുന്ന ഒരാളെ ശ്രദ്ധിച്ചുകൊണ്ടു സുലൈമാൻ ആവശ്യപ്പെട്ടു.
കെവിൻ അയാളുടെ അടുത്തേക്കു നീക്കി കാർ നിർത്തി. അയാൾ തിരിഞ്ഞു നോക്കിയപ്പേഴേയ്ക്കും സുലൈമാൻ വണ്ടിയിൽ നിന്നും ഇറങ്ങി. സണ്ണിയും ഇറങ്ങി.

"ഇത് ക്ലമെന്റ്. ഇദ്ദേഹം അറിയാത്ത ആരും ഈ കൊച്ചിയിൽ ഉണ്ടാവില്ല. സുലൈമാൻ പറഞ്ഞു. എന്നിട്ട് അദ്ദേഹത്തോട് ഹുസൈനെ പറ്റി ചോദിച്ചു. 
അൽപ്പനേരം ആലോചിച്ചിട്ട് ക്ലമന്റ് പറഞ്ഞു, "അങ്ങനെയൊരാളെപ്പറ്റി അറിയില്ലല്ലോ."
"ഗൾഫിൽ എവിടെയാരുന്നു നിങ്ങൾ ജോലി ചെയ്തത്?"
"യമനിലായിരുന്നു. ഞങ്ങൾ ഒന്നിച്ചു ജോലി ചെയ്‌തതാ."
"യമനിലോ? അത് നമ്മടെ മെറ്റൽ ബോക്‌സിൽ ജോലി ചെയ്‌തിരുന്ന സാബി ആയിരിക്കുമല്ലോ."
"അതെ. അദ്ദേഹം മെറ്റൽ ബോക്‌സിൽ ജോലിചെയ്‌തതാ. 'സാബി' എന്ന്‌ അടുത്ത കൂട്ടുകാർ വിളിക്കും. യഥാർത്ഥ പേര് ‘ഹുസൈൻ സാഹിബ് ജാൻ’ എന്നായിരുന്നു." സണ്ണി പറഞ്ഞു. 
അൽപ്പ നേരത്തേക്ക് ക്ലമന്റ് ഒന്നും മിണ്ടിയില്ല. സണ്ണിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ഒരു നിമിഷം നിന്നു.

"എന്താ നിങ്ങളുടെ പേര്? സണ്ണി എന്നാണോ?"
"അതെ. എങ്ങനെ മനസ്സിലായി?"
"ഞാൻ ഊഹിച്ചു. നിങ്ങളെപ്പറ്റി സാബി എല്ലാം എന്നോടു പറഞ്ഞിട്ടുണ്ട്. നിങ്ങൾ യമനിൽ നിന്നും അമേരിക്കയ്ക്ക് പോയി, അല്ലേ?"
"അതെ."
"സാബി പിന്നീട് സൗദിയ്ക്കു പോയി."
"അവധിക്കു വരാറുണ്ടോ?"
"മൂന്നു വർഷം മുൻപാണ് അവധിക്കു വന്നത്. പിന്നെ തിരിച്ചു പോയില്ല."
"ഇപ്പോൾ ഓൻ എവിടെയാ താമസിക്കുന്നത്? ഞങ്ങൾ പുല്ലുപാലത്തിലും കുന്നുംപുറത്തുമൊക്കെ പോയിട്ടാ വരുന്നത്."സുലൈമാൻ ചോദിച്ചു.
"അവർ ഇപ്പോൾ വൈപ്പിനിലാണ് താമസിക്കുന്നത്. പക്ഷേ ......"
ക്ലമന്റ് അൽപ്പ നേരം സണ്ണിയെത്തന്നെ നോക്കി നിന്നു.
"എന്താണൊരു പക്ഷേ?"
"സാബി മരിച്ചു പോയി!"
സണ്ണിക്കു തന്റെ കാതുകളെ വിശ്വസിക്കാനായില്ല. 
"ഇപ്പോൾ ഏതാണ്ട് മൂന്നു വർഷത്തോളമായി." ക്ലെമെന്റ്‌ കൂട്ടിച്ചേർത്തു.
"എന്ത് പറ്റി? എങ്ങനെയാണ് മരിച്ചത്?" സണ്ണി ചോദിച്ചു.

"വരൂ. നമുക്ക് അൽപ്പം അങ്ങോട്ട് നടന്നാൽ ബീച്ചിലെത്താം. അവിടെയിരുന്നു സംസാരിക്കാം. ക്ലമന്റ് തൊട്ടടുത്തുള്ള ഇടവഴിയിലേക്കു ചൂണ്ടിക്കൊണ്ടു പറഞ്ഞു. 
"എങ്കിൽ പിന്നെ, ഞാനും വരാം. നല്ല ചെങ്ങാതിമാർക്കു വേണ്ടി അല്പസമയം ചെലവഴിക്കുന്നത് ജീവിതത്തിൽ ഒരു മുതൽക്കൂട്ടാണ്." സുലൈമാൻ ഇടവഴിയിലേക്കു തിരിഞ്ഞുകൊണ്ടു പറഞ്ഞു.

കെവിൻ റോഡിന്റെ ഒരു വശത്തായി കാർ പാർക്ക് ചെയ്‌തു. എന്നിട്ടവർ ആ ഇടവഴിയിൽ കൂടി ബീച്ചിലേക്ക് നടന്നു. അവിടെ ഒരു ബഞ്ചിൽ അവർ ഇരുന്നു. 
സണ്ണി അൽപ്പനേരം അറബിക്കടലിന്റെ വിശാലമായ ജലപ്പരപ്പിലൂടെ അനന്തതയിലേക്കു മിഴിനട്ടിരുന്നു. സാബി തങ്ങളെ വിട്ടുപിരിഞ്ഞത് അയാൾക്കിനിയും ഉൾക്കൊള്ളാനായില്ല. നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി.
അവർക്കിടയിലെ മൗനത്തിനു വിരാമമിട്ടുകൊണ്ട് സുലൈമാൻ ചോദിച്ചു, "നിങ്ങൾ പെരുത്ത ചെങ്ങാതിമാരായിരുന്നതിനു പുറകിൽ എന്തോ കഥയുണ്ടെന്നു പറഞ്ഞല്ലോ. എന്താണത്?"

"ഇക്കാ, യമനിലെത്തിയ ആദ്യകാല മലയാളികളിൽ ഒരാളായിരുന്നു ഹുസൈൻ. അധികം താമസിയാതെ ഞങ്ങളും എത്തി. എന്റെ ഒരു കൂട്ടുകാരൻ, മാവേലിക്കരക്കാരനായ രാമചന്ദ്രൻ നായർ, ഞങ്ങളുടെ സ്ഥലത്തു നിന്നും 250 കിലോമീറ്റർ ദൂരെയുള്ള 'ഹുദെയ്‌ദ' എന്ന തുറമുഖ നഗരത്തിലേക്ക് സ്ഥലം മാറിപ്പോയി. അവനെ കാണാനായി ഞാനും ഹുസൈനും കൂടി ഒരു 'ഷെയർ ടാക്‌സി'യിൽ അവിടേയ്ക്കു പോയി. ഹുദെയ്‌ദായിലെ ടാക്‌സി സ്റ്റാൻഡിൽ കാർ നിർത്തി. അവർ അവിടെ വരെയേ പോകുകയുള്ളൂ. അവിടെ നിന്നും ഒരു മൈലിൽ കൂടുതൽ നടക്കണം രാമചന്ദ്രന്റെ സ്ഥലത്തെത്താൻ. റോഡിൽക്കൂടി നടക്കാതെ കടൽത്തീരത്തെ മണൽപ്പരപ്പിലൂടെ നടന്നാൽ വേഗമെത്താമെന്ന് ആരോ പറഞ്ഞപ്പോൾ ഞങ്ങൾ ആ വഴി തെരഞ്ഞെടുത്തു. ചെങ്കടലിലേക്കു നോക്കി അതിന്റെ മണൽപ്പരപ്പിലൂടെ ഞങ്ങൾ നടന്നു. ഏതാനും മിനിറ്റുകൾ മാത്രം നടന്നപ്പോൾ ആരോ ഉച്ചത്തിൽ എന്തോ അലറി വിളിക്കുന്നതു കേട്ടു ഞങ്ങൾ തിരിഞ്ഞു നോക്കി. മെഷീൻ ഗൺ ഞങ്ങളുടെ നേരെ ചൂണ്ടിക്കൊണ്ട് ഏതാനും പട്ടാളക്കാർ പാഞ്ഞടുക്കുന്നു! ഞങ്ങൾ സ്തബ്ധരായി നിന്നു. അവർ ഞങ്ങളെ കൂട്ടി അവരുടെ താവളത്തിലേക്കു പോയി. ഞങ്ങൾ നടന്നു പോയത് അവരുടെ മിലിട്ടറി ബേസിന്റെ ഏരിയയിൽ കൂടിയായിരുന്നുവത്രേ!

ആ കെട്ടിടത്തിലേക്ക് കയറിയ ഞങ്ങളെ അതിനുള്ളിലുള്ള ഒരു മുറിയിൽ കൊണ്ടുപോയി അവിടെ ഇരിക്കാൻ ആവശ്യപ്പെട്ടു. രണ്ടുപേർ തോക്കുമായി ഞങ്ങളുടെ രണ്ടു വശത്തും നിലയുറപ്പിച്ചു. അൽപ്പം കഴിഞ്ഞപ്പോൾ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ഓഫീസർ വന്ന് ഞങ്ങളുടെ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടു. ഞാൻ കാർഡ് കൊടുത്തു. അയാൾ ആ കാർഡിലേക്കും എന്റെ മുഖത്തേക്കും മാറിമാറി നോക്കി. 
"യു ക്രിസ്ത്യൻ ഓർ ഹിന്ദു?" അയാൾ ചോദിച്ചു.
"ക്രിസ്ത്യൻ." ഞാൻ മറുപടി നൽകി.
തുടർന്ന്, എന്തിനാണ് അവിടെ വന്നതെന്നും ആരെ കാണാനാണ് പോകുന്നതെന്നും ചോദിച്ചു. അയാളുടെ പേരും അഡ്രസ്സും വേണമെന്നും പറഞ്ഞു.
ചോദ്യങ്ങൾക്കെല്ലാം ഞാൻ വ്യക്തമായ മറുപടി നൽകി. 
അത് കഴിഞ്ഞപ്പോൾ സാബിയോട് തിരിച്ചറിയൽ കാർഡ് കൊടുക്കാൻ പറഞ്ഞു. പക്ഷേ, സാബി കാർഡ് കൊണ്ടുവന്നിട്ടില്ലായിരുന്നു. പിന്നെ സാബിയോട് ഒന്നും ചോദിക്കാതെ എന്നോട് അകത്തെ ഒരു മുറിയിലേക്ക് ചെല്ലുവാൻ പറഞ്ഞു. എന്റെ തൊട്ടുപിറകെ ആ ഓഫീസറും എത്തി. 
"അവന്റെ പേരെന്താണ്?"
"ഹുസൈൻ" ഞാൻ പറഞ്ഞു.
എവിടെ നിന്നു വരുന്നു?"
ഞാൻ ടൗണിന്റെ പേര് പറഞ്ഞു.
"എവിടെയാണവൻ ജോലി ചെയ്യുന്നത്?"
ഞാൻ കമ്പനിയുടെ പേരു പറഞ്ഞു.
"അവൻ മുസ്ലിം ആണോ?"
"അതെ."
എന്നോട് പഴയ മുറിയിലേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു. പുറകെ ആ ഓഫീസറും എത്തി. 
"നിന്റെ പേരെന്താണ്?" അയാൾ സാബിയോട് ചോദിച്ചു.
"ഹുസൈൻ." സാബി മറുപടി നൽകി.
"നീ മുസ്ലിം ആണോ?"
"അതെ."
"നീ സുന്നത്തു ചെയ്‌തിട്ടുണ്ടോ?"
"ഉണ്ട്."
"എന്താണ് തിരിച്ചറിയൽ കാർഡ് കൊണ്ടുവരാതിരുന്നത്?"
"മറന്നു പോയി."
"എന്റെ കൂടെ വരൂ."
സാബിയെ അയാൾ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി."
അവിടെവച്ചു സാബിയോട് ഉടുത്തിരുന്ന പാന്റും അടിവസ്ത്രവും അഴിക്കാൻ ആവശ്യപ്പെട്ടു. ഹുസൈൻ സുന്നത്തു ചെയ്‌തിട്ടുള്ളവനാണെന്ന്‌ ഉറപ്പുവരുത്താൻ വേണ്ടി ആയിരുന്നു അത്. തുടർന്ന് സാബിയെ ഞാനിരുന്ന മുറിയിലേക്കു തന്നെ കൊണ്ടുവന്നു. 
"ഇനി നിനക്കു പോകാം." ഓഫീസർ എന്നോടു പറഞ്ഞു.
"ഞാനോ?" സാബി ചോദിച്ചു.
"നീ ഇവിടെ നിൽക്കണം. തിരിച്ചറിയൽ കാർഡ് കാണാതെ വിടാനാവില്ല. അത് നിയമമാണ്. വൈകിട്ട് ആറു മണി വരെ സമയമുണ്ട്. അതു കഴിഞ്ഞാൽ പിന്നെ ജയിലിലേക്ക് മാറ്റും. പിന്നെ ഞങ്ങൾ നിന്റെ ഫോട്ടോയുമായി നീ പറഞ്ഞ കമ്പനിയിൽ പോയി അന്വേഷിക്കും. അവർ തിരിച്ചറിഞ്ഞാൽ നിന്നെ പറഞ്ഞു വിടും. ഇല്ലെങ്കിൽ പിന്നെ മിലിട്ടറി കോടതി പറയുന്ന ശിക്ഷ നൽകും. ചാരവൃത്തി തെളിഞ്ഞാൽ വെടിവച്ചു കൊല്ലും."

പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ ഞങ്ങൾക്കു മനസ്സിലായി. സാബിയുടെ തിരിച്ചറിയൽ കാർഡ് വച്ചിരിക്കുന്ന സ്ഥലം പറഞ്ഞു. വൈകിട്ട് ആറു മണിക്ക് മുൻപ് തിരിച്ചു വരുമെന്ന് പറഞ്ഞു ഞാൻ സാബിയുടെ മുറിയുടെ താക്കോലും വാങ്ങി പുറപ്പെട്ടു. തോക്കുധാരികളായ രണ്ടു പട്ടാളക്കാർ റോഡ് വരെ എന്നെ അനുഗമിച്ചു. അവിടെ നിന്നും ടാക്‌സിയിൽ ഞങ്ങളുടെ ടൗണിൽ എത്തി. സാബിയുടെ മുറിയിൽ നിന്നും തിരിച്ചറിയൽ കാർഡുമെടുത്ത് വൈകിട്ട് അഞ്ചുമണി കഴിഞ്ഞപ്പോൾ ഞാൻ മിലിട്ടറി ബേസിൽ തിരിച്ചെത്തി.

കാർഡ് പരിശോധിച്ച ഓഫിസർ ഹുസൈനെ ശകാരിച്ചു. 
"ഇതിലേ അനധികൃതമായി കടന്നു വരുന്നവരൊക്കെ ചാരന്മാരാണെന്നാണ് ഞങ്ങൾ കരുതുന്നത്. പ്രത്യേകിച്ച്,  മുസ്ലിം ആണെങ്കിൽ ശിക്ഷ കൂടുതലാണ്. ഓടാൻ ശ്രമിച്ചാൽ പട്ടാളക്കാർ വെടി വയ്ക്കും. അതുകൊണ്ട് ഇനി ഒരിക്കലും ഇതുവഴി വരരുത്."
ഞങ്ങൾ അദ്ദേഹത്തോട് നന്ദി പറഞ്ഞിറങ്ങിയപ്പോൾ അദ്ദേഹം പറഞ്ഞു, "നിങ്ങൾ നല്ല ചങ്ങാതിമാരാണ്. മനുഷ്യരായാൽ ഇങ്ങനെ വേണം."
രാമചന്ദ്രന്റെ കൂടെ അന്നു താമസിച്ചിട്ടു പിറ്റേ ദിവസമാണ് മടങ്ങിയത്.

അതിനു ശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ എനിക്കൊരു പനി പിടിച്ചു. അൽപ്പം കൂടുതലായപ്പോൾ കൂടെ നിൽക്കാൻ ആരുമില്ലാതെ ഗുരുതരാവസ്ഥയിലേക്കു മാറി. ഹുസൈൻ അവധിയെടുത്തു ഞാൻ പൂർണ്ണമായി സുഖമാകുന്നതു വരെ കൂടെ നിന്ന് ശുശ്രൂഷിച്ചു. 
അങ്ങനെ ഞങ്ങൾ കടമയും കടപ്പാടും എഴുതിക്കൂട്ടി വയ്ക്കാത്ത രണ്ട് ആത്മസുഹൃത്തുക്കളായിട്ടാണ് കഴിഞ്ഞത്." സണ്ണി പറഞ്ഞു നിർത്തിയപ്പോൾ സുലൈമാന്റെ ഫോൺ ശബ്ദിച്ചു.
"ബഷീറാ, എന്താന്നു ചോദിക്കട്ടെ." സുലൈമാൻ ഫോണെടുത്തു.
"ങ്ഹാ, ഒരു പത്തുമിനിറ്റിലെത്തും." അയാൾ ഫോൺ ഓഫ് ചെയ്‌തു.
"അല്ല, പട്ടാളക്കാരൻ ഹുസൈൻന്റെ സുന്നത്തു പരിശോധിച്ചെന്നു പറഞ്ഞപ്പോൾ ഞാൻ ഓർക്കുകാരുന്നു, ആ സ്ഥാനത്ത് എന്റെ ബഷീർ പെട്ടിരുന്നെങ്കിൽ പണിയായേനെ." സുലൈമാൻ പറഞ്ഞു.
"അതെന്താ ഇക്കാ?" സണ്ണി ചോദിച്ചു.
"അവനെ ഞാൻ സുന്നത്തു ചെയ്‌തിട്ടില്ല. ചിലപ്പോൾ ലോകത്തിലെ തന്നെ സുന്നത്തു ചെയ്യാത്ത ഒരേയൊരു മുസ്ലിം എൻറെ ബഷീർ ആയിരിക്കും."
"അതെന്താ, ഇക്കാ അങ്ങനെ?"
"അവൻ എൻറെ രക്തത്തിൽ പിറന്നവനല്ല. ഇവിടെയടുത്ത്  ഒരു ആംഗ്ലോ ഇന്ത്യൻ സ്ത്രീക്ക് ആരിലോ ജനിച്ചതാണ്. അവിഹിതമായിരുന്നു. കുട്ടിയുണ്ടായി ഒരാഴ്ച്ച കഴിഞ്ഞപ്പോൾ കായലിൽ എറിഞ്ഞു കൊല്ലാൻ പോയതാണ്. പക്ഷേ, അവൾക്കു മനസ്സ് വന്നില്ല. എന്റെ കടയിൽ കൊണ്ടുവച്ചിട്ട്, 'ഇക്ക എന്റെ മോനെ നോക്കിക്കോണേ' എന്ന് പറഞ്ഞിട്ട് അവൾ എങ്ങോട്ടോ പോയി.

പിന്നെ ഞാനും എന്റെ ബീവി ഫാത്തിമയും കൂടിയാണ് അവനെ വളർത്തിയത്. അവൻ ജനിച്ചത് ക്രിസ്‌തു മതത്തിലാണ്. പിന്നെ ഞാൻ അവനെ സുന്നത്തു ചെയ്‌തു മുസ്ലിം ആക്കുന്നതു ശരിയാണോ? അതുകൊണ്ടു മാമോദീസ നൽകി ക്രിസ്ത്യാനിയായിട്ടു തന്നെ വളർന്നോട്ടെ എന്ന് കരുതി ഞാൻ പള്ളിയിലെ അച്ചനോടു സംസാരിച്ചു. അച്ചൻ ചിരിച്ചുകൊണ്ടു പറഞ്ഞു, 'അപ്പനും അമ്മയും ആരാണെന്നറിയാതെ ഒരു മുസ്ലിം വളർത്തുന്ന കുട്ടിയെ മാമോദീസാ മുക്കാൻ സഭയിൽ നിയമമില്ല.' അപ്പോൾ പിന്നെ എന്ത് ചെയ്യാൻ? എന്നിരുന്നാലും അവൻ പള്ളിയിലും പോകും മോസ്‌കിലും പോകും. എന്നെ സംബന്ധിച്ചിടത്തോളം അന്ന് ഒരു ജീവൻ രക്ഷിക്കുക എന്നത് മാത്രമായിരുന്നു. അതിനു പ്രത്യുപകാരമായി മതത്തിന്റെ ലേബൽ ഒട്ടിച്ചു വില പേശുന്നതു മനുഷ്യത്വമല്ലല്ലോ." സുലൈമാൻ പറഞ്ഞു.

"എങ്ങനെയാണ് സാബി മരിച്ചത്?" ജിജ്ഞാസ അടക്കാനാവാതെ സണ്ണി ക്ലമെന്റിനെ നോക്കി ചോദിച്ചു.

"സാബി ഇവിടെയുള്ളപ്പോൾ എന്നും വൈകിട്ട് ഇവിടെ ബീച്ചിൽ വന്നിരിക്കും. അറബിക്കടലിന്റെ അങ്ങേ ചരുവിലേക്ക് സൂര്യൻ ആകാശവിതാനത്തു ചായം പൂശി മറയുന്നതു കാണാൻ എന്നും ഇവിടെയുണ്ടാകും. ആ സമയത്ത് ഇവിടെ വളരെയധികം പേർ കാണും. കുട്ടികളെ മണൽപ്പുറത്തു കളിക്കാൻ കൊണ്ടുവരുന്ന മാതാപിതാക്കളും, ലഹരിയും മയക്കുമരുന്നും ഉപയോഗിച്ച് കിറുങ്ങിയിരിക്കാൻ വരുന്ന ചെറുപ്പക്കാരും ഒക്കെ കാണും. അവർ മടങ്ങുമ്പോൾ ധാരാളം പ്ലാസ്റ്റിക് ബാഗുകളും കുപ്പികളും മറ്റും ഇവിടെ ഉപേക്ഷിച്ചിട്ടാണ് മടങ്ങുക. അത് സാബിക്കു സഹിക്കില്ല. കഴിവതും അവരെക്കൊണ്ട് അത് എടുപ്പിച്ചിട്ടാണ് മടങ്ങുക. ചിലർ സാബി പറയുന്നത് വകവയ്ക്കാതെ അവിടെ ഇട്ടിട്ടു പോകും. അതെല്ലാം പെറുക്കി ചവറ്റുകൊട്ടയിലിട്ടിട്ടേ സാബി മടങ്ങൂ. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ മണൽപ്പരപ്പിൽ കിടന്നാൽ അത് തിരയെടുത്തു കടലിന്റെ ആഴങ്ങളിലേക്ക് കൊണ്ടുപോകുകയും മത്സ്യങ്ങൾ അത് തീറ്റയാണെന്നു കരുതി ഭക്ഷിക്കയും ചെയ്യും. അത് ആ ജീവജാലങ്ങളോടു ചെയ്യുന്ന വലിയ അപരാധമായിട്ടാണ് സാബിക്കു തോന്നിയിരുന്നത്. കുറച്ചു നാൾ മുൻപ് കടൽത്തീരത്ത് ചത്തടിഞ്ഞ ഒരു തിമിംഗലത്തിന്റെ കുഞ്ഞിന്റെ വയറ്റിൽ നിന്നും കണ്ടെടുത്തത് പത്തു കിലോയിൽ കൂടുതൽ പ്ലാസ്റ്റിക്കായിരുന്നു എന്നത് സാബിയുടെ വാദത്തെ ശരിവയ്ക്കുന്നതായിരുന്നു.” ക്ലമന്റ് ഒന്ന് നിർത്തിയിട്ട് പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് നോക്കി നെടുവീർപ്പിട്ടിട്ടു തുടർന്നു.

"അന്നൊരു ദിവസം ഹർത്താലായിരുന്നു. സന്ധ്യയായപ്പോൾ ഹർത്താൽ ആഹ്വാനം ചെയ്ത സംഘാടകർ 'ആഘോഷിക്കാനായി' മണൽപ്പുറത്തെത്തി. അവർ പിരിയാൻ തുടങ്ങിയപ്പോൾ കുറെ പ്ലാസ്റ്റിക് ബാഗുകളും കുപ്പികളും ഇവിടെ ഉപേക്ഷിച്ചു. ആ മാലിന്യങ്ങൾ എടുത്തുകൊണ്ടു പോകാൻ അവരോടു സാബി ആവശ്യപ്പെട്ടു. എന്നാൽ അവർ കൂട്ടാക്കിയില്ലെന്നു മാത്രമല്ല, സാബിയെ അവർ ചോദ്യം ചെയ്യുകയും ചെയ്‌തു. ഇക്കാര്യം സാബി പോലീസിൽ അറിയിക്കുമെന്നു പറഞ്ഞത് അവരെ കുപിതരാക്കി. അതോടെ അവിടെയുണ്ടായിരുന്ന മറ്റു ചിലർ സ്ഥലം വിട്ടു. അൽപ്പം കഴിഞ്ഞപ്പോൾ സാബിയും മടങ്ങിപ്പോയി. എന്നാൽ, എന്തുകൊണ്ടോ സാബി വീട്ടിലെത്തിയില്ല. പതിവിലും വളരെ വൈകിയിട്ടും കാണാഞ്ഞപ്പോൾ സാബിയെ തിരക്കി ഭാര്യയും മകനും മണൽപ്പുറത്തെത്തി. അവിടെയൊരു ബെഞ്ചിൽ സാബി പടിഞ്ഞാറോട്ടു നോക്കി ചേതനയറ്റ്‌ ഇരിക്കുന്നുണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ ഹൃദയസ്‌തംഭനം എന്നാണെഴുതിരുന്നത്." ക്ലെമന്റിന്റെ കണ്ണുകൾ ഈറനണിഞ്ഞപ്പോൾ സണ്ണിയുടെ കവിളിൽ കൂടി കണ്ണീർ ചാലുകളായി ഒഴുകി.

നിശബ്‌ദത കീഴടക്കിയ നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങിയപ്പോൾ ക്ലമന്റ് തുടർന്നു. "സാബിയുടെ നെഞ്ചിൽ ഒരു വലിയ ചുവന്ന പാടുണ്ടായിരുന്നു. ആരോ ചവിട്ടിയതായിരിക്കാമെന്നാണ് സംശയം."
"ആരും അന്വേഷിച്ചില്ലേ?" സണ്ണി ചോദിച്ചു. 
"ആരന്വേഷിക്കാൻ? ഹർത്താൽ സംഘടിപ്പിക്കുന്നവരൊക്കെ അവരുടെ പാർട്ടികളിൽ സ്വാധീനമുള്ളവരല്ലേ!" സുലൈമാൻ പറഞ്ഞു.
അൽപ്പം കഴിഞ്ഞപ്പോഴേക്കും അവർ അവിടെനിന്നും എഴുന്നേറ്റു.  
"എനിക്ക് വൈപ്പിനിലുള്ള അവരുടെ വീട്ടിൽ ഒന്നു പോകണം." സണ്ണി പറഞ്ഞു.
"ഞാനും വരാം." സുലൈമാൻ അൽപ്പ നേരത്തെ പരിചയം കൊണ്ട് ഒരു നല്ല സുഹൃത്തായി.

ജങ്കാറിൽ കയറി അവർ വൈപ്പിനിലെത്തി. ക്ലമന്റാണ് ഡോർബെല്ലടിച്ചത്. സാബിയുടെ മകൾ വന്നു കതകു തുറന്നു.
"അങ്കിൾ, കയറി വാ." അവൾ ക്ലമന്റിനെ സ്വാഗതം ചെയ്‌തു കഴിഞ്ഞപ്പോഴാണ് പുറകിൽ നിൽക്കുന്നവരെ കണ്ടത്. 
"കയറി വരൂ." അവൾ എല്ലാവരോടുമായി പറഞ്ഞു.
"ഉമ്മയെവിടെ?" ക്ലമന്റ് ചോദിച്ചു.
"അകത്തുണ്ട്. കയറി ഇരിക്കൂ." അവൾ പറഞ്ഞു.
എല്ലാവരും ഇരുന്നപ്പോഴേയ്ക്കും ഉമ്മ അകത്തു നിന്നും വന്നു. ക്ലമന്റ് സണ്ണിയെ ചൂണ്ടിക്കൊണ്ടു പറഞ്ഞു, "സാബിയുടെ കൂടെ യമനിൽ ജോലി ചെയ്‌തിട്ടുള്ളതാ. സാബിയെ അന്വേഷിച്ചു വന്നതാ."
"സണ്ണിയല്ലേ?" അവർ ചോദിച്ചു.
"എങ്ങനെ മനസ്സിലായി?"
"അറിയാം. സാബി എപ്പോഴും പറയുമായിരുന്നു. നിങ്ങൾ അമേരിക്കയിൽ പല സ്ഥലങ്ങൾ മാറിയപ്പോൾ പിന്നെ അഡ്രസ്സും ഫോൺ നമ്പറുമൊന്നും അറിയാതെയായി. കാണാൻ കഴിയാതിരുന്നതിൽ ദുഖമുണ്ടായിരുന്നു."
സണ്ണിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. 
"സണ്ണി പിന്നെ നാട്ടിൽ വന്നിട്ടില്ലേ?"
"പല വട്ടം വന്നിരുന്നു. പക്ഷെ, തിരക്കു കാരണം ...... സമയം കിട്ടിയില്ല."
അപകർഷതാ ബോധം വേട്ടയാടിയ നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി. 
"തിരക്കിൻറെ ഒഴുക്കിൽപ്പെട്ട് ഒലിച്ചു പോകുന്നത് പലപ്പോഴും നമുക്കു വിലപ്പെട്ട ബന്ധങ്ങളാണ്. ഒന്നിനും ആർക്കും ഇന്ന് സമയമില്ല. എല്ലാവരും ഓട്ടമാണ്. എന്തിനു വേണ്ടി ഓടുന്നു, എന്ത് നേടുന്നു എന്നാരും ചിന്തിക്കാറില്ല. നഷ്ടപ്പെടുന്നതിന്റെ വില മനസ്സിലാക്കുമ്പോൾ വളരെ വൈകിപ്പോയിരിക്കും." വീടിന്റെ വാരാന്തയിലിരുന്ന്  നിറം മാറുന്ന പടിഞ്ഞാറൻ ചക്രവാളത്തിലേക്കു നോക്കി സണ്ണി അറിയാതെ സംസാരിക്കുകയായിരുന്നു.

"സാബിയെ അവർ കൊന്നതാണ്. എനിക്കുറപ്പാ." സാബിയുടെ ഭാര്യ പറഞ്ഞതു കേട്ട് സണ്ണി ഞെട്ടി. 
"അതെന്താ, അങ്ങനെ പറയാൻ കാര്യം?"
"സാബി രാത്രിയിൽ ബീച്ചിൽ നിന്നും വീട്ടിലേക്കു വന്നതാണ്. വീടിനടുത്തായപ്പോൾ സാബി വിളിച്ചിട്ടു പറഞ്ഞു, 'ബീച്ചിൽ കുറെ പേർ പാർട്ടി നടത്തുന്നുണ്ടായിരുന്നു. അവർക്കെന്തോ സഹായം വേണമെന്ന് പറയുന്നു. ഞാൻ അങ്ങോട്ടു പോയിട്ട് വരാം. താമസിക്കയില്ല.' രാത്രി വളരെ വൈകിയിട്ടും കാണാഞ്ഞിട്ടാണ് ഞങ്ങൾ ബീച്ചിലേക്കു പോയത്. ഹർത്താലുകാർ പകരം വീട്ടിയതാണ്."

യാത്ര പറഞ്ഞിറങ്ങി തിരികെ ജങ്കാറിൽ കമാലക്കടവിലേക്കു തിരിക്കുമ്പോൾ പടിഞ്ഞാറൻ ചക്രവാളത്തിന്റെ സ്വർണ്ണനിറം ആഴിയുടെ പരപ്പിലൂടെ അതിവേഗം തീരത്തോടടുക്കുകയായിരുന്നു. സണ്ണിയുടെ ചിന്തകൾ ആ പഴയ സുഹൃത്തിനൊപ്പം അന്നു രാത്രിയിലെ ആ ബീച്ചിലേക്കും.
________________

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക