Image

ഗീതാഞ്ജലി (ഗീതം 102: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 09 August, 2025
ഗീതാഞ്ജലി (ഗീതം 102: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Geetham 102

I boasted among men that I had known you. They see your picture in all works of mine. They come and ask me , 'who is he?' I know not how to answer them. I say, 'indeed, I cannottell,' they blame me and they go away in scorn. And you sit
there smiling.

I put my tales of you into lasting songs. The secret gushes out from my heart. They come and ask me, ' Tell me all your meanings' I know not how to answer them. I say, 'Ah, whoknows what they mean!' They smile and go away in utter scorn, And you sit there smil-ing.


ഗീതം 102

സര്‍വ്വലോക നാഥനെന്റെ ഉറ്റമിത്രമെന്നു ഞാന്‍
സര്‍വ്വലോകവും ശ്രവിച്ചിടുന്ന മട്ടു ഘോഷമായ്
സര്‍വ്വലോകരോടുമങ്ങുരച്ചു വീമ്പിളക്കിയെന്‍
സര്‍വ്വ കാവ്യ ചിത്രണങ്ങളും ഭവല്‍ സ്തവങ്ങളായ്.

എത്രരൂപ ഭേദമായ് ഭവാനെയെത്രയാളുകള്‍
ചിത്രമേതു ഞാന്‍ വരയ്ക്കിലും നിരീക്ഷ്യരായതാല്‍
എന്തു ബന്ധമാണെനിക്കിതാരു താനുമെന്നതാ –
ണേതു നേരവും തുടര്‍ന്നിടുന്ന ചോദ്യമേവരും.

ഉത്തരം പറഞ്ഞിടേണ്‍ടതെന്ത് ? മൗനമാര്‍ന്നു ഞാന്‍
ഉത്തരം പറഞ്ഞിടാന്‍ പദങ്ങളില്ല ഭാഷയില്‍
സത്യമാണതെങ്കിലും മൊഴിഞ്ഞു ഞാനനാരതം
എന്തെനിക്കറിഞ്ഞുകൂടു മെന്നൊരൊറ്റ വാക്കിനാല്‍.

സര്‍വ്വസാക്ഷിയെ പ്രകീര്‍ത്തനം ചെയ്തിടുന്നതാ –
ണുര്‍വ്വിയിങ്കല്‍ ഞാന്‍ രചിച്ച കാവ്യധാരയാകവേ,
ദേവവര്‍ണ്ണിതം നിറഞ്ഞ കാവ്യമാശ്രവിക്കവേ
കാവ്യ വാചികാര്‍ത്ഥമെന്ത്? ചോദ്യമായ് സതീര്‍ത്ഥ്യരും.

എന്തു ഞാനുരച്ചിടും? വഴങ്ങുകില്ല വാക്കുകള്‍
അര്‍ത്ഥമേതുമേ യെനിക്കറീലയെന്ന വാസ്തവം
ഉത്തരിച്ച മാത്രയില്‍ ഹസിച്ചവര്‍ നടക്കവേ
ആദ്യനങ്ങ് പുഞ്ചിരിച്ചിരിന്നിടുന്നനാദിയായ്.

അങ്ങയേയറീല ഞാന്‍, തിരിച്ചറീലയെന്നുമെ –
ന്നെങ്ങിനെ കഥിച്ചിടും ഭവാനടുത്തു നില്‍ക്കവേ
അങ്ങടുത്തു നിന്നു പുഞ്ചിരിക്കലും ചിലപ്പൊഴോ
അങ്ങ് ദൂരെ മാറിനിന്നു വീക്ഷണം നടത്തലും,

പൂര്‍ണ്ണചാന്ദ്ര രാത്രിയില്‍ സുധാംശുവില്‍ത്തെളിഞ്ഞതായ്
പ്രാതദീപ്തിയില്‍ പ്രഭാവ സൂര്യധൂളിപാതമായ്
സപ്തമേഘ ഗര്‍ജ്ജനധ്വനത്തിലൂടെയും ഭവല്‍ –
പ്രീതിദ പ്രതീകമെന്റെ ദൃഷ്ടികള്‍ക്കദൃശ്യമായ്.

ത്വല്‍പ്രതീക ദര്‍ശനത്തിലെന്റെ ചിത്തമക്ഷണം
തൃപ്തിയാര്‍ന്നിളക്കമോ, ടുണര്‍ന്ന, ലഞ്ഞവാര്യമായ്
നേത്രവും ജലാര്‍ദ്രമാ, യനാകുലം ശ്രവിച്ചിതേന്‍
ചിത്തവീഥിയില്‍ ഭവാന്റെ പാദപാതവും തഥാ!

എത്ര ഞാന്‍ കൊതിച്ചുവെന്‍ കഥേതിവൃത്തമായ് ഭവല്‍ –
ബന്ധനം നടത്തിയെന്റെ ഗാനനാദമാക്കുവാന്‍
എത്ര ഞാന്‍ ശ്രമിക്കിലും കഴിഞ്ഞതില്ലിതേവരെ
സപ്ത വര്‍ണ്ണ രശ്മിയായകന്നനാപ്തനായ് ഭവാന്‍!

കോമളാഭമാം നിഖാദ നിസ്വനം നിറച്ചതാം
ജീവമന്ത്ര വീണയാണിതെങ്കിലും ത്വല്‍ സന്നിധൗ
പ്രാപ്തമാകുവാന്‍ കഴിഞ്ഞുവോ യെനിക്കു സംശയം
ശിഷ്ടചിത്തമോടിരിപ്പു ജീവിതാന്ത്യ വേളയില്‍.

സാരമില്ല താവകേച്ഛയാണെനിക്കു സാന്ത്വനം
പ്രാപ്യനല്ല യങ്ങെനിക്കതാകിലെന്റെ മാനസം
ത്വല്‍പ്പദത്തിലായ് ഭവാന്‍ വശീകരിക്കുമെങ്കിലെന്‍
പ്രാണനെത്ര രോമഹര്‍ഷമേലുമെന്റെ വല്ലഭാ!
……………….
നിഖാദ = നാട്ടിയ, സുധാംശു = ചന്ദ്രരശ്മി
അനാപ്തന്‍ = ലഭിക്കാത്തവന്‍, ഉത്തരിക്കുക = ഉദ്ധരിക്കുക
………………..
(Yohannan.elcy@gmail.com)

Read More: https://www.emalayalee.com/writers/22

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക