പതിനഞ്ച്
ആശുപത്രിയിലെത്തി ശോഭയെ വിവിധ ടെസ്റ്റുകള്‍ക്ക് വിധേയയാക്കുന്നതിനിടയില്‍ മധു ഗോപാലകൃഷ്ണനെ വിളിച്ചിരുന്നു. വിവരം പറഞ്ഞു. ധൃതിവച്ച് മടങ്ങി വരേണ്ടതില്ലെന്നും ആശുപത്രിയിലെ കാര്യങ്ങള്‍ താന്‍ കൈകാര്യം ചെയ്തുകൊള്ളാമെന്നും പറഞ്ഞു.
സഹോദരിയുടെ വിവാഹക്ഷണവുമായി കിലോമീറ്ററുകള്‍ക്ക് അകലെയായിരുന്നു ഗോപാലകൃഷ്ണന്‍ അപ്പോള്‍. എങ്കിലും ശോഭയെ ഹോസ്പിറ്റലില്‍ അഡ്മിറ്റു ചെയ്തു എന്നുള്ള കൂട്ടുകാരന്റെ ഫോണ്‍കോള്‍ എത്തിയതും അവന്‍ മൂഡൗട്ടായി.
വേഗം നാട്ടിലേയ്ക്കു തിരിച്ചു; ഹോസ്പിറ്റലില്‍ എത്തി. ശോഭ കിടക്കുന്ന ഇടം കണ്ടെത്തി.
കട്ടിലില്‍ കിടക്കുന്ന ശോഭ. അവളുടെ സമീപം മ്ലാനവദനനായി മധു.
''എന്താ എന്തുപറ്റി?'' അവന്‍ ഉല്‍ക്കണ്ഠയോടെ തിരക്കി.
''ഹേയ് ഒന്നുമില്ല. മൂക്കില്‍ നിന്ന് അല്പം ബ്ലഡ് വന്നു. ഇവിടെ വന്ന് ഒരു ഇന്‍ജക്ഷനെടുത്തു. ഇപ്പോള്‍ എല്ലാം നോര്‍മ്മലായി. രണ്ടു ദിവസം ഹോസ്പിറ്റലില്‍ കിടക്കാന്‍ പറഞ്ഞു.'' മധു പറഞ്ഞു.
''അത്രേയുള്ളോ, സമാധാനമായി. തന്റെ ഫോണ്‍ വന്നപ്പോള്‍ ഞാനാകെ പേടിച്ചു പോയി.''
ഗോപാലകൃഷ്ണന്‍ ആശ്വാസത്തോടെ സഹോദരിയെ നോക്കി. അസുഖത്തിന്റെ ആലസ്യത്തോടെ കിടക്കുകയാണ് അവള്‍.
ആ രാത്രി ഗോപാലകൃഷ്ണന്‍ ആശുപത്രിയില്‍ സഹോദരിക്കു കൂട്ടിരുന്നു. മധു വീട്ടിലേക്കു പോയി.
പിറ്റേന്നു രാവിലെ മധു എത്തിയപ്പോള്‍ അവനെ അവിടെ കൂട്ടിനിരുത്തിയിട്ട് ഗോപാലകൃഷ്ണന്‍ വീട്ടിലേക്കു പോയി.
''മധുവേട്ടാ, എന്താണ് മുഖത്തു വലിയ വിഷാദം? രണ്ടു ദിവസം കൊണ്ട് എനിക്ക് ആശുപത്രി വിടാമെന്നല്ലേ ഡോക്ടര്‍ പറഞ്ഞത്.'' തനിച്ചായപ്പോള്‍ ശോഭ പറഞ്ഞു.
''അതെ അങ്ങനെ തന്നെ. പക്ഷെ സ്വന്തക്കാരുടെ ആശുപത്രി വാസം ആര്‍ക്കും അത്ര ആഹ്ലാദകരമല്ലല്ലോ.'' അവന്‍ വേദനയോടെ ഒന്നു മന്ദഹസിച്ചു.
''പാവം... ഞാന്‍ കാരണം ഒത്തിരി വിഷമിക്കുന്നു...'' അവള്‍ സ്‌നേഹാര്‍ദ്രമായി അയാളുടെ കരം ഗ്രഹിച്ചു.
എന്തുകൊണ്ടെന്നറിഞ്ഞില്ല-അപ്പോള്‍ മധുവിന്റെ കണ്ണുകള്‍ നിറഞ്ഞു പോയി.
''മധുവേട്ടാ-'' അവള്‍ ഉല്‍ക്കണ്ഠയോടെ വിളിച്ചു.
''ഹേയ് ഒന്നുമില്ല.'' അവന്‍ അവള്‍ക്കു മുഖം കൊടുക്കാതെ പിന്തിരിഞ്ഞു.
പെട്ടെന്ന് ശോഭയ്ക്കു മരുന്നു നല്‍കുന്നതിനുവേണ്ടി നഴ്‌സ് എത്തി.
അതു കഴിഞ്ഞപ്പോള്‍ വീട്ടില്‍ പാകം ചെയ്ത ഭക്ഷണവുമായി ഗോപാലകൃഷ്ണനും എത്തി. അതോടെ അവിടെ തുടര്‍ന്ന് കൂട്ടിരിപ്പിന്റെ ഊഴം അവനായി. മധു വീട്ടിലേയ്ക്കും പോയി.
ഡോക്ടര്‍ നേരത്തെ പറഞ്ഞതുപോലെ രണ്ടു ദിവസമെ അവള്‍ക്ക് ആശുപത്രിയില്‍ കിടക്കേണ്ടി വന്നുള്ളൂ. വീട്ടിലിരുന്നു കഴിക്കാനായി കുറെയേറെ മരുന്നുകളുമായി മൂന്നാംനാള്‍ അവളെ ഡിസ്ചാര്‍ജ് ചെയ്തു.
വീട്ടില്‍ തിരിച്ചെത്തിയിട്ടും മധുവിന്റെ മാത്രം ഉത്സാഹം വീണ്ടു കിട്ടിയില്ല.
''എന്തുപറ്റി തനിക്കു മാത്രം? ആ മൂഡൗട്ട് ഇതുവരെ മാറിയില്ലല്ലോ.'' ഗോപാലകൃഷ്ണന്‍ തുറന്നു ചോദിച്ചു.
''ഏയ് ഒന്നുമില്ല.'' അവന്‍ ഒഴിഞ്ഞുമാറി.
വീണ്ടും അവരൊന്നിച്ച് പുരയിടത്തില്‍ പണിക്കു പോയി. ശോഭ അവര്‍ക്കു വേണ്ടി ഭക്ഷണം പാകം ചെയ്തു വിളമ്പി. മറ്റെല്ലാ കാര്യങ്ങളും നേരെയായിട്ടും മധുവിന്റെ മാത്രം പഴയ ചൊടിയോ ഉത്സാഹമോ തിരിച്ചു വന്നില്ല.
ശോഭയുടെ അസുഖവും ആശുപത്രിവാസവുമൊക്കെ കാരണം കല്യാണത്തിന് ആള്‍ക്കാരെ ക്ഷണിക്കുന്ന പണി ഗോപാലകൃഷ്ണന്‍ മൂന്നാലു ദിവസമായി നിറുത്തി വച്ചിരിക്കയായിരുന്നു.
ഒരു തിങ്കളാഴ്ച രാത്രിയില്‍ ഗോപാലകൃഷ്ണന്‍ ചങ്ങാതിയോടു പറഞ്ഞു:
''ആള്‍ക്കാരെ കല്യാണത്തിനു ക്ഷണിക്കുന്ന പരിപാടി ഇടയ്ക്കു വച്ചു മുടങ്ങിപ്പോയിരിക്കുന്നു. നാളെത്തൊട്ട് വീണ്ടും അത് ആരംഭിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുകയാണ്.
''വരട്ടെ. അതിനു ധൃതി വയ്‌ക്കേണ്ട.'' മധു നിര്‍വ്വികാരനായി പറഞ്ഞു.
''അതെന്താ? ഓരോരോ ജോലികള്‍ നേരത്തെ തീര്‍ത്തു വയ്ക്കുന്നതല്ലേ നല്ലത്! അല്ലെങ്കില്‍ അവസാന നിമിഷം വല്ലാത്ത തലവേദനയാകും.''
''എന്നാലും വേണ്ട. കല്യാണം വിളിയൊക്കെ പതിയെ മതി. കല്യാണത്തിന്റെ ഡേറ്റ് മാറ്റി വയ്‌ക്കേണ്ട കാര്യവും ഒന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.''
അതു കേട്ടതും ഗോപാലകൃഷ്ണന്‍ ഇരിപ്പിടത്തില്‍ നിന്ന് ചാടിയെഴുന്നേറ്റു.
''മധൂ! നീ എന്താണ് ഇപ്പറയുന്നത്?! എനിക്കൊന്നും മനസ്സിലാകുന്നില്ല.''
''അതേ വിവാഹത്തീയതി മാറ്റി വയ്ക്കുന്ന കാര്യം ഒന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ശോഭയുടെ അസുഖമൊക്കെ പൂര്‍ണ്ണമായി മാറിയിട്ടു മതി ഇനി വിവാഹം.''
''മധൂ! അതിന് അവള്‍ക്ക് കാര്യമായ അസുഖമൊന്നും ഇല്ലല്ലോ. ഡോക്ടര്‍ തന്ന ഗുളിക കൂടിവന്നാല്‍ ഒരാഴ്ച കൂടി കഴിക്കാനുണ്ട്. അതും കൂടി കഴിച്ചു കഴിഞ്ഞാല്‍ പ്രശ്‌നം തീര്‍ന്നില്ലേ.''
''ഇല്ല. എന്തായാലും നേരത്തെ പറഞ്ഞ തീയതിയില്‍ വിവാഹം നടക്കില്ല. എനിക്ക് ഒരിക്കല്‍ക്കൂടി ഒന്ന് ആലോചിക്കാനുണ്ട്.''
''ഛീ നന്ദികെട്ടവനേ-'' ഗോപാലകൃഷ്ണന്‍ ചാടിയെഴുന്നേറ്റതും അവന്റെ കരണക്കുറ്റിക്ക് ആഞ്ഞടിച്ചതും ഒരുമിച്ചു കഴിഞ്ഞു.
''അയ്യോ ചേട്ടാ-'' ശോഭ നിലവിളിച്ചുകൊണ്ട് ഓടിവന്ന് ഗോപാലകൃഷ്ണനെ പിടിച്ചുമാറ്റി.
''നീ നന്ദികെട്ടവനാണ്; നന്ദിയില്ലാത്തവന്‍. പൊയ്‌ക്കോ ഈ നിമിഷം ഈ വീട്ടില്‍ നിന്ന്! എന്റെ പെങ്ങള്‍ക്ക് ഞാന്‍ വേറെ ചെറുക്കനെ അന്വേഷിച്ചു കൊള്ളാം.'' ഗോപാലകൃഷ്ണന്‍ ഗര്‍ജ്ജിച്ചു.
പുറത്തു നിലാവുള്ള രാത്രിയായിരുന്നു. കനത്ത മഴ പൊയ്തുകൊണ്ടേയിരുന്നു.
''നന്ദികെട്ടവനേ പോകൂ എന്റെ കണ്‍മുമ്പില്‍ നിന്ന്.'' അവന്‍ മധുവിനെ പിടിച്ചു പുറത്തേയ്ക്കു തള്ളിയിട്ട് കതകടച്ചു.
അവിടെ ഇടിമിന്നലും പെരുമഴയും. മധു ആ മഴയിലേക്കിറങ്ങി.
ഗോപാലകൃഷ്ണന്റെ രോഷവും കിതപ്പും അവസാനിച്ചിരുന്നില്ല. അവന്‍ അനിയത്തിയെ നോക്കി.
ഒരിക്കലും പ്രതീക്ഷിക്കാത്ത ആ സംഭവങ്ങളുടെ മുന്നില്‍ പകച്ചു നില്‍ക്കയായിരുന്നു ശോഭ. അവളുടെ മനസ്സില്‍ ഒരു വലിയ സ്വപ്ന സൗധം തകര്‍ന്നടിയുകയായിരുന്നു.
അടുത്ത നിമിഷത്തില്‍ അവള്‍ ബോധരഹിതയായി നിലംപതിച്ചു.
(തുടരും)
Read More: https://www.emalayalee.com/writers/304