ഫൊക്കാന നേതാക്കൾക്ക് പാലാ പൗരാവലി ഒരുക്കിയ സ്വീകരണത്തിൽ പങ്കെടുത്ത് ആശംസ അറിയിച്ച് പ്രമുഖ നേതാക്കൾ. കോട്ടയം എംപി ഫ്രാൻസിസ് ജോർജ്, പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ, മൂവാറ്റുപുഴ മുൻ എംഎൽഎ ജോസഫ് വാഴക്കൻ എന്നിവർ പ്രവാസി നേതാക്കളെ ആദരിക്കുന്ന ചടങ്ങിൽ ആശംസകൾ അറിയിച്ചു. പാലാ ഗ്രാൻ്റ്കോർട്യാഡ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ചേർന്ന യോഗത്തിൽ ഫൊക്കാനോ പ്രസിഡിൻറ് സജിമോൻ ആൻ്റണി, ബോട്ട് ചെയർ ജോജി തോമസ്, ഫൊക്കാന മിഡ് വെസ്റ്റ് റീജിയൺ ആർവിപി സന്തോഷ് നായർ ചൊള്ളാനി എന്നിവർ പങ്കെടുത്തു.
കേരളം ആരോഗ്യമേഖലയിൽ മറ്റ് സംസ്ഥാനത്തേക്കാൾ വളരെ മുമ്പിലാണെങ്കിലും നമ്മുടെ പല മെഡിക്കൽ കോളേജുകളുടെയും സ്ഥിതി മോശമാണ്. അടിസ്ഥാന സൗകര്യ വികസനത്തിനും ഓപ്പറേഷനും മറ്റും ആവശ്യമായ ആധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനും ഫൊക്കാനയുടെ സഹായഹസ്തങ്ങൾ ഉണ്ടാകുമെന്ന പ്രത്യാശ ഫ്രാൻസിസ് ജോർജ് എം.പി പ്രകടിപ്പിച്ചു.
എക്കാലവും ഏതു സമയത്തും കേരള ജനതയെ ചേർത്തു പിടിക്കുന്ന ഫൊക്കാനയെ മലയാളികൾക്ക് മറക്കാൻ കഴിയില്ലെന്നും ഭാരവാഹികൾക്ക് ആശംസകൾ അർപ്പിച്ച് പ്രസംഗിച്ച കോട്ടയം എംപി വ്യക്തമാക്കി.
സ്വന്തമായി കിടപ്പാടമില്ലാത്ത പാവപ്പെട്ടവർക്ക് സ്ഥലവും അവിടെ വീടും നിർമ്മിച്ച് നൽകുന്ന ഫൊക്കാന ഏറ്റവും വലിയ കാരുണ്യ പ്രവർത്തനമാണ് നടത്തുന്നതെന്ന് ചാണ്ടി ഉമ്മൻ എം എൽ എ ചൂണ്ടിക്കാട്ടി. സ്വന്തം നാടിനോടും സഹജീവികളോടും സമൂഹത്തോടുള്ള സംഘടനയുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഇതെന്നും പറഞ്ഞ ചാണ്ടി ഈ സ്നേഹം നാടും നാട്ടുകാരും വേണ്ടത്ര തിരിച്ചറിയുന്നുണ്ടോ എന്ന സംശയവും പ്രകടിപ്പിച്ചു. ഇത്തരം സംഘടനകളും ആയി സർക്കാർ ഔപചാരികവും ഔദ്യോഗികവുമായി സഹകരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും പുതുപ്പള്ളി എംഎൽഎ അഭിപ്രായപ്പെട്ടു.
കേരള ജനതയുടെ ആവശ്യങ്ങളും അവശതകളും വളരെ വേഗത്തിൽ മനസിലാക്കി പരിഹരിക്കുന്നതിന് ഫൊക്കാന പ്രഥമ പരിഗണന കൊടുക്കുന്നുണ്ടെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ അഭിപ്രായപ്പെട്ടു.
കേരളത്തിൽ ദുരന്തമുണ്ടായ കാലത്തെല്ലാം ആദ്യം സഹായവുമായി എത്തിയത് ഫൊക്കാനയാണെന്ന് വാഴയ്ക്കൻ ഓർമിപ്പിച്ചു. കേരളത്തിലെ കൈത്താങ്ങാകുന്ന ശക്തമായ ഒരു രക്ഷാകരമാണ് ഫൊക്കാന എന്നും അദ്ദേഹം സൂചിപ്പിച്ചു.
പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റി ഓപ്പറേഷൻ ഡയറക്ടർ ഫാ.ഗെർവാസീസ് ആനിത്തോട്ടത്തിൽ, അഡ്വ.കെ.ആർ ശ്രീനിവാസൻ ,ഏ.കെ ചന്ദ്രമോഹൻ, എൻ സുരേഷ്, പ്രൊഫ.സതീശ് ചൊള്ളാനി, നഗരസഭ ആരോഗ്യ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ലിസിക്കുട്ടി മാത്യു, ബിജു പാലൂപ്പടവിൽ, ഷാർലി മാത്യു,ടോമി കുറ്റിയാങ്കൽ,ആനി ബിജോയി, എന്നിവർ പ്രസംഗിച്ചു. അഡ്വ.സന്തോഷ് മണർകാട്, തോമസ് ആർ വി ജോസ് അഡ്വ.ഷാജി എടേട്ട്, അഡ്വ.അജി ആലപ്പാട്ട്, ബിജോയി എബ്രഹാം തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.