Image

ലിവിംഗ് ടുഗെതർ ( കഥ : : പി.സീമ )

Published on 10 August, 2025
ലിവിംഗ് ടുഗെതർ ( കഥ : : പി.സീമ )

വിശ്വാസത്തിന്റെ  പൊട്ടാത്ത കണ്ണികൾ  ആണ് ഏതു ബന്ധത്തെയും   സുദൃഢമാക്കുന്നത്. ആദ്യം കാണുമ്പോഴുള്ള ഒരു നോക്കോ വാക്കോ   ചിലപ്പോൾ ഒരാളെ  അത്ര മേൽ പ്രിയപ്പെട്ട വ്യക്തിയായി മാറ്റിയേക്കാം. അങ്ങനെ ഒന്നായിരുന്നു അവർക്കിടയിൽ സംഭവിച്ചത്.

വളരെ വൈകിയാണ് ശിവകാമി അനന്തകൃഷ്ണനെ പരിചയപ്പെട്ടത് ഭൂമിയിലെ ഏറ്റവും മനോഹരമായ പ്രണയമായിരുന്നു അവരുടേത്. ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത,  വിരൽത്തുമ്പുകൾ കൊണ്ടു പോലും തമ്മിൽ സ്പർശിച്ചിട്ടില്ലാത്ത പ്രണയം.  ഇന്നേ വരെ അങ്ങനെ ഒരു പ്രണയം അവർക്കിടയിൽ ഉള്ളത് മറ്റാരും അറിഞ്ഞിരുന്നുമില്ല. ഉള്ളിൽ സൂക്ഷിക്കുന്ന ചില നിഗൂഢതകൾ എപ്പോഴും നല്ലതാണെന്ന തോന്നൽ ഇപ്പോൾ മനസ്സിൽ ശക്തമാകുന്നു.

അന്ന് പതിവിലും നേരത്തെ അവൾ ഉണർന്നു. കുളിച്ചു. നെറ്റിയിൽ ഏറെ നാളുകൾക്കു ശേഷം വലിയ ഒരു സിന്ദൂരപ്പൊട്ടു ചാർത്തി. കണ്ണുകൾ വാലിട്ടെഴുതി കറുപ്പിച്ചു. കണ്ണാടിയിൽ നോക്കിയിട്ട് തന്നെ ഏറെ നാളുകൾ കഴിഞ്ഞിരിക്കുന്നു. മങ്ങാത്ത മുഖഭംഗി ഇപ്പോഴും ബാക്കി നിൽക്കുന്നതിൽ അവൾക്കു അഭിമാനം തോന്നി.  

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അനന്തകൃഷ്ണൻ വരുന്നത്. ഓരോ മഴയോടൊപ്പം വരുമെന്ന്, ഓരോ മഞ്ഞു കാലത്തും വന്നു കുളിരായി പടരുമെന്ന് പലവട്ടം പറഞ്ഞും മാറ്റി വെച്ചും ഒരിക്കൽ പോലും വരാതെ കാത്തിരിപ്പ് മാത്രം നൽകുന്നു എന്ന  തന്റെ പരിഭവം ഇന്ന് തീരുന്നു.  

വന്നു കഴിഞ്ഞാൽ ചില കാര്യങ്ങളിൽ തീരുമാനം എടുക്കണം. ഒരുമിച്ച് ജീവിക്കാനുള്ള കരാറിൽ ഒപ്പ് വെയ്ക്കും മുൻപ്  മഞ്ഞച്ചരടിൽ കോർത്ത ഒരു താലി കഴുത്തിൽ ഇട്ടു തരണം എന്നതല്ലാതെ മറ്റ് യാതൊരു മോഹങ്ങളും ഇപ്പോൾ ഇല്ല. മോഹിക്കാൻ സ്വപ്നം കാണാൻ ഒക്കെ മറന്നു പോകുന്ന ഒന്നാണ് ചിലപ്പോൾ എങ്കിലും ഒരു സ്ത്രീയുടെ ജീവിതം. മനസ്സിൽ കാലം കോറിയിട്ട ഒരുപാട് മുറിവുകൾ ഉണ്ടാകും. അതിലെ ലേപനമാകാൻ അപൂർവ്വം ചിലരെ ജീവിതത്തിൽ കണ്ടു മുട്ടുന്നു. ഒരു നിയോഗം പോലെ. അവർക്കിടയിൽ വിശ്വസിക്കാവുന്നവർ  വളരെ കുറവാണ്..

പാതി വഴി നിർത്തി പടിയിറങ്ങി പോകുന്നവർ, തനിച്ചായാൽ ആ സ്ത്രീ വെറും ശരീരം മാത്രമാണെന്ന് ചിന്തിക്കുന്നവർ, ഏതു വിധേനയും പ്രലോഭനം നൽകി വലയിൽ വീഴ്ത്തി   ചവച്ചു തുപ്പി  കറി വേപ്പില പോലെ ഇട്ടെറിഞ്ഞു പോകുന്നവർ. ഓരോ മാട്രിമോണിയൽ കോളത്തിലും  ചതിയുടെ   ഒട്ടേറെ നീരാളി ക്കൈകളു ണ്ട്..

അനന്തകൃഷ്ണൻ അങ്ങനെ ഉള്ള ഒരാൾ അല്ലെന്നു ആരോ ഹൃദയത്തിൽ തൊട്ട് പറയും പോലെ.  ശിവകാമി വിദൂരതയിലേക്ക് മിഴി നട്ട് നിന്നു. അനന്തകൃഷ്ണൻ ജയഭാരത് എക്സ്പ്രസിൽ ആണ് വരുന്നത്. തീവണ്ടി എവിടെ എത്തി എന്ന്  അറിയാനുള്ള ആകാംക്ഷയോടെയാണ്   അവൾ അയാളുടെ നമ്പറിലേക്കു ഡയൽ ചെയ്തത്. ഫോണിൽ മറുപടിയായി കേട്ടത് നേർത്ത ഒരു പെൺ ശബ്ദമായിരുന്നു.

" ഹലോ.. ശിവകാമി അല്ലെ..അനന്തൻ ഫോൺ വെച്ചു മറന്നു.. ഞാൻ നിങ്ങളുടെ ചാറ്റുകൾ  കണ്ടു.. എന്റെ പേര്  നന്ദിത...അനന്തൻ അങ്ങോട്ട് പോന്നിട്ടുണ്ടല്ലോ. എത്താറായി കാണുമല്ലോ " ശിവകാമി ഒന്ന് നടുങ്ങി.

ഇതേ വരെ മൂന്നാമത് ഒരാൾ അറിയാത്ത  ഈ ബന്ധത്തെ കുറിച്ച് സംസാരിക്കുന്നതു ആരായിരിക്കും?

"ആരാ ണ്.. മനസിലായില്ലല്ലോ.." നേരിയ ഭയത്തോടെ അവൾ ചോദിച്ചു.

" ഇപ്പോൾ ശിവകാമി കാത്തിരിക്കുന്നത് പോലെ ഒരു ദിവസം ഞാനും അനന്തനെ കാത്തിരുന്നിട്ടുണ്ട് ഇപ്പോൾ അനന്തനോടൊപ്പം  ഒരുമിച്ച് ജീവിക്കുന്നു... കഴുത്തിൽ താലിയില്ല എന്ന് മാത്രം "

ശിവകാമി ഒന്ന് നടുങ്ങി. വീഴാതിരിക്കാൻ അവൾ ചുവരിൽ പിടിച്ചു.   പിന്നെ മെല്ലെ നടന്നു കട്ടിലിൽ പോയിരുന്നു.ചുറ്റു വട്ടത്താകെ ഇരുൾ വന്നു മൂടും പോലെ.

" കുട്ടി ഇപ്പോൾ എവിടെയാണ്?  "

"അദ്ദേഹം പറഞ്ഞ ഇടത്തേക്ക് ഒരു യാത്ര പോകുന്നു.. രാവിലെ അനന്തൻ എന്തോ നിസ്സാര കാര്യത്തിന് ചായക്കപ്പ് എറിഞ്ഞുടച്ചപ്പോഴാണ് അത് പോലെ ചിതറി പോയത് എന്റെ ജീവിതം കൂടിയാണല്ലോ എന്ന്.തോന്നിയത്..മനസ്സ് ഉടഞ്ഞു പോയി ഒരു ശരീരം മാത്രമായി ജീവി ക്കുന്നതിനേക്കാൾ ഭേദം അത് കൂടി ഇല്ലാതാക്കുന്നതല്ലേ..?" അവളുടെ ശബ്ദത്തിൽ ഗദ്ഗദം കലർന്നിരുന്നു.

"കുട്ടി അവിവേകം ഒന്നും കാണിക്കരുത്. എവിടെ ആണെന്ന് പറഞ്ഞാൽ ഞാൻ അങ്ങോട്ടേക്ക് വരാം.. ഇത് നമ്മളിൽ മാത്രമായി ഒതുങ്ങേണ്ട ഒരു പ്രശ്നം അല്ല.
ഇനി ഇത് പോലെ ഒരു നന്ദിതയോ ഒരു ശിവകാമിയോ ഭൂമിയിൽ ഉണ്ടാകാൻ പാടില്ല "  എവിടെ നിന്നോ കൈവന്ന ആത്മധൈര്യം അഗ്നി പോലെ മനസ്സിൽ ആളി പടരുന്നു.

"വേണ്ട ശിവകാമി.. ഞാൻ ചിലതൊക്കെ തീരുമാനിച്ചു കഴിഞ്ഞു... ജീവിതത്തിനും അപ്പുറത്തേക്കുള്ള  യാത്രയാണിത്.. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ജയഭാരത് എക്സ്പ്രസ്സ്‌ കടന്നു വരും.. അതിൽ കയറി ഒരു ലക്ഷ്യവും ഇല്ലാതെ യാത്ര ചെയ്യുന്നതിനേക്കാൾ ഭേദമല്ലേ എനിക്കും   പുഴ കടന്നെത്തുന്ന ആ തീവണ്ടിക്കും ഇടയിൽ ദൂരമേ ഇല്ലാതാകുന്നത്.?"

ശിവകാമി പിന്നെയും നടുങ്ങി. ദിഗ ന്തങ്ങൾ നടുക്കുന്ന ഇടിമുഴക്കവുമായി ഒരു തീവണ്ടി തന്നിലേക്ക് പാഞ്ഞു വരും പോലെ അവൾക്കു തോന്നി. മറുവശത്തു ഫോൺ നിശ്ശബ്ദമായിരിക്കുന്നു.. ഭൂമിയുടെ ഏതു അതിരിൽ ആകും അവൾ?  ഫോൺ എടുത്തു മാട്രിമോണി ഡിലീറ്റ് ആക്കാൻ ഒരുങ്ങുമ്പോൾ ആണ് രണ്ടു ദിവസം മുൻപ് അപ്ഡേറ്റ് ആക്കിയ അനന്തന്റെ പുതിയ പ്രൊഫൈൽ പിക്ചർ കണ്ട നായർ മാട്രിമോണിയലിൽ അവളുടെ കണ്ണുകൾ ഉടക്കിയത്.  

ഒരു നിശ്വാസത്തോടെ അവൾ നെറ്റിയിലെ സിന്ദൂരം മായ്ച്ചു. മുടിക്കെട്ടിൽ ചൂടിയ മുല്ല മാല അകലേക്ക്‌ വലിച്ചെറിഞ്ഞു.. പിന്നെ കിടക്കയിൽ മുഖം അമർത്തി കിടന്നു. ജനാലകളിലൂടെ കടന്നു വന്ന തണുത്ത കാറ്റ് അവളെ ചുട്ടു പൊള്ളിച്ചു. അവ ചേർത്തടയ്ക്കുമ്പോൾ ആണ് റോഡിലൂടെ ഒരു കൂട്ടം ആൾക്കാർ പാഞ്ഞു പോയത്.

"തീവണ്ടി ബോഗികൾ പാതി യിൽ ഏറെ മുങ്ങി പോയെന്നാണ് കേട്ടത്.. പാലത്തിന്റെ പകുതി വെച്ചല്ലേ പാളം തെറ്റിയത്.. മുങ്ങിപ്പോയ ബോഗിയിൽ ഉള്ളവരൊക്കെ പോയി കാണും" ആരോ ഓടുന്നതിനിടയിൽ  പറഞ്ഞു.

അറിയാതെ ശിവകാമി യുടെ കൈകൾ ടീവീ. റിമോട്ടിലേക്കു നീങ്ങി.. പ്രധാന വാർത്ത അത് തന്നെയാണ്.. ജയഭാരത് എക്സ്പ്രസ്സ്‌ പാളം തെറ്റിയിരിക്കുന്നു.200 പേരോളം മരിച്ചിരിക്കുന്നു.. അവരുടെ പേരുകൾക്കിടയിൽ അനന്തന്റെ പേരുണ്ടാകുമോ?  അതവൾക്ക് അറിയണം എന്നില്ലായിരുന്നു.ഇപ്പോൾ അത് അവളെ ബാധിക്കുന്ന പ്രശ്നമേ അല്ലാതായിരിക്കുന്നു.

ഒട്ടേറെ പ്രാർത്ഥനകളോടെ എന്നാൽ അതിലേറെ വെപ്രാളത്തോടെ അവൾ തിടുക്കത്തിൽ  ഇന്നലെ വരെ അനന്തന്റേതും ഇപ്പോൾ നന്ദിതയുടെ തുമായ്  മാറിയ നമ്പർ ഡയൽ ചെയ്തു..

കനത്ത ഉൾവിറയലോടൊപ്പം ഓരോ റിങ്ങിലും നോവുന്ന അവളുടെ  ഹൃദയമിടിപ്പുകൾ  അപ്പോൾ നന്ദിതയ്ക്ക് വേണ്ടി മാത്രമായിരുന്നു പ്രാർഥിച്ചത്.  അനന്തനെക്കുറിച്ച് അപ്പോൾ അവൾ ചിന്തിച്ചതേയില്ല.

Join WhatsApp News
Sudhir Panikkaveetil 2025-08-13 15:52:11
പ്രകൃതി ചെയ്ത ഒരു ചതി. പുരുഷൻ അത് പൂർണ്ണമാകുന്നു. സ്ത്രീക്ക് തോൽവിയാണു പതിവ്. അല്ലെങ്കിൽ അവൾ അക്രമകാരിയാകണം. കുറെ പേരെ കുരുതി കൊടുത്തെങ്കിലും അതിൽ ഒരു ദുഷ്ടന്റെ ജീവൻ പോകേണ്ടതായിരുന്നു. അത് പോയി കാണും. അതോ അയാൾ നീന്തി വരുമോ വീണ്ടും സ്ത്രീജന്മങ്ങൾക്ക് ശാപമായി. നന്ദിതയുടെ വിളി ഒരു ട്വിസ്റ്റാണ്. കഥ മോശമില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക