ഹരിതയെ, ഞാൻ കാണുമ്പോൾ തീരെ ചെറുപ്പമായിരുന്നു.
അലസമായി വാരിച്ചുറ്റിയ വെള്ള സാരിയും, അയഞ്ഞ ബ്ളൗസും,
നെറ്റിയിൽ ഭസ്മക്കുറിയും..
ഒരു യുവ യോഗിനിയെപ്പോലെ.!
നിതംബം മറഞ്ഞുകിടക്കുന്ന
മുടിയുടെ ഭാരംകൊണ്ടെന്നപോലെ മുന്നോട്ടല്പം കുനിഞ്ഞാണ് നില്പും നടപ്പും..
ചുണ്ടനങ്ങാതെയുളള
പതിഞ്ഞ സംസാരം, ആദ്യമൊന്നും ആ കുട്ടി പറയുന്നതൊന്നും
എനിക്കു വ്യക്തമാകുന്നുണ്ടായിരുന്നില്ല.
ഇരപത്തിനാലു വയസ്സുളള വിധവ.. ഒരു മകനുണ്ട്..
ഞാനൊക്കെ ജോലിക്കു കയറുന്നതിനു
മുമ്പായിരുന്നു,
മാനേജുമെന്റിന്റെ തൊഴിലാളിവിരുദ്ധ
നയങ്ങളിൽ പ്രതിഷേധിച്ച് തൊഴിലാളി സംഘടന ആഹ്വാനംചെയ്ത
ദിവസങ്ങൾ നീണ്ടുനിന്ന പണിമുടക്കു സമരം. ഹരിതയുടെ ഭർത്താവ് പ്രവീൺ ആ സമരത്തിന്റെ രക്തസാക്ഷിയായി. രാഷ്ട്രീയ നിറമില്ലാതെ ഭൂരിപക്ഷം തൊഴിലാളികളും അന്ന് സമരത്തിന്റെ ഭാഗമായി.
സമരം തുടങ്ങി ദിവസങ്ങൾ പിന്നിടുമ്പോഴും
മാനേജുമെന്റിന്റെ നിലപാടുകളിൽ മാറ്റംവരികയോ, അനുരഞ്ജനസംഭാഷണത്തിനു മുതിരുകയോ ചെയ്യാതെ
ഏതുവിധേനയും സമരം അടിച്ചമർത്തുകയെന്ന നിലപാടായിരുന്നു സ്വീകരിച്ചത്. സമരത്തിൽ പങ്കെടുത്തവരെ കളളക്കേസുകളിൽ കുടുക്കി, അറസ്റ്റുചെയ്യൽ തുടങ്ങിയ പ്രതികാരനടപടികളിലേക്ക് നീങ്ങുകയും ചെയ്തു. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായി.
ഹെഡോഫീസിനുമുമ്പിൽ പ്രതിഷേധപ്രകടനങ്ങൾ നടത്തിയ സംഘടനാ നേതാക്കളെ അറസ്റ്റുചെയ്തു.
ഇതിൽ പ്രതിഷേധിച്ചവരുടെ നേരെ പോലീസ് ലാത്തിവീശി. ലാത്തിച്ചാർജ്ജിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഹരിതയുടെ ഭർത്താവ് പ്രവീണിനെ
ആശുപത്രിയിൽ എത്തിക്കുന്നതിനുമുന്നേ മരിച്ചിരുന്നു.
സംഘടനയ്ക്ക്
പ്രബലനായ ഒരു രക്തസാക്ഷികൂടി..
മാനേജുമെന്റിന്റെ കടുംപിടുത്തമയഞ്ഞു. ഡിമാന്റുകളെല്ലാം അംഗീകരിച്ചു..
പണിമുടക്കു പിൻവലിച്ചു..
പകരംകൊടുക്കേണ്ടിവന്നത് ചുറുചുറുക്കുളള ഒരു ചെറുപ്പക്കാരന്റെ ജീവൻ. പ്രവീണിന്റെ ഭാര്യയ്ക്ക്, അവരുടെ
വിദ്യാഭ്യാസമനുസരി
ച്ച് സ്ഥാപനത്തിലൊരു ജോലി, മകന്റെ ഭാവികാര്യങ്ങൾക്കും
മറ്റുമായി ഒരു നിശ്ചിതതുക ബാങ്കു നിക്ഷേപം..സംഘടനയുടെ ആവശ്യവും മാനേജുമെന്റ് അംഗീകരിച്ചു.
കാണാൻ തരക്കേടില്ല,
നന്നേ ചെറുപ്പവും,
സ്ഥിരമായൊരു ജോലിയും..
പലരും വിവാഹാലോചനയുമായി വന്നിരുന്നു.
"ഈ ജന്മം ഇനിയിങ്ങനെതന്നെ. മകനെ വളർത്തി വലുതാക്കണം.. അതുമാത്രമാണ് ലക്ഷ്യം.."
ഓഫീസ് കാര്യങ്ങൾ കൃത്യതയോടെ ചെയ്തുകഴിഞ്ഞാൽ സ്വന്തം കസേരയിൽ കണ്ണടച്ചിരിക്കും..
ഒരു ഭാവവും മിന്നിമറയാത്ത ആ മുഖത്ത് നിസ്സംഗത മാത്രം..
ഒരു നിശബ്ദ ജീവി. ഒന്നുരണ്ടുവട്ടം ഹരിതയോടൊപ്പം ഓഫീസിൽവന്ന മകനെ ഞാൻ കണ്ടിട്ടുണ്ട്..
ശംഭു.. ചുരുളൻമുടിയുളള, മീശ മുളയ്ക്കാൻ തുടങ്ങിയ ആണൊരുത്തൻ..!
അവന്റെ പഠിത്തം അന്ന് പത്താം ക്ളാസ്സുവരെ എത്തിയിരുന്നു.... "ഒരുവിധം പഠിക്കുന്ന മോനാണ്.. ഞാനവനോട് നിർബന്ധിച്ച് പഠിക്കാനൊന്നും പറയില്ല മാഡം...
എല്ലാ വിഷയത്തിലും ജയിക്കണം, എനിക്കതുമതി."
ഓഫീസിന്റെ
പ്രധാന കവാടം കടന്നു കയറുമ്പോൾ ഉയരത്തിൽ വലിച്ചുകെട്ടിയ ബാനറുകൾ ഒന്നുരണ്ടെണ്ണം ദൃഷ്ടിയിൽ പെട്ടേക്കാം..
"രക്തസാക്ഷികൾ സിന്ദാബാദ്...
രക്തപതാക സിന്ദാബാദ്...
പ്രവീണടക്കം നാലു രക്തസാക്ഷികളുടെ ഫോട്ടോയുണ്ടതിൽ.. !
ഇടയ്ക്ക് ഒരാഴ്ച ഹരിത ഓഫീസിൽ വന്നില്ല.
മകനു വൈറൽ ഫീവറായിരുന്നത്രേ..
പനിമാറി, പഠിക്കാൻ പോയിത്തുടങ്ങിയതാണ്. വീണ്ടും പനിയും മറ്റ് ദേഹാസ്വാസ്ഥ്യങ്ങളും..
അങ്ങനെയാണ് കൂടുതൽ ടെസ്റ്റുകളൊക്കെ
നടത്തിയത്..
കിഡ്നികളിൽ ഒരെണ്ണം ശരിയായി പ്രവർത്തിക്കുന്നി
ല്ലേയെന്നൊരു സംശയം...!
എല്ലാവർക്കും വിഷമമായി. മോനുവേണ്ടി മാത്രം ജീവിക്കുന്ന ഒരമ്മ..!
എങ്ങനെ സഹിക്കും..
ഹരിത ഇടയ്ക്കിടയ്ക്ക് ലീവെടുത്തുകൊണ്ടിരുന്നു..
മകനു വലിയ ബുദ്ധിമുട്ടുകളൊന്നും തല്ക്കാലമില്ല, പനിവരാതെ നോക്കണമെന്നു
ഡോക്ടറു പറഞ്ഞെന്നു പറഞ്ഞു.. ചികിത്സാചിലവുകളുടെ ബില്ലുകൾ
ഓഫീസിൽനിന്ന് റീ-ഇമ്പേഴ്സ് ചെയ്തുകിട്ടുന്നുവെന്നത്
ആശ്വാസമായി..
"മോന് ഇനി പ്രശ്നമൊന്നുമുണ്ടാവില്ല, ഒരു കിഡ്നിയുളളത് നല്ല ഹെൽത്തിയാണ്. കുറഞ്ഞത് മുപ്പതുവർഷമെങ്കിലും അതു കൃത്യമായി പ്രവർത്തിക്കുമെന്ന് ഡോക്ടറു പറഞ്ഞു.. പിന്നെ, എന്റെ കിഡ്നി അവനു മാച്ചാണ്.. ആവശ്യംവന്നാൽ അത് എടുക്കാമെന്ന് ഡോക്ടർ പറഞ്ഞു..."
അകാലനര
കടന്നുകയറിയ അനുസരണയില്ലാത്ത
മുടി ഒതുക്കിവച്ച് ആശ്വാസത്തിന്റെ നെടുവീർപ്പ്...!
കുറച്ചുനാൾ ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടാവാതെ കടന്നുപോയി..
പിന്നെയും തുടങ്ങി, ഇടയ്ക്കിടെ പനിയും അസ്വസ്ഥതകളും...
"മറ്റേ കിഡ്നിയും ഡാമേജായിക്കൊണ്ടിരിക്കുന്നു.."
വെളളിടിപോലത്തെ വാർത്ത. കിഡ്നി ട്രാൻസ്പ്ളാന്റേഷൻ
താമസിയാതെ വേണം.."
അതിനുളള തയ്യാറെടുപ്പുകൾ..
ഓപ്പറേഷന്റെ തീയതിയും നിശ്ചയിച്ചു..
പക്ഷേ... വിധി അപ്പൊഴും ഹരിതയ്ക്കെതിരായിരുന്നു..
പെറ്റമ്മയുടെ കിഡ്നി ശംഭുവിന്
ദാനമായി സ്വീകരിക്കേണ്ടി വന്നില്ല..
ഓപ്പറേഷൻ നിശ്ചയിച്ചിരുന്ന
ദിവസം രാവിലെ ആ പയ്യന്റെ മരണവാർത്തയാണു ഞങ്ങൾ കേൾക്കുന്നത്...
ഹുദയസ്തംഭനം..!
ചെറുപ്പത്തിലേ
ഭർത്താവു മരിച്ചു, ഇപ്പോൾഒരേയൊരു മകനും..!
ഓഫീസിൽനിന്നു മിക്കവരും ശവദാഹത്തിനു സംബന്ധിക്കാൻ പോയി.
ഹരിതയുടെ സങ്കടം കാണാനുളള ത്രാണിയില്ലാത്തതുകൊണ്ട് ഞാൻ പിൻവലിഞ്ഞു കളഞ്ഞു..
ദിവസങ്ങൾ കഴിഞ്ഞ്, ആരെയും കൂട്ടാണ്ട് തനിച്ചൊന്നു പോയി.. അമ്മയും മകനും മാത്രം താമസിച്ചിരുന്ന വീട്ടിൽ ഹരിത ഒറ്റയ്ക്ക്....കരഞ്ഞു കരഞ്ഞു കണ്ണുനീർ വറ്റിയിട്ടുണ്ടാവണം..
മകന്റെ കുഞ്ഞുന്നാളിലെ കുസൃതികൾ, അവന്റെ ഇഷ്ടാനിഷ്ടങ്ങൾ,
മോനങ്ങനെയായിരുന്നു...മോനിങ്ങനെയായിരുന്നു..
എന്നോടങ്ങിനെ പറഞ്ഞുകൊണ്ടിരുന്നു.. കേഴ്വിക്കാരിയായി ഞാനും...
ആ വർഷത്തെ എന്റെ ട്രാൻസ്ഫർ തികച്ചും
അപ്രതീക്ഷിതമായിരുന്നു.
പോകാതിരിക്കാൻ പഴുതുകൾ തേടി.. മേലധികാരികളെ കണ്ടു സംസാരിച്ചപ്പോൾ,
" തല്ക്കാലികമായ ഒരറേഞ്ചുമെന്റാണ്,
ആറുമാസം കഴിഞ്ഞ് തിരിച്ച് അതേ സെക്ഷനിൽത്തന്നെ പോസ്റ്റിംഗ് തരാം."
കണ്ണടച്ചുതുറക്കുന്നതുപോലെ ആറുമാസമങ്ങനെ കഴിഞ്ഞു തിരിച്ചു പഴയ ലാവണത്തിലേക്കുവന്നപ്പോൾ..
ഹരിതയുണ്ടവിടെ. അമ്പരപ്പിക്കുന്ന രൂപത്തിലും ഭാവത്തിലും..
കളർസാരിയുടുത്ത്, കാതിലും, കഴുത്തിലും, കയ്യിലുമൊക്കെ സ്വർണ്ണാഭരണവുമൊക്കെയായി, പൊട്ടുകുത്തി, കണ്ണെഴുതി, സീമന്തക്കുറിയുമായി.
വിശ്വസിക്കാൻ കഴിഞ്ഞില്ല.
മരിച്ചുപോയ ചേച്ചിയുടെ ഭർത്താവിന്റെ ഭാര്യയായി,
അവരുടെ മക്കളെയും പരിപാലിച്ചുകൊണ്ട് സസുഖം വാഴുകയാണു ഹരിതയെന്നറിഞ്ഞു.
കാലംമായ്ക്കാത്ത മുറിവുകളില്ലല്ലോ..
നന്നായി...ഒരു ജീവിതമല്ലേയുളളൂ...
മനുഷ്യന്..
ജീവിച്ചു തീർക്കട്ടെ..!