ലൂസിഫര്‍’ എന്ന സിനിമയ്ക്ക് മൂന്നാംഭാഗമുണ്ടാവുമെന്ന സൂചന നൽകിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ‘എമ്പുരാന്‍’ തിയേറ്ററുകളിലെത്തിയപ്പോൾ വലിയ വിവാദത്തിന് കാരണമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നേരത്തേ പ്രഖ്യാപിക്കപ്പെട്ട മൂന്നാംഭാഗം ഉണ്ടാവുമോ എന്ന ആകാംക്ഷ സിനിമാ പ്രേക്ഷകര്‍ക്കിടയിലുണ്ട്. ഇതിനിടെയാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ മൂന്നാംഭാഗം ഉണ്ടാകുമെന്ന് മുരളി ഗോപി പറഞ്ഞത്.
‘എമ്പുരാനു’മായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന ചോദ്യത്തിനും മുരളി ഗോപി മറുപടി നല്‍കി. താന്‍ പ്രതികരിക്കേണ്ട ആവിശ്യം ഇല്ലാത്തതുകൊണ്ടാണ് മൗനമായിരുന്നത് . തന്റെ സിനിമയില്‍ ഉറച്ചുനില്‍ക്കുന്നു എന്നുള്ളതുകൊണ്ടാണ് മൗനം പാലിച്ചത്. സംസാരിക്കാനുള്ളത് തന്റെ ചിത്രം സംസാരിക്കും. സിനിമ സ്വയം സംസാരിക്കാനുള്ളപ്പോള്‍ താന്‍ എന്തിന് പ്രതികരിക്കണമെന്നും മുരളി ഗോപി ചോദിച്ചു.
‘ഒരുപാട് നിയന്ത്രണങ്ങളുള്ള ചുറ്റുപാടിലാണ് നമ്മള്‍ ജീവിക്കുന്നത്. വലിയ ജനാധിപത്യരാഷ്ട്രത്തില്‍ സ്വാതന്ത്ര്യത്തോടുകൂടി ജീവിക്കുന്നുവെന്നാണ് നമ്മളെ ധരിപ്പിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ അതല്ല, ഫ്രസ്‌ട്രേറ്റഡ് ആവില്ലെന്ന് പറയാന്‍ പറ്റില്ല. ആരായാലും ഫ്രസ്‌ട്രേറ്റഡ് ആവും. എന്നാല്‍ അതുമായി പൊരുത്തപ്പെട്ട് ജീവിക്കുക എന്നുമാത്രമേയുള്ളൂ. അത് ഞാന്‍ ചെയ്യാറുണ്ട്. ഒരു പരിധിയില്‍ കൂടുതല്‍ എന്നെ സ്വാധീനിക്കാന്‍ അനുവദിക്കാറില്ല’, മുരളി ഗോപി പറഞ്ഞു.