സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘പരം സുന്ദരി’. തുഷാർ ജലോട്ട ആണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റാണ് പുറത്ത് വരുന്നത്.
ഒരു റൊമാന്റിക് കോമഡി ജോണറിൽ പുറത്തിറങ്ങുന്ന സിനിമയുടെ ട്രെയ്ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കേരളത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. ഒരു പക്കാ റൊമാന്റിക് സിനിമയാകും ‘പരം സുന്ദരി’ എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.
ചിത്രം ആഗസ്റ്റ് 29 ന് തിയേറ്ററിലെത്തും. ട്രെയ്‌ലറിലെ മോഹൻലാൽ റഫറൻസ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കേരളത്തിൽ മോഹൻലാൽ തമിഴിൽ രജനികാന്തും തെലുങ്കിൽ അല്ലു അർജുനും കന്നഡയിൽ യഷും ആണ് മറ്റു സൂപ്പർസ്റ്റാറുകൾ എന്നാണ് ട്രെയ്‌ലറിൽ ജാൻവിയുടെ കഥാപാത്രം പറയുന്നത്. ചിത്രത്തിൽ സിദ്ധാർഥ് നോർത്ത് ഇന്ത്യനായും ജാൻവി മലയാളിയുമായിട്ടാണ് എത്തുന്നത്. പരം എന്ന കഥാപാത്രമായി സിദ്ധാർഥ് എത്തുമ്പോൾ സുന്ദരി ആയിട്ടാണ് ജാൻവി എത്തുന്നത്. ചിത്രത്തിലെ ആദ്യ ഗാനമായ ‘പർദേശിയ’ നേരത്തെ പുറത്തുവന്നിരുന്നു. ഒരു റൊമാന്റിക് മൂഡിൽ ഒരുക്കിയ ഗാനം പാടിയിരിക്കുന്നത് സോനു നിഗം, കൃഷ്ണകാലി സാഹ, സച്ചിൻ-ജിഗർ എന്നിവർ ചേർന്നാണ്. അമിതാഭ് ഭട്ടാചാര്യ ആണ് ഗാനത്തിനായി വരികൾ എഴുതിയിരിക്കുന്നത്. കേരളത്തിന്റെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്.