Image

ഗീതാഞ്ജലി (ഗീതം 103: അവസാന ഭാഗം- എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 16 August, 2025
ഗീതാഞ്ജലി (ഗീതം 103: അവസാന ഭാഗം- എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Geetham 103

In one salutation to thee, my God, let all my sensse spread out and touch this world at thy feet.

Like a rain- cloud of July hung low with its burden of unshed showers let all my mind bend down at thy door in one salutation to thee.
Let all my songs gather together their diverse strains into a single current and flow to a sea of silence in one salutation to thee.

Like a flock of homesick cranes flying night and day back to their mountain nests let all my life take its voyage to its eternal home in one salutation to thee.

ഗീതം 103

എല്ലാം പിന്നിട്ടു ഞാനീ ഭുവനനിവസനം വിട്ടിങ്ങു വന്നേനിതാ 
കാലാതീത പ്രദീപഛവിയില്‍ മമ ശരീരാര്‍പ്പണം ചെയ്‌വതിന്നായ്
സാഷ്ടാംഗം ഞാന്‍ നമീപ്പൂ തിരുസവിധമണഞ്ഞിട്ടചൈതന്യമാമീ –
നിസ്തബ്ധ ധ്വാനമായ്ത്തീര്‍ന്നൊരു മൃതതനുവായ് മല്‍പ്രഭോ ! ത്വല്‍പ്പദത്തില്‍.

പാഥോദം നീരഭാരാലവനമിതമിളംകാറ്റിലാന്ദോളിതം പോല്‍
വര്‍ഷാകാലത്തുലാസ്യം തിറമൊടു തുടരുും വാരിവാഹത്തിനെപ്പോല്‍
എന്നാത്മത്തെ പ്രണാമത്തൊടു തിരുസവിധേ അര്‍പ്പണം ചെയ്തിടുന്നേന്‍,
കൈക്കൊള്ളൂ ജീവനാഥാ! നിവഹമണയുമെന്‍ ചിത്തനൈവേദ്യമങ്ങ് !

എന്നാലാപങ്ങളൊന്നായൊരു നവസ്വരമാം ദുഃഖഗാനത്തിലുള്‍ച്ചേര്‍ 
ത്തങ്ങേക്കര്‍പ്പിപ്പു ഞാനീ പ്രണവനിനദമാമെന്‍ പ്രണാമം മഹേശാ!
കൈലാസപ്പൊയ്ക പൂകാന്‍ സതതമുഴറുമാ രാജഹംസത്തിനൊപ്പം
മൃതൂതീരത്തിലെന്‍ പ്രാണനൊരു ഹവനമായീശ്വരാ ! ചേര്‍ന്നിടട്ടെ!
……………………….
നിസ്തബ്ധം = മരിച്ച ധ്വാനം = ശബ്ദം പാഥോദം = മേഘം
അവനമിതം = കുനിഞ്ഞ വാരിവാഹം= മേഘം പ്രണവനിനദം = ഓങ്കാരശബ്ദം
കൈലാസപ്പൊയ്ക = ഹിമാലയപര്‍വ്വതത്തിലെ ഒരു കുളം
ഹവനം = യാഗം, ഹോമം
…………………….
ഗീതാഞ്ജലീ വിവര്‍ത്തനം ഇവിടെ സമാപിക്കുന്നു

രവീന്ദ്രനാഥ ടാഗോറും ഗീതാഞ്ജലിയും
എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍,ന്യൂയോര്‍ക്കു്
വിശ്വവിഖ്യാതനായ രവീന്ദ്രനാഥ ടാഗോര്‍ എന്ന
വിശ്വമഹാകവിയുടെ ഹൃദയവീണയില്‍ നിന്നൂര്‍ന്നിറങ്ങിയ
'ഗീതാഞ്ജലി' എന്ന നിത്യവിസ്മയത്തിനു് നൊബേല്‍
സമ്മാനം ലഭിച്ചതിന്റെ ഒന്നാം ശതാബ്ദിയില്‍, ആ ഗുരുദേവന്റെ
164ാം ജന്മ വര്‍ഷത്തില്‍, ദിവംഗതനായതിന്റെ 84 –ാം
വത്സരത്തില്‍, ആ മഹത് ജീവിതത്തിലൂടെയും അദ്ദേഹത്തിന്റെ
കൃതികളിലൂടെയും ഒരു തിരനോട്ടം നടത്തുകയാണു്. ആ
വിശ്വമഹാകവിയുടെ കവിതകളിലെ സ്വരലയം, വാക്കുകളുടെ
ചിറകടിയൊച്ച, വിശ്വദര്‍ശനത്തിന്റെ മാസ്മരികത, ദിവ്യമായ
ഒരു കാവ്യഗംഗാപ്രവാഹം – ഇതെല്ലാം ഒത്തിണങ്ങുന്ന അമൂല്യ
രചനയാണു് ഗീതാഞ്ജലി.

രവീന്ദനാഥ ടാഗോര്‍ തന്റെ പല കൃതികളില്‍നിന്നുമായി ഐകരൂപ്യമുള്ള 103 കവിതകള്‍ തെരഞ്ഞെടുത്ത് ഒരുനോട്ടുബുക്കില്‍ പകര്‍ത്തിവച്ച, പുതിയ സമാഹാരത്തിനു്'ഗീതാഞ്ജലി' എന്നു പേരുമിട്ടു.

1910 ല്‍ ബംഗാളി ഗീതാഞ്ജലി പ്രസിദ്ധീകരിച്ചു.
1912 ല്‍ ഇംഗ്ലീഷ് ഗീതാഞ്ജലി യും പ്രസിദ്ധീകൃതമായി.
1911 ല്‍ രവീന്ദ്രനാഥ ടാഗോറിന്റെ 50 ാം വയസില്‍
അവിശ്രമമായ പൊതുപ്രവര്‍ത്തനങ്ങളുടെയും നിരന്തരമായ
സാഹിത്യ പരിശ്രമത്തിന്റെയും ഫലമായി ആരോഗ്യം
മോശപ്പെട്ടു വന്നതിനാല്‍ പത്മാതീരത്തെ പഴയ ഷെലിഡയില്‍
വിശ്രമജീവിതം നയിക്കാന്‍ നിശ്ചയിച്ചു. സുഹൃത്തുക്കളുടെ
നിര്‍ബന്ധപ്രകാരം അദ്ദേഹം തന്റെ ബംഗാളി ഗീതാഞ്ജലി
കവിതകള്‍ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി. ഇംഗ്ലണ്‍ടില്‍
താമസിക്കുന്ന പല സ്‌നേഹിതന്മാരും രവീന്ദ്രനാഥ് അവിടുത്തെ
സാഹിത്യകാരന്മാരുമായി പരിചയപ്പെടുന്നതു
നന്നായിരിക്കുമെന്നും കവിതാവിവര്‍ത്തനങ്ങളുമായി അങ്ങോട്ടു
ചെല്ലണമെന്നും തുടരെത്തുടരെ നിര്‍ബന്ധമായി എഴുതി.
ഒരുക്കിവച്ച കവിതാസമാഹാരവുമായി ടാഗോര്‍
ഇംഗ്ലണ്‍ടിലേക്കു പോയി. ഇംഗ്ലണ്‍ടിലെ ഒരു പ്രശസ്ത
ചരിത്രകാരനായ റോഥന്‍സ്റ്റൈനെ ചെന്നു കു, അദ്ദേഹം
ഇന്‍ഡ്യ സന്ദര്‍ശിച്ചപ്പോള്‍ ടാഗോറിനെ സന്ദര്‍ശിച്ചിട്ടു്.
റോഥന്‍സ്റ്റൈന്‍ കവിതകള്‍ വായിച്ചുനോക്കി. മൂന്നു കോപ്പികള്‍
എടുത്ത് യേറ്റ്‌സിനും, സ്റ്റാഫോര്‍ഡ് ബ്രൂക്കിനും ബ്രാഡ്‌ലിക്കും
അയച്ചുകൊടുത്തു. എറെത്താമസിയാതെ റോഥന്‍സ്റ്റൈന്‍
ലന്‍ സാഹിത്യകാരന്മാരെ തന്റെ വീട്ടില്‍ വിളിച്ചുകൂട്ടി, ഒരു
സുഹൃത്‌സമ്മേളനം നടത്തി. ഗീതാഞ്ജലിയുടെ മേന്മയെയും
ഉദാത്തമായ ഭാവത്തെയും അവിടെ കൂടിയിരുന്നവരെല്ലാം
ഒരുപോലെ പ്രശംസിച്ചു. ടാഗോറിനെ ബഹുമാനിക്കാന്‍
ദിവസങ്ങള്‍ക്കകം പ്രശസ്ത സാഹിത്യകാരന്മാരെയെല്ലാം പങ്കെടുപ്പിച്ച് ഒരു
സ്വീകരണസമ്മേളനം ഏര്‍പ്പെടുത്തി. ഈശ്വരപ്രേമം തുളുമ്പുന്ന
ടാഗോര്‍ കവിതകള്‍ ഏവരുടെയും
മുക്തകണ്‍ഠപ്രശംസയ്ക്കു പാത്രമായി. ഇംഗ്ലണ്‍ടിലും
അമേരിക്കയിലും സാമാന്യം നല്ല പ്രചാരമുള്ള 'പോയട്രി'
എന്ന മാസികയില്‍ ടാഗോര്‍ കവിതകളെപ്പറ്റിയുള്ള ലേഖനങ്ങള്‍
വന്നു തുടങ്ങി. ഗീതാഞ്ജലി യുടെ 750 കോപ്പികള്‍ 1912 നവമ്പര്‍
1 നു സുഹൃത്തുക്കള്‍ പ്രസിദ്ധപ്പെടുത്തി. അമേരിക്കയിലെ
പ്രസിദ്ധ സാഹിത്യകാരന്മാര്‍ക്കെല്ലാം കോപ്പികള്‍
അയച്ചുകൊടുത്തു, ഇന്‍ഡ്യയിലും ഏതാനും കോപ്പികള്‍
വിതരണം ചെയ്തു.

സ്വീകരണങ്ങളും സന്ദര്‍ശനങ്ങളും പ്രഭാഷണങ്ങളുമായി
നാലുമാസം ടാഗോര്‍ ഇംഗ്ലണ്‍ടില്‍ കഴിച്ചുകൂട്ടിയശേഷം
അമേരിക്കന്‍ പര്യടനവും മറ്റും നടത്തി 16 മാസത്തെ
പ്രവാസത്തിനുശേഷം 1913 സെപ്റ്റമ്പറില്‍ ഇന്‍ഡ്യയില്‍
മടങ്ങിയെത്തി. 1913 നവമ്പര്‍ 13നു് അക്കൊല്ലത്തെ
സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ഗീതാഞ്ജലിക്കു
ലഭിച്ചു എന്ന സന്തോഷവാര്‍ത്ത ലോകം ശ്രവിച്ചു. ഏഷ്യയില്‍ നോബല്‍
സമ്മാനത്തിനു് ആദ്യമായി അര്‍ഹനായത് രവീന്ദ്രനാഥ
ടാഗോറാണു്. ് സഞ്ചാരപ്രിയനായിരുന്ന രവീന്ദ്രനാഥ ടാഗോര്‍
17 ാം വയസുമുതല്‍ യൂറോപ്പിലും അമേരിക്കയിലും
ഏഷ്യയിലുമായി 15 തവണ പര്യടനം നടത്തി, 10
കൊല്ലമെങ്കിലും വിദേശരാജ്യങ്ങളില്‍ അദ്ദേഹം
താമസിച്ചിട്ടുാവും. എവിടെ യാത്ര ചെയ്താലും
അദ്ദേഹം, പാദം വരെ ഇറങ്ങിക്കിടക്കുന്ന നീല മേലങ്കി,
തലയില്‍ ഉയര്‍ന്നു നില്‍ക്കുന്ന മനോഹരമായ നീലത്തൊപ്പി 
ബംഗാളിലെ മഹാകവികളുടെ അന്തസ്സുറ്റ അലങ്കാരവേഷം 
അണിഞ്ഞിരുന്നു
പുരുഷാര്‍ത്ഥങ്ങളെല്ലാം നേടിക്കഴിഞ്ഞു
പ്രശസ്തിയിലിരിക്കുമ്പോണു് 80 ാം വയസില്‍ 1941 ഓഗസ്റ്റ് 7 നു്
ലോകത്തോട് അദ്ദേഹം അന്ത്യയാത്ര പറഞ്ഞത്.
നിഗൂഢമായ, ദിവ്യരഹസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന,
അപൂര്‍വ്വ ജ്ഞാനികള്‍ക്കു മാത്രം സുഗ്രഹമായ
നിഗൂഢാര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന മിസ്റ്റിക്ക്
കവിതകളായിരുന്നു രവീന്ദ്രനാഥ
ടാഗോറിന്റെ കവിതകള്‍ എല്ലാം തന്നെ. രായിരത്തോളം
ഗാനങ്ങള്‍, 10 12 നോവലുകള്‍, 20 ലേറെ നാടകങ്ങള്‍,
നൂറില്‍പ്പരം ചെറുകഥകള്‍, പതിനായിരക്കണക്കിനു പദ്യങ്ങള്‍,
ഉള്‍ക്കൊള്ളുന്നതാണു് ഗുരുദേവ് ടാഗോറിന്റെ സാഹിത്യ
സാമ്രാജ്യം. വിശ്വഭാരതി അദ്ദേഹത്തിന്റെ കൃതികള്‍ 24
വാല്യങ്ങളിലായി സമാഹരിച്ചു പ്രസിദ്ധപ്പെടുത്തി. രവീന്ദ്രനാഥ്
1890 ല്‍ 29 ാം വയസ്സില്‍ രചിച്ച 'ജനഗണമന' എന്ന ബംഗാളി
ഗാനം 1950 ല്‍ ഇന്‍ഡ്യയുടെ ദേശീയഗാനമായി അംഗീകരിച്ചു.
അഞ്ചു ഖണ്ഡങ്ങളുള്ള ഗാനത്തിന്റെ ഒന്നാം ഖണ്ഡം
മാത്രമാണു് സാധാരണയായി ഉപയോഗിച്ചുവരുന്നത്.
ഗീതാഞ്ജലി എന്ന ആ പുണ്യതീര്‍ത്ഥം എന്റെ
കൈക്കുടന്നയില്‍ കോരിയെടുക്കുവാന്‍ ശ്രമിച്ചത്
അവിവേകമായിപ്പോയോ എന്നു ഞാന്‍ ആദ്യം സന്ദേഹിച്ചു.
എന്നാല്‍ ആദ്ധ്യാത്മികതയുടെ പരമവൈശിഷ്ട്യം വിളമ്പരം
ചെയ്യന്ന ആ ദിവ്യപ്രഭാവത്തെ എന്റെ ഹൃദയചഷകത്തില്‍
ആവോളം നിറച്ചു നിര്‍വൃതി നേടുവാന്‍ ശ്രമിച്ചപ്പോള്‍
ഈശ്വരസാന്നിദ്ധ്യത്തിന്റെ അലകള്‍ എന്റെ ഹൃദയത്തില്‍
ഉയരുന്നതായും ഒരപ്രമേയ ശക്തി എന്നില്‍
വിലയിക്കുന്നതായും ഞാന്‍ അനുഭവിച്ചറിഞ്ഞു. കഠിനവ്യഥ
സ്ഫുരിക്കുന്നതും ഈശ്വരപ്രേമത്തിന്റെ സാത്വികതയും,
മനുഷ്യത്വത്തിന്റെ മാധുര്യവും, ശൈശവത്തിന്റെ
നൈര്‍മ്മല്യവും, സൗന്ദര്യത്തിന്റെ ശബളിമവും
നിറഞ്ഞുതുളുമ്പുന്ന അനവദ്യപ്രവാഹമായ ഗീതാഞ്ജലി
എന്ന മഹാതീര്‍ത്ഥത്തിന്റെ കവിതാവിവര്‍ത്തനത്തില്‍
ഏര്‍പ്പെട്ടപ്പോഴെല്ലൊം ആ വിശ്വകവിയെ ധ്യാനിച്ചുകൊു
മാത്രമേ എനിക്കു രചന തുടങ്ങുവാന്‍ സാധിച്ചുള്ളു. ഇത് എന്റെ
ആത്മാവിന്റെ ദാഹമായി്, ജീവിതാഭിലാഷമായി, എന്റെ
എളിയ പരിമിതിക്കുള്ളില്‍നിന്നും മലയാള നീര്‍ച്ചോലകള്‍ക്കും
വളരെയകലെനിന്നും എന്റെ ഭാഷയില്‍ ഈ
യത്‌നം പൂര്‍ത്തീകരിക്കുകയെന്നത് എത്ര
വിജയിച്ചുവെന്നു പറയുവാന്‍
എനിക്കാവില്ല, പക്ഷേ ഈശ്വരചൈതന്യം അനുസ്യൂതം
എന്നെ പിന്തുടര്‍ന്നുവെന്നു് നിസംശയം പറയാനാവും.
ഗീതാഞ്ജലിയിലെ 103 ഗീതങ്ങളില്‍ ആദ്യത്തെ 50
ഗീതങ്ങള്‍ പഞ്ചചാമരം വൃത്തത്തില്‍ 195 കവിതകളിലായാണു്
ഞാന്‍ കോര്‍ത്തെടുത്തത്. ബാക്കി 53 ഗീതങ്ങള്‍ കേക,
ഇന്ദ്രവജ്ര, സര്‍പ്പിണി, ഉപജാതി, ശാര്‍ദ്ദൂലവിക്രീടിതം, സ്രഗ്ദ്ധര
എന്നീ വൃത്തങ്ങളില്‍ 253 ല്‍പ്പരം ശീലുകളിലായി
ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഗീതാഞ്ജലി എന്ന
ദിവ്യതീര്‍ത്ഥത്തിന്റെ കുളിരലയില്‍ അലിഞ്ഞുചേരാതെ അതിന്റെ
ഓരോ പാദത്തിലൂടെയും കടന്നുപോകാന്‍ സാദ്ധ്യമല്ലാത്തവിധം
വശ്യത അതില്‍ നിറഞ്ഞുതുളുമ്പിനില്‍ക്കുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി
www.emalayalee.com website ലൂടെ ഗീതാഞ്‌ലിയുടെ
English കൃതിയില്‍ നിന്നുമുള്ള എന്റെ എട്ടു വര്‍ഷത്തെ
തീവ്രയത്‌നഫലമായ വൃത്തബദ്ധമായ മലയാള കാവ്യ
വിവര്‍ത്തനം പ്രസിദ്ധീകരിച്ചു വന്നിരുന്നതിനു്
ഇവിടെ പരിസമാപ്തി കുറിക്കുകയാന്നു. ഇമെയിലിലൂടെയും
ഫോണിലൂടെയും അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും
നല്‍കിയ എവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ കൃതജ്ഞത
അര്‍പ്പിക്കട്ടെ! കൂപ്പുകൈ !!

കവയിത്രിയെപ്പറ്റി:

നീലഗിരി കൂനൂര്‍ സ്റ്റെയിന്‍സ് ഹൈസ്‌ക്കൂള്‍, കടമ്പനാട് ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപികയായിരുന്നു. 1970 ല്‍ വിവാഹത്തിനു ശേഷം ന്യൂയോര്‍ക്കിലെത്തിയ എല്‍സി അദ്ധ്യാപനത്തിലും, കെമിക്കല്‍ എന്‍ജിനീയറിംഗിലും മാസ്റ്റര്‍ ബിരുദങ്ങള്‍ നേടി. ന്യൂയോര്‍ക്കു് നാസാ കൗണ്‍ടി ഡിപ്പാര്‍ട്ടുമെന്റ് ഓഫ് പബ്ലിക്ക് വര്‍ക്ക്‌സില്‍ എന്‍ജിനീയറായി 34 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം 2006 ല്‍ വിരമിച്ചു. ഇപ്പോള്‍ സാഹിത്യ, സമുദായിക, സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ കൂടുതല്‍ വ്യാപൃതയാണു്. അമേരിക്കയിലും, കേരളത്തിലുമായി നിരവധി ആനുകാലികങ്ങളില്‍ മലയാളത്തിലും ഇംഗ്ലീഷിലും കവിതകളും, ചെറുകഥകളും, ലേഖനങ്ങളും,.
പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇതിനോടകം 12 കവിതാ സമാഹാരങ്ങളും രണ്‍ടു ലേഖന/കഥാ സമാഹാരങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുള്ള ശ്രീമതി എല്‍സിയെ തേടി 20 ല്‍ പരം അവാര്‍ഡുകളും സാഹിത്യപ്രതിഭ എന്ന ബഹുമതിയും എത്തിയിട്ടുണ്ട്‌.

പത്തനംതിട്ട ജില്ലയിലെ കടമ്പനാട് ഗ്രാമത്തിലാണു് എല്‍സിയുടെ ജനനം.
പിതാവ് (പരേതന്‍) റിട്ടയേര്‍ഡ് ഹൈസ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ താഴേതില്‍ റ്റി.ജി.
തോമസ്, മാതാവ് (പരേത) തങ്കമ്മ., ഏഴു സഹോദരങ്ങള്‍.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ പ്രഥമ
വൈദികനും, പ്രഥമ കോറെപ്പിസ്‌ക്കോപ്പായും, അമേരിക്കയില്‍ നിരവധി
ദേവാലയങ്ങള്‍ രൂപീകരിക്കുവാന്‍ നേതൃത്വം നല്‍കുകയും, വിവിധ
ദേവാലയങ്ങളിലെ വികാരിയായും, മലങ്കര സഭാ മാനേജിംഗ് കമ്മറ്റി അംഗമായും, സഭാതലത്തില്‍ വിവിധ നേതൃസ്ഥാനങ്ങള്‍ അലങ്കരിക്കയും ചെയ്ത, പരേതനായ വെരി. റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പായുടെ
സഹധര്‍മ്മിണിയാണു് ശ്രീമതി എല്‍സി യോഹന്നാന്‍.
മക്കള്‍: മാത്യു യോഹന്നാന്‍ ഇ്രന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍), തോമസ് യോഹന്നാന്‍
(കോര്‍പ്പറേറ്റ് അറ്റോര്‍ണി).

(Yohannan.elcy@gmail.com)

Read More: https://www.emalayalee.com/writers/22


 

Join WhatsApp News
Sudhir Panikkaveetil 2025-08-17 01:49:15
വളരെ അനുമോദനാർഹമായ ഒരു ഒരു സാഹിത്യരചനയാണ് ശ്രീമതി എൽസി യോഹന്നാൻ ശങ്കരത്തിൽ നിർവ്വഹിച്ചിരിക്കുന്നത്. സാഹിത്യാഭിരുചിയുള്ളവർക്ക് ഗീതാജ്ഞലി ഒരു പ്രചോദനമാണ്. വരികളുടെ അർത്ഥഭംഗി ചോർന്നു പോകാതെ വൃത്തമൊപ്പിച്ച് ഈ കാവ്യം മുഴുവൻ പൂർത്തിയാക്കിയതിൽ അമേരിക്കൻ മലയാളികൾക്കും അഭിമാനിക്കാം, വിശ്വപ്രസ്തമായ ഈ കാവ്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്തുകൊണ്ട് മലയായല്ല ഭാഷയെയും അവർ സമ്പന്നമാക്കി. നാട്ടിലെ എഴുത്തുകാരെ അംഗീകരിക്കാൻ നടക്കാൻ ഇവിടത്തെ സംഘടനകൾ ഇത് കാണുകയില്ലായിരിക്കും. പക്ഷെ ഇവിടത്തെ സാഹിത്യാഭിരുചിയുള്ള എഴുത്തുകാർ ഈ കൃതി അവരുടെ ഓർമ്മയിൽ സൂക്ഷിക്കും. അഭിനന്ദനങ്ങൾ പെങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക