ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിക്കുന്നവരെ വിമർശിച്ച് നടി കങ്കണ റണൗട്ട്. ഡേറ്റിംഗ് ആപ്പുകളിൽ ഒരു പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യമാണെന്ന് കങ്കണ പറഞ്ഞു. ഒരിക്കലും ഡേറ്റിംഗ് ആപ്പുകളിലായിരിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ലെന്നും കങ്കണ വ്യക്തമാക്കി.
‘എല്ലാ സ്ത്രീകൾക്കും പുരുഷന്മാർക്കും ആവശ്യങ്ങളുണ്ട്. എന്നാൽ, നമ്മൾ അവയെ എങ്ങനെ പരിഹരിക്കും എന്നതാണ് ചോദ്യമെന്നും ഡേറ്റിംഗ് എന്ന പേരിൽ ആരെയെങ്കിലും തേടി എല്ലാ ദിവസവും രാത്രി വീട് വിട്ട് ഇറങ്ങിപ്പോകുന്ന ഭയാനകമായ സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്’, കങ്കണ റണൗട്ട് പറഞ്ഞു.
‘ആത്മവിശ്വാസം ഇല്ലാത്ത, ജീവിതത്തിൽ പരാജിതരാണെന്ന് സ്വയം ചിന്തിക്കുന്ന ആളുകളെയാണ് ഇത്തരം പ്ലാറ്റ്ഫോമുകൾ ആകർഷിക്കുന്നത്. ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്ന ആളുകളുമായി ഇടപഴകുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ലിവ് ഇൻ ബന്ധങ്ങൾ സ്ത്രീകൾക്ക് പിന്തുണയോ എന്തെങ്കിലും തരത്തിലുള്ള പ്രയോജനമോ നൽകില്ല. ഒരു ലിവ്-ഇൻ ബന്ധത്തിൽ ഗർഭിണിയായാൽ ഗർഭഛിദ്രം നടത്താനോ പരിപാലിക്കാനോ ആരും ഉണ്ടാകില്ല. ഏതൊരു സ്ത്രീയെയും ഗർഭിണിയാക്കി ഓടിപ്പോകാൻ കഴിയുന്ന വേട്ടക്കാരാണ് പുരുഷന്മാർ’, കങ്കണ റണൗട്ട് കൂട്ടിച്ചേർത്തു.