പ്രണയ വർണ്ണങ്ങൾ നിറഞ്ഞു നിൽക്കുന്നൊരീ
പ്രണയ ചാരുത തീർത്തൊരു ചിത്രമായ്.
മഞ്ഞു പെയ്യുന്ന മലനിരയ്ക്കപ്പുറം
മധുര സ്വപ്നങ്ങൾ പകരുമീ വേളയിൽ..
സ്മൃതികളിൽ മങ്ങാതെ മിന്നി നിൽക്കുന്നു
കാലം നിറം ചേർത്ത സ്നേഹ ചിത്രങ്ങളായ്
നിറയും നിലാവിന്റെ നിറമാർന്ന തൂലിക..
വാനിൽ വരച്ചിട്ട പ്രണയ കാവ്യങ്ങളായ്...
പ്രണയഗാനം തീർത്ത മധുരമാം വീണയിൽ
അരികു ചേർന്നെന്റെ ശ്രുതിയായി നിൽക്കുക
ഒരു തലോടലായ് ഓർമ്മ തൻ തീരത്ത്
ഒരു വട്ടമിന്നു നാം സ്നേഹമായ് മാറുക...
സ്മൃതിപഥങ്ങളിൽ ഇന്നും നിറയുന്നു
മധുര നൊമ്പരം പകരും സ്മരണകൾ
ഇതൾ വിടർത്തിപ്പിന്നെ എന്നോ കൊഴിഞ്ഞൊരു
മുല്ലമൊട്ടിന്റെ തരളമാം ഓർമ്മകൾ..
..
നിനവിലും കനവിലും നെയ്തു തീർത്തെത്രയോ
വർണ്ണം നിറയുന്ന സ്വപ്നകൂടാരങ്ങൾ..
ഇതുവരെ പാടാത്ത സ്നേഹാർദ്രഗാനത്തിൽ
ഈണം പകർന്നു നാം പാടിയ പാട്ടുകൾ..
കദനം തുളുമ്പുന്ന നിന്റെ നീലാഭമാം
മിഴികളിൽ മിന്നിത്തിളങ്ങിയ വർണ്ണങ്ങൾ..
ഇന്നുമെൻ സ്മൃതികളിൽ മായാതെ നിൽക്കുന്നു
ഓർമ്മകൾക്കപ്പുറം നിന്റെയാ പുഞ്ചിരി..