വിശാലമായ ആ വരാന്തയിൽ കൂടി ഞാൻ ആ മനുഷ്യനൊപ്പം നടന്നു. അദ്ദേഹം എന്നോട് അവിടുത്തെ വിശേഷങ്ങൾ ഓരോന്ന് പറയുന്നുണ്ടായിരുന്നു. കുറ്റവാളികളേപ്പറ്റിയും സാഹചര്യത്തെ ളിവുകൊണ്ട് മാത്രം പിടിക്കപ്പെട്ട നിരപരാധികളേപ്പറ്റിയും പിന്നെ വിദ്യാഭ്യാസം പകുതി വഴിക്ക് നിലച്ചുപോയ ജുവനയിൽ ഹോമിലെ അന്തേവാസികളായ കുട്ടിക്കുറ്റവാളികളേപ്പറ്റിയുമൊക്കെ ജയിലർ ഇമ്മാനുവൽ തുടർച്ചയായി എന്നോട് സംസാരിച്ചുകൊണ്ടിരുന്നു.
വലിയ ഏത്തവാഴക്കുല കിട്ടുന്ന സാൻസിബാർ ഏത്തവാഴകൃഷിയേപ്പറ്റിയും അത് ജയിലിൽ മാത്രമേ ലഭ്യമാവുകയുള്ളൂ എന്നതിനേപ്പറ്റിയുമൊക്കെ അദ്ദേഹം എന്നോട് അഭിമാനപൂർവ്വം പറഞ്ഞു കൊണ്ടിരുന്നു.
ജയിലിൽ വലിയതോതിൽ കൃഷി നടക്കുന്നുണ്ട്. സാൻസിബാർ ഏത്തവാഴ മാത്രമല്ല മൂന്നാം വർഷം കായിക്കുന്ന മലേഷ്യൻകുള്ളൻ തെങ്ങ്, മുട്ടൻവരിക്ക പ്ലാവ്, ചേന കപ്പ, പച്ചക്കറികൾ അങ്ങനെ പലതും. അന്തേവാസികൾ കൃഷിയിൽ സംതൃപ്തി കണ്ടെത്തുന്നുണ്ട്. അത് അവിടമെമ്പാടും കാണാമായിരുന്നു.
“ഇവിടെ ഉള്ള കുറ്റവാളികൾ മിക്കവരും സാഹചര്യത്തോട് പൊരുത്തപ്പെട്ട് മാനസാന്തരം വന്നവരാണ്” അദ്ദേഹം പറഞ്ഞു.
“മർദ്ദന മുറകൾ വേണ്ടി വരാറുണ്ടോ. ഇടയ്ക്കൊക്കെ”. ഞാൻ ചോദിച്ചു. എന്റെ മനസ്സിൽ യാത്ര എന്ന സിനിമയിലേ രംഗങ്ങൾ നിറഞ്ഞു നിന്നു.
“നമ്മൾ ജീവിക്കുന്നത് ഇരുപത്തിഒന്നാം നൂറ്റാണ്ടിലല്ലേ. അല്ലാതെ തൊള്ളായിരത്തി എണ്പത്തഞ്ചിലല്ലല്ലോ” ഇമ്മാനുവൽ എന്നെ ഒന്ന് കുത്തിപ്പറഞ്ഞു.
“ഇംഗ്ലീഷ് സിനിമകൾ കണ്ട് നല്ല ശീലമുണ്ടല്ലേ?” ഇമ്മാനുവൽ ചോദിച്ചു.
“കുറച്ച് “ ഞാൻ പറഞ്ഞു.
“ആഹ്. ഗ്വാണ്ടിനാമോ തടവറയല്ല നമ്മുടെ ജയിലുകൾ. പലർക്കും അത് അറിഞ്ഞു കൂടാ.” ഇമ്മാനുവൽ പറഞ്ഞു.
“ഇംഗ്ലീഷ് സിനിമകളിലെ തടവറകൾ മനസ്സിൽ വച്ച് നമ്മുടെ ജയിലുകളെ വിലയിരുത്തരുത്”. ഇമ്മാനുവൽ തുടർന്നു.
“ഇത് ഒരു തടവറ അല്ല. ഇതിനെ ഒരു പരിവർത്തനകേന്ദ്രം എന്ന് വിശേഷിപ്പിക്കാനാണ് ഞാൻ താല്പര്യപ്പെടുന്നത്. കാരണം ഇവിടെ വലിയൊരു മാനസിക പരിവർത്തനം നടക്കുന്നുണ്ട്. കാലംകൊണ്ടും അനുഭവവും കൊണ്ടും സഹകരണം കൊണ്ടും. ഇവിടെ പല പ്രകാരത്തിനുള്ള ആക്ടിവിറ്റീസ് നടക്കുന്നുണ്ട്. ധ്യാനം, ഉപവാസം, സന്നദ്ധ സംഘടന പ്രവർത്തകരുടെ ഇടപെടലുകൾ, സത്സംഗങ്ങൾ, പ്രഭാഷണ പരമ്പരകൾ അങ്ങനെ പല ട്രെയിനിങ് പ്രോഗ്രാമും ഇതിനൊപ്പം നടക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മിക്കവാറും ജീവപര്യന്തം കുറ്റവാളികൾ വീണ്ടും ഒരിക്കൽ കൂടി ഈ ജയിലിലേക്ക് തിരിച്ചു വരാൻ താല്പര്യപ്പെടാറില്ല. കാരണം അവർക്ക് നഷ്ടപ്പെട്ടുപോയ ആഘോഷങ്ങൾ വ്യക്തിബന്ധങ്ങൾ കുടുംബബന്ധങ്ങൾ ഇതെല്ലാം വലിയൊരു നഷ്ടമായി തന്നെ അവരുടെ മനസ്സിൽ ഉണ്ടാവും.
മനുഷ്യൻ ഒരു സാമൂഹിക ജീവിയാണല്ലോ. അവന് ഉത്സവങ്ങളും ആഘോഷങ്ങളും കല്യാണങ്ങളും ബന്ധുവീട് സന്ദർശനങ്ങളും എല്ലാം താൽപര്യപ്പെടുന്ന കൂട്ടത്തിലാണ്. അതൊക്കെ നഷ്ടപ്പെട്ട് വീണ്ടും ഒരിക്കൽകൂടി ഇവിടേക്ക് വരാൻ ആരും താല്പര്യപ്പെടുകയില്ല. ദീർഘകാലം ജയിലിൽ കിടക്കുന്നവർക്ക് ഉചിതമായ ട്രെയിനിങ് നമ്മൾ കൊടുക്കുന്നുണ്ട്. അതിൻറെ ഫലം അവരിൽ കാണാനുമുണ്ട്. ഒരു ജയിലിലെ പരിമിതമായ ഉദ്യോഗസ്ഥരെ വച്ചുകൊണ്ട് മർദ്ദനമുറ ഉപയോഗിച്ച് ഇവിടുത്തെ എല്ലാ തടവുകാരേയും നിയന്ത്രിക്കാൻ സാധിക്കില്ല. കാരണം മിക്കവാറും നമ്മുടെ ജയിലുകൾ അമിതമായി നിറഞ്ഞു കവിഞ്ഞവയാണ്. തടവുകാർ എല്ലാം കൂടി ഒന്നിച്ച് എതിർത്താൽ നമുക്കൊന്നും ചെയ്യാൻ കഴിയില്ല. ഒരു പരിധിക്ക് അപ്പുറം സ്വയം നിയന്ത്രണം വളരെ കൂടുതലുള്ള ആളുകളാണ് ഇവിടെ ഉള്ളതിൽ കൂടുതൽ. അതുകൊണ്ട് കാര്യമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാറില്ല. ദിനചര്യ അനുസരിച്ചുള്ള കാര്യങ്ങൾ ഭംഗിയായിട്ട് ഇവിടെ നടന്നു പോകുന്നുണ്ട്. നിങ്ങൾക്കറിയാമോ സർക്കാരിന് ലാഭമുള്ള ഒരു ബിസിനസ് ജയിലാണ്. ജയിലിൽ നിന്നും ഉള്ള സാമ്പത്തിക വരുമാനം ജയിലിന് വേണ്ടി ചിലവാക്കുന്നതിലും കൂടുതൽ ഉണ്ട്. ഇപ്പോൾ ജയിലിൽ ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങൾ പുറത്തുകൊണ്ടുപോയി വിറ്റും നല്ല വരുമാനം ഉണ്ടാക്കുന്നുണ്ട്”. ഇമ്മാനുവൽ പറഞ്ഞു.
“ഇവിടെ എത്തുന്ന കുറ്റവാളികൾ പ്രാരംഭത്തിൽ തന്നെ ചില ചിട്ടകൾക്ക് വിധേയമാണ്. ആദ്യമേ തന്നെ താടിയും മുടിയും നമ്മൾ ഒഴിവാക്കും. മുടി ഒരു വലിയ ആയുധമാണ്. സന്ദർശകരായ എത്തുന്ന ആളുകൾ രഹസ്യമായി കൊടുക്കാൻ സാധ്യതയുള്ള ആക്സോബ്ലേഡ് മുറി മുതൽ ചെറിയ ആയുധങ്ങൾ വരെ എന്തും മുടിയിൽ ഒളിപ്പിച്ച കടത്താൻ സാധിക്കും.” ഇമ്മാനുവൽ പറഞ്ഞു.
പണ്ട് നന്ദവംശത്തെ മുടിക്കാൻ ചാണക്യൻ ഉപയോഗിച്ച വാസന്തി വിജയി എന്നീ ചാരസുന്ദരിമാരുടെ പ്രവർത്തിയെപ്പറ്റി അപ്പോൾ ഞാൻ ഓർത്തുപോയി. വാസന്തി ധനനന്ദ രാജാവിന്റെ ഭാര്യയെയും എട്ടു മക്കളെയും വിഷം കൊടുത്തു കൊല്ലുന്ന അതേ സമയത്ത് ധനനന്ദ രാജാവിനെ വശീകരിച്ച് മൈഥുനത്തിൽ ഏർപ്പെട്ട് വിഷലിപ്തമാക്കി വധിച്ചതിനു ശേഷം തൻറെ മുടിക്കെട്ടിനകത്ത് ചിമിഴിൽ ഒളിപ്പിച്ചുവച്ചിരുന്ന ചെറുസർപ്പത്തെ എടുത്ത് മാറിൽ കൊത്തിച്ച് വിജയി ആത്മഹത്യ ചെയ്യുകയായിരുന്നു. വിജയിയുടെ മുടിക്കെട്ടിൽ അങ്ങനെ ഒരു ഘോരസർപ്പം ഉണ്ട് എന്ന കാര്യം ധനനന്ദന് ഊഹിക്കാനേ സാധിച്ചില്ല.
മുടി ഒരു ആയുധമാകുന്ന അപൂർവ്വം സന്ദർഭങ്ങളിൽ ഒന്നാണത്. ബുദ്ധിയുള്ളവർക്ക് എങ്ങനെയും അതിനെ ഉപയോഗിക്കാം.
“മുടിയിൽ അല്പം ഇളവു കിട്ടിയിട്ടുള്ള ഒരേയൊരു വ്യക്തി ജോസ് മാഷാണ്. നമ്മൾ ജോസ് സാറിനെയാണ് കാണാൻ പോകുന്നത്.”
ഇമ്മാനുവൽ പറഞ്ഞു. ഞങ്ങൾ നടന്ന് ഏത്തവാഴത്തോട്ടത്തിന്റെ സമീപത്തെത്തി. വാഴത്തോട്ടത്തിന്റെ അകത്ത് തടമെടുത്തുകൊണ്ടിരിക്കുന്ന കൃഷഗാത്രനായ ആ മനുഷ്യനെ ഇമ്മാനുവൽ നീട്ടി വിളിച്ചു.
“ജോസ് സാർ”
ആ വിളിയിൽ ഒരു ഭവ്യത ഉണ്ടായിരുന്നു. ഒരു ജയിലർ തടവുകാരനെ സാർ എന്ന് വിളിക്കുന്നതിന്റെ സാഹചര്യമാണ് ഞാൻ ചിന്തിച്ചത്. പ്രാരംഭത്തിൽ എനിക്ക് തോന്നി അത് ആ തടവുകാരനെ കളിയാക്കി വിളിക്കുന്നതാണ് എന്ന്. എന്നാൽ ജോസ് മാഷ് സമീപത്ത് വന്നപ്പോൾ ഇമ്മാനുവൽ കാണിച്ച ആദരവുകൊണ്ട് അതൊരു കളിയാക്കി വിളിയല്ല എന്ന് എനിക്ക് മനസ്സിലായി.
ജോസ് മാഷ് കുറിയ ഒരു മനുഷ്യനാണ്. ശുഷ്കമായ ശരീരഘടന. അല്പം നീട്ടി വളർത്തിയ മുടിയും ചെറുതാടിയും. ഇമ്മാനുവൽ എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി.
“ഇത് വൈശാഖ്. ജയിലിൽ നിന്നുമൊരു സ്റ്റോറി ചെയ്യാൻ ഉദ്ദേശ്യക്കുന്നു. അതിൻറെ ഭാഗമായി വിവരശേഖരണത്തിന് വന്നതാണ്. ഇവിടുത്തെ അപൂർവ്വ വ്യക്തിത്വങ്ങളിൽ ഒന്നാണല്ലോ മാഷ്. മാഷിന്റെ ജീവിതം ഒരുപക്ഷേ വൈശാഖിന് പ്രയോജനപ്പെട്ടേക്കാം.”
അല്പം ക്ഷമാപണത്തോടുകൂടിയ ഒരു ശബ്ദമായിരുന്നു ഇമ്മാനുവലിന്റെത്.
ജോസ് മാഷ് ചെറുതായി ഒന്നു ചിരിച്ചു. പിന്നെ എനിക്ക് നേരെ കൈനീട്ടി. ഞാൻ കൈ കൊടുത്തു. ഇമ്മാനുവൽ ഞങ്ങളോട് യാത്ര പറഞ്ഞു.
“അവൻ എന്റെ ശിഷ്യനാണ്”
നടന്നു പോകുന്ന ഇമ്മാനുവലിനെ നോക്കി ജോസ് മാഷ് പറഞ്ഞു.
“ഞാൻ അവന് ട്യൂഷൻ കൊടുത്തിട്ടുണ്ട്. അവൻ പ്ലസ് ടു പഠിക്കുമ്പോൾ. എൻറെ സബ്ജക്ട് ജന്തുശാസ്ത്രമാണ്. ഞാൻ പി. ജി. കഴിഞ്ഞതാണ്. പി. ജി. കഴിഞ്ഞ് കുറേക്കാലം പല ട്യൂഷൻ സെന്റെറുകളിൽ പഠിപ്പിക്കുന്ന സമയത്ത് ഇമ്മാനുവൽ ട്യൂഷന് വേണ്ടി എൻറെ വീട്ടിൽ വരുമായിരുന്നു. അങ്ങനെ പഠിച്ച വ്യക്തിയാണ് ഇമ്മാനുവൽ. ഇമ്മാനുവൽ ഡിഗ്രി കഴിഞ്ഞ് പിന്നീട് ടെസ്റ്റ് എഴുതി ജയിലറായി. താമസിക്കാതെ ഞാനും അവൻറെയൊപ്പം കൂടി. ഇവിടെ.
ഞാൻ ഇപ്പോഴും ഒരു അധ്യാപകനാണ്. ഇവിടെ കുറച്ചു പേർ മെഡിക്കൽ എൻട്രൻസിന് പ്രിപ്പയർ ചെയ്യുന്നുണ്ട്. അവർക്ക് ഞാൻ ക്ലാസ് എടുക്കുന്നുണ്ട്. അതുകൊണ്ടു കൂടിയാണ് ഇമ്മാനുവൽ എന്ന സാർ എന്ന് സംബോധന ചെയ്യുന്നത്.”
ജോസ് എന്നെയും കൊണ്ട് നടന്നു. അവിടെ ഒരു ചെറിയ പൂന്തോട്ടം ഉണ്ടാക്കിയിട്ടുണ്ട്. അതിൻറെ ചുറ്റുമായിട്ട് നാലഞ്ച് സിമൻറ് ബഞ്ചുകളുണ്ട്. ചാരി ഇരിക്കാം. അതിൽ ഒന്നിൽ ജോസ് മാഷ് എന്നെ ഇരുത്തി. എന്നിട്ട് എന്നോട് പറഞ്ഞു.
“നിങ്ങൾക്കെന്റെ കഥയാണ് ആവശ്യം അല്ലേ?”
ഞാൻ ഒന്ന് പരുങ്ങി. എന്തു മറുപടി പറയണം. ജോസ് മാഷ് തുടർന്നു.
“ഒരുപാട് പ്രത്യേകതകൾ ആ കഥയിലില്ല. എൻറെ പ്രതീക്ഷകൾ എല്ലാം നശിപ്പിച്ചത് ഒരു സംഭവമാണ്. ഒരു ജീവിതത്തെ ആകെ മാറ്റിമറിക്കുന്നത് അപ്രതീക്ഷിതമായ ചില സംഭവങ്ങൾ ആണല്ലൊ. എന്റെ ജീവിതത്തിലും അതുണ്ടായി”. ജോസ് മാഷ് ഒരു നിമിഷം മൌനത്തിലായി. പിന്നെ തുടർന്നു.
“ഞാൻ രണ്ടുപേരുടെ കൊലപാതകത്തിന് ഉത്തരവാദിയാണ്. ഒരാളെ കൊന്നു. മറ്റൊരാളെ കൊന്നുകൊണ്ടിരിക്കുന്നു”.
കൊന്നുകൊണ്ടിരിക്കുന്നു എന്ന് പറഞ്ഞതിന്റെ അർത്ഥം എനിക്ക് അപ്പോൾ മനസ്സിലായില്ല. ഞാൻ പക്ഷേ കൂടുതൽ ഒന്നും ചോദിച്ചില്ല.
അല്പം കഴിഞ്ഞപ്പോൾ ജോസ് എന്നോട് ചോദിച്ചു.
“കാരുണ്യത്തിന്റെ വഴി എന്താണെന്നറിയാമോ”?.
ഞാൻ ആ ചോദ്യം മുൻപൊരിക്കൽ കേട്ടിട്ടുള്ളതാണ്. പക്ഷേ അപ്പോൾ ഞാനൊന്നും മിണ്ടിയില്ല. ജോസ് തുടർന്നു.
“ക്രൂരമെന്നു തോന്നുന്ന ചിലത് ചിലപ്പോൾ കാരുണ്യത്തിന്റെ വഴിയാവും. ശരീരത്തിലെ ട്യൂമർ വന്നു വേദനിക്കുന്ന ഒരു വ്യക്തിയെ വേദനയിൽ നിന്നും രക്ഷപ്പെടുത്താൻ നമ്മൾ സർജറി ചെയ്ത് ട്യൂമർ മാറ്റുന്നില്ലേ. സർജറി വേദനാജനകമായ ഒരു അനുഭവം ആണല്ലോ. പക്ഷേ അതിനു ശേഷം കിട്ടുന്നത് വേദനാരഹിതമായ ഒരു ആശ്വാസം അല്ലേ. ചില കാര്യങ്ങൾ അങ്ങനെയാണ്. കാരുണ്യത്തിന്റെ വഴി ചിലപ്പോൾ വേദനാജനകമാണ്. എൻറെ സഹോദരിക്ക് ഞാൻ വെച്ചുനീട്ടിയ കാരുണ്യം മരണമാണ്. അതിൻറെ അനന്തരഫലമാണ് ഞാൻ ഇപ്പോൾ ഇവിടെ ഇരിക്കുന്നത്.”
ഞാൻ ആ മനുഷ്യൻറെ മുഖത്തേക്ക് നോക്കി. നിസ്സംഗമായിരുന്നു ആ മുഖം. സുന്ദരനായ മനുഷ്യൻ. തീർച്ചയായും സഹോദരിയും സുന്ദരിയായിരിന്നിരിക്കണം.
“ആൻസി അതായിരുന്നു അവളുടെ പേര്.” ജോസ് തുടർന്നു.
“അവൾക്ക് അന്ന് പതിനാലു വയസ്സായിരുന്നു. ഞങ്ങൾ തമ്മിൽ ഒൻപത് വയസ്സ് പ്രായവ്യത്യാസം ഉണ്ടായിരുന്നു. എനിക്ക് അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൾക്ക് ഞാനും. അമ്മയും അച്ഛനും നേരത്തെ മരിച്ചതാണ്. അവൾക്ക് രണ്ടു വയസ്സായപ്പോൾ അപ്പൻ പോയി. അതുകൊണ്ട് തന്തക്കാലുകാരി എന്ന് നാട്ടുകാർ അവളെ പരിഹസിക്കുമായിരുന്നു. അവൾ കേട്ടും കേൾക്കാതെയും.
“തന്തക്കാലുകാരി...?” ഞാൻ ചോദിച്ചു.
“ഉം. അത് ജോത്സ്യവുമായി ബന്ധപ്പെട്ട ഒരു വിശ്വാസമാണ്. ഒരു കുട്ടി ജനിക്കുമ്പോൾ ജനിച്ച ഗ്രഹനില അനുസരിച്ച് ആ കുട്ടിയുടെ അപ്പന് അല്ലെങ്കിൽ അമ്മയ്ക്ക് അല്ലെങ്കിൽ അമ്മാവന് അല്ലെങ്കിൽ തനിക്ക് തന്നെയും കഷ്ടതകളും ആയുസ്സ് അറുതിയും ഉടൻ സംഭവിക്കുന്നുവെങ്കിൽ അതിനെ കാൽ എന്ന് പറയും. തന്തക്കാൽ അമ്മാവൻക്കാൽ തൻകാൽ അങ്ങനെ. അപ്പൻ അവളുടെ ജനനത്തിന് അധികം കഴിയുന്നതിനു മുമ്പ് മരിച്ചതുകൊണ്ട് നാട്ടുകാർ അവളെ തന്തക്കാലുകാരി എന്ന് വിളിച്ച് പരിഹസിച്ചിരുന്നു
ഒരു സുന്ദരിയായ പെൺകുട്ടിയെ പരിഹസിക്കുന്നതിൽ ആത്മനിർവൃതി കണ്ടെത്തിയിരുന്ന കുറെ ഞരമ്പുരോഗികൾ പ്രായഭേദമന്യേ എന്റെ നാട്ടിലുണ്ടായിരുന്നു. അതിന്റെ പേരിൽ ഞാൻ എത്ര പേരുമായി ഇടി കൂടിയിട്ടുണ്ട്.
അപ്പൻ മരിച്ചത് ഓട്ടോറിക്ഷ മറിഞ്ഞിട്ടാണ്. വൈദ്യശാലയിൽ പോയി വരുന്ന വഴി. അപ്പൻ ഇരുന്ന ഓട്ടോ കനാലിലേക്ക് മറിഞ്ഞ് അതിന്റെ അടിയിൽ പെട്ടാണ് അപ്പൻ മരിച്ചത്. അന്ന് മോൾക്ക് രണ്ടു വയസ്സ്. പിന്നെ പുറകെ അമ്മ. അമ്മയ്ക്ക് അല്ലാതെ തന്നെ ആസ്മയുടെ അസുഖം ഉണ്ടായിരുന്നു. ആസ്മയ്ക്ക് മഴ വലിയ വിരുദ്ധമാണ്. വേനൽ കാലഘട്ടത്തിൽ കുഴപ്പമില്ല. മഴ ബുദ്ധിമുട്ടാണ്. അങ്ങനെ ഒരു മഴക്കാലഘട്ടത്തിൽ രാത്രിയിൽ എപ്പോഴോ ശ്വാസം നിലച്ച് അമ്മ മരിച്ചു.
പിന്നെ ഞങ്ങൾ രണ്ടും മാത്രമായി. അന്ന് ഞാൻ പി. ജി. കഴിഞ്ഞ സമയം. എൻറെ ചില സുഹൃത്തുക്കളുടെ സഹായത്തോടെ വീടിന് സമീപത്തുള്ള ചില ട്യൂഷൻ സെൻററുകളിൽ ട്യൂഷൻ എടുക്കാൻ പോകുമായിരുന്നു. ആ സമയത്ത് എൻറെ വീട്ടിൽ ട്യൂഷൻ വന്ന വ്യക്തിയാണ് ഇമ്മാനുവൽ. അവൻ എൻറെ വീട്ടിലെ ഒരംഗമായിരുന്നു. അവൻ സാമ്പത്തികമായി നല്ല നിലയിലുള്ള ഒരു കുടുംബത്തിലേതാണ്. അവന്റെ അപ്പൻ ഒരു കോൺട്രാക്ടറാണ്. ഒരു നല്ല മനുഷ്യൻ”.
ജോസ് അല്പനേരം വിദൂരതയിലേക്ക് നോക്കിയിരുന്നു. പിന്നെ തുടർന്നു.
“അന്ന് അപ്പൻറെ ഓർമ്മദിവസമായിരുന്നു. അതൊരു വെള്ളിയാഴ്ച കൂടിയായിരുന്നു. വെള്ളിയാഴ്ച ദിവസത്തിന്റെ പ്രത്യേകത മോള് നോയമ്പ് എടുക്കുന്ന ദിവസമാണ്. അന്ന് ഒരു നേരമേ അവൾ ഭക്ഷണം കഴിക്കുകയുള്ളൂ. അത് രാത്രി അത്താഴമാണ്. പകല് വെള്ളം മാത്രമേ കുടിക്കുകയുള്ളൂ. ഒരിക്കലൂണ് എന്നു പറയാം. വെള്ളിയാഴ്ച ക്രിസ്ത്യൻസിൽ പലരും ഉപവാസം എടുക്കാറുണ്ട്. ആൻസി എല്ലാ വെള്ളിയാഴ്ചയും ഉപവാസം ഇരിക്കുമായിരുന്നു.
അന്ന് നല്ല മഴയുള്ള ദിവസമായിരുന്നു. വൈകിട്ട് അവൾ സെമിത്തേരിയിൽ അപ്പന്റെ കല്ലറയ്ക്കൽ പോയി. സെമിത്തേരി പള്ളിക്ക് പിന്നിലാണ്. സെമിത്തേരിക്ക് അപ്പുറത്ത് പൊതുവഴിയാണുള്ളത്. അതുകൊണ്ടുതന്നെ സെമിത്തേരിക്ക് ചുറ്റും ഉയരം കൂടിയ മതിലുണ്ട്. മതിൽ സുരക്ഷയാണ് എന്ന് നമ്മൾ പറയാറുണ്ട്. പക്ഷേ പലപ്പോഴും അതിലൊരു അപായമുണ്ട്. മതിലിനകത്ത് എന്തു നടന്നാലും പുറത്തുള്ളവർ അത് അറിയില്ല. അത് പലർക്കും സഹായകരമാണ്. സെമിത്തേരിയിൽ ഒരുപാട് കല്ലറയുണ്ട്. പൈസയുള്ളവർ കല്ലറ വലിയ രീതിയിൽ കെട്ടിപ്പൊക്കും. അങ്ങനെയുള്ള കല്ലറയുടെ പിന്നിൽ എന്ത് നടന്നാലും വെളിയിൽ നിൽക്കുന്നവർക്ക് കാണാൻ കഴിയില്ല. സെമിത്തേരിക്ക് വലിയൊരു വാതിൽ ഉണ്ട്. അവിടെ നിന്നു നോക്കിയാലും സെമിത്തേരിക്ക് അകത്ത് ഈ വലിയ കല്ലറകൾ ഉള്ളതുകൊണ്ട് അതിൻറെ പിന്നിൽ എന്താണ് നടക്കുന്നത് എന്ന് നമുക്കറിയില്ല.
സെമിത്തേരിയിൽ അധികം ആരും വരാത്തതുകൊണ്ട് നമ്മുടെ ചില പയ്യന്മാർ അവിടം ദുർവിനിയോഗം ചെയ്യുമായിരുന്നു. കഞ്ചാവ്, മദ്യം അങ്ങനെ. അത് ആർക്കും അറിയില്ലായിരുന്നു. അങ്ങനെയാണ് ജോണും ആന്റണിയും സെമിത്തേരിയിൽ എത്തുന്നത്. എന്നുമുതലാണ് അവർ ലഹരി ഉപയോഗം തുടങ്ങിയത് എന്ന് ആർക്കും അറിയില്ല. രണ്ടുപേരും ഡിഗ്രി സെക്കൻഡ് ഇയർ ചെയ്യുന്നവരാണ്. ഒരേ കോളേജിൽ രണ്ടു വിഷയത്തിൽ. ജോൺ ഒരു അധ്യാപകന്റെ മകനാണ് ആന്റണി ഒരു വക്കീലിന്റെ മകനും
അന്ന് അവരും സെമിത്തേരിയിൽ ഉണ്ടായിരുന്നു. അവർ സെമിത്തേരിയിൽ കല്ലറകൾക്ക് പിന്നിൽ ഇരുന്ന് പുക എടുക്കുകയായിരുന്നു. മഴ നനഞ്ഞ്.
അന്ന് കോരിച്ചൊഴിയുന്ന മഴയായിരുന്നു. മഴയുടെ ഇരമ്പലിൽ അവരുടെ സാന്നിധ്യം ആൻസി അറിഞ്ഞില്ല. മഴയുടെ ഇരമ്പൽ അവരും മുതലാക്കി. വളരെ ഈസി ആയിട്ട് അവർ അവളെ ചവിട്ടി ഇട്ടതിനുശേഷം വലിച്ചെടുത്ത് വലിയൊരു കല്ലറയുടെ പിന്നിലേക്ക് പോയി. അവിടെ പിന്നീട് നടന്നത് അതിക്രൂരമായ ഒരു മാനഭംഗമാണ്. വേട്ടനായയുടെ ശൗര്യം ആയിരുന്നു അവർക്ക്. ഇളമാനിനെ വലിച്ചുകീറുന്ന കടുവയുടെ ശൗര്യം. രണ്ട് കാടന്മാർ. ദുർബലയായ ഒരു പെൺകുട്ടി. ശക്തമായ മഴ. എല്ലാം ഒത്തൊരുമിച്ചു വന്നു. വിധി എന്നല്ലാതെ എന്ത് പറയാൻ. അവൾ ഉപവാസത്തിൽ ആയിരുന്നു. ഒന്നാമത് ദുർബല. കൂടാതെ അന്ന് ഉപവാസം കൊണ്ട് കൂടുതൽ ദുർബലപ്പെട്ടിരിക്കുന്ന സാഹചര്യമായിരുന്നു. കാര്യമായി എതിർക്കാൻ അവൾക്ക് സാധിച്ചില്ല. ഉറക്കെ നിലവിളിക്കാൻ പോലുമുള്ള കരുത്ത് അവൾക്ക് അപ്പോൾ ഉണ്ടായിരുന്നില്ല.
ഒരു വേട്ടപ്പട്ടിയുടെ ശൗര്യമാണ് അവർ അവളോട് കാണിച്ചത്. അര മണിക്കൂർ മാത്രം നീണ്ടു നിന്ന പരാക്രമം.
സന്ധ്യയായിരുന്നു. സന്ധ്യയ്ക്ക് അവളെ കാണാതെ ഞാൻ അന്വേഷിച്ച് പള്ളിയിൽ ചെല്ലുമ്പോൾ സെമിത്തേരിയിൽ പപ്പയുടെ കുഴിമാടത്തിൽ കരഞ്ഞുകൊണ്ട് അവൾ ഇരിക്കുന്നുണ്ടായിരുന്നു. സാധാരണ വൈകിട്ട് അവൾ ചർച്ചിൽ ചെല്ലുമ്പോൾ സന്ധ്യയായാൽ പള്ളിയിൽ തന്നെ നിൽക്കും. അച്ഛന് നല്ല പരിചയമാണ്. പ്രായമായ ഒരു നല്ല മനുഷ്യൻ. അച്ഛന്റെ ഒരു കാവൽ എല്ലാർക്കും ഉണ്ട്. ആ സമയത്ത് ഞാൻ ചെന്നിട്ട് വിളിച്ചുകൊണ്ടുവരാറാണ് പതിവ്. സന്ധ്യ കഴിഞ്ഞ് ഒറ്റയ്ക്ക് വരരുത് എന്ന് ഞാൻ അവളോടു പറഞ്ഞിട്ടുണ്ട്.
മോളുടെ നെഞ്ച് രക്തം കൊണ്ട് കുതിർന്നിരുന്നു. ഞാൻ അവളെ ഒരു കൈയ്യിൽ താങ്ങിക്കൊണ്ടാണ് വീട്ടിൽ കൊണ്ടുവന്നത്. വീട്ടിൽവെച്ച് നടന്ന സംഭവങ്ങൾ അവൾ എന്നോട് പറഞ്ഞു. എന്ത് ചെയ്യണമെന്ന് എനിക്ക് കൃത്യമായ ഒരു ധാരണ ഉണ്ടായിരുന്നില്ല. രാത്രി അവൾ കരഞ്ഞുകൊണ്ടേയിരുന്നു. ആഹാരം ഒന്നും കഴിച്ചില്ല. എനിക്ക് എന്തെങ്കിലും ചെയ്തേ പറ്റുമായിരുന്നുളളു.
പിറ്റേന്ന് രാവിലെ ഞാൻ അച്ഛനെ കണ്ടു. നിയമത്തിന്റെ വഴി പോകാൻ അച്ഛൻ ഉപദേശിച്ചു. പക്ഷേ അവളുടെ ഭാവിയെപ്പറ്റി എനിക്ക് ആശങ്കയുണ്ടായിരുന്നു. നിയമത്തിന്റെ വഴി എന്ന് പറഞ്ഞാൽ അവിടെ അവളുടെ ജീവിതം നഷ്ടപ്പെടുകയാണ്. എനിക്കതറിയാമായിരുന്നു. ഞാൻ ഒന്നും മിണ്ടിയില്ല. തിരിച്ചു വീട്ടിൽ വന്നിട്ട് നിയമത്തിന്റെ വഴി അച്ഛൻ ഉപദേശിച്ച കാര്യം അവളോട് പറഞ്ഞു. അവൾ അതിനെ പൂർണമായി പിന്താങ്ങി.
ഞാൻ അവളോട് പറഞ്ഞു നിയമത്തിന്റെ വഴി എന്ന് പറഞ്ഞാൽ നടന്ന കാര്യങ്ങൾ പരസ്യപ്പെടും. പിന്നെ നിനക്ക് ഒരു ജീവിതം ഉണ്ടാവില്ല. പക്ഷേ അവൾ കട്ടായം പറഞ്ഞു. നിയമത്തിന്റെ വഴിയിൽ പോണം. ‘ഇല്ലെങ്കിൽ ഇനിയും പെൺകുട്ടികൾ ഇതുപോലെ പിച്ചിച്ചീന്തപ്പെടും. അതിനു നമ്മൾ വഴിയൊരുക്കരുത്. ഇപ്പോൾ എൻറെ ഒരാളുടെ ജീവിതം അല്ലേ നഷ്ടപ്പെട്ടൊള്ളൂ. നമ്മൾ ഇത് മറച്ചുവെച്ചാൽ വീണ്ടും ഇത് ആവർത്തിക്കും.
നിയമത്തിന്റെ വഴിയിൽ പോയാൽ നമുക്ക് നഷ്ടങ്ങൾ ഉണ്ടാകും. ശരിയാണ്. പക്ഷേ ജനം ഇത് അറിയും. ജനം അവരെ ശ്രദ്ധിക്കും. അവർ ഒറ്റപ്പെടും. അല്ലെങ്കിൽ പിന്നീട് ഒരു അബദ്ധത്തിൽ ചെന്ന് ചാടാതിരിക്കാൻ പെൺകുട്ടികൾ ശ്രമിക്കും. ഒരുപാട് പെൺകുട്ടികളുടെ ജീവിതം രക്ഷപ്പെടും. ഒരാളുടെ നഷ്ടം കൊണ്ട് ഒരുപാട് പേർ രക്ഷപ്പെടുന്നതല്ലേ നല്ലത്’ എന്നവൾ എന്നോട് ചോദിച്ചു.
ഞാൻ തർക്കിക്കാൻ പോയില്ല. അതിനോടകം ഞാൻ ഒരു തീരുമാനത്തിലെത്തിയിരുന്നു. നിയമത്തിന്റെ വഴിയിൽ പോയാൽ മാനഭംഗത്തിന് കിട്ടുന്ന ശിക്ഷ പരിമിതമായ വർഷങ്ങൾ ആണ്. അതിൽ നല്ലനടപ്പ് രാഷ്ട്രീയസ്വാധീനം പരോള് ഇതെല്ലാം കൂടെ ചേർത്ത് കഴിയുമ്പോൾ എത്ര വർഷം ഒരാൾ അകത്തു കിടക്കും. ശിക്ഷ കഴിഞ്ഞ് നല്ല പ്രായത്തിൽ അവർ പുറത്തുവരും. അവർക്ക് പിന്നെയും ഒരു നല്ല ജീവിതം ഉണ്ടാവും. അവർ നമ്മുടെ മുന്നിൽ നെഞ്ചുവിരിച്ച് നടക്കും. അതാണ് സംഭവിക്കുക. അപ്പോൾ നമ്മൾ തോറ്റവരായി അവശേഷിക്കും. ജയിച്ചു തോൽക്കുക എന്ന് പറയില്ലേ അതേ സാഹചര്യം. നിയമവഴി അവർക്ക് ഒരു രക്ഷയാണ്. അത് ഉണ്ടാവരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. ഇനിയൊരിക്കലും അവർ ഒരു പെൺകുട്ടിയേയും നശിപ്പിക്കാൻ പര്യാപ്തമാവാത്ത നിലയിൽ എന്തെങ്കിലും ചെയ്തേ മതിയാവു. ജയം ആത്യന്തികമായ ജയമായിരിക്കണം. അതിന് പിന്നീട് ഒരു മാറ്റം ഉണ്ടാവരുത്. അതുകൊണ്ട് നിയമത്തിന്റെ വഴിയിൽ പോകണ്ട എന്ന് ഞാൻ തീരുമാനിച്ചു.
എനിക്ക് ചില പ്ലാനുകൾ ഉണ്ട് എന്ന് മോൾക്ക് അറിയാമായിരുന്നു. അതെന്ത് എന്ന് ഞാൻ അവളോട് പറഞ്ഞിരുന്നില്ല. പക്ഷേ എന്റെ പ്ലാനിൽ അവൾ പൂർണമായും വിശ്വാസം അർപ്പിച്ചിരുന്നു. അവൾ താമസിയാതെ പഴയ പോലെയായി. പുറത്തേക്ക് അധികം സഞ്ചാരമില്ല എന്നത് ഒഴിച്ചാൽ വലിയ കുഴപ്പമില്ലാത്ത അവസ്ഥ. ഞാൻ ട്യൂഷൻ സെന്ററുകളിൽ ട്യൂഷൻ എടുക്കാൻ പോയിത്തുടങ്ങി.
ഒരു ദിവസം ട്യൂഷൻ കഴിഞ്ഞ് വൈകിട്ട് ഞാൻ വരുമ്പോൾ വീടിന്റെ മുൻവാതിൽ പകുതി തുറന്നു കിടക്കുന്നു. സാധാരണ അവൾ അകത്തുണ്ടെങ്കിൽ വാതിൽ അകത്തുനിന്ന് കുറ്റിയിട്ടിരിക്കും. ഇപ്പോൾ വാതിൽ കുറ്റിയിടാത്തത് കൊണ്ട് കാറ്റടിച്ച് വാതിൽ പകുതി തുറന്നു കിടക്കുന്നതാണ്.
ഞാൻ ആശങ്കയോടെ അകത്തേക്ക് കയറിയപ്പോൾ അകത്തെ മുറിയിൽ അവൾ നിലത്ത് കിടക്കുന്നതാണ് കണ്ടത്. കഴുത്തിൽ പൊട്ടിപ്പോയ കുടുക്കിട്ട കയറും.
ഞാൻ മുകളിലേക്ക് നോക്കി. പൊട്ടിയ കയറിന്റെ ബാക്കി സീലിംഗ് ഫാനിൽ ഉണ്ടായിരുന്നു. ആ ശ്രമത്തിലും അവൾ ദയനീയമായി പരാജയപ്പെട്ടു. കയറു പൊട്ടിയെങ്കിലും കഴുത്തു വലിഞ്ഞ് നട്ടെല്ലിന്റെ രണ്ടാം കശേരു തകർന്നു പോയിരുന്നു. ഒപ്പം സുഷുമ്നയും. നാഡിക്ഷതം ഉണ്ടായാൽപിന്നെ ശരീരചലനം നിലച്ചു. ഇനി ഒരിക്കലും അവൾ ചലിക്കില്ല എന്ന് എനിക്ക് മനസ്സിലായി. ഇനി ഒരിക്കലും അവൾ എണീറ്റ് നടക്കില്ല. അവളുടെ കഴുത്തിന് താഴോട്ട് പൂർണമായി നിശ്ചലമായി.
അവൾ നിസ്സംഗം എന്നെ നോക്കിക്കൊണ്ടിരുന്നു. ഞാൻ അവൾക്ക് സമീപം നിലത്തിരുന്നു. അവളുടെ തല മടിയിൽ എടുത്തുവെച്ച് ഏറെനേരം തലോടിക്കൊണ്ടിരുന്നു. ആ സമയം അത്രയും അവൾ എന്നെ നോക്കിക്കൊണ്ട് കിടന്നു. ശാന്തമായ നോട്ടം. പക്ഷേ ആ നോട്ടത്തിൽ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. എനിക്കത് മനസ്സിലായിരുന്നു. ഏറെ നേരത്തിനു ശേഷം അവളുടെ തല നിലത്തു വെച്ചിട്ട് ഒരു കൈകൊണ്ട് കഴുത്തിന് അമർത്തിപ്പിടിച്ച് മറ്റേ കൈകൊണ്ട് പൊട്ടിപ്പോയ കയർ ഞാൻ ആഞ്ഞുവലിച്ചു. ആ സമയം അവളും ഞാനും കണ്ണൂകൾ ഇറുകിയടച്ചു. ഏതാനും സെക്കൻഡുകൾ മാത്രം. ഒരു ചെറിയ പിടച്ചിൽ. പിന്നെ അവൾ നിശ്ചലമായി.
വിവരം ഞാൻ അച്ഛനെ അറിയിച്ചു. അച്ഛൻ വഴി പോലീസും നാട്ടുകാരും ഒക്കെ വീട്ടിലെത്തി. പ്രണയനൈരാശ്യത്തിന്റെ ഒരു കഥയുണ്ടാക്കി നാട്ടുകാർ സമാധാനിച്ചു. അങ്ങനെ അതൊരു ആത്മഹത്യ യായി ചിത്രീകരിക്കപ്പെട്ടു. അതുകൊണ്ട് അവൾക്കുണ്ടായ ദുരന്തം ആരും അറിഞ്ഞില്ല.
വീണ്ടുമൊരിക്കൽകൂടി അല്ലെങ്കിൽ പലപ്രാവശ്യം അവൾ നാട്ടുകാരുടെ വായിൽ കൂടി മാനഭംഗത്തിന് ഇരയായില്ല. ആർക്കും ഒന്നിലും ഒരു സംശയം ഉണ്ടായിരുന്നില്ല. അതുകൊണ്ട് കൂടുതൽ തെളിവെടുപ്പുകൾ ഒന്നുമില്ലാതെ പോലീസ് അവരുടെ ഡ്യൂട്ടി പെട്ടെന്ന് കഴിച്ചു. അന്നുതന്നെ മോളെ അടക്കം ചെയ്തു.
ആ സംഭവത്തിനുശേഷം രണ്ടാഴ്ചത്തേക്ക് എനിക്കൊന്നും പറ്റുമായിരുന്നില്ല. പക്ഷേ അന്നും എല്ലാദിവസവും ഇമ്മാനുവൽ എന്റെ വീട്ടിൽ വരുമായിരുന്നു. കുറേനേരം ഒന്നും മിണ്ടാതെ എന്റെ സമീപത്ത് ഇരിക്കും. പിന്നീട് പോകും. ഒരിക്കൽ അവൻ മറന്നുവെച്ചു പോയ അവന്റെ പേഴ്സിനകത്തുനിന്നും മോളുടെ പാസ്പോർട്ട് സൈസ് ഫോട്ടോ കിട്ടിയപ്പോഴാണ് അവർക്കിടയിലും ഒരു ധാരണ ഉണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായത്. അവളുടെ മരണം കൊണ്ട് നഷ്ടം സംഭവിച്ചത് എനിക്ക് മാത്രമല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു.
‘തത്വസംഹിതകൾക്ക് ജരാനര ബാധിക്കാം എന്നാൽ ജീവിതം നിത്യഹരിതമാണ്’ എന്നു പറഞ്ഞതാരെന്നറിയാമോ. സാർത്രയുടെ നിത്യകാമുകിയായ സിമോൺ ദേ ബൊവ്വർ ആണ്. എന്തുകൊണ്ടാണ് ജീവിതം നിത്യഹരിതമായിരിക്കുന്നത് എന്നറിയാമോ.”
ഞാൻ ജോസ് മാഷിനെ സാകൂതം നോക്കി. അദ്ദേഹം പറഞ്ഞു.
“പ്രണയം. പ്രണയമാണ് ജീവിതത്തെ നിത്യഹരിതമാക്കുന്നത്. അതിന് കാല ദേശ ഭാഷാ സംസ്കാര വൈജാത്യങ്ങൾ ഇല്ല. ഏതു പ്രായത്തിലും അത് ജീവിതത്തെ നിത്യഹരിതാഭമാക്കുന്നു.
എൻറെ ശിഷ്യൻ ഇമ്മാനുവൽ ഒരു ദിവസം പോലും മുടക്കമില്ലാതെ എൻറെ വീട്ടിൽ ട്യൂഷന് വരുമായിരുന്നു. അതിൻറെ പ്രചോദനശക്തി അൻസിയായിരുന്നു. അവൾ അത്ര സുന്ദരിയായിരുന്നു. നല്ല പെരുമാറ്റം. അവന് ചില കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നു. ആ കണക്കുകൂട്ടലുകൾ ആണ് ആ കശ്മലന്മാർ തച്ചുടച്ചത്. പ്രതികാരം എൻറെ മാത്രമല്ല അവൻറെ കൂടി ആവശ്യകതയാണ്. പക്ഷേ അവന് ചെയ്യാൻ കഴിയില്ല എന്ന് മാത്രം. എനിക്ക് കൃത്യമായ ചില പ്ലാനുകൾ ഉണ്ടായിരുന്നു. മുള്ളിനെ മുളളുകൊണ്ട് എടുക്കുക. അതായിരുന്നു എന്റെ പ്ലാൻ.
പിന്നീട് എന്റെ പദ്ധതി നടപ്പാക്കാൻ ഞാൻ തീരുമാനിച്ചു. ആൻസി എന്നോട് വിവരങ്ങൾ പറഞ്ഞിട്ടുണ്ട് എന്ന കാര്യം ആന്റണിക്കും ജോണിനും അറിയാമായിരുന്നില്ല. കാരണം ഞാൻ ആ രീതിയിൽ അവരെ കാണുമ്പോൾ പ്രതികരിക്കുമായിരുന്നില്ല. സാധാരണ പരിചയക്കാരെ കാണുന്ന പോലെ ചെറുതായിട്ട് ചിരിച്ച് നടന്നുപോകും. അവർക്ക് എന്നിൽ അല്പംപോലും സംശയമില്ല എന്നു തിരിച്ചറിഞ്ഞ നിമിഷം മുതൽ ഞാൻ പ്രവർത്തിച്ചു തുടങ്ങി.
അവർ രണ്ടുപേരും അവസരം കിട്ടിയാൽ കുറേശ്ശെ മദ്യപിക്കും. ഞാൻ അത് മനസ്സിലാക്കിയിരുന്നു. അതിനു പറ്റിയ സ്ഥലവും സെമിത്തേരി തന്നെയായിരുന്നു. പിന്നീട് ആറു മാസത്തെ എന്റെ ശ്രമഫലമായി ജോണും ആന്റണിയും എന്റെ നല്ല സുഹൃത്തുക്കൾ ആയി. ഞാൻ ഇടയ്ക്ക് അവർക്ക് മദ്യപിക്കാൻ പൈസ കൊടുത്തു സഹായിച്ചിരുന്നു. ചിലപ്പോൾ കുപ്പിയും വാങ്ങിക്കൊടുക്കുമായിരുന്നു. അതിന്റെ ഒരു സ്നേഹബന്ധം അവരെന്നോട് പ്രത്യേകം കാണിച്ചു.
അന്ന് പള്ളിപ്പെരുന്നാൾ ദിനം ആയിരുന്നു. അന്ന് ജോണിന് ഞാനൊരു സമ്മാനം കരുതിയിരുന്നു. ഒരു പൈന്റ് ഒ. പി. ആർ. റം. അവരുടെ ബ്രാൻഡ് അതായിരുന്നു. നല്ല കുത്തുള്ള തറ മദ്യം.
ഞാൻ അന്ന് പകൽ ഒരു പൈന്റ് സംഘടിപ്പിച്ചു. അതിൽ നിന്നും സിറിഞ്ച് ഉപയോഗിച്ച് നൂറ്റിഅൻപത് എം. എൽ മദ്യം വലിച്ചു കളഞ്ഞു. പിന്നെ വെള്ളത്തിൽ ലയിപ്പിച്ച അൻപത് ഗ്രാം പോളി അക്രിലാമെയ്ഡ് സൊല്യൂഷൻ ഞാൻ അതിലേക്ക് ഇഞ്ചക്ട് ചെയ്തു കയറ്റി. കുപ്പിയുടെ സീൽ പൊട്ടിക്കാതെ. ഇപ്പോൾ പ്ലാസ്റ്റിക് കുപ്പിയിലാണല്ലോ മദ്യം വരുന്നത്. അതുകൊണ്ട് കാര്യം എളുപ്പമായി. പിന്നെ മദ്യത്തിന്റെ ലെവൽ വെള്ളം കയറ്റി ശരിയാക്കി. സംശയിക്കരുതല്ലൊ”.
“പോളി അക്രിലാമെയ്ഡ്..?” എനിക്ക് മനസ്സിലായില്ല.
“അതൊരു ബയോകെമിക്കലാണ്. നാഡീവ്യൂഹത്തെ തകർക്കുന്ന മാരകവിഷം കൂടിയാണത്. ടോപ്പ് ന്യൂറോടോക്സിക്. അത് ഉള്ളിൽ ചെന്നാൽ പിന്നെ പ്രതിവിധിയില്ല. വളരെ സൂക്ഷിച്ച് മാത്രം കൈകാര്യം ചെയ്യേണ്ടതാണത്. പ്രോട്ടീൻ ഗവേഷകർ ഉപയോഗിക്കുന്നത്. എന്റെ ഒരു സുഹൃത്തിന്റെ ലാബിൽ നിന്നും ഞാൻ അത് സംഘടിപ്പിച്ചിരുന്നു. അതാണ് പൈന്റിലേക്ക് ഇഞ്ചക്ട് ചെയ്തത്.
പിന്നെ ഒന്നുമറിയാത്ത പോലെ സൗഹൃദഭാവത്തിൽ സന്ധ്യയ്ക്ക് പള്ളിയിൽ വച്ച് ജോണിനെ മാത്രം വിളിച്ചുകൊണ്ടുപോയി. പള്ളിസെമിത്തേരിയുടെ ശപിക്കപ്പെട്ട ആ കല്ലറയുടെ പിന്നിൽ വച്ച് സൗഹാർദ്ദപൂർവ്വം അവന് ഞാൻ അത് കൈമാറി. എനിക്ക് ഞാൻ ഒരു പെപ്സി കരുതിയിരുന്നു. ഞാൻ മദ്യപിക്കുമായിരുന്നില്ല. അത് അവനും അറിയാമായിരുന്നു.
ഫ്രഷ് ആയിട്ടുള്ള കുപ്പി. അവൻ തന്നെയാണ് അത് അടപ്പ് പൊട്ടിച്ചു തുറന്നത്. പിന്നെ ഞാൻ കരുതിയിരുന്ന പ്ലാസ്റ്റിക് ഗ്ളാസ്സിൽ മദ്യം ഒഴിച്ച് കുറേശ്ശെയായി കുടിച്ചു തുടങ്ങി. അവൻ അത് പൂർണമായി കുടിച്ചു തീരുന്നതുവരെ ഞാൻ അവനോട് പലതും പറഞ്ഞുകൊണ്ടിരുന്നു. എന്റെ ആൻസിക്ക് മാനഹാനി സംഭവിച്ച അതേ സെമിത്തേരിയിൽ വെച്ച് അവൻ കുറേശ്ശെയായി മരിച്ചു തുടങ്ങിയിരുന്നു അപ്പോൾ. പിന്നെ ഒന്നും സംഭവിക്കാത്തത് പോലെ ലോഹ്യം പറഞ്ഞ് ഞങ്ങൾ എട്ടുമണിയോടുകൂടി പിരിഞ്ഞു. വീട്ടിൽ വന്ന് ഭക്ഷണം കഴിച്ച് ഞാൻ അന്ന് നന്നായി കിടന്നുറങ്ങി. പിന്നീട് ഏതാനും ദിവസം ഞാൻ അവനെ വഴിയിൽ കാണുമായിരുന്നു. പിന്നെ കാണാതെയായി. അപ്പോൾ എനിക്ക് മനസ്സിലായി പോളി അക്രിലാമെയ്ഡ് പ്രവർത്തിച്ചു തുടങ്ങി എന്ന്. മദ്യത്തിന്റെ കൂടെ ആയതുകൊണ്ട് അത് നേരിട്ട് എളുപ്പം വയറ്റിൽ നിന്നുമുള്ള ആഗീരണം സംഭവിക്കും. വളരെ പെട്ടെന്ന് ശരീരത്ത് വ്യാപിക്കും. പിന്നെ അത് പുറത്തു കളയുക അസാധ്യമാണ്. പിന്നെ അതിന്റെ പ്രവർത്തനത്തിന് ഒരു പ്രതിവിധിയും ഇല്ല. അതെനിക്ക് അറിയാമായിരുന്നു.
ദിവസങ്ങൾക്കുള്ളിൽ അത് സംഭവിച്ചു. അവന് ശരീരത്തിന് ബലക്ഷയം ഉണ്ടായി. ആടിയാടി നടന്നു തുടങ്ങി. ചെറിയ കോച്ചിപ്പിടുത്തം. പിന്നെ വീണു. ആ വീഴ്ച എന്നന്നേക്കും ഉള്ളതാണെന്ന് എനിക്കറിയാമായിരുന്നു. അവന്റെ നാഡീവ്യൂഹം പൂർണമായും അക്രിലാമെയ്ഡിന് വിധേയപ്പെട്ടു കഴിഞ്ഞിരുന്നു. അവൻ പൂർണമായും ശയ്യാവലംബിയായി. ഇനി ഒരിക്കലും ഒരു ഉയർത്തെഴുന്നേൽപ്പ് അവന് ഉണ്ടാകില്ല എന്നെനിക്കറിയാമായിരുന്നു.
വീട്ടുകാർ പല പ്രകാരത്തിലുള്ള ചികിത്സ നടത്തുന്നതായി ഞാനറിഞ്ഞിരുന്നു. പക്ഷേ അതൊന്നും ഫലവത്തായില്ല. ആവുകയുമില്ല. അത് അറിയുന്ന ഒരേയൊരു വ്യക്തി ഞാൻ മാത്രമായിരുന്നല്ലോ. പൂർണമായും അവൻ കിടപ്പിലായെന്നറിഞ്ഞപ്പോൾ ഞാൻ അവനെ വീട്ടിൽപ്പോയിക്കണ്ടു. ഉറപ്പാക്കണമായിരുന്നു എനിക്ക് അവന്റെ അപ്പോഴത്തെ അവസ്ഥ.
നിസ്സഹായമായ അവസ്ഥയിൽ അവൻ എന്നെ ദയനീയമായി നോക്കി. അല്പംപോലും സംശയം ആർക്കും ഒന്നിലും ഇല്ലായിരുന്നു. മദ്യം കഴിച്ചകാര്യം അവന് പുറത്തു പറയാൻ പറ്റുമായിരുന്നില്ല. അവനും ഒന്നിലും സംശയമുണ്ടായിരുന്നില്ല. കാരണം പുതിയകുപ്പി അവൻ തന്നെയാണല്ലോ പൊട്ടിച്ചൊഴിച്ച് കുടിച്ചത്.
അവന്റെ ദയനീയമായ നോട്ടം കണ്ടു സന്തോഷിച്ചിട്ടാണ് അന്ന് ഞാൻ തിരിച്ചുപോന്നത്. അങ്ങനെ എന്റെ ഒരു ഇര വീണു. ഇനിയുമുണ്ട് ഒരാൾ കൂടി. ആന്റണി. അവന് ഞാൻ കരുതി വച്ചിരുന്നത് മറ്റൊന്നാണ്. നാട്ടുകാർ അറിയുന്ന ഒന്ന്.
പിന്നെ ഞാൻ ആന്റണിയുമായിട്ട് കൂടുതൽ അടുത്തു. ഞങ്ങൾ തമ്മിൽ നേരത്തെ തന്നെ നല്ല സൗഹൃദം ഉണ്ടായിരുന്നു. എന്നിൽ നിന്നും പലപ്പോഴായി അവൻ പൈസ വാങ്ങി മദ്യപിച്ചിട്ടുണ്ടല്ലോ.
അന്ന് മോള് വിടപറഞ്ഞിട്ട് ഒരു വർഷം തികഞ്ഞ ദിവസമായിരുന്നു. ഞാൻ ആന്റണിയെ കണ്ടു. പള്ളിക്കൽ നിന്നും നാല് കിലോമീറ്റർ അകലെയുള്ള ഷാപ്പിലേക്ക് ഞാൻ അവനെ കൂട്ടിക്കൊണ്ടുപോയി. വയലിന് കരയിലുള്ള ഷാപ്പ്. ശാന്തസുന്ദരമായ അന്തരീക്ഷം. അവനോട് വയറു നിറച്ചു കഴിച്ചുകൊള്ളാൻ ഞാൻ പറഞ്ഞു. കുടി കഴിഞ്ഞ് പൈസ കൊടുത്തിട്ട് ഞങ്ങൾ പുറത്തിറങ്ങി. സന്ധ്യ മയങ്ങിക്കഴിഞ്ഞിരുന്നു അപ്പോൾ.
അവൻ മൂത്രമൊഴിക്കാൻ വയലിന്റെ വരമ്പിന്റെ സൈഡിൽ നിൽക്കുന്ന സമയത്ത് പിന്നിൽ നിന്നും ഞാൻ അവനെ ചവിട്ടിയിട്ടു. അവൻ വെള്ളത്തിലേക്ക് കമിഴ്ന്നു വീണു. അവന്റെ തല വെള്ളത്തിൽ ഞാൻ അമർത്തിച്ചവിട്ടിപ്പിടിച്ചു. അവന്റെ വായിൽ നിറയെ എക്കൽ കേറി. അതുകൊണ്ട് അവന് ശബ്ദം ഉണ്ടാക്കാൻ പറ്റിയില്ല. ഏതാനും നിമിഷത്തെ പിടച്ചിൽ. അർധപ്രാണാവസ്ഥയിൽ ഞാൻ അവനെ മലർത്തിക്കിടത്തി. പിന്നെ ഞാൻ എന്റെ എളിയിൽ കരുതിയിരുന്ന മോളുടെ ഹൈഹീൽഡ് ചെരിപ്പ് അവന്റെ നെഞ്ചിലേക്ക് ചവിട്ടിയിറക്കി. ഞാൻ ചെരിപ്പിന്റെ ഹീൽഡിന്റെ അഗ്രഭാഗം നേരത്തേതന്നെ തീയിൽ ചൂടാക്കി കൂർപ്പിച്ചിരുന്നു. ചുള്ളിക്കമ്പൊടിയുന്ന പോലൊരു ശബ്ദം. ഒരു പിടച്ചിൽ. ദുർബലമായ ഒരു പിടച്ചിൽ. തീർന്നു. ശുഷ്കനായ എന്റെ കാലടിക്കുള്ളിൽ അവൻ ഒതുങ്ങിപ്പോയി.
ഞാൻ ആ ചെരുപ്പ് അവന്റെ നെഞ്ചിൽ ചവിട്ടി ഉറപ്പിച്ചുവെച്ചു. അവൻ നിശ്ചലനായി എന്ന് എനിക്ക് മനസ്സിലായപ്പോൾ ഞാൻ തിരിഞ്ഞു നടന്നു. അപ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു. ആർക്കും സംഭവം കാണാൻ പറ്റുമായിരുന്നില്ല. അവൻ വയലിന്റെ ചതുപ്പിൽ പകുതി മുങ്ങിക്കിടന്നു.
പിറ്റേന്ന് പോലീസിന് പ്രതിയെ അന്വേഷിച്ച് അധികം അലയേണ്ടി വന്നില്ല. തെളിവിനായിട്ട് ആൻസിയുടെ ചെരിപ്പ് ഞാൻ അവശേഷിപ്പിച്ചിരുന്നല്ലോ. അതുകൊണ്ടുതന്നെ അവർ ഉടൻ എന്റെ വീട്ടിലെത്തി. ഞാൻ അവർക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു. അവർക്കൊപ്പം ഞാൻ സ്റ്റേഷനിലേക്ക് പോയി.
പോലീസിന് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കാത്തത് കൊണ്ടും വിദ്യാഭ്യാസമുള്ളതുകൊണ്ടും മർദ്ദനമുറകൾക്കൊന്നും ഞാൻ വിധേയനായില്ല. ഏറ്റവും യോഗ്യമായ രീതിയിൽ കോടതിയിലേക്ക് കാര്യങ്ങൾ നീങ്ങി. കോടതിയിൽ ഞാൻ കുറ്റം സമ്മതിച്ചു. കൂടുതൽ വാദിക്കാനും എതിർക്കാനും പോയില്ല. അങ്ങനെയാണ് ഞാൻ ഇവിടെ എത്തിയത്.”
ജോസ് മാഷ് പറഞ്ഞവസാനിപ്പിച്ചു.
“ഇനി..?” ഞാൻ ചോദിച്ചു.
ജോസ് എന്നെ നോക്കിയൊന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു.
“ഇനി.. അങ്ങനെ ഒന്നുമില്ല. ഇവിടെത്തന്നെ. ആൻസി തിരഞ്ഞെടുത്തു പരാജയപ്പെട്ട മാർഗം ഞാൻ ഇവിടെ വിജയിപ്പിക്കും. ഇതിനു പുറത്തൊരു ലോകത്തിലേക്ക് ഇനിയും ഞാനില്ല. ഞാൻ കാത്തിരിക്കുന്നത് ഒന്നുമാത്രം. കിടപ്പിലായവൻ കുഴിയിലായി എന്നറിയണം. ഇമ്മാനുവൽ എന്നെ കാര്യങ്ങൾ അറിയിക്കുന്നുണ്ട്. അവൻ പെട്ടിയിലായി എന്ന് പൂർണമായി അറിയുന്ന ആ ദിവസം ആൻസി പരാജയപ്പെട്ട ദൗത്യം ഞാൻ വിജയിപ്പിക്കും. ഞാൻ എൻറെ സഹോദരിയോട് കാണിച്ച കാരുണ്യത്തിന്റെ വഴി. അവൾ പരാജയപ്പെട്ടുപോയ ആ വഴി തന്നെ ഞാൻ സ്വീകരിക്കും. അതിനുമുമ്പ് എൻറെ പ്രതിയോഗി മരിച്ചു എന്ന് എനിക്ക് ഉറപ്പാക്കണം”.
ജോസ് മാഷ് നിസ്സംഗനായി വിദൂരതയിലേക്ക് നോക്കിയാണ് അത് പറഞ്ഞത്. ഞാൻ അദ്ദേഹത്തെ സാകൂതം നോക്കിയിരുന്നു.
“എന്റെ ലക്ഷ്യം സാധിക്കാൻ ഇനിയും അധികനാൾ വേണ്ടി വരില്ല.” ജോസ് മാഷ് പറഞ്ഞു.
“ജോൺ അറ്റം പറ്റിക്കിടക്കുകയാണ്. പാളയിൽ. ഇനി അധികനാൾ വേണ്ടിവരില്ല അവൻ പെട്ടിയിലാവാൻ. അത് കേട്ടിട്ട് വേണം എന്റെ അവസാന പദ്ധതി എനിക്ക് നടപ്പിലാക്കാൻ.”
ഞാൻ വാഴത്തോട്ടത്തിലേക്ക് നോക്കി. ജോസ് മാഷ് വാഴയ്ക്ക് വലിയ കഴകൾ താങ്ങ് കൊടുത്ത് ബലമുള്ള നീളൻ കയറുകൊണ്ട് ചുറ്റിവരിഞ്ഞ് കെട്ടിവെച്ചിട്ടുണ്ടായിരുന്നു.
“ബുദ്ധിമാന്മാർ കാര്യങ്ങൾ മുൻകൂട്ടി ചിന്തിക്കുന്നു”. ഞാൻ പറഞ്ഞു.
“എന്ത്” ജോസ് മാഷ് ചോദിച്ചു.
“ഒന്നുമില്ല” ഞാൻ പറഞ്ഞു.
“ഇമ്മാനുവൽ അതാത് സമയങ്ങളിൽ ജോണിന്റെ അവസ്ഥ എന്നെ അറിയിക്കുന്നുണ്ട്.”
ഒരു നിമിഷത്തെ മൗനത്തിനു ശേഷം ജോസ് എന്നോട് ചോദിച്ചു.
“നിങ്ങൾ ഇത് എപ്പോൾ സ്റ്റോറി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്”.
“ഏറ്റവും എളുപ്പം.” ഞാൻ പറഞ്ഞു.
“പക്ഷേ ആ എളുപ്പം എന്റെ കാലശേഷം ആയിരിക്കണം.” ജോസ് മാഷ് പറഞ്ഞു.
ഞാൻ സമ്മതിച്ചു.
ദൂരെ ഇമ്മാനുവലിന്റെ തലവട്ടം ഞാൻ കണ്ടു. ഇമ്മാനുവൽ വരാന്തയിൽ വന്നു നിൽക്കുകയാണ്. അതൊരു സൂചനയാണ്. എന്റെ സമയം കഴിഞ്ഞു എന്ന സൂചന. ഞാൻ എഴുന്നേറ്റു. ഒപ്പം ജോസ് മാഷും.
ഞാനാ മനുഷ്യനെ തന്നെ അൽപനേരം നോക്കി നിന്നു. ശുഷ്കനായ മനുഷ്യൻ. എന്നിട്ടും അദ്ദേഹം അദ്ദേഹത്തിന്റെ പദ്ധതി സാവകാശം നടപ്പാക്കി വിജയിപ്പിച്ചു. ബഹളങ്ങൾ ഒന്നുമില്ലാതെ. നിശബ്ദമായി.
പതിനാറു വർഷം ക്ഷമയോടെ കാത്തിരുന്ന് ഒടുവിൽ നന്ദവംശത്തെ മുച്ചൂടും മുടിച്ച ചാണക്യന്റെ സന്തതിയാണ് എന്റെ മുന്നിൽ നിൽക്കുന്നത്. എങ്ങനെ ബഹുമാനിക്കാതിരിക്കും.
ചാണക്യന്റെ ആ ശിഷ്യനെ ഞാൻ അൽപനേരം കൗതുകത്തോടെ നോക്കി നിന്നു. സ്വന്തം സഹോദരിക്ക് വന്ന ദുര്യോഗത്തിന് സമർത്ഥമായി പരിഹാരം കണ്ടവൻ.
സ്വസഹോദരിക്ക് നിസംശയം കാരുണ്യത്തിന്റെ വഴി വെച്ചു നീട്ടിയവൻ.
ഒരിക്കൽ ഒരു പുസ്തകപ്രകാശനത്തിന് ക്ഷണിക്കപ്പെട്ട് മാർ ക്രീസോസ്റ്റുത്തിന്റെ അരമനയിൽ എത്തിയപ്പോൾ അദ്ദേഹം മുഖവരയില്ലാതെ ചോദിച്ചു.
“എന്താണ് കാരുണ്യം”.
“ഭിക്ഷ കൊടുക്കുന്നത്”. എനിക്ക് സംശയമില്ലായിരുന്നു. പക്ഷേ എന്റെ മറുപടി അദ്ദേഹത്തിന് തൃപ്തികരമായില്ല.
“അത് ചോദിച്ചിട്ടല്ലേ?” അദ്ദേഹം തിരിച്ചു ചോദിച്ചു.
“അതെ”. ഞാൻ സമ്മതിച്ചു.
“ചോദിക്കാതെ ചെയ്യണം. കണ്ടറിഞ്ഞ് ചെയ്യണം. അതാണ് കാരുണ്യം”. അദ്ദേഹം പറഞ്ഞു. എന്നിട്ട് അദ്ദേഹം ഒരു ഉദാഹരണം പറഞ്ഞു.
“നിങ്ങൾ ഒരു മഴയത്ത് ഒരു ബസ്റ്റാൻഡിൽ നിന്ന് പുക വലിക്കുമ്പോൾ തൊട്ടപ്പുറത്തുനിന്നൊരാൾ നിങ്ങളെ ആർത്തിയോടെ നോക്കുന്നു എങ്കിൽ അതിന്റെ അർത്ഥം അയാൾക്ക് ഒരു പുക വേണമെന്നാണ്. അത് നിങ്ങൾക്കു മനസ്സിലായെങ്കിലും അയാൾ ചോദിച്ചതിനു ശേഷം ബീഡി കൊടുക്കാനാണ് നിങ്ങൾ താൽപര്യപ്പെടുന്നതെങ്കിൽ അത് കാരുണ്യമല്ല. അപ്പോൾ നിങ്ങൾ ചെയ്യേണ്ടത് അയാളെക്കൊണ്ട് ഭിക്ഷക്കാരനെപ്പോലെ ‘ഒരു പുക തരുമോ’ എന്നു ചോദിപ്പിക്കാതെ രണ്ടു പുക പെട്ടെന്ന് വലിച്ചിട്ട് ആ ബീഡി അയാൾക്ക് കൈമാറണം. അതാണ് കാരുണ്യം. ആവശ്യം കണ്ടറിഞ്ഞു ചെയ്യുക. ഒരാളുടെ അഭിമാനം സംരക്ഷിച്ചുകൊണ്ട് അയാളെ സഹായിക്കുന്നതാണ് കാരുണ്യം”. അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ഞാൻ അത് തിരിച്ചറിയുന്നു. സ്വന്തം സഹോദരിയുടെ ആവശ്യം കണ്ടറിഞ്ഞ് കാരുണ്യത്തിന്റെ വഴി വെച്ചുനീട്ടിയ ഒരാളുടെ മുന്നിലാണ് ഞാൻ നിൽക്കുന്നത്.
ഞാൻ സാവകാശം മുന്നോട്ട് അടുത്ത് ആ ശുഷ്കശരീരം ഗാഢമായി ആലിംഗനം ചെയ്തു. പിന്നെ തിരിഞ്ഞു നടന്നു.
“വൈശാഖ്” പെട്ടെന്ന് ഒരപകടം തിരിച്ചറിഞ്ഞപോലെ ജോസ് മാഷ് എന്നെ വിളിച്ചു.
ഞാൻ തിരിഞ്ഞു നിന്നു.
“മാഷ് എന്നോട് പറഞ്ഞ എല്ലാ കാര്യങ്ങളും എന്നിൽ സുരക്ഷിതമായിരിക്കും. ഇമ്മാനുവൽ അറിയില്ല”.
ഞാൻ ഉറപ്പു കൊടുത്തു.
പിന്നെ പതുക്കെ തിരിഞ്ഞു നടന്നു. ഇമ്മാനുവലിന്റെ അടുത്തേക്ക്.
dr.sreekumarbhaskaran@gmail.com