Image

വായനാലോകത്തിന്റെ ചിന്ത മാറിയിട്ടുണ്ട്:അഭിനാഷ് തുണ്ടുമണ്ണിൽ (എഴുത്തുകാരൻ)

-മീട്ടു റഹ്മത്ത് കലാം Published on 21 August, 2025
വായനാലോകത്തിന്റെ ചിന്ത മാറിയിട്ടുണ്ട്:അഭിനാഷ് തുണ്ടുമണ്ണിൽ (എഴുത്തുകാരൻ)

ആഗോളതലത്തിൽ ഫൊക്കാന നടത്തിയ സാഹിത്യ മത്സരത്തിൽ നോവൽ വിഭാഗത്തിൽ യുവ എഴുത്തുകാർക്കുള്ള പ്രത്യേക പുരസ്കാരം നേടിയിരിക്കുന്നത് അമേരിക്കൻ മലയാളിയായ അഭിനാഷ് തുണ്ടുമണ്ണിലാണ്.ഹിറ്റ്ലർ തൂക്കിലേറ്റിയ ഏക ഇന്ത്യക്കാരനും മലയാളിയുമായ മുച്ചിലോട്ട് മാധവനെ കേന്ദ്രകഥാപാത്രമാക്കിയെഴുതിയ 'പരന്ത്രീസ് കുഴൽ' എന്ന നോവലിനാണ് പുരസ്കാരം.പെൻസിൽവേനിയയിൽ കുടുംബസമേതം താമസിക്കുന്ന ഇദ്ദേഹം, എട്ട് പുസ്തകങ്ങളുടെ രചയിതാവാണ്.അമേരിക്കയിൽ കൗൺസിലിംഗ് രംഗത്ത് ജോലി ചെയ്യുന്നതിനിടയിലും മലയാള സാഹിത്യത്തെ നെഞ്ചോട് ചേർക്കുന്ന അഭിനാഷ് തുണ്ടുമണ്ണിൽ, പുരസ്‌ക്കാരനിറവിൽ ഇ-മലയാളിയോട് സംസാരിക്കുന്നു...


എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക്...

പത്തനംതിട്ട കുമ്പനാടാണ് സ്വദേശം.പമ്പയാറിനോട് തീരംചേർന്നുകിടക്കുന്ന പൂവത്തൂർ എന്ന കൊച്ചുഗ്രാമത്തിലാണ് വളർന്നത്. ജാതിയുടെയോ മതത്തിന്റെയോ വേലിക്കെട്ടില്ലാതെയുള്ള കുട്ടിക്കാല ഓർമ്മകൾ മനസ്സിലിന്നും കുളിർമഴ പെയ്യിക്കും.ആറന്മുള വള്ളംകളിയും അമ്പലങ്ങളിലെ പരിപാടികളും ക്രിസ്മസ് കരോളും എല്ലാം പരസ്പരം സഹകരിച്ച് ഒന്നിച്ചാഘോഷിച്ചിരുന്ന കാലഘട്ടം വ്യക്തി എന്ന നിലയിൽ എന്നെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.നാടകങ്ങളും പാട്ടുകളും എഴുതിയിരുന്ന പപ്പയാണ് വായനയോടും എഴുത്തിനോടും അഭിനിവേശം തോന്നാനുള്ള കാരണം.വായിക്കണമെന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടില്ല,അതൊക്കെ അറിയാതെ നമ്മളിലേക്ക് കയറിക്കൂടിയതാണ്.

ജീവിതാനുഭവങ്ങൾ കാഴ്ചപ്പാടിനെ എങ്ങനെയൊക്കെ സ്വാധീനിച്ചിട്ടുണ്ട്?

കോഴഞ്ചേരി കോളജിലാണ് ഡിഗ്രി പഠിച്ചത്.അവിടെ സംഘടനാപ്രവർത്തനത്തിൽ സജീവമായിരുന്നു. അടിച്ചുതാഴ്ത്തപ്പെടുന്നവന്റെ ശബ്ദമാകണമെന്ന രാഷ്ട്രീയബോധം എന്നും ഉള്ളിലുണ്ട്. അത്തരക്കാർക്കുവേണ്ടിയുള്ള സമരങ്ങളിൽ പങ്കെടുത്തത് വ്യക്തമായ ഒരു കാഴ്ചപ്പാടിന് വഴിയൊരുക്കി. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി അന്നത്തെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ജയിച്ചത്.കോയമ്പത്തൂർ ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎസ്ഡബ്ലിയു പാസായി.തമിഴ്‌നാട്ടിലെയും വാളയാർ അടക്കമുള്ള പ്രദേശങ്ങളിലെയും കുഗ്രാമങ്ങളിലായിരുന്നു ആ സമയത്തെ പ്രവർത്തനങ്ങൾ.പിന്നീട് മാർട്ടിൻ ലൂഥർ ക്രിസ്ത്യൻ കോളജിൽ എംഫിൽ ചെയ്തു.പഠിച്ചിറങ്ങിയ ഉടൻ എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയിൽ കൗൺസിലറായി ജോലിക്കുകയറി.തെരുവുവേശ്യകൾക്കിടയിലായിരുന്നു പ്രവർത്തനം.
പിന്നീട് മൈഗ്രന്റ്‌സിനിടയിൽ പ്രോഗ്രാം ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകളുടെ ചാർജുള്ള കോ-.ഓർഡിനേറ്ററായി 2019 വരെ പ്രവർത്തിച്ചു.ഒരു ദശകകാലത്തോളം എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്, നമ്മൾ വായിച്ചറിഞ്ഞ കഥകളേക്കാൾ വിചിത്രമായ ജീവിതങ്ങൾ ചുറ്റുമുണ്ടെന്ന ബോധ്യമുണ്ടാക്കി.

ആദ്യ രചന,ആദ്യ പുസ്തകം,ആദ്യ നോവൽ...

കുട്ടികൾക്കുള്ള ക്രിസ്തീയ മാസികയായ 'തളിരുകളിൽ' എന്റെ ആദ്യകഥ പ്രസിദ്ധീകൃതമാകുമ്പോൾ പത്ത് വയസ്സേ ഉണ്ടായിരുന്നുള്ളു. അതിനും മുൻപേ എഴുതിത്തുടങ്ങിയിരുന്നു.2013 ലാണ് ആദ്യ പുസ്തകം പുറത്തിറങ്ങിയത്. ആത്മീയ പുസ്തകമായിരുന്നു അത്.ആ ശ്രേണിയിൽ നാല് പുസ്തകങ്ങൾ ഇറക്കി. 2014 ൽ ഇരുപത്തിയെട്ടാം വയസ്സിൽ 'കളിമണ്ണിന്റെ കാലൊച്ച' എന്ന ആദ്യ നോവൽ വെളിച്ചം കണ്ടു.ക്രിസോസ്റ്റം തിരുമേനിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് ഒരു പുസ്തകം പുറത്തിറക്കാൻ സാധിച്ചതും സാർത്ഥകമായ അനുഭവമാണ്.ഇതുവരെ അൻപതോളം പാട്ടുകൾ എഴുതി.മാരാമൺ കൺവൻഷനിലേക്കും ഞാൻ രചിച്ച പാട്ടുകൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ലേഖനങ്ങളും കഥകളും ആനുകാലികങ്ങളിൽ എഴുതാറുണ്ട്.

എങ്ങനെയാണ് ഒരുകഥ രൂപപ്പെടുന്നത്? ക്ഷമ ഏറെ ആവശ്യമുള്ള ഒരു സങ്കേതമല്ലേ നോവൽ?

ജീവിതത്തിൽ കാണുന്നതും കേൾക്കുന്നതുമായ ഓരോ വ്യക്തിയെയും നമ്മൾ അറിഞ്ഞോ അറിയാതെയോ പഠിക്കാറുണ്ട്.ഇവരൊക്കെയും ഒരു കഥാപാത്രത്തെ രൂപപ്പെടുത്തുമ്പോൾ സ്വാധീനിക്കും.ക്ഷമ വളരെയധികം വേണമെന്നത് സമ്മതിക്കുന്നു. എന്നാൽ,എഴുത്ത് എനിക്ക് അത്രമാത്രം ഇഷ്ടമായതുകൊണ്ട് എങ്ങനെയെങ്കിലും സമയം കണ്ടെത്തും.ലഹരിക്കുവേണ്ടി ചിലർ ഏതറ്റംവരെയും പോകുന്നതുപോലെയൊരു മാനസികാവസ്ഥയാണ്.അമേരിക്കയിലെ ജീവിതസാഹചര്യങ്ങളിൽ എഴുത്ത് പ്രയാസമേറിയ ഒന്നാണ്. നാലുവയസ്സും രണ്ടുവയസ്സുമുള്ള രണ്ട് ആണ്മക്കളുണ്ട്.ജോലി,കുഞ്ഞുങ്ങളെ നോട്ടം,വീട്ടുകാര്യങ്ങൾ... ഇതിനിടയിൽ വേണം എഴുതാൻ.ഉറക്കം ത്യജിച്ചുകൊണ്ടാണ് എഴുത്തിനായി സമയം കണ്ടെത്തുന്നത്. അതിന്റെതായ ആരോഗ്യപ്രശ്നങ്ങളുമുണ്ടായിട്ടുണ്ട്.


നോവലുകൾക്ക് വിചിത്രമായ പേരുകൾ നൽകുന്നതിന് പിന്നിൽ?

വർണ്ണക്കടലാസിൽ ഒളിപ്പിച്ച മിഠായികളുമായി അതിനെ ഉപമിക്കാം.പരന്ത്രീസ് എന്നത് പഴയകാലത്ത് ഫ്രഞ്ചുകാരെ വിളിച്ചിരുന്ന പേരാണ്.ഇന്ത്യയെ ബ്രിട്ടൺ ഭരിച്ചുകൊണ്ടിരിക്കെ  തന്നെ പോണ്ടിച്ചേരി അടക്കമുള്ള പ്രദേശങ്ങൾ ഫ്രഞ്ചുകാരുടെ കീഴിലായിരുന്നു. 1947ൽ ബ്രിടീഷുകാർ രാജ്യംവിട്ടതെങ്കിൽ 1954 ലാണ് ഫ്രഞ്ചുകാർ ഇന്ത്യയിൽ നിന്ന് പോയത്.അവരുടെ രാജ്യത്തിന്റെ സർവ്വസന്നാഹവും സൈന്യവും കുഴലുകളും അതുവരെയും പോണ്ടിച്ചേരിയിലും മയ്യഴിയിലുമൊക്കെ ഉണ്ടായിരുന്നു.ഹിറ്റ്ലർ ഫ്രാൻസിനെ അതിക്രമിച്ചുകടന്ന് അവിടം കീഴ്പ്പെടുത്തുമ്പോൾ പഠനത്തിനായി  കേരളത്തിൽനിന്നെത്തിയ മുച്ചിലോട്ട് മാധവനും അവിടുണ്ടായിരുന്നു.റെസിസ്റ്റൻസ് ആർമിയിൽ ജോയിൻ ചെയ്ത് അദ്ദേഹം ഹിറ്റ്ലർക്കെതിരെ പോർമുഖം തുറന്നുവയ്ക്കുകയും അക്ഷരാർത്ഥത്തിൽ വിറപ്പിക്കുകയും ചെയ്തിരുന്നെന്നാണ് ചരിത്രരേഖകളിൽ നിന്ന് ലഭ്യമാകുന്ന വിവരം. ഫ്രഞ്ചുകാരുടെ പീരങ്കിയേക്കാൾ ശക്തമാണ് മാധവൻ അവർക്കുനേരെ പിടിച്ച കുഴൽ എന്ന ചിന്തയിലൂടെയാണ് 'പരന്ത്രീസ് കുഴൽ' എന്നുള്ള പേര് വീണുകിട്ടിയത്. മൂന്നുവർഷത്തെ ഗവേഷണം ഈ നോവലിനുപിന്നിലുണ്ട്.


'മുച്ചിലോട്ട് മാധവൻ' എന്നായിരുന്നു നോവലിന്റെ പേരെങ്കിൽ വായനക്കാർക്ക് അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുമായിരുന്നെന്ന് തോന്നിയിട്ടുണ്ടോ?

വായനാലോകത്തിന്റെ ചിന്ത മാറിയിട്ടുണ്ട്. ഫ്രഞ്ചുകാർ ഭരിച്ചിരുന്ന കാലഘട്ടത്തിലേക്ക് വായനക്കാരെ  പൂർണ്ണമായും കൂട്ടിക്കൊണ്ടുപോവുക എന്നുള്ള ഉദ്ദേശത്തോടെയാണ് 'പരന്ത്രീസ് കുഴൽ' എന്ന  പേര് സ്വീകരിച്ചത്.1940 കളിൽ നിന്നുകൊണ്ടാണ് കഥ പറയുന്നത്.ഇത് മാധവന്റെ മാത്രം കഥയല്ല.മുച്ചിലോട്ട് മാധവനെക്കുറിച്ച് നിലവിൽ ഇന്ത്യയിൽ രേഖകളൊന്നുമില്ല.ഹിറ്റ്ലർ തൂക്കിലേറ്റിയ ഏക മലയാളിയാണ് അദ്ദേഹമെന്നുള്ളത് എവിടെയെങ്കിലും പരാമർശിക്കപ്പെട്ടിരിക്കാം എന്നതല്ലാതെ വിശദാംശങ്ങൾ യാതൊന്നുമില്ല.നാസീപ്പടയ്ക്കെതിരെ പ്രവർത്തിച്ച നാല്പത്തിയാറോളം പേരെ തൂക്കിലേറ്റിയപ്പോൾ അതിലൊരാളായിരുന്നു മാധവൻ.45 പേരുടെയും മൃതശരീരങ്ങൾ സ്വീകരിക്കാൻ അവരുടെ കുടുംബത്തേക്ക് നാസി സൈന്യം കത്തയച്ചിരുന്നു.മാധവന്റെ വീട്ടിലേക്ക് മാത്രം കത്തയച്ചില്ല.ആ ശരീരം അവിടെ അനാഥമായി കിടക്കുകയും നാസിസൈന്യം തന്നെ പിന്നീട് അവിടത്തെ ഏറ്റവും വലിയ ശ്മശാനത്തിൽ(110 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന പെഹ്ലെഷേയ്സ് ശ്മശാനത്തിൽ )അദ്ദേഹത്തെ അടക്കംചെയ്യുകയും ചെയ്തു. സോർബൻ  യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ വേണ്ടിയാണ് മയ്യഴിയിൽ നിന്ന് മാധവൻ ഫ്രാൻസിലേക്ക് പോയത്. നാട്ടിലുള്ള ഉറ്റവർ അദ്ദേഹമെവിടെ പഠിക്കുകയാണെന്ന് തന്നെ കരുതിയിരിക്കാം.വർഷങ്ങൾക്ക് ശേഷമാണ് മാധവൻ മരിച്ചതായി അവർ അറിയുന്നത്.ഇന്ത്യയോ കേരളമോ ആ ധീരരക്തസാക്ഷിയെ ഓർത്തിട്ടില്ല എന്നുള്ളത് ചരിത്രവസ്തുത തന്നെയാണ്.മയ്യഴിയുടെ കഥ പറഞ്ഞുകൊണ്ട് ഫ്രാൻസിലേക്കും ഫ്രാൻസിന്റെ കഥ പറഞ്ഞുകൊണ്ട് മയ്യഴിയിലേക്കും സഞ്ചരിക്കുന്ന ആഖ്യാനരീതിയാണ് സ്വീകരിച്ചിരിക്കുന്നത്.എഴുപത് ശതമാനത്തോളം ഭാവന ഇടകലർത്തിയാണ് എഴുതിയിരിക്കുന്നത്.

ചിലവഴിക്കുന്ന ഓരോ മണിക്കൂറിനും പണം ലഭിക്കുന്ന അമേരിക്ക പോലൊരു രാജ്യത്തിരുന്നുകൊണ്ട് ഒരു നോവലിനുവേണ്ടി ഇത്രയധികം സമയം നീക്കിവച്ചതിന് പിന്നിൽ?

മൂത്ത മകന് രണ്ടുവയസുള്ളപ്പോഴാണ് അടിമക്കപ്പൽ എഴുതിയത്.അലർജി മൂലം ആ സമയത്ത് കുഞ്ഞിന് കൈകളുടെയും കാലുകളുടെയും മടക്കുകൾ ചൊറിഞ്ഞ് പൊട്ടിയിരുന്നു.അവനെ നെഞ്ചിൽ കിടത്തിക്കൊണ്ട് എന്റെ ഫോണിലാണ് ആ നോവൽ എഴുതിത്തീർത്തതെന്ന് പറഞ്ഞാൽ ആളുകൾ വിശ്വസിക്കുമോ എന്നറിയില്ല. ആ സമയത്ത് കൈകൾക്കും വിരലുകൾക്കും  വേദനകലശലായിട്ട്  ചികിത്സ തേടേണ്ടി വന്നിട്ടുണ്ട്.
മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക സാഹിത്യ പുരസ്കാരം(2023),ഗാന്ധി സേവാഗ്രാം യുവപ്രതിഭാ പുരസ്കാരം(2024),എംഡിഎൽഎഫ് പുരസ്കാരം എന്നിങ്ങനെ മൂന്ന് പുരസ്കാരങ്ങൾ നോവലിന് ലഭിച്ചു. എസ് 21 പ്രിസൺ എന്ന നോവലിന് സി.കെ.കൊച്ചുകോശി സ്മാരക സാഹിത്യ പുരസ്കാരവും ലഭിച്ചു. പുസ്തകം സ്വീകരിക്കപ്പെടുമ്പോഴും അംഗീകരിക്കപ്പെടുമ്പോഴും നമ്മൾ സഹിച്ച ക്ലേശങ്ങൾ വെറുതെ ആയില്ലെന്ന ആശ്വാസം തോന്നും.
എഴുത്തിനോടുള്ള തീവ്രമായ അഭിനിവേശമാണ് എല്ലാം അതിജീവിക്കാൻ കരുത്താകുന്നത്.എനിക്ക് എന്നെ സ്വതന്ത്രമാക്കാൻ സാധിക്കുന്നത് വായനയിലൂടെയും എഴുത്തിലൂടെയുമാണെന്ന് ഞാൻ വിശ്വസിക്കുന്നു.എല്ലാ സൗഭാഗ്യങ്ങളും എല്ലാ നന്മകളും വേണ്ടെന്നുവച്ചുകൊണ്ടായിരിക്കും ഒരുവൻ ലഹരിക്ക് പിന്നാലെ ഓടുന്നത്.എഴുത്താണ് എന്റെ ലഹരി. കഴിവിനേക്കാൾ പത്തുമടങ്ങാണ് എഴുത്തിനോടുള്ള പാഷൻ.

ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോഡേൺ മാസ്റ്റർ പീസ് ഓഫ് വേൾഡ് ലിറ്ററേച്ചർ പഠനം പൂർത്തീകരിച്ചത്, എഴുത്തുകാരൻ എന്ന നിലയിൽ പ്രയോജനപ്പെട്ടിട്ടുണ്ടോ?

വായിക്കാത്ത കുറേ മനുഷ്യരെ വായിച്ചു എന്നതാണ് അതിലൂടെ ഉണ്ടായ നേട്ടം.ആ അറിവുകളൊക്കെ വിത്തുകളായി മനസിലെവിടെയെങ്കിലും ഉണ്ടാകും.എഴുത്തിലേക്ക് ആ ഭാഷ വരാതിരിക്കാൻ ശ്രമിക്കുമെങ്കിലും വായനയും നിരീക്ഷണപാടവവും ജീവിതാനുഭവങ്ങളും നമ്മളെ നല്ലൊരു എഴുത്തുകാരനാക്കും.


റീൽസിന്റെ ഇന്നത്തെ കാലത്ത്,സുദീർഘമായ ഒരു നോവൽ എങ്ങനെ വായനക്കാരെ പിടിച്ചിരുത്തും?

കണക്കറ്റ് സ്വയവിമർശനം നടത്തിക്കൊണ്ടാണ് ഏറ്റവും മികച്ചത് വായനക്കാരന് സമർപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്. ആദ്യ അൻപത് പേജ് വരെ ഒരു വായനക്കാരനെ പിടിച്ചിരുത്താൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് അയാൾ ആ പുസ്തകം തൊടാൻ പോകുന്നില്ലെന്ന് ബെന്യാമിൻ പറഞ്ഞിട്ടുണ്ട്.എന്റെ കാഴ്ചപ്പാടിൽ അഞ്ച് പേജിൽ തന്നെ വായനക്കാരന്റെ മനസിനെ കീഴ്പ്പെടുത്തിയെങ്കിലേ കാര്യമുള്ളൂ. ആറാമത്തെ പേജ് വായിച്ചേ തീരൂ എന്ന തോന്നൽ ഉണ്ടാക്കുന്നതൊരു മാജിക്കാണ്.സമൂഹമാധ്യമങ്ങളിലൂടെ നമ്മുടെ രചനകളെ കൃത്യമായി വിലയിരുത്തുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ഒരു തലമുറ കൂടുതൽ എഴുതാനുള്ള പ്രചോദനമാണ്. ചിലർ പറയുംപോലെ വായന മരിച്ചിട്ടൊന്നുമില്ല.'അടിമക്കപ്പൽ' ഇപ്പോൾ മൂന്നാം പതിപ്പായി.

ഒരു കഥ രൂപപ്പെടുമ്പോൾ അതെത്ര പേജിൽ ഉൾകൊള്ളിക്കാമെന്ന ധാരണ ഉണ്ടായിരിക്കുമോ?

പെട്ടെന്ന് തീർക്കാം എന്ന ഉദ്ദേശത്തോടെയാണ് എഴുതാൻ ഇരിക്കുന്നത്.തുടങ്ങിക്കഴിഞ്ഞാൽ അതുപിന്നെ നമ്മുടെ കയ്യിലല്ല.കാള നുകംകെട്ടി വലിച്ചുകൊണ്ട് ഓടുന്നതുപോലെയാണ് ആ പ്രക്രിയ.ട്വിസ്റ്റും ടേണുമൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല,താനേ സംഭവിക്കുന്നതാണ്.ആദ്യ രണ്ടുനോവലുകൾ 100 -110 പേജിൽ തീർന്നു.എന്നാൽ, മൂന്നാമത്തെ നോവലായ 'അടിമക്കപ്പൽ' 329  പേജുണ്ട്.

സ്വാധീനിച്ച എഴുത്തുകാരൻ?

ഖലീൽ ജിബ്രാനോടാണ് ഏറ്റവും കൂടുതൽ ആരാധന.താഴ്‌വരയിലെ അപ്സരസ്സുകൾ,ഒടിഞ്ഞ ചിറകുകൾ,പുരോഗാമി,ഭൂദൈവങ്ങൾ തുടങ്ങിയ പുസ്തകങ്ങളൊക്കെ കോളജ് കാലത്തുതന്നെ വായിച്ചിരുന്നു.

കുടുംബത്തിന്റെ പിന്തുണ?

പപ്പ റ്റി.വി.ജേക്കബ്,മമ്മ മേരി ജേക്കബ്.ഏകസഹോദരി അബീന കുടുംബസമേതം അമേരിക്കയിലാണ്.  ഭാര്യ നീതു രജിസ്റ്റേർഡ് നഴ്‌സാണ്.മക്കൾ:ജോനാഥൻ,കേലബ്.
പെൻസിൽവേനിയയിലെ കോളജ് പോയിന്റിലാണ് ഞങ്ങൾ താമസിക്കുന്നത്.നമ്മുടെ മാനസിക സംഘർഷം മുഴുവൻ പ്രകടിപ്പിക്കുന്നത് ഭാര്യയോടായിരിക്കും.പൂർണമായും ജോലിക്ക് പോകാതെ പാർട്ട് ടൈം ചെയ്യുമ്പോൾ അതിന്റെതായ സാമ്പത്തിക ഞെരുക്കം ഉണ്ടാകും.ഭാര്യയും ഭർത്താവും പൂർണസമയം ജോലി ചെയ്‌താൽ മാത്രമേ അമേരിക്കയിൽ നല്ല രീതിയിൽ മുന്നോട്ടുപോകാനാകൂ.അതൊക്കെയും നേരിടാനാകുന്നത് ഭാര്യയുടെ പിന്തുണകൊണ്ടാണ്.
നീതുവാണ് എന്റെ ആദ്യ വായനക്കാരി.നമ്മൾ കൊടുക്കുന്നതുമാത്രം വായിക്കുന്ന ഒരു സാധാരണക്കാരിയാണ്.'കൊള്ളാം ഇച്ചായാ' എന്ന് മാത്രം പറയുമ്പോൾ ഞാൻ വഴക്കുണ്ടാക്കും.അടുത്ത അദ്ധ്യായം എഴുതാനുള്ള പ്രചോദനം ഉണ്ടാകുന്ന വാക്കുകളാണ് വേണ്ടതെന്ന് പറയും.അങ്ങനെ വളരെ കഷ്ടപ്പെട്ട് ചില നിർദ്ദേശങ്ങളൊക്കെ തരും. ആ രീതിയിൽ ചിന്തിക്കാൻ ശ്രമിക്കുന്നതുതന്നെ നമുക്കുവേണ്ടിയുള്ള ത്യാഗമാണെന്ന് മനസിലാക്കുന്നു.

അടുത്ത നോവൽ?

ഡിസി ബുക്സിന്റെ 'കരിങ്കാലിക്കുന്ന് സേവ'യാണ് പ്രസിദ്ധീകരണത്തിന് തയ്യാറെടുക്കുന്നത്.


നല്ല എഴുത്തുകാർ നല്ല മനുഷ്യരായിരിക്കണമെന്നുണ്ടോ?

അങ്ങനെ നിർബന്ധമില്ല. അല്ലാത്ത എഴുത്തുകാരുമുണ്ട്. എന്നാൽ, ദുർബലനോട് ചേർന്നുനിൽക്കാനുള്ള വ്യഗ്രത ബഹുഭൂരിപക്ഷം എഴുത്തുകാരിലുമുണ്ട്. ആ മനസില്ലാത്തവൻ നല്ല എഴുത്തുകാരനല്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

 .
പരന്ത്രീസ് കുഴലിന് ഫൊക്കാനയുടെ അവാർഡ് ലഭിച്ചിരിക്കുകയാണല്ലോ,എന്ത് തോന്നുന്നു?

കൂടുതൽ പേർ വായിക്കാനും പുസ്തകം ശ്രദ്ധിക്കപ്പെടാനും അവാർഡുകൾ സഹായകമാണ്. കെ.വി.മോഹൻകുമാർ (ഐഎഎസ്) ചെയർമാൻ ആയി ജൂറിയാണ് അവാർഡ് നൽകിയിരിക്കുന്നത്. അമേരിക്കയിലേക്ക് വരുമ്പോൾ ഇവിടുള്ള സാമൂഹിക-സാംസ്കാരിക സംഘടനകളെക്കുറിച്ച് മനസിലാക്കാൻ ശ്രമം നടത്തിയപ്പോൾ 'ഫൊക്കാന' എന്നുള്ള പേര് ശ്രദ്ധിച്ചിരുന്നു. 
കോവിഡ് മഹാമാരി താണ്ഡവമാടുന്ന സമയമായിരുന്നു അത്.ലോക്ഡൗൺ മൂലം എങ്ങും പോകാൻ കഴിയാതെ വന്നു.ഗ്രീൻ കാർഡ് പോലും താമസിച്ചാണ് കിട്ടുന്നത്.പിന്നെ ജോലിയും എഴുത്തും വായനയും രണ്ടുകുഞ്ഞുങ്ങൾ ജനിച്ചശേഷമുള്ള തിരക്കുകളുമായി സംഘടനകളിൽ സഹകരിക്കാൻ സമയമില്ലാതെ വന്നു. ഫൊക്കാനയുടെ അവാർഡ് ലഭിച്ചത് ഒരോർമ്മപ്പെടുത്തലായി കാണുന്നു. നോർത്ത് അമേരിക്കയിലെ 105 സംഘടനകളെ പ്രതിനിധാനം ചെയ്യുന്ന മാതൃസംഘടന, മലയാള ഭാഷയ്ക്കും എഴുത്തുകാർക്കും നൽകുന്ന ആദരവിന് അങ്ങേയറ്റം വിലമതിക്കുന്നു.
 

Join WhatsApp News
Benny 2025-08-22 21:39:19
അഭിനാഷ്, അഭിനന്ദങ്ങൾ! വളരെ സന്തോഷം. രണ്ടു നോവലുകളും ഇവിടെ ഉടനെ എത്തും.
Benny 2025-08-22 21:48:16
Abhinash's novels are available at below shops. https://keralabookstore.com/books-by/Abhinash-Thundumannil/10268/ https://www.mbibooks.com/writer/abhinash-thundumannil/
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക