കൊച്ചി: ജാഫർ ഇടുക്കിയെ കേന്ദ്ര കഥാപാത്രമാക്കി നർത്തകിയും നടിയുമായ ഉത്തര ഉണ്ണി നിതേഷ് സംവിധാനം ചെയ്ത "ബാബ്" 24 ന് പ്രേക്ഷകരിലെത്തുന്നു.
സിനിമ സ്വപ്നങ്ങളുമായി ചലച്ചിത്ര ലോകത്തേക്ക് കടന്നു വരുന്ന പുതുമുഖങ്ങളുടേയും ജൂനിയർ ആർട്ടിസ്റ്റുകളുടേയും സുരക്ഷിതത്വ പ്രശ്നങ്ങളെ ചർച്ച ചെയ്യുന്ന ബാബ
ത്രില്ലർ - ഡ്രാമ വിഭാഗത്തിൽപെട്ടതാണ്.
സിനിമ രംഗത്ത് ഉയർന്നു വരുന്ന അഭിനേതാക്കളുടെ സുരക്ഷാ ആശങ്കകളിലൂടെ ക്യാമറ ചലിപ്പിക്കുന്നത് പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ അഴകപ്പനാണ്. പതിനഞ്ച് മിനുട്ട് ദൈർഘ്യമുള്ള ഹ്രസ്വ ചിത്രത്തിൻ്റെ കഥയും തിരക്കഥയും രചിച്ചത് ഉത്തര യാണ്.
സിനിമയിൽ ആരെ വിശ്വസിക്കണം എന്ന് തെളിയിക്കാൻ വ്യക്തമായ സംവിധാനങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ പല സ്ത്രീകളും അവസരങ്ങൾ നേടാനെന്ന പേരിൽ അപകടസാധ്യതകൾ സ്വയം ഏറ്റുവാങ്ങുകയാണെന്നും "ബാബ" ഓർമപ്പെടുത്തുന്നു.
സമസ്തലോക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിതേഷ് എസ് നായർ നിർമ്മിച്ച ബാബയുടെ പ്രിവ്യൂ ഷോ 24 ന് വൈകീട്ട് 6 ന് ചാവറ കൾച്ചറൽ സെൻ്ററിൽ നടക്കും. തുടർന്ന് യൂട്യൂബിലൂടെ ചിത്രം പ്രേക്ഷകരിലെത്തും.