Image

'വിശ്വസ്ത സുഹൃത്ത്' സെർജിയോ ഗോറിനെ ട്രംപ് ഇന്ത്യയിൽ അംബാസഡറായി നിയമിച്ചു (പിപിഎം)

Published on 23 August, 2025
'വിശ്വസ്ത സുഹൃത്ത്' സെർജിയോ ഗോറിനെ ട്രംപ് ഇന്ത്യയിൽ അംബാസഡറായി നിയമിച്ചു (പിപിഎം)

ഇന്ത്യയിലെ യുഎസ് അംബാസഡറായി തന്റെ ഡയറക്റ്റർ ഓഫ് പെഴ്‌സോനെൽ സെർജിയോ ഗോറിനെ (38) പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. വിവാദങ്ങൾക്കു നടുവിലാണ് ഗോർ നിയമിക്കപ്പെടുന്നത്. ശതകോടീശ്വരൻ എലോൺ മസ്‌കുമായി ട്രംപ് തെറ്റിപ്പിരിയാൻ കാരണക്കാരൻ ഗോർ ആണെന്നു റിപ്പോർട്ടുണ്ടായിരുന്നു. മാത്രമല്ല, സെക്യൂരിറ്റി ക്ലിയറൻസിനു ആവശ്യമായ രേഖകൾ സമർപ്പിക്കാൻ വൈകിയതിൽ ഗോറിനെതിരെ വിമർശനം ഉയരുകയും ചെയ്തു.

സ്ഥിരമായ സെക്യൂർട്ടി ക്ലിയറൻസിനു ഗോർ വൈകിയപ്പോൾ എഫ് ബി ഐ അദ്ദേഹത്തിന്റെ പശ്ചാത്തല പരിശോധന നടത്തിയെന്നു പറയപ്പെടുന്നു. അതേ തുടർന്ന് അദ്ദേഹത്തെ സ്വന്തം നാടെന്ന് അവകാശപ്പെടുന്ന മാൾട്ടയിൽ അംബാസഡറായി നിയമിക്കും എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അവിടെ അദ്ദേഹം ജനിച്ചതിനു തെളിവൊന്നും ഇല്ലെന്നാണ് 'ന്യൂ യോർക്ക് പോസ്റ്റ്' റിപ്പോർട്ട്. 'ടൈംസ് ഓഫ് മാൾട്ട' പറയുന്നത് ഉസ്‌ബെക്കിസ്ഥാൻ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നപ്പോൾ അവിടെയാണ് ഗോർ ജനിച്ചത് എന്നാണ്.

പശ്ചാത്തലത്തിൽ ഇത്തരം അവ്യക്തതകൾ കത്തി നിൽക്കെയാണ് ഇന്ത്യയിലേക്കുള്ള നിയമനം. സെനറ്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.

ഗോർ ട്രംപിന്റെ ശ്രദ്ധയിൽ പെടുന്നത് പ്രസിഡന്റിന്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന സ്ഥാപനം അദ്ദേഹം 2021ൽ ആരംഭിച്ചപ്പോഴാണ്. അന്നു ഗോർ സെനറ്റർ റാൻഡ് പോളിന്റെ (റിപ്പബ്ലിക്കൻ-കെന്റക്കി) സഹായി ആയിരുന്നു. 2022ൽ ഗോർ ഫ്ലോറിഡ പാം ബീച്ചിൽ ഏഴു ബെഡ്‌റൂമുള്ള വലിയ വീട് വാങ്ങി.

എലോൺ മസ്‌ക് ജൂണിൽ നാസ മേധാവിയാവാൻ നിർദേശിച്ച ഹാരെഡ് ഐസക്‌മാനെ ഒഴിവാക്കാൻ ട്രംപിനെ പ്രേരിപ്പിച്ചത് ഗോർ ആണെന്നു റിപ്പോർട്ട് ഉണ്ടായിരുന്നു. ഒരു ക്യാബിനറ്റ് യോഗത്തിൽ മസ്‌ക് തന്നെ അപമാനിച്ചതിനു ഗോർ പക വീട്ടിയതാണത്രേ.

ഇന്ത്യയിൽ അംബാസഡർ എന്നതിനൊപ്പം സ്പെഷ്യൽ എൻവോയ് ഫോർ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ കൂടി ആയിരിക്കും ഗോർ. അദ്ദേഹം റെക്കോർഡ് വേഗത്തിൽ 4,000 'അമേരിക്ക ഫസ്റ്റ് ദേശസ്നേഹികളെ' ജോലിക്കെടുത്തു ഫെഡറൽ വകുപ്പുകൾ 95% നിറച്ചുവെന്നു ട്രംപ് ചൂണ്ടിക്കാട്ടി.

"ഉറ്റ ചങ്ങാതി" എന്നാണ് ട്രംപ് ഗോറിനെ വിശേഷിപ്പിച്ചത്. "വര്ഷങ്ങളായി ഗോർ എനിക്കൊപ്പം ഉണ്ടായിരുന്നു. ചരിത്രം സൃഷ്ടിച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ കൂട്ടായിരുന്ന ഗോർ എന്റെ ഏറ്റവും വിൽപ്പനയുള്ള പുസ്തകങ്ങളുടെ പ്രസാധകനുമാണ്."  

ബൈഡൻ ഭരണകൂടം നിയമിച്ച എറിക് ഗാർസെറ്റി ആയിരുന്നു ഇന്ത്യയിലെ അംബാസഡർ. ട്രംപ് അധികാരമേറ്റപ്പോൾ സ്ഥാനമൊഴിഞ്ഞ അദ്ദേഹത്തിനു പകരം ഷാരെ ദഫാരെ ജോർഗെൻ ആൻഡ്രൂസ് ആണ് ചുമതല വഹിച്ചു വന്നത്.

തീരുവ യുദ്ധത്തിൽ യുഎസ്-ഇന്ത്യ ബന്ധങ്ങൾ ഉലഞ്ഞ നേരത്താണ് ഈ നിയമനം.

Trump names Sergio Gor ambassador to India 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക