Image

അബ്‌റീഗോ ഗാർഷ്യയെ കോടതി മോചിപ്പിച്ചു, പക്ഷെ ഉടൻ നാടു കടത്തുമെന്നു അധികൃതർ (പിപിഎം)

Published on 23 August, 2025
അബ്‌റീഗോ ഗാർഷ്യയെ കോടതി മോചിപ്പിച്ചു, പക്ഷെ ഉടൻ നാടു കടത്തുമെന്നു അധികൃതർ (പിപിഎം)

ട്രംപ് ഭരണകൂടം അബദ്ധത്തിൽ നാടുകടത്തിയെന്നു സമ്മതിച്ചിട്ടുള്ള മെരിലാൻഡ് നിവാസി കിൽമാർ അബ്‌റീഗോ ഗാർഷ്യയെ (30) എൽ സാൽവദോറിൽ നിന്നു തിരിച്ചു കൊണ്ടുവന്ന ശേഷം പാർപ്പിച്ചിരുന്ന ടെന്നസി ജയിലിൽ നിന്നു വിട്ടയച്ചു. കോടതി ഉത്തരവ് അനുസരിച്ചു മോചിപ്പിച്ച ഗാർഷ്യയെ പക്ഷെ വൈകാതെ യുഗാണ്ടയിലേക്കു നാടു കടത്തുമെന്ന് റിപ്പോർട്ടുണ്ട്.

കുടുംബത്തോടൊപ്പം 165 ദിവസങ്ങൾക്കു ശേഷം കൂടിച്ചേർന്ന ഗാർഷ്യയോട് തിങ്കളാഴ്ച്ച ഹാജരാവാൻ ഐ സി ഇ ആവശ്യപ്പെട്ടിട്ടുണ്ട്.  

മാർച്ചിലായിരുന്നു വെനസ്വേലൻ കുറ്റവാളികളോടൊപ്പം ഗാർഷ്യയെ നാടുകടത്തിയത്. അബദ്ധത്തിൽ  പറ്റിയതാണെന്നു ഭരണകൂടം സമ്മതിച്ചിരുന്നു.

ജൂണിൽ എൽ സാൽവദോറിൽ നിന്നു കോടതി ഉത്തരവിനു വഴങ്ങി തിരിച്ചു കൊണ്ടുവന്ന ഗാർഷ്യയെ കുക്ക്വില്ലിൽ പുട്നാം കൗണ്ടി ജയിലിലാണ് അടച്ചിരുന്നത്. മനുഷ്യക്കടത്തു കുറ്റമാണ് ആരോപിച്ചിരുന്നത്. ട്രാഫിക് സ്റ്റോപ്പിൽ കാർ തടഞ്ഞപ്പോൾ മൂന്നു യാത്രക്കാർ ഉണ്ടായിരുന്നുവെന്നും അവർക്കു പക്ഷെ ലഗേജ് ഉണ്ടായിരുന്നില്ല എന്നുമാണ് ആരോപണം. എൽ സാൽവദോർ സ്വദേശിയായ ഗാർഷ്യ എം-23 കുറ്റവാളി സംഘത്തിൽ പെട്ടയാളാണെന്നു ഐ സി ഇ ആരോപിക്കുന്നു.

മെരിലാന്റിലെ സഹോദരന്റെ വീട്ടിൽ ഗാർഷ്യ നിരീക്ഷണത്തിലായിരിക്കണം എന്നാണ് മജിസ്‌ട്രേറ്റ് ജഡ്‌ജ്‌ ബാർബറ ഹോംസ് ഉത്തരവിൽ പറയുന്നത്. ആങ്കിൾ മോണിറ്റർ ധരിക്കണം. ഐ സി ഇ ബാൾട്ടിമോർ ഓഫിസിൽ റിപ്പോർട്ട് ചെയ്യണം. മനുഷ്യക്കടത്തു കേസ് തുടരും.

ഗാർഷ്യയെ വീണ്ടും സ്വന്തം കുടുംബത്തിൽ നിന്നു വേർപെടുത്താനുള്ള നീക്കം ഭരണകൂടം ഒഴിവാക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. ഭാര്യയും മൂന്നു മക്കളുമുണ്ട്‌ ഗാർഷ്യക്ക്.

കോടതി ഉത്തരവിനെ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയം രൂക്ഷമായി വിമർശിച്ചു. അമേരിക്കൻ ജനതയുടെ സുരക്ഷ അവഗണിച്ചാണ് മോചനമെന്നു അവർ പറഞ്ഞു. ഗാർഷ്യയെ രാജ്യത്തു നിന്നു പുറത്താക്കുന്നതു വരെ പോരാട്ടം തുടരും.

ഗാർഷ്യയെ 72 മണിക്കൂറിനകം യുഗാണ്ടയിലേക്കു അയക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകരെ ഹോംലാൻഡ് സെക്യൂരിറ്റിയും ഐ സി ഇയും അറിയിച്ചു.  

Court frees Abrego Garcia, but deportation imminent 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക