യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യ തയാറായില്ലെങ്കിൽ അവരുടെ മേൽ പടുകൂറ്റൻ ഉപരോധങ്ങളോ തീരുവകളോ ചുമത്തുകയോ അല്ലെങ്കിൽ ഈ യുദ്ധം തങ്ങളുടേതല്ലെന്നു യുക്രൈനെ അറിയിച്ചു വിടവാങ്ങുകയോ ചെയ്യുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച്ച പറഞ്ഞു.
രണ്ടാഴ്ചയ്ക്കുള്ളിൽ എന്ത് സംഭവിക്കും എന്നു കാത്തിരിക്കയാണ് താനെന്നു അദ്ദേഹം വ്യക്തമാക്കി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും യുക്രൈൻ നേതാവ് വോളോദിമിർ സിലിൻസ്കിയും തമ്മിലുള്ള കൂടിക്കാഴ്ചയാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളിൽ അടുത്തതായി നടക്കാനുള്ളത്.
ഓവൽ ഓഫിസിൽ റിപ്പോർട്ടർമാരോട് ട്രംപ് പറഞ്ഞു: "ഏതു വഴിക്കു തിരിയണമെന്നു രണ്ടാഴ്ചയ്ക്കുള്ളിൽ നമുക്ക് അറിയാൻ കഴിയും. അത് സുപ്രധാന തീരുമാനമാവും.
“രണ്ടു പേരുമായി ഒരു ചർച്ച വേണമെന്നു ഞാൻ ആഗ്രഹിച്ചിരുന്നു. അത് നടന്നില്ലെങ്കിൽ എന്തു കൊണ്ടു നടന്നില്ല എന്നു നോക്കണം.”
യുക്രൈനിൽ ഒരു യുഎസ് ഫാക്ടറിക്കു നേരെ റഷ്യൻ ആക്രമണം ഉണ്ടായെന്നു ചൂണ്ടിക്കാട്ടിയപ്പോൾ ട്രംപ് പറഞ്ഞു: "ഞാൻ അക്കാര്യത്തിൽ സന്തുഷ്ടനല്ല. ഈ യുദ്ധവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും സന്തുഷ്ടനല്ല. ഞാൻ ഏഴു യുദ്ധങ്ങൾ നിർത്തി. യുദ്ധം ഉണ്ടാകാമായിരുന്ന 10 എണ്ണവും."
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഉണ്ടാകാമായിരുന്ന ആണവ യുദ്ധം ഒഴിവാക്കിയത് താനാണെന്ന അവകാശവാദം ട്രംപ് ആവർത്തിച്ചു.
റഷ്യ-യുക്രൈൻ യുദ്ധത്തിനു കാരണമായ വിഷയങ്ങൾ സമഗ്രമായി ചർച്ച ചെയ്തു തീരുമാനങ്ങൾ ഉണ്ടാക്കിയാൽ പ്രസിഡന്റ് പുട്ടിൻ സിലിൻസ്കിയെ കാണാൻ തയാറാണെന്നു റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വെള്ളിയാഴ്ച്ച പറഞ്ഞു. തർക്ക വിഷയങ്ങളുടെ കുരുക്കഴിക്കുക ഏറെ സങ്കീർണമാണ്.
Trump to decide on Ukraine war after 2 weeks