ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള 'നാഷണല്‍ സീനിയര്‍സ് ഡേ ' ആഘോഷം ബുധനാഴ്ച വൈകിട്ട് 4 മണിക്ക് മൌണ്ട് പ്രോസ്പെക്റ്റിലുള്ള ചിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ വെച്ച് നടന്നു . കാസര്‍കോട് എം പി ശ്രീ രാജ്മോഹന്‍ ഉണ്ണിത്താന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന അംഗങ്ങളുടെ കലാപരിപാടികള്‍, മനോജ് അച്ചേട്ട് നയിച്ച ഡിജിറ്റല്‍ സ്‌കില്‍സ് ക്ലാസ് എന്നിവയുള്‍പ്പെടെ ഉള്ള പരിപാടികളാണ് ആഘോഷത്തോടനുബന്ധിച്ച് നടന്നു . പ്രസിഡന്റ് ജെസ്സി റിന്‍സി അധ്യക്ഷയായിരുന്ന യോഗത്തില്‍ മുഖ്യ കോര്‍ഡിനേറ്ററായ വര്ഗീസ് തോമസ്, കോ ഓര്‍ഡിനേറ്റര്‍മാരായ ഫിലിപ്പ് ലൂക്കോസ് , തോമസ് വിന്‍സെന്റ് എന്നിവര്‍ സംസാരിച്ചു .
'മുതിര്‍ന്നവര്‍ നമ്മുടെ സമൂഹത്തിന്റെ വഴികാട്ടികളും ജീവിതാനുഭവങ്ങളുടെ ഭണ്ഡാരങ്ങളും ആണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ശ്രീ രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. അവര്‍ നേടിയിട്ടുള്ള അറിവും ജീവിതപാഠങ്ങളും പുതിയ തലമുറയ്ക്ക് ദീപസ്തംഭം പോലെ വഴി തെളിച്ചുകൊണ്ടിരിക്കുന്നു. വിദ്യാര്‍ത്ഥി ജീവിതത്തിലോ സംഘടനാപരമായ പ്രവര്‍ത്തനങ്ങളിലോ സീനിയര്‍മാര്‍ വെറുതെ മുന്നോട്ട് പോയവരല്ല, അവര്‍ നമ്മെ കൈപിടിച്ചുയര്‍ത്തുന്ന വഴി കാട്ടികളും ഗുരുക്കന്മാരുമാണ്. അവരുടെ അനുഭവങ്ങളില്‍ നിന്ന് നമുക്ക് ആത്മവിശ്വാസവും മാര്‍ഗ്ഗദര്‍ശനവും ലഭിക്കുന്നു.
സീനിയര്‍ ആയിരിക്കുക എന്നത് ഒരു അലങ്കാരമല്ല , അത് ഉത്തരവാദിത്വവും പ്രചോദനവുമാണ്. സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ച് മറ്റുള്ളവരെ മുന്നോട്ട് കൊണ്ടുപോകുമ്പോഴാണ് സീനിയറുകളുടെ മഹത്വം പൂര്‍ത്തിയാകുന്നത്.ഈ സീനിയേഴ്‌സ് ഡേയില്‍ -യില്‍, എല്ലാ സീനിയര്‍മാര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ അര്‍പ്പിക്കുന്നു.' എന്ന് തന്റെ ദീര്‍ഘമായ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു .
മലയാളി അസോസിയേഷന്റെ ഒരു അഭിമാന പ്രൊജക്റ്റ് ആയ 'മലയാളി സെന്‍സസ് 2025 ' ശ്രീ രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു .പ്രോജക്ടിന്റെ വിശദ വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ജെസ്സി റിന്‍സി യോഗത്തെ അറിയിച്ചു .പങ്കെടുത്തവര്‍ക്കെല്ലാം അവിസ്മരണീയമായ അനുഭവമായി ഇത്തവണത്തെ സീനിയര്‍സ് ഡേ.