തിരുവനന്തപുരം: സാക്ഷാല്‍ ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തും. നവംബറില്‍ ടീം കേരളത്തിലെത്തുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫിഫയുടെ സൗഹ്യദ മത്സരങ്ങള്‍ക്കായാണ് കേരളത്തിലെത്തുക. പിന്നാലെ മെസ്സിയും സംഘവും കേരളത്തിലെത്തുന്നത് കായിക മന്ത്രി വി അബ്ദുര്‍റഹ്മാനും സ്ഥിരീകരിച്ചു. മെസ്സി വരും ട്ടാ.. എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. മാസങ്ങള്‍നീണ്ട വിവാദങ്ങള്‍ക്കൊടുക്കമാണ് മെസ്സി കേരളത്തിലേക്കെത്തുന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനമുണ്ടാകുന്നത്.
സാമൂഹികമാധ്യമങ്ങള്‍ വഴി ഈ വര്‍ഷത്തെ സൗഹൃദമത്സരങ്ങള്‍ നടക്കുന്ന വേദികള്‍ സംബന്ധിച്ചുള്ള വിവരമാണ് എഎഫ്എ പുറത്തുവിട്ടത്.
ഷെഡ്യൂള്‍ പ്രകാരം നവംബറില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിട്ടുള്ളത്. കേരളത്തിന് പുറമേ അംഗോളയിലും അര്‍ജന്റീന കളിക്കും. നവംബര്‍ 10 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് ഈ സൗഹൃദമത്സരങ്ങള്‍ നടക്കുന്നത്. അതേസമയം നിലവിലെ ലോക ചാംപ്യന്‍മാരായ അര്‍ജന്റൈന്‍ ടീമിന്റെ എതിരാളികളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഒക്ടോബറില്‍ അമേരിക്കയിലാണ് അര്‍ജന്റീന ടീം കളിക്കുന്നത്.