ഇരുണ്ട നിറങ്ങളാണ്
എനിക്കേറെയിഷ്ടം
ഇരുൾ...
ഇലക്കൂട്ടങ്ങളിൽ
ചാഞ്ഞു നീളുന്ന
നിഴലുകൾ
ഇടവിടാതൊഴുകുന്ന
നിർച്ചാലുകൾക്കു
മേലെ ചോലയുലയുന്നു
ഇരുണ്ട ചായങ്ങൾ
പെയ്തൊഴിയാത്ത
മഴ
ഇരുണ്ടുകൂടുന്നുണ്ട്
കാഴ്ചയുടെ ഭംഗി
തീരുo മുന്പേ പെയ്യരുത്
ഇരുളാണ്...
ഇടമാണ്
ഇഴപിരിയാത്ത
കുറേ മൗനങ്ങൾ
കനക്കുന്ന ഇടം
കയ്യിലൂതിയാറ്റിയ
കട്ടൻചായയും
ഇരുണ്ടിട്ട്...
അന്തിയിലേയ്ക്കെത്തി
നോക്കിയ സന്ധ്യയുടെ
മോന്തയും
ഇരുണ്ടിട്ട്
വെയിൽ വീതിച്ചു
കരുവാളിച്ച
കാട്ടിടങ്ങളുമിരുണ്ടിട്ട്
ഇരുളതിലേറെയിരുണ്ടിട്ട്
കണ്മഷിക്കണ്ണുകളുടെ
തോറ്റങ്ങളെ
തോൽപ്പിക്കുന്ന
തീപ്പന്തങ്ങളുണ്ടോ....
ഉണ്ടാകില്ല
ഇരുണ്ട കാവുകൾ
ഇരുണ്ട വാവുകൾ
ഇരുണ്ട മുടിയേറ്റങ്ങൾ
ഒടുവിൽ.... നീയെന്തു
ഇരുണ്ടിട്ടാണെന്ന്
എന്നോട്......