Image

യുഎസ് സേനയെ വിട്ടു ലഹരി സംഘങ്ങളെ അമർച്ച ചെയ്യാമെന്ന നിർദേശം മെക്സിക്കൻ പ്രസിഡന്റ് തള്ളി (പിപിഎം)

Published on 23 August, 2025
യുഎസ് സേനയെ വിട്ടു ലഹരി സംഘങ്ങളെ അമർച്ച ചെയ്യാമെന്ന നിർദേശം മെക്സിക്കൻ പ്രസിഡന്റ് തള്ളി (പിപിഎം)

മെക്സിക്കോയിലെ ലഹരി മരുന്ന് സംഘങ്ങളെ അമർച്ച ചെയ്യാൻ യുഎസ് സേനയെ നിയോഗിക്കാം എന്ന പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ നിർദേശം പ്രസിഡന്റ് ക്ലോഡിയ ഷെയ്‌ൻബോം വീണ്ടും തള്ളി. മെക്സിക്കോ സ്വതന്ത്ര പരമാധികാര രാജ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

"ഞങ്ങളുടെ പരമാധികാരത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ല," വെള്ളിയാഴ്ച്ച പത്ര സമ്മേളനത്തിൽ അവർ പറഞ്ഞു.

മെക്സിക്കൻ ലഹരി സംഘങ്ങളെ ആക്രമിക്കാൻ യുഎസ് സേനയെ നിയോഗിക്കാനുളള പ്രസിഡന്റിന്റെ തീരുമാനത്തെ പിന്തുണയ്ക്കുമെന്നു യുഎസ് ഡി ഇ എ മേധാവി ടെറി കോൾ പറഞ്ഞിരുന്നു. "അത് നടക്കില്ല," ഷെയ്‌ൻബോം പറഞ്ഞു. "മെക്സിക്കോ വലിയ കരുത്തുള്ള രാജ്യമാണ്. എന്ത് ആക്രമണത്തെയും നേരിടാനുള്ള ദേശീയ ഐക്യം ഞങ്ങൾക്കുണ്ട്."

ലാറ്റിൻ അമേരിക്കയിലെ ലഹരി സംഘങ്ങളെ അമർച്ച ചെയ്യാൻ സൈന്യത്തെ വിനിയോഗിക്കാൻ അനുമതി നൽകുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവച്ചിട്ടുണ്ടെന്നു യുഎസ് മാധ്യമങ്ങൾ പറഞ്ഞിരുന്നു.

യുഎസ് കുടിയേറ്റ നിയമങ്ങൾ മൂലം അവിടെ ജീവിക്കുന്ന മെക്സിക്കൻ വംശജർ നാട്ടിലേക്കു അയക്കുന്ന പണം ജൂലൈയിൽ കുറഞ്ഞെന്നും ഷെയ്‌ൻബോം മാധ്യമങ്ങളോട് പറഞ്ഞു. ജൂണിൽ അയച്ചതിനേക്കാൾ 16% കുറവാണു ജൂലൈയിൽ. ഓഗസ്റ്റിൽ ഇതു വരെ 5% കൂടി കുറഞ്ഞിട്ടുണ്ട്.

ഈ വരുമാനത്തെ ആശ്രയിക്കുന്ന കുടുംബങ്ങൾക്കു സംരക്ഷണം നൽകാൻ മെക്സിക്കൻ സെൻട്രൽ ബാങ്കുമായി ആലോചിക്കുന്നുണ്ട്. എന്നാൽ മെക്സിക്കൻ സമ്പദ് വ്യവസ്ഥയ്ക്ക് അപകടം ഉണ്ടാവുമെന്ന ആശങ്കയില്ല.

Mexican president rejects US forces 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക