പാലും ലേശം തേനും കലർത്തി ഇലയിൽ തളിച്ച് തേയില ഉണ്ടാക്കുന്ന ഒരു കർഷകനുണ്ട് വാഗമൺ ഹിൽസിനടുത്ത് വളകോടിൽ. രാസവളമോ കീടനാശിനിയോ തൊടാതെ അദ്ദേഹം സ്വന്തമായി ഉണ്ടാകുന്ന ഇലത്തേയില കിലോയ്ക്കു 12,000 രൂപ. തേയില ചെടിയുടെ പൂവ് ശേഖരിച്ചുണ്ടാക്കുന്ന ഫ്ലോറൽ ടീ -പൂത്തേയില-കിലോക്ക് 80,000.
കോട്ടയത്ത് ജനിച്ച മോഹൻ സെബാസ്റ്റിയൻ എന്ന ഫോട്ടോ-ജേർണലിസ്റ്റിനാണ് ഈ വിസ്മയത്തിന്റെ പേറ്റന്റ്. ജർമനി, സ്വീഡൻ, ഓസ്ട്രിയ, ഓസ്ട്രേലിയ, യുഎസ് എന്നിവിടങ്ങളിലേക്കു മോഹന്റെ വൈറ്റ് ടീയും ബ്ലാക്ക് ടീയും ഫ്ലോറൽ ടീയും പോകുന്നു. അടുത്തകാലത്തായി നാട്ടുകാരും വിഷരഹിതമായ ഈ തേയിലകളുടെ മഹത്വം കേട്ടറിഞ്ഞു എത്തുന്നുണ്ട്.
മോഹന്റെ ഫ്ലോറൽ ടീ, വൈറ്റ് ടീ
വിലത്തകർച്ചകൊണ്ടു ശാസ്വം മുട്ടുന്ന ചെറുകിട തേയില കർഷകർക്ക് ആശ്വാസം നൽകുന്ന ഈ മാർഗ്ഗം തേയിലക്കൃഷി ഏറെയുള്ള ചൈനയിലും കെനിയയിലും ശ്രീലങ്കയിലും പച്ചപിടിച്ചിട്ടു നാളുകളായി. കേരളത്തിൽ തന്നെ ഈരംഗത്തു മേധാവിത്തമുള്ള കണ്ണൻദേവൻ കമ്പനിയും എ.വി.റ്റി.യും വൈറ്റ് ടീയും ബ്ലാക്ക് ടീയും മറ്റുപല തേയിലകളും വിപണിയിൽ എത്തിക്കുന്നുണ്ട്.
ബാംഗളൂരിൽ ഇൻഡസ്ട്രിയൽ ഫോട്ടോഗ്രാഫറായായി മികവ് തെളിയിച്ച മോഹൻ പശ്ചിമ ഘട്ടമലനിരകളിലെ കൂർഗിലും കുന്നൂരിലും ഊട്ടിയിലും സഞ്ചരിക്കുമ്പോൾ മനസ്സിൽ നാമ്പിട്ടതാണ് സ്വന്തമായി തേയിലകൃഷി ചെയ്യണമെന്ന ആശയം. തേയില തോട്ടങ്ങൾ ധാരാളമുള്ള ഇടുക്കി ജില്ലയിൽ ചുറ്റിസഞ്ചരിക്കുമ്പോൾ ആഗ്രഹത്തിന് നിറവും മണവും കൂടി.
തേയിലയെ പ്രകൃതിയുടെ പാട്ടിനു വിടണമെന്നു മോഹൻ
ആദ്യം കൂർഗിൽ തോട്ടം വാങ്ങി. കാപ്പിയും ഏലവും കരുമുളകും തെങ്ങും കവുങ്ങും ഉള്ള 24 ഏക്കർ. നേരിട്ട് നോക്കി നടത്താൻ പറ്റാത്തതുകൊണ്ട് തോട്ടം പാട്ടത്തിനു നൽകി. പത്തുവർഷത്തോളം അങ്ങിനെ നടത്തി. ഒടുവിൽ പാട്ടക്കാർ അതു വാങ്ങാൻ തയാറായി. നല്ലവിലകിട്ടി.
കോട്ടയത്തെ വീട്ടിൽ വിധവയായ അമ്മ തനിച്ചായപ്പോൾ നാട്ടിൽ തിരികെവന്നു അമ്മയോടൊപ്പം താമസിക്കാൻ തീരുമാനിച്ചു. കോട്ടയത്ത് നിന്ന് മൂന്ന് മണിക്കൂർ അകലെ കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ വാഗമണ്ണിനും പീരുമേടിനും ഏലപ്പാറക്കും നടുവിലുള്ള വളകോടിൽ ഒന്നരയേക്കർ വെറുംഭൂമി വാങ്ങിയത് അങ്ങിനെയാണ്. .
രാജസ്ഥാനിലെ ജയ്പ്പൂരിൽ താമസിക്കുന്ന മലയാളിയായിരുന്നു ഉടമ പൈതൃകമായി കിട്ടിയ ഭൂമി 35 വർഷമായി ആരും തിരിഞ്ഞു നോക്കാതെ കാടു പിടിച്ചു കിടന്നു. വെട്ടിത്തെളിച്ചപ്പോൾ പണ്ടാരോ വച്ച കുറെ തേയിലച്ചെടികൾ കണ്ടു. ചൈനീസ് ചെടികളാണ്. വളർന്നു കായും പൂവുമായി നിൽക്കുന്നു.
നുള്ളിയെടുക്കേണ്ട തേയിലത്തളിരുകൾ
പ്രാചീന രീതിയിൽ കുരു നട്ടു ചെടിയുണ്ടാക്കുന്നത് പരീക്ഷിച്ചത് അങ്ങിനെയാണ്. ഗവേഷണത്തിലൂടെ അതിന്റെ ഗുണഗണങ്ങൾ മനസിലാക്കി. കുരു മുളച്ചപ്പോൾ തെങ്ങോലക്കീറുകൊണ്ട് തണൽ നൽകി. കടലപിണ്ണാക്കും എള്ളിൻ പിണ്ണാക്കും വളമായി നൽകി. ബാക്കിയെല്ലാം പ്രകൃതിക്കു വിട്ടു. തൊട്ടടുത്ത പെരിയാറിൻ തീരത്തെ പരപ്പിൽ താമസിക്കുന്ന അനുഭവസമ്പന്നനായ കർഷകൻ ഓർഗാനിക് കൃഷിയുടെ വരും വരായ്കകൾ പറഞ്ഞു കൊടുത്തു.
തളിരില കൈകൊണ്ടു നുള്ളി തണലിൽ ഉണക്കിയെടുക്കുന്ന ഇലത്തേയിലക്കു രുചിയും മണവും കൂടും. അത്തരം തേയിലക്കു വെള്ളത്തേയില (വൈറ്റ് ടീ) എന്നാണ് പറയുക. കുറേക്കൂടി ഉണക്കി പൊടിച്ചത് ബ്ളാക് ടീ ആകും. ആദ്യം ഉരലിൽ ഇട്ടിടിച്ചാണ് ഇലതേയില പരുവപ്പെടുത്തിയത്. പിന്നീട് ഉണക്കാനും ഈർപ്പം വലിച്ചെടുക്കാനുമുള്ള ചെറിയ യന്ത്രങ്ങൾ വാങ്ങി.
മോഹന്റെ റെഡി ടി യൂസ് സിൽവർ നീഡിൽ വൈറ്റ് ടീ
രാസവളമോ കീടനാശിനിയോ ചേരാത്ത പ്രകൃതിയുടെ മിശ്രിതമാണ് തന്റെ ചായയെന്നു തെളിയിക്കാൻ ഉപാസി (യുനൈറ്റഡ് പ്ലാന്റേഴ്സ് ഒഫ് സൗത്ത് ഇന്ത്യ) യുടെ ലാബിൽ അയച്ചു സർട്ടിഫിക്കറ്റ് നേടി. ഓർഗാനിക് തേയിലയിൽ തല്പരനായ ഒരു ഇംഗ്ളീഷ്കാരന്റെ സഹായത്തോടെ ബ്രിട്ടനിലെ ലാബിൽ നിന്നും സാക്ഷ്യ പത്രവും. ലക്ഷത്തോടടുക്കും അവിടത്തെ ഫീസ്.
വൈറ്റ് ടീക്കും ബ്ളാക് ടീക്കും ചുരുളൻ എന്നർഥമുള്ള ഫേൾ (Furl) എന്ന ബ്രാൻഡ്നെയിം സ്വീകരിച്ചു. കൈകൊണ്ടുണ്ടാക്കുന്ന ഹാൻഡ്മെയ്ഡ് ഓർഗാനിക് ടീ എന്നാണ് ടാഗ്ലൈൻ. ബ്രിട്ടീഷ് സെർട്ടി ഫിക്കേഷൻ കൂടിയായപ്പോൾ അന്താരാഷ്ട്ര വിപണിയിൽ പിടിച്ചുകയറാൻ ആയി.
ചൈനയിൽ നിന്ന് വരുത്തിയ എള്ളുണ്ട രൂപത്തിലുള്ള ബൈമൂഡൻ ടീ
തേയിലയുടെ പൂവ് ശേഖരിച്ചു സവിശേഷ മണവും രുചിയുമുള്ള പൂത്തേയില ഇറക്കുകയെന്ന ആശയം പിന്നീടുണ്ടായതാണ്. ഏറെ ശ്രമകരം. പൂമ്പൊടിയെടുക്കാൻ തേനീച്ച എത്തുന്നതിനു മുമ്പ് അഞ്ചു മണിക്ക് പൂ നുള്ളണം. പൂവെടുക്കാൻ പ്രത്യേക സിദ്ധി വേണം. പൂവിൽ നഖം കൊള്ളരുത്.
ഒരു കിലോ പൂത്തേയില ഉണ്ടാക്കാൻ ഒരു ചാക്ക് പൂവ് ശേഖരിക്കേണ്ടി വരും. പൂവ് കടിച്ചും എടുക്കാം. അങ്ങിനെയുണ്ടാക്കുന്ന ലിപ് ടീക്ക് വമ്പൻ വിലകിട്ടും. പൂവ് കടിച്ചെടുക്കാൻ വൈദഗ്ധ്യമുള്ള പെൺ കുട്ടികൾക്കു അഞ്ചുലക്ഷം രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്യന്ന പരസ്യം കണ്ടിട്ടുണ്ട്.
തേയിലക്കിടയിൽ ഏലം, അവക്കാഡോ, പാഷൻഫ്രൂട് പ്ലാവ്, മാവ്, തെങ്ങു എന്നിവയുണ്ട്. ഏലച്ചെടികൾ 80 മാത്രം. നട്ടു രണ്ടാം വർഷം വിളവെടുത്തു. 50 കിലോ പച്ചക്കായ കിട്ടി. ഉണക്കിയപ്പോൾ പത്തുകിലോ. ഓർഗാനിക് ആയതിനാൽ 40,000 രൂപയ്ക്കു വിറ്റു. വർഷം മൂന്നു വിള വെടുത്തപ്പോൾ 500കിലോ പച്ചക്കായ്. 100 കിലോ ഉണക്ക. നാലുലക്ഷം.
ഫേൾ ബ്രാൻഡിൽ ഇറക്കുന്ന ഏലവും ഗ്രീൻ ടീയും
ഏറ്റുമാനൂർ ഗവർമെന്റ് ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് തൊട്ടടുത്ത് ക്ഷേത്ര മൈതാനത്തു ഫുട് ബോൾ കളിക്കുമായിരുന്നു.സമീപമുള്ള രത്നഗിരി സ്വദേശി വിക്ടർ ജോർജ് എന്നൊരു കളിക്കൂട്ടുകാരൻ ഉണ്ടായിരുന്നു. ആ വിക്ടർ ആണ് മലയാള മനോരമയിൽ വിസ്മയകരമായ ചിത്രങ്ങൾ എടുത്ത് പ്രസിദ്ധനായത്. മഴചിത്രങ്ങൾ ആയിരുന്നു വിക്ടറിന്റെ പ്രിയപ്പെട്ട മേഖല, അങ്ങിനെ ചിത്രം എടുക്കുമ്പോൾ മലവെള്ളപ്പാച്ചിലിൽ പെട്ടായിരുന്നു 2001 ജൂലൈ 9നു അന്ത്യം. 46 വയസ്.
വിക്ടറെപ്പോലെ ഫോട്ടോഗ്രാഫറായ താൻ ഇന്നും ജീവിച്ചിരിക്കുന്നു എന്നോർക്കുബോൾ ഹൃദയത്തിൽ വിങ്ങൽ ഉണ്ടാകാറുണ്ടെന്നു മോഹൻ (64) പറയുന്നു. കൊഡാക്ക് കാമറയിലായിരുന്നു തുടക്കം. ഒടുവിൽ ലക്ഷങ്ങൾ വിലയുള്ള നൈകോൺ എഫ്എം 2 വും വൈഡ് ആംഗിൾ, സൂം ലെൻസുകളുമായി. അനലോഗിൽ നിന്ന് ഡിജിറ്റൽ യുഗത്തിലേക്കു വന്നു.
നൂറുവർഷം എത്തിയ എ.വി.ടി.ചായത്തോട്ടത്തിലെ ഉൽപന്നങ്ങൾ
പ്രശസ്തനായ ഡോ. ജി. തോമസ് തയാറാക്കിയ 'ഹിസ്റ്ററി ഓഫ് ഫോട്ടോഗ്രാഫി: ഇന്ത്യ 1840-1980' എന്ന ക്ലാസ്സിക് കൃതിക്ക് വേണ്ടി കേരളത്തിലുടനീളം സഞ്ചരിച്ചു ചിത്രങ്ങൾ എടുത്തു. ആദ്യകാല ഫോട്ടോഗ്രാഫർമാർ, സ്റുഡിയോകൾ, രവിവർമ്മ ചിത്രങ്ങൾ, ഗാലറികൾ എല്ലാം പകർത്തി. 1981ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ മോഹന്റെ പേരുമുണ്ട്.
ഫോട്ടോഗ്രഫി മടുത്തു, പന്ത്രണ്ടു വർഷമായി കാമറ തൊട്ടിട്ട്. കൃഷികഴിഞ്ഞാൽ ഷെയർ ആൻഡ് സ്റ്റോക്കിൽ പണിയുണ്ട്. ഓൺലൈൻ ബിസിനസ് ലാഭകരമായി മുന്നോട്ടു പോകുന്നു.
ശ്രീലങ്കയിലെ ചായത്തോട്ടം
കേരളപ്പഴമ കണ്ടറിയുകയാണ് പുതിയ ആവേശം. എഡി ഒന്നാം നൂറ്റാണ്ടിനും പോർട്ടുഗീസ്കാർ എത്തിയ പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിലുള്ള ക്രൈസ്തവചരിത്രം അജ്ഞാതമാണ്. പഴയ സംകൃത രചനകൾ പഠിച്ച് വേരുകൾ കണ്ടെത്തണം. ശിരസിൽ കുടുമ്മയും കഴുത്തിൽ വെന്തിങ്ങയും ധരിച്ച ക്രിസ്ത്യാനികളെപ്പറ്റി കേട്ടിട്ടുണ്ട്. അവരെ കണ്ടെത്തണം. പ്രഫ. സിവി വാസുദേവ ഭട്ടതിരിയുടെ .ഭാരതീയ ദർശനങ്ങൾ' എന്ന ബൃഹദ് ഗ്രന്ഥമാണ് ഇപ്പോൾ വായിക്കുന്നത്.
വളകോടിലെ 'കാശാംകാട്ട് ഫേൾ ഓർഗാനിക്' എന്നെഴുതിയ ഗേറ്റുകടന്നെത്തുബോൾ തേ യിലകൾക്കിടയിലെ പ്ലാവിൽ നിന്ന് ചക്കയിട്ടു വരുന്ന മോഹൻ നല്ല കാഴ്ച്ചയായിരുന്നു, കയ്യിലാകെ ചക്കയരക്കു പറ്റിയിരിക്കുന്നു. ഷൂസിനടിയിൽ രക്തം കുടിച്ച് വീർത്ത മഴക്കാല ക്ഷുദ്രജീവി അട്ടയും. ഉപ്പുതരി വിതറിയാൽ ചത്തുപോകും. മോഹൻ ഉപ്പെടുക്കാൻ ഓടി
ഫോട്ടോലോകത്തെ കളിക്കൂട്ടുകാരൻ വിക്ടർ ജോർജ്
എൺപത്തി മൂന്ന് എത്തിയ അമ്മ ഏലിയാമ്മക്കു പ്രായത്തിന്റെ അസ്കിതകൾ കാരണം തൊട്ടടുത്ത കോതപാറ പള്ളിയിൽ പോകാൻ കഴിയുന്നില്ലെന്ന ദുഃഖമുണ്ട്. മോഹന് ഒരു ജ്യേഷ്ടനും രണ്ടു സഹോദരിമാരുമുണ്ട്. ജ്യേഷ്ടൻ മാത്യു കാശാംകാട്ട് ന്യുയോർക്കിലാണ്. മോഹന്റെ ഭാര്യ വിനുവും മകൾ എലൈനും ബാങ്കളൂരിൽ.
വാഗമണിൽ നിന്ന് അര മണിക്കൂർ പോയാൽ വളകോടെത്തും. ഉപ്പുതറ വഴി കട്ടപ്പനക്കും നെടുംകണ്ടത്തിനും കെഎസ്ആര്ടിസിബസുകളും പ്രൈവറ്റ് ബസുകയും ഓടുന്നു. റോഡ് മനോഹരമായി ടാർ ചെയ്തു റെഗുലർ ബസ് സർവീസ് ആയിട്ട് നാലു വർഷമായി. ഹൈറേഞ്ചിന്റെ നടുമുറ്റത്തു കൂടിയുള്ള യാത്ര ചേതോഹരം. പച്ചയാം അലുക്കിട്ട മലനിരകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന വഴിത്താര. തണുത്ത കാറ്റ്. ഇടയ്ക്കു പശുപ്പാറയിൽ 1925ൽ തുടങ്ങിയ എ.വി.ടി തേയിലത്തോട്ടം വക വക ടീ ബ്രേക്ക്,
മോഹന്റെചിത്രങ്ങളുള്ള ഇന്ത്യൻ ഫോട്ടോഗ്രാഫി ചരിത്രം