ന്യൂ യോർക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു മരിച്ച അഞ്ചു പേരിൽ ന്യൂ ജേഴ്‌സിയിൽ നിന്നുള്ള ഒരു ഇന്ത്യക്കാരിയും ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരാളും ഉൾപെടുന്നുവെന്നു സ്ഥിരീകരണം. മറ്റു മൂന്നു പേർ ചൈനീസ് വംശജരാണ്, ഒരു കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർഥി ഉൾപ്പെടെ.
ന്യൂ ജേഴ്‌സി നിവാസി പിങ്കി ചാങ്റാണി (60), ബിഹാറിലെ മധുബനിയിൽ നിന്നുള്ള ശങ്കർ കുമാർ ജാ (65) എന്നിവരാണ് മരണമടഞ്ഞ ഇന്ത്യക്കാരെന്നു അധികൃതർ ശനിയാഴ്ച്ച വെളിപ്പെടുത്തി.
വിദ്യാർഥിയായ ഷി ഹോങ്‌ഷുവോ (22), ജേഴ്‌സി സിറ്റി നിവാസികളായ ഴാങ് സിയാവൊളൻ (55), ജിയാൻ മിങ്‌ലി (56) എന്നീ ചൈനക്കാരും നയാഗ്ര വെള്ളച്ചാട്ടം കാണാൻ പോയ യാത്രയ്ക്കിടയിൽ ഉണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടു.
സ്റ്റേറ്റൻ ഐലൻഡിലെ എം&വൈ ടൂർ കമ്പനിയുടെ ബസ് അപകടത്തിൽ പെട്ടത് കിഴക്കോട്ടുള്ള I-90യിൽ എക്സിറ്റ് 48എയിൽ വച്ചു വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12:40നാണ്. ഡ്രൈവറുടെ ശ്രദ്ധ പാളി എന്നാണ് നിഗമനം. ബസ് മറിഞ്ഞു കുഴിയിലേക്കു വീണു.
ബസിൽ 54 പേർ ഉണ്ടായിരുന്നു. നിരവധി പേർക്കു പരുക്കേറ്റു.
ന്യൂ യോർക്ക് സ്റ്റേറ്റ് പോലീസിനു പുറമെ എൻ ടി എസ് ബിയും അന്വേഷണം നടത്തുന്നുണ്ട്.
അപകടമുണ്ടായ ജനസേ കൗണ്ടിയിലെ പെംബ്രോക്കിൽ വേഗത പരിധി 65 മൈലാണ്. അമിതവേഗം ഉണ്ടായിരുന്നോ, ഡ്രൈവർക്കു എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ, സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നൊക്കെ പരിശോധിക്കുന്നുണ്ട്.
കമ്പനിയുടെ സുരക്ഷാ റെക്കോർഡ് മോശമല്ലെന്നാണ് റിപ്പോർട്ട്. ചില പരിശോധനകളിൽ പക്ഷെ പരാജയപ്പെട്ടിട്ടുണ്ട്. 9 ബസുകൾ ഉള്ള കമ്പനിക്ക് 20 ഡ്രൈവര്മാരുണ്ട്.
NY bus crash victims identified