ന്യൂ യോർക്ക്: റോക്ക് ലാൻഡ് കൗണ്ടിക്ക് ഉത്സവമായി മാറിയ അന്താരാഷ്ട്ര വടംവലി മാമാങ്കത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി കാനഡയിൽ നിന്നുള്ള ടീമുകൾ തകർപ്പൻ പ്രകടനം കാഴ്ചവച്ചു. വിജയകിരീടം നേടിയ ഗ്ലാഡിയേറ്റേഴ്യ്സ് കാനഡ, റോബർട്ട് അരീച്ചിറ സ്പോൺസർ ചെയ്ത 5001 ഡോളറും ഉലഹന്നാൻ അരീച്ചിറ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും കരസ്ഥമാക്കി. റണ്ണേഴ്‌സ് ആപ്പ് ആയ കോട്ടയം ബ്രദേഴ്സ് കാനഡ, റോയ് മറ്റപ്പിള്ളിൽ സ്പോൺസർ ചെയ്ത 3001 ഡോളറും ട്രോഫിയും നേടി. മൂന്നാം സ്ഥാനത്ത് വന്ന കെ.ബി.സി. ബ്ളാക്ക് കാനഡക്ക്, മുപ്രാപ്പള്ളിൽ ബ്രദർസ് സ്പോൺസർ ചെയ്ത 2001 ഡോളറും ട്രോഫിയും ലഭിച്ചു.
അമേരിക്കക്ക് ലഭിച്ച ആശ്വാസ വിജയം ഹ്യൂസ്റ്റൺ ബ്രദേഴ്‌സിന് ലഭിച്ച നാലാം സമ്മാനമാണ്. തോമസ് നൈനാൻ സ്പോൺസർ ചെയ്ത 1001 ഡോളറും ട്രോഫിയും അവർക്ക് ലഭിച്ചു.
കാലിന്റെയും കയ്യുടെയും അപാര ശക്തി പ്രകടമാക്കുന്ന വടംവലി മത്സരത്തിനു ബൗദ്ധികമായ വലിയ പ്രാധാന്യമൊന്നുമില്ലെങ്കിലും കാണികളായെത്തിയ ആബാലവൃദ്ധം ജനങ്ങളുടെ ആവേശവും പ്രോത്സാഹനവും മത്സരം നടന്ന ക്നാനായ സെന്റർ അക്ഷരാർത്ഥത്തിൽ ഉത്സവപ്പറമ്പാക്കി. ഉച്ചക്ക് ആരംഭിച്ച മത്സരങ്ങൾ രാത്രി പത്തു മണിയോടെ സമാപിക്കുന്നത് വരെ ആവേശപൂർവം ജനവും പങ്കെടുത്തു.
നാട്ടിൽ ഓണക്കാലത്ത് മാത്രം ചുരുക്കമായി കാണപ്പെടുകയും എന്നാൽ രാഷ്ട്രീയ രംഗത്ത് സ്ഥിരം പരിപാടിയുമായ വടംവലി, ഒരു വൻകിട സ്പോർട്ട്സ് ആയി അമേരിക്കയിൽ മാറിയിട്ടുണ്ട് എന്നാണ് ന്യു യോർക്ക് സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള ഈ രാണ്ടാമത് ആഗോള തല മത്സരം തെളിയിക്കുന്നത്. ഹ്യൂസ്റ്റണിലും ഷിക്കാഗോയിലുമെല്ലാം വമ്പിച്ച കായിക മാമാങ്കമായി മാറിയ വടംവലി പ്രവാസഭൂമിയിൽ ആവേശമായി തുടരുമെന്ന് ഉറപ്പ്.
ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, ജോ. ട്രഷറർ അനുപമ കൃഷ്ണൻ, അടുത്ത പ്രസിഡന്റ് സ്ഥാനാർഥികളായി ബിജു തോണിക്കടവിൽ, മാത്യു വർഗീസ്, സെക്രട്ടറി സ്ഥാനാർഥി അനു സ്കറിയ, വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡന്റ് തോമസ് കോശി എന്നിവരുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു.
കാനഡാക്കു പുറമെ യുകെ, കുവൈറ്റ് , എന്നിവിടങ്ങളിൽ നിന്നും അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽനിന്നു൦ ടീമുകൾ മത്സരത്തിനെത്തി.
അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ (കടുത്തുരുത്തി), മാണി സി. കാപ്പന്‍ എംഎല്‍എ (പാലാ) ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റർ ബിൽ വെബർ ,റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ ആനി പോൾ തുടങ്ങിയവരും പങ്കെടുത്തു.
വടംവലിയോടനുബന്ധിച്ചു സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവലും ഏറെ പുതുമയായി.
വയലിൻ വിദ്വാൻ യെദു കൃഷ്ണൻ അവതരിപ്പിച്ച വയലിൻ ഫ്യൂഷൻ ഷോ, ട്രൈ - സ്റ്റേറ്റ് അക്കാദമിയുടെ ഡാൻസ് , ന്യൂ യോർക്ക് സോഷ്യല്‍ ക്ലബ് മെംബേഴ്‌സിന്റെ ഡാൻസ് , ലോങ്ങ് ഐലൻഡ് താളലയം അണിയിച്ചൊരുക്കിയ ചെണ്ട - ശിങ്കാരിമേളം തുടങ്ങിയവയും കളിക്കളത്തിനു ചാരുത പകർന്നു.
മത്സരത്തിന്റെ മെഗാ സ്പോൺസർ ജിതിൻ വര്ഗീസ് - സെഞ്ച്വറി 21 റോയൽ ആണ് .
മത്സരം കെ.വി.ടിവി, കേരള വോയിസ് തത്സമയം സംപ്രേക്ഷണം ചെയ്തതിനാൽ ലോകമെങ്ങും നിരവധി പേർക്ക് വിദൂരത്തു നിന്ന് തന്നെ മത്സരം കാണുവാനായി.
ന്യൂ യോർക്ക് സോഷ്യല്‍ ക്ലബ് പ്രസിഡന്റ് റോയ് മറ്റപ്പിള്ളിൽ , വൈസ് പ്രസിഡന്റ് സാജൻ കുഴിപറമ്പിൽ , സെക്രട്ടറി ജിമ്മി പൂഴിക്കുന്നേൽ , ജോയിന്റ് സെക്രട്ടറി ഷിബു എബ്രഹാം , ട്രഷറര്‍ ജോസ്‌കുട്ടി പൊട്ടംകുഴി ,പി ർ ഓ സിജു ചെരുവൻകാല എന്നിവരും ബോർഡ് മെമ്പേഴ്‌സായി നിബു ജേക്കബ് , ബിജു മുപ്രാപ്പള്ളിൽ ജോയൽ വിശകന്തര , മനു അരയൻതാനത്തു എന്നിവർ നേതൃത്വം നൽകി .
അഞ്ചാം സമ്മാനം ബെർണീ മുല്ലപ്പള്ളി സ്പോൺസർ ചെയ്ത 501 ഡോളറും ട്രോഫിയും, ആറാം സമ്മാനം ഫ്രണ്ട്‌സ് മ്യൂസിക് കമ്പനി നൽകുന്ന 501 ഡോളറും ട്രോഫിയും,ഏഴാം സമ്മാനം ലക്സ് ഡിസൈൻസ് & ഡെക്കർ സ്പോൺസറായ 501 ഡോളറും ട്രോഫിയും, എട്ടാം സമ്മാനം ഗ്ലോബൽ കോല്ലിസോൻ ന്യൂ യോർക്ക് സ്പോൺസർ ചെയ്യുന്ന 501 ഡോളറും ട്രോഫിയും.