ന്യൂയോര്‍ക്ക്: ഫ്ളോറിഡയിലെ റ്റേണ്‍പൈക്ക് ഹൈവേയിലുണ്ടായ വാഹനാപകടത്തിന് പിന്നാലെ അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരെ കടുത്ത വംശീയ ആക്രമണം. ഇന്ത്യന്‍ വംശജനായ ഹര്‍ജീന്ദര്‍ സിങ് ഓടിച്ച ട്രക്ക് അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ച സംഭവമാണ് വലിയ സാമൂഹിക-രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. അപകടത്തിന് പിന്നാലെ, സമൂഹമാധ്യമങ്ങളില്‍ ഇന്ത്യക്കാര്‍ക്കെതിരെ കടുത്ത വംശീയ അധിക്ഷേപങ്ങള്‍ ഉയരുകയാണ്.
നിയമവിരുദ്ധമായ രീതിയില്‍ യൂ-ടേണ്‍ എടുത്ത ട്രക്കില്‍ അതേ ദിശയില്‍ വന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഹര്‍ജീന്ദര്‍ സിങ് നിയമവിരുദ്ധമായി അമേരിക്കയില്‍ എത്തിയതാണെന്നും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഇയാള്‍ക്കില്ലെന്നും ഫ്ലോറിഡ സംസ്ഥാന ഭരണകൂടം ആരോപിച്ചു. ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന കാലിഫോര്‍ണിയ സംസ്ഥാനത്തിന്റെ പിടിപ്പുകേടാണ് ഇയാള്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അവസരം നല്‍കിയതെന്ന വാദവും ഇവര്‍ ഉന്നയിക്കുന്നുണ്ട്. ഇത് അപകടത്തെ ഒരു രാഷ്ട്രീയ വിഷയമാക്കി മാറ്റി.
ഹര്‍ജീന്ദര്‍ സിങ്ങിനെ പോലീസ് കൈവിലങ്ങണിയിച്ച് കൊണ്ടുപോകുന്നതിന്റെയും കോടതിയില്‍ ഹാജരാക്കുന്നതിന്റെയും ദൃശ്യങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചിലര്‍ ദുരുപയോഗം ചെയ്യുന്നതായി വിമര്‍ശനമുണ്ട്. മനപ്പൂര്‍വ്വമല്ലാത്ത ഒരു പിഴവാണ് അപകടത്തിന് കാരണമായതെങ്കിലും, അദ്ദേഹത്തെ ഒരു കൊടുംകുറ്റവാളിയെപ്പോലെയാണ് പോലീസ് കൈകാര്യം ചെയ്യുന്നതെന്നും ആക്ഷേപമുയരുന്നുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യക്കാര്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ ശക്തമായതോടെ ഇന്ത്യന്‍ സമൂഹം ആശങ്കയിലാണ്.