Image

പൊട്ടിച്ചിരിപ്പിക്കുന്ന ഹൊറര്‍ ത്രില്ലര്‍-'സൂ ഫ്രം സോ' -റിവ്യൂ

Published on 24 August, 2025
പൊട്ടിച്ചിരിപ്പിക്കുന്ന ഹൊറര്‍ ത്രില്ലര്‍-'സൂ ഫ്രം സോ' -റിവ്യൂ

നല്ല കോമഡി കണ്ട് മലയാളി ഉള്ളറിഞ്ഞ് ചിരിച്ചിട്ട് കുറേ നാളായി. ഇതു മനസിലാക്കിയിട്ടാകണം, കര്‍ണ്ണാടകയില്‍ നിന്നും മൊഴി മാറ്റം നടത്തി ഒരു ചിത്രം കേരളത്തില്‍ വന്ന് നമ്മുടെ മലയാള പ്രേക്ഷകരെ ചിരിപ്പിച്ച് കൊല്ലുന്നത്. ജെ.പി തുമിനാദ് സംവിധാനം ചെയ്ത 'സൂ ഫ്രം സോ' എന്ന ചിത്രമാണ് കേരളത്തില്‍ വിജയകരമായി മുന്നേറുന്നത്.

ഈ ചിത്രം സംബന്ധിച്ച ഏറ്റവും വലിയ തമാശ എന്തെന്നാല്‍ ഇതൊരു ഹൊറര്‍ ചിത്രമാണെന്നുള്ളതാണ്.കര്‍ണ്ണാടകയില്‍ സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ് ഈ ചിത്രം. ഇപ്പോള്‍ മലയാള പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണിപ്പോള്‍. കര്‍ണ്ണാടകയില്‍ സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രം ഇപ്പോള്‍ കേരളത്തിലും മൊഴിമാറ്റം നല്‍കി വിജയകരമായി ഓടുകയാണ്.

ഉത്തരകര്‍ണ്ണാടകയിലെ ഒരു ഉള്‍ഗ്രാമത്തിലാണ് കഥ നടക്കുന്നത്. കേട്ടുകേള്‍വിയില്ലാത്ത വിധം അന്ധവിശ്വാസങ്ങളും ആചാരങ്ങളും അടിയുറച്ചു പോയ ഗ്രാമം. പോരാത്തതിന് ഗ്രാമവാസികള്‍ക്ക് കൊടിയ ദാരിദ്ര്യവും അതിന്റെ കൂടെ നല്ല അഞ്ജതയും. അങ്ങനെ എല്ലാം കൊണ്ടും പിന്നോക്കം നില്‍ക്കുന്ന ഗ്രാമം. അവിടെ ഗ്രാമവാസികള്‍ക്കെല്ലാം പ്രിയപ്പെട്ട ഒരാളുണ്ട്. അവരുടെ രവിയണ്ണന്‍. ആള്‍ അവിവാഹിതനാണ്. വിവാഹം, അടിയന്തരം, കുടുംബപ്രശ്‌നങ്ങള്‍, അതിരു തര്‍ക്കം അങ്ങനെ എന്തിനും ഏതിനും ഗ്രാമവാസികളുടെ അവസാന വാക്ക് രവി അണ്ണന്റേതാണ്. അവര്‍തങ്ങളുടെ ഏതാവശ്യത്തിനും ആശ്രയിക്കുന്ന വ്യക്തിയാണ് രവി അണ്ണന്‍.

അങ്ങനെയിരിക്കേ ഗ്രാമത്തില്‍ ഒരു വിവാഹം നടക്കുന്നു. അന്നേ ദിവസത്തെ പാര്‍ട്ടിക്കു ശേഷം നാട്ടിലെ യുവാക്കളില്‍ ഒരാളുടെ ദേഹത്ത് പ്രേതബാധയുണ്ടാകുന്നു. തുടര്‍ന്ന് പ്രേതബാധയൊഴിപ്പിക്കാന്‍ നാടൊരുമിച്ച്മുന്നിട്ടിറങ്ങുന്നതും അതേ തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവ വികാസങ്ങളുമാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. കടുത്ത അന്ധവിശ്വാസങ്ങളും പേറി ജീവിക്കേണ്ടി വരുന്ന ഒരു ഗ്രാമത്തിന്റെ കഥയെ തെല്ലും കലര്‍പ്പില്ലാതെ ആവിഷിക്കരിക്കുന്നതില്‍ സംവിധായകന്‍ ഏറെ വിജയിച്ചിട്ടുണ്ട്. കഥാപാത്രങ്ങളെയെല്ലാം കഥയുടെ വേഗത്തിനനുസൃതമായി മുന്നോട്ടു നയിക്കുന്നതിലും പ്രേതകഥയുടെ ത്രില്ലിങ്ങ് എക്‌സ്പീരിയന്‍സും ഒപ്പം ആര്‍ത്തു ചിരിക്കാനുമുളള വകയും നല്‍കുന്നു.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ അശോകയെ അവതരിപ്പിക്കുന്നത് സംവിധായകന്‍ കൂടിയായ തുമിനാദ് ആണ്. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാജ് ബിഷെട്ടിയെ മലയാളികള്‍ക്ക് സുപരിചിതമാണ്. ടര്‍ബോയില്‍ നായകനായി എത്തിയ സാക്ഷാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് എതിരേ കട്ടയ്ക്ക് നിന്ന വില്ലന്‍. മറ്റു കഥാപാത്രങ്ങളെ മലയാള പ്രേക്ഷകര്‍ക്ക് അത്ര പരിചിതമല്ലെങ്കിലും ഉള്‍നാടന്‍ ഗ്രാമവാസികളായ മനുഷ്യരുടെ ച്ഛായയുളള കഥാപാത്രങ്ങള്‍ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ മനസ് കീഴടക്കി. അശോക-രവി അണ്ണ-ഗുരുജി എന്നീ കഥാപാത്രങ്ങളുടെ നേതൃത്വത്തിലാണ് ചിരിപ്പൂരത്തിന്റെ സംഘാടനം. ഇതിനൊപ്പം പ്രധാന കഥാപാത്രത്തിന്റെ അളിയന്‍ കൂടി എത്തുന്നു. അളിയന്‍ സ്‌ക്രീനിലേക്ക് കടന്നു വരുമ്പോള്‍ ഉള്ള പ്രത്യേക ബിജിഎമ്മും പ്രേക്ഷകന്റെ കൈയ്യടി നേടുന്നു.

ഛായാഗ്രഹണത്തിനും ചിത്രത്തിന്റെ വിജയത്തില്‍ നല്ലൊര പങ്കുണ്ട്. കര്‍ണ്ണാടകയിലെ ഉള്‍ഗ്രാമത്തിന്റെ ആത്മാവ് കണ്ടെത്തിയ ഫ്രെയിമുകളാണ് എസ്.ചന്ദ്രശേഖറിന്റേത്. മരണം, വിവാഹം, ഗ്രാമസഭ തുടങ്ങിയ ആള്‍ക്കൂട്ടങ്ങളുടെ ഫ്രെയിമുകള്‍ക്കും എന്തൊരു ഭംഗിയാണ് എന്നു ചിന്തിച്ചു പോകും. സിനിമയുടെ ആകെയുള്ള ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നതില്‍ പാട്ടിന്റെ വരികള്‍ക്കും സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്. സുമോദ് കെയുടേതാണ് പാട്ടുകള്‍. മലയാളി കൂടിയായ സന്ദീപ് തുളസീദാസാണ് പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഹൊറര്‍, കോമഡി ഇവയെ തമ്മില്‍ ചേര്‍ത്തു വച്ചു കൊണ്ടു തന്നെ പ്രേക്ഷകനെ അല്‍പ്പം പോലും മുഷിപ്പിക്കാതെ ചിത്രമൊരുക്കിയതില്‍ നിതിന്‍ ഷെട്ടിയുടെ എഡിറ്റിങ്ങും സുപ്രധാന പങ്കു വഹിക്കുന്നു. കുടുംബത്തോടൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും ആര്‍ത്തു രസിച്ചു കാണാന്‍ കഴിയുന്ന ചിത്രമാണ് 'സൂ ഫ്രം സോ'. മിസ്സ് ചെയ്യരുത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക