കണ്ടു പരിചയിച്ച കുറ്റാന്വേഷണ കഥകളില്‍ നിന്നും വ്യത്യസ്തമായ ഒരു പ്രമേയവും തികച്ചും പുതുമയാര്‍ന്ന ട്രീറ്റ്‌മെന്റുമായി എത്തുകയാണ് അഷ്‌ക്കര്‍ സൗദാന്‍ നായകനാകുന്ന 'കേസ് ഡയറി' എന്ന ചിത്രം. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ചിത്രങ്ങള്‍ക്ക് അനിവാര്യമായ ട്വിസ്റ്റുകളും പ്രേകഷകരില്‍ പിരിമുറുക്കം സൃഷ്ടിക്കാന്‍ ഉതകുന്ന കഥാസന്ദര്‍ഭങ്ങളും കൊണ്ട് സമ്പന്നമായ ചിത്രമാണ സംവിധായകന്‍ ദിലീപ് നാരായണന്‍ ഒരുക്കിയിട്ടുള്ളത്.
വര്‍ഷങ്ങള്‍ക്ക് മുമ്പു നടന്ന സ്വന്തം സഹോദരന്റെ ദുരൂഹമായ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിലാണ് ഇന്‍സ്‌പെക്ടര്‍ ക്രിസ്റ്റി സാം(അഷ്‌ക്കര്‍ സൗദാന്‍). വീട് കൊള്ളയടിച്ച തമിഴ്‌നാട്ടുകാരായ കള്ളന്‍മാരെ അവിടെപോയി കീഴടക്കുന്നതില്‍ നിന്നും ക്രിസ്റ്റി സാം എന്ന പോലീസ് ഓഫീസറുടെ വ്യക്തിത്വം എന്താണെന്ന് സംവിധായകന്‍ വ്യക്തമായി വരച്ചിടുന്നുണ്ട്. അതിനു ശേഷം ക്രിസ്റ്റി തന്റെ സഹോദരന്റെ കേസ് ഡയറി തുറക്കുന്നു. കേസിന്റെ ഓരോ ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും പ്രതിബന്ധങ്ങള്‍ നൂറിരട്ടിയായി ക്രിസ്റ്റിയുടെ നേര്‍ക്ക് വരുന്നുണ്ട്. എന്നാല്‍ അയാള്‍ അതിനെയെല്ലാം മറി കടന്ന് സത്യം കണ്ടെത്തുകയാണ്. ഉദ്വേഗജനകമായ കഥാ സന്ദര്‍ഭങ്ങളില്‍ നിന്നും പ്രേക്ഷകനെ ഒരിക്കല്‍ പോലും സ്‌ക്രീനില്‍ നിന്നും കണ്ണെടുക്കാന്‍ കഴിയാത്ത വിധം സംവിധായകന്‍ നായകന്റെ പിന്നാലെ വിടുന്നു. ക്‌ളൈമാക്‌സ് അടുക്കുന്തോറും അമ്പരപ്പിക്കുന്ന ട്വിസ്റ്റുകള്‍ കൊണ്ട് കഥ വേറിട്ട വഴികലിലൂടെ സഞ്ചരിക്കുകയാണ്.
നായകനായെത്തിയ അഷ്ഗര്‍ സൗദാന്‍ പ്രതിഭയുള്ള നടനാണ് എന്നു തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കൂടാതെ കണ്ണന്‍ എന്ന കഥാപാത്രമായി രാഹുല്‍ മാധവ്, കഥയ്‌ക്കൊത്ത വില്ലന്‍മാരായ ബാല, റിയാസ് ഖാന്‍ എന്നിവരും തിളങ്ങി. ക്രിസ്റ്റിയുടെ പിതാവായി എത്തിയത് നടന്‍ വിജയരാഘവനാണ്. അദ്ദേഹം തന്റെ കഥാപാത്രം മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. അന്തരിച്ച നടന്‍ മേഘനാഥന്‍ ഈ ചിത്രത്തിലും വില്ലന്‍മാരുടെ താവളത്തില്‍ തന്നെയായിരുന്നു. എങ്കിലും അദ്ദേഹത്തെ സ്‌ക്രീനില്‍ കാണുമ്പോള്‍ ഒരു വിഷമം തോന്നും. നായകയായി എത്തിയ സാക്ഷി അഗര്‍വാളിന്റെ ആക്ഷന്‍ പ്രകടനം പ്രേക്ഷകരെ ഞെട്ടിക്കും.
കഥയുടെ പ്രമേയം ക്രൈം ഇന്‍വെസ്റ്റിഗേഷനാണങ്കിലും പ്രണയവും കോമഡിയുമൊക്കെ ആവശ്യത്തിനുള്ള അനുപാതത്തില്‍ കഥയിലുണ്ട്. മോഹന്‍ സിത്താര, മധു ബാലകൃഷ്ണന്‍, വിഷ്ണു, ഫോര്‍ മ്യൂസിക് എന്നിവര്‍ ഒരുക്കിയ മനോഹരമായ ഒരു നാടന്‍പാട്ട് ഉള്‍പ്പെടെ മനോഹരമായ ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. കുറ്റാന്വേഷണ കഥയ്ക്ക് അനുയോജ്യമായ ബിജിഎമ്മും മികച്ചതായി. പി. സുകുമാറിന്റെ ഛായാഗ്രഹണവും ചിത്രത്തിന് മുതല്‍ക്കൂട്ടായി. വേറിട്ട കുറ്റാന്വേഷണ കഥകള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകന് 'കേസ് ഡയറി' തീര്‍ച്ചയായും ഇഷ്ടപ്പെടും.