അദ്ധ്യായം - 7
ഉറക്കം കഴിഞ്ഞ ഫാത്തിമ തന്റെ വര്‍ത്തമാനകാലം എവിടെയാണെന്നറിയാതെ ഒരു നിമിഷം പകച്ചു. സാവധാനം അവള്‍ തന്റെ ഇന്നലെകള്‍ ഓര്‍ത്തെടുത്തു. കഴിഞ്ഞ രാത്രിയിലെ കഠിനമായ മലകയറ്റവും പിടിക്കപ്പെടുമെന്നുള്ള ആകാംക്ഷയും അവളെ മാനസികമായും ശാരീരികമായും ഏറെ തളര്‍ത്തിയിരുന്നു. പക്ഷേ ഒരൊറ്റ രാത്രി കൊണ്ട് അവളുടെ മനോഭാവത്തില്‍ മാറ്റം വന്നു കഴിഞ്ഞു. സുഹറിന്റെ കുടുംബത്തിലെ ഒരംഗമായി മാറിയപ്പോള്‍ അവളെപ്പോഴോ ആഗ്രഹിച്ചിരുന്ന ഗൃഹാതുരത്വം അവള്‍ക്കു ലഭിച്ചതു പോലെ. ഫാത്തിമയെന്ന സുഹറിന്റെ രണ്ടാമത്തെ മകളായി അവള്‍ ഈ ചെറിയ സമയം കൊണ്ട് ഇഴുകി ചേര്‍ന്നിരുന്നു. എങ്കിലും തന്റെ 'അമ്മ'യും 'സഹോദരി'മാരായ സുഹറയും സമീറയും ഒരകലം ഇപ്പോഴും പാലിക്കുന്നില്ലേ എന്ന സന്ദേഹവും അവളിലുദിച്ചു. തന്നെ കാണുമ്പോള്‍ അവരുടെ കണ്ണുകളില്‍ ഭയത്തിന്റെ ലാഞ്ചന കലര്‍ന്നിരുന്നതായി അവള്‍ക്കു തോന്നി. രണ്ടു മൂന്നു ദിവസം മറ്റു കാര്യങ്ങളൊന്നുമില്ലാതെ അവള്‍ തന്റെ പുതിയ വ്യക്തിത്വം ആസ്വദിച്ചു തുടങ്ങി.
നാലാമത്തെ നാള്‍ അതിരാവിലെ സുഹര്‍ തന്നെ വന്ന് അവളെ ഉണര്‍ത്തി. അയാളുടെ മുഖം പതിവില്ലാത്തവിധം പ്രക്ഷുബ്ധമാണ്. ആംഗ്യം കൊണ്ട് ഫാത്തിമയെ കാണാന്‍ ആരോ എത്തി എന്നയാളറിയിച്ചു. വീടിനു പുറത്തു കടന്ന ഫാത്തിമ ജമീലിനെയാണ് കണ്ടത്. ഇന്‍ഡ്യന്‍ അതിര്‍ത്തി കടക്കുന്നതു വരെ തന്നെ അനുഗമിച്ചിരുന്ന ജമീല്‍. തന്നെ ഇങ്ങോട്ടേക്കയച്ചവരുമായുള്ള തന്റെ ഏക ബന്ധം. വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങി ജമീലുമായി നടക്കുമ്പോള്‍ തികഞ്ഞ നിശബ്ദത തളം കെട്ടിയിരുന്നു അവിടെയാകെ. ജമീലിനു ഫാത്തിമയേക്കാള്‍ പ്രായം കുറവായിരുന്നു. മൂന്നാമതൊരാള്‍ കണ്ടാല്‍ കമിതാക്കളാണെന്നേ ഇവരെക്കുറിച്ച് പറയുകയുള്ളു. വീടിനു കുറേ അകലെയായി ജമീല്‍ തിരിഞ്ഞു നിന്നു. ഫാത്തിമയോടായി എന്തോ മൊഴിഞ്ഞു. ഫാത്തിമയുടെ നിര്‍ജ്ജീവമായ കണ്ണുകളിലേക്കു നോക്കി നിന്നപ്പോള്‍ ജമീലിന്റെ മുഖത്തു നിസ്സഹായത വെളിപ്പെട്ടിരുന്നു.
അദ്ധ്യായം - 8
പട്ടാളത്തില്‍ ഈയിടെയായി നഴ്‌സിംഗ് വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. അതില്‍ തന്നെ ഭൂരിഭാഗവും പുരുഷ നഴ്‌സുമാരും പാരാമെഡിക്കല്‍ സ്റ്റാഫുകളും. ഈ വിഭാഗത്തിലെ സിംഹഭാഗവും മലയാളി യുവാക്കളായിരുന്നു. യുദ്ധ മുന്നണിയില്‍ പട്ടാളക്കാരോടൊപ്പം നിന്ന് അപ്പപ്പോള്‍ ശുശ്രൂഷ നല്‍കേണ്ടുന്ന ആവശ്യകതയാണ് ആര്‍മിയെ ഇതിനു പ്രേരിപ്പിച്ചത്. മാത്രമല്ല, ഗുരുതരമായി പരിക്കേറ്റ പടയാളികളെ ആശുപത്രിയിലേക്കു മാറ്റുന്നതിനും ഇവരുടെ സേവനം അത്യന്താപേക്ഷിതമാണ്. തീവ്രവാദികള്‍ ഉള്ള സിവിലിയന്‍ മേഖലയിലും ഇവരുടെ സേവനം അനുപേക്ഷണിയമാണ്.
രജൗറിയിലേക്കു മാത്രമായി നിയമിച്ച നഴ്‌സിംഗ് സംഘം ‘K2' എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. യുദ്ധം തോക്കുകള്‍ കൊണ്ടു മാത്രമല്ല, തദ്ദേശിയ ജനങ്ങളുടെ മനസ്സുകളെ കീഴ്‌പ്പെടുത്തി കൊണ്ടു കൂടിയാകേണ്ടതിന്റെ ആവശ്യകത മിലിട്ടറി ഹെഡ്ക്വാര്‍ട്ടേഴ്‌സ് തിരിച്ചറിഞ്ഞിരുന്നു. വിഭജനവാദം ശക്തിയായി നില്‍ക്കുന്ന അതിര്‍ത്തി ഗ്രാമങ്ങളില്‍ ജനങ്ങള്‍ ആരുടെ കൂടെ നില്‍ക്കുന്നുവോ അവര്‍ക്കാണ് ആധിപത്യം എന്ന് അനുഭവത്തില്‍ നിന്നും പട്ടാളം പഠിച്ചിരുന്നു. അതുകൊണ്ട് ഒരു പരീക്ഷണമെന്ന നിലയ്ക്കാണ് പൂര്‍ണ്ണമായും സ്വതന്ത്ര ചുമതലയുള്ള ഒരു നഴ്‌സിംഗ് യൂണിറ്റ് രൂപീകരിച്ചതും രജൗറിയിലേക്കു നിയമിച്ചതും. ആറു പേരടങ്ങുന്ന ആ യൂണിറ്റ് നയിക്കുന്നത് ക്യാപ്റ്റന്‍ ജയകുമാര്‍. തോമസ് എന്ന ടോം, സാബു, പ്രേംകുമാര്‍, ഇന്ദ്രന്‍ ഇവരായിരുന്നു മറ്റു നാലുപേര്‍. ഈ യൂണിറ്റിലുള്ള ഏക ലേഡി നഴ്‌സ് നേരത്തെ തന്നെ രജൗറിയിലെത്തിയിരുന്നു. സൂസന്‍ - ഔദ്യോഗികമായി ഈ സംഘത്തോടൊപ്പമാണെങ്കിലും ക്യാപ്റ്റന്‍ ജോസിന്റെ വീട്ടിലാണ് ഡ്യൂട്ടി.
ജമ്മുവിലെ ക്യാംപില്‍ നിന്നും തങ്ങളുടെ ജിപ്‌സിയില്‍ യാത്ര തുടങ്ങുമ്പോള്‍ ഒരു വിനോദയാത്ര തുടങ്ങുന്ന അനുഭൂതിയായിരുന്നു അവര്‍ക്ക്. ആവശ്യത്തിനുള്ള മദ്യവും അനുബന്ധ സാധനങ്ങളും വണ്ടിയില്‍ നിറച്ചു കഴിഞ്ഞു. ഉച്ച ഭക്ഷണത്തിനുള്ളതെല്ലാം യൂണിറ്റിലെ മെസ്സില്‍ നിന്നും പാക്ക് ചെയ്തു കിട്ടുകയും ചെയ്തു. റോഡിലെ രജൗറി-120കി.മീ എന്ന കുറ്റി കണ്ടപ്പോള്‍ പതുക്കെ പോയാല്‍ മതി; വൈകുന്നേരത്തോടെ അവിടെയെത്തിയാല്‍ മതിയല്ലോ എന്നായിരുന്നു അവരുടെയെല്ലാം ചിന്ത. ജമ്മു നഗരത്തിലെ തിരക്കു കഴിഞ്ഞു വളഞ്ഞു പുളഞ്ഞു കിടക്കുന്ന മലമ്പ്രദേശത്തിലൂടെ യാത്ര തുടരുമ്പോള്‍ യാത്രയ്ക്ക് തങ്ങള്‍ ഉദ്ദേശിച്ചതിലുമധികം സമയം വേണ്ടി വരും എന്നവര്‍ക്കു മനസ്സിലായി. വഴിയില്‍ അവിടെയവിടെയായി മിലിട്ടറി യൂണിറ്റുകള്‍, മിലിട്ടറി പോസ്റ്റുകള്‍. ജീപ്പ് നിര്‍ത്തുന്ന വേളകളിലാവട്ടെ ഭയം കൊണ്ടാണെന്നു തോന്നിക്കും വിധം നാട്ടുകാരെല്ലാം മാറിക്കളയുന്നതായി അവര്‍ കണ്ടു. റോഡു ക്രോസു ചെയ്യുന്ന ആട്ടിന്‍പറ്റത്തെ കണ്ട് വണ്ടി നിര്‍ത്തിയപ്പോഴാണ് ക്യാപ്റ്റന്‍ ജയകുമാര്‍ അതു ശ്രദ്ധിച്ചത്. ഒരു അച്ഛനും മകളുമാണ് ആട്ടിന്‍കൂട്ടങ്ങളെ തെളിച്ചിരുന്നത്. അച്ഛന്‍ നയിച്ച ആട്ടിന്‍പറ്റം റോഡു കടന്നു കഴിഞ്ഞു. അപ്പുറത്തായി മകളും അവള്‍ നയിക്കുന്ന കുറച്ച് ആടുകളും. പൊടുന്നനെ നിര്‍ത്തിയ ജീപ്പ് കണ്ട് ഭയപ്പെട്ടു നില്‍ക്കുകയാണ് ആ കുട്ടി. റോഡിനപ്പുറത്തായി നില്‍ക്കുന്ന തന്റെ പിതാവിനോടായി എന്തു ചെയ്യണം എന്ന് അവള്‍ ആംഗ്യ ഭാഷയില്‍ ചോദിച്ചു. തിരിച്ചു കുന്നിലേക്കു കയറാനായിരുന്നു അച്ഛന്റെ മറുപടി. പൂര്‍ണ നിശ്ശബ്ദതയായിരുന്നു അവിടെ. ആടുകള്‍ പോലും ശബ്ദമുണ്ടാക്കുന്നില്ല. ഇരുവരും തങ്ങളെ ഭയത്തോടെ നിരീക്ഷിക്കുന്നതായി ജയകുമാറിനു തോന്നി. പട്ടാളക്കാരോടുള്ള കാശ്മീര്‍ ജനതയുടെ മനോഭാവം എന്താണെന്നു മനസ്സിലായ സന്ദര്‍ഭമായിരുന്നു അത്. ഇത്രയും ഭയചകിതരായ, പട്ടാളക്കാരെ സംശയത്തോടെ വീക്ഷിക്കുന്ന കാശ്മീര്‍ ജനതയുടെ വിശ്വാസം നേടിയെടുക്കുക എന്നതാണ് 'ഗ2' സംഘത്തിന്റെ ദൗത്യം. അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുക, അവര്‍ക്കു വേണ്ടുന്ന
മരുന്നുകളും ശുശ്രൂഷയും നല്‍കുക. അങ്ങനെ അവരെ പട്ടാളത്തോടനുഭാവികളാക്കുക. തീര്‍ത്തും ദുഷ്‌ക്കരം തന്നെ. ജയകുമാര്‍ ഓര്‍ത്തു. വണ്ടി മുന്നോട്ടെടുക്കുവാന്‍ ജയകുമാര്‍ ആജ്ഞാപിച്ചു. തങ്ങള്‍ വളരെ ദൂരം പോന്നിട്ടും ആ പെണ്‍കുട്ടി റോഡ് ക്രോസ് ചെയ്യാതെ നില്‍ക്കുന്നതായി ക്യാപ്റ്റനു മനസ്സിലായി.
ഇടയ്ക്ക് വണ്ടി നിര്‍ത്തി പ്രകൃതി ഭംഗി ആസ്വദിച്ചും മദ്യം കഴിച്ചും നാലുമണിയോടെ അവര്‍ സുന്ദര്‍ബനി കടന്നു. ഇനിയും 30 കിലോമീറ്ററോളമുണ്ട് രജൗറിയിലെത്താന്‍. റോഡിനു വലതു വശത്തായി ഭാരതപ്പുഴയെ അനുസ്മരിപ്പിക്കുന്ന താവി നദി കണ്ടപ്പോഴാണ് ഒന്നു കുളിച്ചിട്ടു പോയാലോ എന്ന് അവര്‍ ആലോചിച്ചത്. ഇതിനിടയില്‍ റോഡില്‍ ഒന്നു രണ്ടിടങ്ങളില്‍ മിഷ്യന്‍ ഗണ്ണുമായി ഉലാത്തുന്ന പട്ടാളക്കാരെ അവര്‍ കണ്ടിരുന്നു.
'വല്ല മന്ത്രിമാരും വരുന്നുണ്ടാകും'. ഇന്ദ്രന്‍ പറഞ്ഞു. നാല്‍വര്‍ സംഘത്തിന്റെ കേരളത്തിനു വെളിയിലെ ആദ്യ യാത്രയാണിത്. അതുകൊണ്ടു തന്നെ ഓരോ കാര്യങ്ങളും തങ്ങളുടെ നാടുമായി ബന്ധപ്പെടുത്തിയാണ് അവര്‍ അപഗ്രഥിച്ചിരുന്നത്.
വണ്ടി സൗകര്യപ്രദമായ ഒരു സ്ഥലത്തു നിര്‍ത്തി കുളി കഴിഞ്ഞു കയറിയപ്പോഴാണ് തങ്ങളുടെയടുത്തേക്ക് മെഷീന്‍ ഗണ്‍ കൈയ്യിലേന്തിയ ഒരു പട്ടാളക്കാരന്‍ വരുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒരു നിമിഷം അവര്‍ ഭയന്നുപോയി.
'മലയാളികളാണല്ലേ?'
'എങ്ങനെ മനസ്സിലായി' എന്ന മറു ചോദ്യത്തിന് കുളിച്ച രീതി കണ്ടപ്പോള്‍ തോന്നി എന്നയാള്‍ മറുപടിയും പറഞ്ഞു. രജൗറിയിലേക്കാണെന്നറിഞ്ഞപ്പോള്‍ എത്രയും പെട്ടെന്നു യാത്ര തുടരാനും റോന്തു ചുറ്റുന്ന തങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും അഞ്ചു മണിയോടെ മിലിട്ടറി ക്യാംപില്‍ തിരിച്ചു കേറുമെന്നും അയാള്‍ അറിയിച്ചു. അഞ്ചുമണി കഴിഞ്ഞുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്നും അയാള്‍ ആവശ്യപ്പെട്ടു.
അദ്ധ്യായം - 9
രജൗറിയിലെ തന്റെ ഓഫീസില്‍ ക്യാപ്റ്റന്‍ ജോസ് വ്യാകുലനായിരുന്നു. ബ്രിഗേഡിയര്‍ രാജു പറഞ്ഞതനുസരിച്ച് 8 മണിയോടെ പുറപ്പെട്ടതാണ് അവര്‍. ഒരു മണിയോടെ ഇവിടെയെത്തേണ്ടതായിരുന്നു. എന്തെങ്കിലും അപകടം? ബ്രേക്ക് ഡൗണ്‍? അദ്ദേഹത്തിന്റെ കീഴിലും ചുമതലയിലും അല്ല അവരെങ്കിലും നിരുത്തരവാദപരമായ പെരുമാറ്റം ആരില്‍ നിന്നുണ്ടായാലും ക്ഷമിക്കുന്നയാളല്ല ക്യാപ്റ്റന്‍ ജോസ്. 'ഗ2' സംഘം വന്നാല്‍ അവരെ നേരെ ഗസ്റ്റ്ഹൗസിലേക്കു വിടാനും തന്നെ അറിയിക്കാനും നിര്‍ദ്ദേശിച്ചുകൊണ്ട് ഓഫീസില്‍ നിന്നും അദ്ദേഹം ക്വാര്‍ട്ടേഴ്‌സിലേക്കു നടന്നു. തന്റെ മകളോടൊപ്പം സൂസനും വീട്ടില്‍ കാണുമല്ലോ എന്നോര്‍ത്തപ്പോള്‍ അദ്ദേഹത്തിനു വിരക്തി തോന്നി. ഒരാഴ്ച കഴിഞ്ഞെങ്കിലും ഫാത്തിമയുടെ മുഖവും അവരോടൊത്തുള്ള യാത്രയും ജോസ് ഇനിയും മറന്നിട്ടില്ലായിരുന്നു.
അസ്തമനത്തിനുശേഷം ബോര്‍ഡര്‍ റോഡ്‌സ് ഓഫീസിലെത്തിയ ‘K2’' സംഘത്തെ സ്വീകരിച്ചത് സൂസന്‍ ആണ്. ക്യാപ്റ്റന്‍ ജോസ് വളരെയധികം ക്ഷോഭിച്ചുവെന്നും ഇന്നിനി അദ്ദേഹത്തെ കാണാന്‍ ശ്രമിക്കണ്ട എന്നും അവര്‍ പറഞ്ഞു. വന്നവരെ ഗസ്റ്റ്ഹൗസിലേക്കു നയിക്കുകയും ചെയ്തു. രാവിലെ 9 മണിയോടെ ഇതേ ഓഫീസില്‍ ക്യാപ്റ്റന്‍ ജോസിനെ കാണണം എന്നും സൂസന്‍ ശട്ടം കെട്ടി.
രാവിലെ 9 മണിക്കു മുമ്പായി തന്നെ ജയകുമാറും സംഘവും ഓഫീസിലെത്തിയിരുന്നു. അവര്‍ വന്നു കുറച്ചു കഴിഞ്ഞപ്പോള്‍ ക്യാപ്റ്റന്‍ ജോസിന്റെ ജീപ്പും അവിടെയെത്തി. ജോസിനെ ഇറക്കിയ ശേഷം മുമ്പോട്ടു പോയ ആ ജീപ്പിന്റെ പുറകില്‍ സൂസനും യൂണിഫോമില്‍ സ്‌കൂളിലേക്കു പോകുന്ന ജോസിന്റെ മകളും ഉണ്ടായിരുന്നു. ഔദ്യോഗികമായി പരിചയപ്പെടുന്നതിനു മുന്‍പു തന്നെ ജോസിന് ഈ സംഘത്തെക്കുറിച്ചുള്ള മതിപ്പ് ഇല്ലാതായിരുന്നു. രാഷ്ട്രപിതാവിന്റെ ഫോട്ടോയുടെ മുന്‍പില്‍ കൈ കൂപ്പി 'എന്റെ ഗുരുവേ' എന്നു പ്രാര്‍ത്ഥിക്കുന്ന പ്രേകുമാറിനെയും 'എടാ ആതു ഗുരുവല്ല, നമ്മുടെ പ്രതിരോധ മന്ത്രിയാണ് ' എന്നു തിരുത്തുന്ന സാബൂവിന്റെ മറുപടിയും കേട്ടു കൊണ്ടാണ് ജോസ് മുറിയിലേക്കു പ്രവേശിച്ചത്. സ്വയം പരിചയപ്പെടുത്തിയ ശേഷം ജയകുമാര്‍ തന്റെ സഹപ്രവര്‍ത്തകരെയും പരിചയപ്പെടുത്തി. എല്ലാവര്‍ക്കും ഏകദേശം ഒരേ ക്വാളിഫിക്കേഷന്‍. ബി.എസ്.സി നഴ്‌സിംഗ് കഴിഞ്ഞു നേരിട്ടു മിലിട്ടറിയില്‍. വിവിധ സൈനിക ആശുപത്രികളില്‍ ട്രെയിനിംഗും പരിചയവും. മാത്രവുമല്ല, മൂന്നുപേരുടെയും സ്വദേശം ഒരു ജില്ല തന്നെ. ആലപ്പുഴ. അതെന്താ അങ്ങനെ എന്ന ജോസിന്റെ ഉറക്കെയുള്ള ആത്മഗതത്തിന്
'സര്‍, ഡയറക്ട് റിക്രൂട്ട്‌മെന്റല്ലേ, അതുകൊണ്ടാ.....'
ജയകുമാര്‍ പറഞ്ഞതില്‍ നിന്നും ജോസിനു കാര്യം പിടികിട്ടി. ആ ലോകസഭാ മണ്ഡലത്തെയാണല്ലോ, പ്രതിരോധ മന്ത്രി പ്രതിനിധാനം ചെയ്യുന്നത്.
'നല്ലൊരു മനുഷ്യന്റെ പേരു ചീത്തയാക്കാന്‍ വേണ്ടി.....'
ക്യാപ്റ്റന്‍ ജോസ് ക്ഷോഭത്തോടെ ഓര്‍ത്തു.
ഇതിനിടെ ഓഫീസിനുള്ളില്‍ നിന്നും ഒരാള്‍ വന്ന് ക്യാപ്റ്റന്‍ ജോസിന്റെ ചെവിയില്‍ എന്തോ മന്ത്രിച്ചു. ഉടനെ അദ്ദേഹം അകത്തേക്കു പോവുകയും ചെയ്തു. മിലിട്ടറി ഹെഡ്ക്വാര്‍ട്ടേസിലെ ബ്രിഗേഡിയര്‍ രാജുവുമായുള്ള ഹോട്ട്‌ലൈന്‍ സംഭാഷണം പതിവിലുമധികം നീണ്ടു. ജയകുമാറിനും കൂട്ടര്‍ക്കും ചായയും ബിസ്‌ക്കറ്റും നല്‍കിയിരുന്നു ഇതിനിടയില്‍. ക്യാപ്റ്റന്‍ ജോസിന്റെ മടങ്ങി വരവ് പ്രതീക്ഷിച്ച് അരമണിക്കൂറിലധികം അവിടെ ചിലവഴിച്ചപ്പോള്‍ തീര്‍ത്തും അക്ഷമരായിരുന്നു അവര്‍. കസേരയില്‍ നിന്നും എഴുന്നേറ്റ് ഓഫീസിലെ ഓരോ മുക്കും മൂലയും സാകൂതം നോക്കികണ്ടു. അലമാരയിലിരിക്കുന്ന ട്രോഫികള്‍, യൂണിറ്റിന്റെ നിലവിലെ പ്രവര്‍ത്തനങ്ങളുടെ വിശദവിവരം, വിജകരമായി പൂര്‍ത്തീകരിച്ച പദ്ധതികളുടെ രേഖകള്‍, കാശ്മീര്‍ മേഖലയുടെ വിവിധ ഭൂപടങ്ങള്‍, ഓര്‍ഗനൈസേഷന്റെ ചരിത്രം തുടങ്ങിയവ വളരെ ശ്രദ്ധയോടെ അവര്‍ വായിച്ചു മനസ്സിലാക്കി. ഇതിനിടയില്‍ ഓഫീസിലെ ടെലഫോണ്‍ ശബ്ദിച്ചു തുടങ്ങി. ദീര്‍ഘനേരം ബെല്ലടിച്ചെങ്കിലും ക്യാപ്റ്റന്‍ ജോസോ ഓഫീസിലെ മറ്റാരും തന്നെയോ അത് അറ്റന്‍ഡ് ചെയ്തില്ല. നിശ്ശബ്ദമായ ഉടന്‍ തന്നെ വീണ്ടും ബെല്‍ മുഴങ്ങി. ക്യാപ്റ്റന്‍ ജയകുമാര്‍ മടിച്ച് മടിച്ച് റിസീവര്‍ എടുത്തു.
'ഹലോ, B.R.A. Sorry B.R.O.”എന്ന് തപ്പി തപ്പി പറഞ്ഞു. അങ്ങേ തലയ്ക്കല്‍ നിന്നും പറഞ്ഞ കാര്യങ്ങള്‍ ശ്രവിച്ച ശേഷം
'ക്യാപ്റ്റന്‍ ജോസ് ഇപ്പോള്‍ ഇവിടെയില്ല ; താങ്കള്‍ ഒരു പതിനഞ്ചു മിനിറ്റിനു ശേഷം വിളിച്ചു നോക്കൂ'
എന്ന് പകുതി ഹിന്ദിയിലും പകുതി ഇംഗ്ലീഷിലുമായി പറഞ്ഞ ശേഷം റിസീവര്‍ തിരിച്ചു വെച്ചു. ഇതിനിടയിലദ്ദേഹം പേപ്പര്‍ വെയിറ്റ് എടുത്തു മുകളിലേക്കു എറിഞ്ഞു പിടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ജോസ് കടന്നു വന്നത്. പേപ്പര്‍ വെയിറ്റ് കൈയ്യില്‍ നിന്നും വഴുതി അപശബ്ദത്തോടെ മേശപ്പുറത്തെ ഗ്ലാസ്ലില്‍ വീണു. അനിഷ്ടം മറച്ചു വെക്കാതെ ആരാണ് ഫോണ്‍ ചെയ്തതെന്ന് ജോസ് ചോദിച്ചു.
'സര്‍ ഡല്‍ഹിയിലെ ഏതോ പബ്ലിക് സ്‌കൂളില്‍ ഒരു മണിക്കൂറിനകം ബോംബു പൊട്ടുമത്രേ. അതെന്താ സര്‍ ഡല്‍ഹിയിലെ കാര്യം ഇവിടെ വിളിച്ചു പറയുന്നത്? സാറു ബോംബ് സ്‌ക്വാഡാ? '
'ജീസസ്!' ജോസ് പെട്ടെന്നു പുറത്തേക്കോടി. 'മണ്ടത്തരം വിളമ്പല്ലേ', പ്രേംകുമാര്‍ ജയകുമാറിന്റെ ചെവിയില്‍ മന്ത്രിച്ചു. ഡല്‍ഹി പബ്ലിക് സ്‌കൂള്‍ എന്നത് വളരെയധികം സ്‌കൂളുകളുടെ ഒരു ശൃംഖലയാണ്. രജൗറിയിലും അതിന്റെയൊരു ബ്രാഞ്ച് ഉണ്ട്. അവിടെയായിരിക്കണം ക്യാപ്റ്റന്റെ മകള്‍ പഠിക്കുന്നത്. ഇതിനിടയില്‍ തിരിച്ച് വന്ന ജോസ് വണ്ടിയെടുക്കാന്‍ ആജ്ഞാപിച്ചു. ടോം ഓടിച്ച 'ഗ2' സംഘത്തിന്റെ ജീപ്പില്‍ എല്ലാവരും കയറി. വളരെ വേഗത്തില്‍ സ്‌കൂള്‍ ലക്ഷ്യമായി ജീപ്പ് പാഞ്ഞു. അടഞ്ഞ ഗേറ്റിനു മുന്‍പില്‍ ജീപ്പ് നിര്‍ത്തിയപ്പോള്‍ പുറകില്‍ നിന്നും ചാടിയിറങ്ങിയ ജയകുമാറും പ്രേമും വാച്ച്മാന്റെ എതിര്‍പ്പു വകവെയ്ക്കാതെ സ്‌കൂള്‍ ഗേറ്റ് തുറന്നു കൊടുത്തു. ഇരുവരെയും കയറ്റാന്‍ നില്‍ക്കാതെ ജീപ്പ് സ്‌കൂള്‍ അങ്കണത്തിലേക്കു കുതിച്ചു. ഗേറ്റിന് എതിര്‍വശത്തായി റോഡില്‍ നിന്ന ഒരു കാശ്മീര്‍ സുന്ദരി ഈ ബഹളത്തിനിടയിലും ജയകുമാറിന്റെ ശ്രദ്ധയാകര്‍ഷിച്ചു. എന്നാല്‍ ഗേറ്റ് തുറന്നു കൊടുത്ത ശേഷം തിരിച്ചു വന്നു നോക്കിയപ്പോള്‍ അവര്‍ അപ്രത്യക്ഷമായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ ജോസാകട്ടെ ഫാത്തിമയെ ശ്രദ്ധിച്ചിരുന്നില്ല. അവളെ തിരക്കി ജയകുമാര്‍ റോഡില്‍ കൂടി കുറച്ചു ദൂരം നടന്നു. ഈ സമയം പ്രേമാകട്ടെ, ഗേറ്റിനു സമീപം അലക്ഷ്യമായി ആരോ ഉപേക്ഷിച്ച ചില പുസ്തകങ്ങള്‍ പെറുക്കിയെടുക്കുകയായിരുന്നു. പുസ്തകങ്ങള്‍ നോക്കിയ ശേഷം ക്യാപ്റ്റന്‍ ജയകുമാര്‍ പ്രേമിനോട് ചെവിയില്‍ എന്തോ മന്ത്രിച്ചു. കേട്ടയുടന്‍ തന്നെ പ്രേം സ്‌കൂള്‍ ലക്ഷ്യമാക്കി ഓടുകയും ചെയ്തു. പകച്ചു നില്‍ക്കുന്ന വാച്ച്മാനോടായി കിണറോ മറ്റു കുഴികളോ ഇവിടെ ഉണ്ടോ എന്ന് ഹിന്ദിയില്‍ ചോദിച്ചു. 'കാണിച്ചു തരാം' എന്ന മറുപടി പറഞ്ഞു കൊണ്ട് വാച്ച്മാന്‍ ജയകുമാറിനെ കോമ്പൗണ്ടിനുള്ളിലേക്കാനയിച്ചു.
സ്‌കൂളിലെത്തിയ ക്യാപ്റ്റന്‍ ജോസ് ക്ലാസ്സ് മുറികളില്‍ നിന്നും വിദ്യാര്‍ത്ഥികളെ എത്രയും പെട്ടെന്ന് ഒഴിപ്പിക്കാന്‍ പ്രിന്‍സിപ്പാളിനോടാവശ്യപ്പെട്ടു. എല്ലാവരും താന്താങ്കളുടെ ബാഗുകളുമെടുത്ത് ഗ്രൗണ്ടില്‍ വരുവാന്‍ മൈക്രോഫോണിലൂടെ പ്രിന്‍സിപ്പള്‍ അനൗണ്‍സ്‌മെന്റ് നടത്തി. ഇതു കേട്ടയുടന്‍ തന്നെ ക്ലാസ്സിനകത്തുള്ള വിദ്യാര്‍ത്ഥികള്‍ വരിവരിയായി ഗ്രൗണ്ടിലേക്കു വന്നു തുടങ്ങി. പക്ഷേ ഗ്രൗണ്ടില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടികളാകട്ടെ, തങ്ങളുടെ ബാഗുകള്‍ എടുക്കാനായി ക്ലാസ്സുകളിലേക്കും ഓടി. അങ്ങനെ ആകെ ആശയക്കുഴപ്പം നിറഞ്ഞു നിന്നു. ഇതിനിടയില്‍ പ്രേം ഒരു ബാഗുമായി ഓടി ജയകുമാറിന്റെ അടുത്തെത്തി. പെട്ടെന്നു തന്നെ ജയകുമാര്‍ ആ ബാഗ് നേരത്തെ വാച്ച്മാന്‍ കാണിച്ചു കൊടുത്ത പൊട്ടക്കിണറ്റിലേക്ക് വലിച്ചെറിയുകയും ചെയ്തു.
പത്തു മിനിറ്റനകം കുട്ടികളെല്ലാവരും ഗ്രൗണ്ടിലെത്തിയിരുന്നു. അവരവരുടെടെബാഗുകള്‍ തുറന്ന് തങ്ങളുടേതല്ലാത്ത എന്തെങ്കിലും വസ്തു ഉണ്ടെങ്കില്‍ കൈ ഉയര്‍ത്തി അറിയിക്കാന്‍ ജോസ് നിര്‍ദ്ദേശിച്ചു. പ്രൈമറി സ്‌കൂള്‍ കുട്ടികളെ ആയമാര്‍ സഹായിച്ചു കൊണ്ടിരുന്നു. ഇതിനിടയില്‍ കരഞ്ഞുകൊണ്ട് ഒരു കുട്ടി പ്രിന്‍സിപ്പാളിനോടായി ഒരു ഫൗജി തന്റെ ബാഗെടുത്തുകൊണ്ടോടി എന്ന് പരാതി പറഞ്ഞു. പുറകിലേക്കു മറഞ്ഞു നിന്ന പ്രേമിനെ ചൂണ്ടി 'വോ' എന്നു ചൂണ്ടി കാണിക്കുകയും ചെയ്തു. എന്തു ചെയ്യണമെന്നറിയാതെ ക്യാപ്റ്റന്‍ ജോസ് ഒരു നിമിഷം പകച്ചു നിന്നു. പെട്ടെന്നു ഒരു സ്‌ഫോടന ശബ്ദം മുഴങ്ങി. ഭൂമി കുലുങ്ങുന്നതു പോലെ. കുട്ടികളാകട്ടെ ഭയപ്പെട്ട് കരയാനും തുടങ്ങി. സ്‌ഫോടനം നടന്ന സ്ഥലത്തേക്കു ക്യാപ്റ്റന്‍ ജോസ് കുതിച്ചു. ആ കിണറില്‍ നിന്നും പുക ഉയരുന്നുണ്ടായിരുന്നു.
Read More: https://www.emalayalee.com/writers/243