വാഷിങ്ടൺ ഡിസി: ഫ്ലോറിഡ ഹൈവേയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണക്കാരനായ ഇന്ത്യൻ ട്രക്ക് ഡ്രൈവർക്ക് കോടതി ജാമ്യം നിഷേധിച്ചു. സെന്റ് ലൂസി കൗണ്ടി കോടതിയാണ് കേസിൽ ഹർജീന്ദർ സിംഗിന് ജാമ്യം നിഷേധിച്ചത്. മൂന്ന് നരഹത്യ കുറ്റങ്ങളാണ് ഇരുപത്തിയെട്ടുകാരനായ ഹർജീന്ദർ സിങ്ങിന് മേൽ ചുമത്തിയിരിക്കുന്നത്. ഓഗസ്റ്റ് 12-ന് ഫോർട്ട് പിയേഴ്സിൽ ട്രാഫിക് നിയമം തെറ്റിച്ച് യു ടേൺ എടുത്ത ട്രക്കിലേക്ക് വാഹനം ഇടിച്ചുകയറിയാണ് അപകടമുണ്ടായത് ഇടിച്ച വാഹനത്തിലെ മൂന്ന് യാത്രക്കാരും മരിച്ചിരുന്നു.
അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയെന്നതും ഇയാൾ രാജ്യം വിടാനുള്ള സാധ്യതയും പരിഗണിച്ച കോടതി ചുമത്തപ്പെട്ട ഗുരുതരമായ വകുപ്പുകളും ജാമ്യം നിഷേധിക്കാൻ കാരണമായി ഉയർത്തിക്കാട്ടി. 2018 ൽ നിയമവിരുദ്ധമായി യുഎസിലേക്ക് കടന്ന ഇയാൾ കാലിഫോർണിയയിൽ നിന്ന് വാണിജ്യ ഡ്രൈവിംഗ് ലൈസൻസ് നേടിയ ശേഷം ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
അപകടത്തിന് പിന്നാലെ വാണിജ്യ ട്രക്ക് ഡ്രൈവർ വർക്ക് വിസകളുടെ എല്ലാ വിതരണങ്ങളും അമേരിക്ക നിർത്തിവച്ചിരിക്കുകയാണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കക്കാരുടെ ജീവൻ അപകടത്തിലാക്കും വിധം വിദേശ ഡ്രൈവർമാർ ഇവിടുത്തെ റോഡുകളിൽ വലിയ ട്രക്കുകളും ട്രെയിലറുകളും ഓടിക്കുന്നത് കൂടുന്ന സാഹചര്യം അമേരിക്കക്കാരുടെ ഉപജീവനമാർഗം കൂടെ ഇല്ലാതാക്കുന്നുവെന്നായിരുന്നു മാർകോ റൂബിയോ വിമർശിച്ചത്.
അപകടത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യക്കാർക്കെതിരായ സൈബർ ആക്രമണങ്ങളും ശക്തമാവുകയാണ്.