റിട്ടയറാകുന്നേൻ്റെ തൊട്ടുതലേന്ന് നിലവിലിരിക്കുന്ന ദൈവത്തിനൊരു വെളിപാട് ! ഒരാൾക്കേലും അവരുടെ ആഗ്രഹങ്ങൾ സാധിക്കാനുള്ള വരം കൊടുത്തേക്കാം. നൂറുകണക്കിനല്ല, ആയിരക്കണക്കിനല്ല, ലക്ഷക്കണക്കിന് ആപ്ളിക്കേഷൻ വന്നുകെട്ടിക്കിടക്കുന്നുണ്ട്. ആളും വർഗവും കോൺട്രിബ്യൂഷൻ്റെ കനവും ഒക്കെനോക്കി അങ്ങുമിങ്ങും തൊട്ടും തൊടാതെയും എന്തെങ്കിലുമൊക്കെ പരിഗണിച്ചെന്നു വരുത്തുന്നതല്ലാതെ നാളിന്നുവരെ ഒറ്റയൊരെണ്ണം നേരാംവണ്ണം നോക്കീട്ടില്ല. അടുത്തദിവസം പുതിയ ആൾ ചാർജെടുക്കുന്നേനു മുന്നെ ഒരെണ്ണമെങ്കിലും നടപടിയാക്കിയെന്നിരിക്കട്ടെ! കണ്ണടച്ചുപിടിച്ച് ഇടയ്ക്കു നിന്നോരെണ്ണം പൊക്കി. ഓർക്കാപ്പുറത്ത് ട്രിപ്പിൾ ബമ്പറടിച്ച ആ ഭാഗ്യവതിയാണ് പഞ്ചമി പഞ്ചാരമുക്ക്!
വീട്ടിലും പുറത്തും പണിയെടുത്ത മടുപ്പിനു പുറമെ, തേരാപ്പാരാ നടന്നു സ്വൈരം തരാത്ത കെട്ടിയോനെയും കുരുത്തംകെട്ട പിള്ളേരെയും, ഇതിനെല്ലാമിടയിൽ ഇല്ലാത്ത നേരമുണ്ടാക്കി കവിതയെഴുതി ചറപറാ അയച്ചിട്ടും ഒരെണ്ണം പോലും പ്രസിദ്ധീകരിക്കാത്ത പ്രമുഖ പത്രാധിപരെയും പത്തിരുപതു പ്രാവശ്യം പ്രാകിയ ക്ഷീണവും കാരണം ഒറ്റയുറക്കം ഉറങ്ങിപ്പോയ പഞ്ചമി 'അയ്യോ അലാറമടിച്ചില്ലല്ലോ ' എന്നു വെപ്രാളപ്പെട്ടാണ് ചാടിയെണീറ്റത്. നേരം പോയല്ലോന്നു പരവേശിച്ച് അടുക്കളയിലോട്ട് പാഞ്ഞുപോകാൻ തുടങ്ങിയ അവൾ സ്വിച്ചിട്ടതുപോലെ നിന്നുപോയി. മൊത്തത്തിലൊരു വശപ്പെശക്!പണ്ടെങ്ങാണ്ട് റെഡ് ഓക്സൈഡ് അടിച്ചിട്ട് ജെസിബിയുടെ കൈകൊണ്ട് മാന്തിപ്പറിച്ചപോലെ പാണ്ടും വരയും വീണ തറയും നേരെചൊവ്വേ സാക്ഷവീഴാത്ത രണ്ടുപാളിക്കതകുമുള്ള മുറിക്കാകെ ഒരു റോയൽ സെറ്റപ്പ്! കിടന്നിടത്തല്ലേ ഇതെവിടാ ഉണർന്നപ്പോ സ്ഥലം മാറിപ്പോയോ? അതോ ഉറക്കത്തീന്ന് ഉണരാതെ സ്വപ്നം കാണുന്നതാണോ? ഇനി അതുമല്ല ഉറക്കത്തിലെങ്ങാൻ മരിച്ച് നേരെ സ്വർഗ്ഗത്തിലോട്ടു പോയതാണോ? അങ്ങനെ വരാൻ വഴിയില്ലല്ലോ! കേട്ടറിവു വച്ചിട്ടാണെങ്കിൽ നരകം കടന്നുവേണം സ്വർഗ്ഗത്തിലോട്ടു ചെല്ലാൻ. അതിനു തീരെ സാദ്ധ്യതയുമില്ല.
ആകെ കൺഫ്യൂഷനായി നിൽക്കുമ്പോഴാണ് സൽമാൻഖാൻ്റെ ആകാരവും മോഹൻലാലിൻ്റെ ചിരിയും 'മോളൂ' എന്ന വിളിയുമായി ഒരു കോമളകളേബരൻ ആവിപറക്കുന്ന ബെഡ്കോഫിയും കൈയിലേന്തി രംഗപ്രവേശം ചെയ്യുന്നത്. കൊച്ചിലേയെങ്ങാണ്ട് അപ്പനൊന്നു വിളിച്ചതല്ലാതെ പുറകെ വായ്നോക്കി നടന്ന ഒറ്റ അലവലാതിക്കാമുകൻ പോലും ഇക്കാലം വരെ അങ്ങനൊന്നു വിളിച്ചിട്ടില്ല. തൽക്കാലം കോരിത്തരിക്കാനുള്ള മാനസികാവസ്ഥയിലല്ലാത്തതുകൊണ്ട് കാപ്പിവാങ്ങി മേശപ്പുറത്തോട്ടുവച്ചു. കണ്ണുമിഴിച്ച് സൂക്ഷിച്ചുനോക്കിയപ്പോൾ കോമളൻ്റെ അംഗചലനങ്ങൾക്ക് കെട്ട്യോനുമായി ഒരു സാമ്യമുണ്ടോന്നൊരു സംശയം തോന്നിയതേ മിഴിഞ്ഞകണ്ണൊന്നു മങ്ങി. അതെന്തേലുമാകട്ടെ, കൊണ്ടുവന്ന ബ്രൂക്കാപ്പി ഇഷ്ടമൊക്കെത്തന്നെ. പക്ഷേ എണീറ്റാലുടനെ ഒരു കട്ടൻകാപ്പിയാണു ശീലം. അതിനുമുമ്പ് മുറ്റത്തുള്ള ബാത്ത് റൂമിലോട്ട് ഒരോട്ടം.
വെളിയിലോട്ടു പോകാൻ തക്കുംപുക്കും നോക്കുന്നതുകണ്ട് കാര്യം മനസ്സിലായ കോമളൻ ബെഡ്റൂമിലെ എക്സിക്യൂട്ടീവ് വാഷ്റൂമിൻ്റെ ഡോറിലേക്കു കൈ ചൂണ്ടി. അങ്ങേരെ തള്ളി സൈഡാക്കി അതിനകത്തു കേറിപ്പറ്റിയപ്പോ പഞ്ചമിയുടെ അന്ധാളിപ്പു കൂടി. ഇതിപ്പോ ഒന്നിനും രണ്ടിനും മൂന്നിനും ഉള്ളതോ അതോ കാലും നീട്ടിയിരുന്നു സദ്യയുണ്ണാനുള്ളതോ ! ദേ നിൽക്കുന്നു നേർമ്മയുള്ള നൈറ്റ് ഡ്രസും സ്ട്രയ്റ്റൻ ചെയ്ത സിൽക്കുപോലത്തെ കോലൻ മുടിയുമായി ഒരു ഭൂലോകരംഭ അകത്ത്! ഇതെപ്പം കയറിപ്പറ്റി? 'അയ്യോ' എന്ന നിലവിളി തൊണ്ടയിൽ കുരുങ്ങി 'കീയോ ' എന്നൊരു ഞരക്കമായി പുറത്തുവന്നപ്പഴാണ് കനത്തിൽ മേക്കപ്പുണ്ടായിട്ടും മുഖത്തിനു വല്യ മാറ്റമൊന്നും വന്നിട്ടില്ലന്നു മനസ്സിലായത്. വല്ലപ്പോഴും കയ്യീക്കിട്ടുന്ന പതിനഞ്ചു രൂപേടെ ഡൈയുംതേച്ച് പരുപരുത്ത തലമുടി ഉച്ചീൽ വാരി ഉണ്ടക്കെട്ടുംകെട്ടി വയറുഭാഗം മൊത്തം കരിമ്പനടിച്ച നൈറ്റിയുമിട്ടു നടന്ന പഞ്ചമിയാണോടീ ഇതെന്ന് കണ്ണാടിയോടൊന്ന് ആത്മാലാപം ചെയ്ത്
വല്ല വിധേനയും ഒന്നൊപ്പിച്ച് പുറത്തുചാടി.
അടുക്കളയിരുന്ന സ്ഥാനത്തോട്ട് ഒരു ലക്ഷ്യം വച്ചങ്ങു നടന്നു. പോണപോക്കിലാണ് ആയകാലം മുഴുവനുള്ള ചെളിയും പിടിച്ച് കറുത്തുപോയ, ഒരുകാലൊടിഞ്ഞിട്ട് മുട്ടും കൊടുത്ത് നിർത്തിയ, ഡെസ്ക്കിൻ്റെ സ്ഥാനത്തു കിടക്കുന്ന ആഡംബരമേശ കണ്ടത്. ഒരു സേഫ്റ്റിപിന്നൂരി താഴത്തുവക്കാൻ ഇടയില്ലാത്തപോലെ വിഭവങ്ങളും നിരന്ന് ഇരിപ്പുണ്ട്. മൂന്നുനേരം വീട്ടുകാരും വിരുന്നുകാരും കൂടി തിന്നാൽതീരത്തില്ല!
ഇവിടപ്പം ഇനി വെപ്പും പണിയുമൊന്നും ഇല്ലേന്നാലോചിക്കുമ്പോഴേക്ക് അടുത്ത മുറിയിൽനിന്ന് എമറാൾഡ് എംപോറിയത്തിലെ കണ്ണാടിക്കൂട്ടിലിരിക്കുന്ന ചെറുക്കൻപാവയുടേം പെൺപാവയുടേം പോലത്തെ ഉടുപ്പൊക്കെയിട്ട രണ്ടുപിള്ളേർ ചാടിയോടി ഡൈനിംഗ് ടേബിളിനടുത്തോട്ടുവന്നു. ആക്രാന്തവും തമ്മിത്തല്ലും കണ്ടപ്പത്തന്നെ അവറ്റോൾ ഏതാന്നുള്ള സംശയത്തിന് സ്ഥാനമേയില്ലാതായി. തേങ്ങ പത്തരച്ചാലും താളല്ലേ കറി!
തീർന്നില്ല, ദേ ടീപ്പോയിമേൽ അന്നത്തെ പത്രവും പ്രമുഖവാരികയും.. ഇവിടെ ഇതൊക്കെ വരുത്തുന്നുണ്ടോ !
കവർപേജിൽ ഫോട്ടോയടക്കം പഞ്ചമി പഞ്ചാരമുക്കിൻെറ 'വീട്ടമ്മയുടെ വിലാപങ്ങൾ' എന്ന കവിതയുടെ പേരുകൂടി കണ്ടപ്പോൾ പഞ്ചമിയുടെ തലയിൽ അവശേഷിച്ച കിളിയും പറന്നുപോയി. മാറ്ററെല്ലാം സെറ്റു ചെയ്ത് അച്ചടിക്കാൻ പോകുന്നതിനു തൊട്ടുമുമ്പ് മുഠാളനും പക്ഷപാതിയുമായ എഡിറ്റർക്ക് ബോധാവേശമുണ്ടായി പ്രമുഖ കവിയായ വിശാലം വെട്ടത്തുകവലയുടെ 'വനിതേ വീരാംഗനേ ' എന്ന ഭാവി അവാർഡു കവിത തട്ടിമാറ്റി തൽസ്ഥാനത്ത് പ്രസ്തുത കവിത കുത്തിക്കയറ്റിയത് മേൽപ്പറഞ്ഞ വെളിപാടു കക്ഷിയുടെ ഇടപെടൽ മൂലമാണെന്ന് എഡിറ്റർക്കും പഞ്ചമിക്കും ഒരു കാലത്തും മനസ്സിലാകാൻ പോകുന്നില്ല!
വീട്ടിലെ അടുക്കളയിലുണ്ടായിരുന്ന വിറകടുപ്പ് ,കുറ്റിയടുപ്പ്, കഞ്ഞിവക്കുന്ന മൺകലം, കാപ്പിയനത്തുന്ന ചളുങ്ങിയ അലുമിനിയക്കലം ഇത്യാദികളൊന്നും തന്നെ
അത്യന്താധുനിക കിച്ചനിൽ കണ്ടില്ല. ഉണ്ടായിരുന്ന നല്ലൊന്നാന്തരം കുക്കിംഗ് റേഞ്ചൊന്നും പഞ്ചമി ശ്രദ്ധിക്കാനും പോയില്ല. വർക്കേരിയയിൽ കൂട്ടിയിട്ടിരുന്ന സാധനങ്ങൾക്കിടയിൽ നിന്ന് കരിപിടിച്ച കാപ്പിക്കലം, തേങ്ങ പൊട്ടിക്കുന്ന പിടിപൊട്ടിയ വാക്കത്തി, ചപ്പാത്തിക്കോല് ഇത്രയും കണ്ടെടുത്തപ്പോൾത്തന്നെ അവൾക്ക് ശ്വാസം നേരെവീണു. ഓടിപ്പോയി വല്ലവിധേനയും സ്റ്റൗ കത്തിച്ച് കാപ്പിക്ക് വെള്ളംവച്ചു.
മാന്ത്രികൻമാരുടെ കയ്യിലൊക്കെ കാണാറുള്ളപോലത്തെ ഒരു തൂവാല വീശിവീശി ഓരോരോ ഐറ്റവും റെഡിയാക്കിക്കൊടുത്തിട്ട് പഞ്ചമിയുടെ അന്തരാളിപ്പ് കണ്ടുരസിക്കാൻ അടുക്കളവാതിലിനപ്പുറം മറഞ്ഞുനിന്ന ദൈവത്താന് കട്ടൻകാപ്പീടെ മണം വന്നപ്പോൾ പിടിച്ചുനിക്കാൻ പറ്റിയില്ല. 'ഒരു ഗ്ലാസ് കാപ്പി എനിക്കൂടെ എടുത്തോ കൊച്ചേ' എന്നു കേട്ടതേ പഞ്ചമീടെ കൺട്രോൾ പോയി.
'വെളുക്കുന്നേനു മുന്നേ ഇതെവിടുന്ന് വലിഞ്ഞുകേറി വന്നേക്കുന്നു! അല്ലേലും വല്യ വീടും കാണാൻകൊള്ളാവുന്ന പെമ്പിള്ളേരേം കണ്ടാ എവനൊക്കെ സൂക്കേടു മൂക്കും.. ഓട് പരട്ടക്കെളവാ...'
എറിഞ്ഞ ചപ്പാത്തിക്കോല് കൊള്ളാതെ ഒഴിഞ്ഞുമാറി പുളളി ഓടി. കയ്യോ കാലോ ഒടിഞ്ഞാൽ അവനോനു പോയി! എത്രയോ മുൻഗാമികൾ ഉദാഹരണം! അനുഗ്രഹം വല്ലോർക്കും കൊടുക്കാനേ വകുപ്പുള്ളു, സ്വന്തം റിപ്പയറിനില്ല!
'മരമറിഞ്ഞുവേണം കൊടിയിടാൻന്ന് പറയുന്നത് ചുമ്മാതല്ല...
പെമ്പിള്ളേര് പോലും! വേഷംകെട്ടിയാ കുട്ടിയാവോ? ഈ പെണ്ണുമ്പിള്ളയൊന്നും ഒരുകാലത്തും നന്നാകത്തില്ല. എന്തോ കിട്ടിയാലെന്താ. തലയ്ക്കകത്ത് ഇച്ചിരെ വിവരം വേണം. അതൊന്നും ആഗ്രഹിക്കത്തില്ലല്ലോ! ആഗ്രഹിക്കുന്നതല്ലേ കൊടുക്കാൻ പറ്റൂ. '
ഓടുന്നതിനിടയിലുള്ള മൂപ്പരുടെ ആത്മഗതത്തിനൊപ്പം തൂവാലയുടെ ഓരോ ആട്ടത്തിലും അങ്ങോട്ടു കൊടുത്തതൊക്കെ അതേപടി തിരിച്ചു പോന്നുകൊണ്ടുമിരുന്നു!