ഞാൻ ആ വലിയ നിലക്കണ്ണാടിക്ക് മുന്നിൽ നിൽക്കാൻ തുടങ്ങിയിട്ട് ഏറെ നേരമായി. ഞാൻ എന്നെ തന്നെ അടിമുടി നോക്കി മനസ്സിലാക്കുകയായിരുന്നു. ഇന്നെൻറെ വിവാഹ രാത്രിയാണ്. കാല്പനികത പതഞ്ഞൊഴുകേണ്ട ഒരു രാത്രി. പക്ഷേ ഇപ്പോൾ എനിക്ക് ഞാൻ മാത്രമേയുള്ളൂ. ആ തിരിച്ചറിവിൻറെ മന:പ്രയാസത്തിലാണ് ഞാനിപ്പോൾ.
‘വിവാഹജീവിതം നെല്ലിക്ക പോലെയാണ്. അതിൽ മധുരം മാത്രമല്ല ചിലപ്പോൾ കയ്പും പുളിപ്പും ചവർപ്പും ഒക്കെയുണ്ടാവും.’
വിവാഹത്തിനുമുമ്പ് എനിക്ക് എൻറെ സുഹൃത്തുക്കൾ നൽകിയ ഉപദേശമാണ്. ഇവരിൽ ചിലർ വിവാഹിതർ പലരും അവിവാഹിതര്‍. പക്ഷേ സന്നിദ്ധഘട്ടങ്ങളിൽ എല്ലാവരും ഫിലോസഫർമാരെ പോലെ സംസാരിക്കും. കാരണം അത്ര വലിയ ജീവിതപ്രാരാബ്ധങ്ങളില്‍ പെട്ടു ഉഴലുന്നവരാണ് ഇവര്‍. നാട്ടിലെ സാമ്പത്തിക പ്രശ്നത്തിന് പരിഹാരമായി ഓടി രക്ഷപ്പെട്ടു വന്നവരാണ് ഇവർ. ഇവരിൽ വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരും ഉണ്ട്. ഇവിടെ വന്നിട്ട് ജീവിതം കരുപ്പിടിപ്പിക്കാം എന്ന് കരുതി പുറപ്പെടും. പക്ഷേ ജീവിതത്തിൻറെ ആവശ്യങ്ങൾ കൂടിക്കൊണ്ടേയിരിക്കും.
ഇവിടെ ഗൾഫിൽ എത്തുന്ന ഒരു ശരാശരി യുവാവിനോട് ചോദിച്ചാൽ അവൻ പറയും
‘ഞാനിവിടെ ഒരു അഞ്ചു വർഷമേ കാണു. നാട്ടിൽ കുറച്ച് സാമ്പത്തിക പ്രശ്നം ഉണ്ട്. അത് പരിഹരിച്ചാൽ അടുത്ത നിമിഷം ഞാൻ സ്ഥലം കാലിയാക്കും. പിന്നെ നാട്ടിൽ എന്തെങ്കിലും ചെറിയ കടയോ മറ്റോ ഇട്ട് ജീവിക്കും.’
ഈ പറയുന്ന യുവകേസരിയെ പതിനഞ്ച് വർഷം കഴിഞ്ഞും നാം ഗൾഫിൽ തന്നെ കാണും. എന്തുപറഞ്ഞാലും സ്നേഹം നിറഞ്ഞ ദയനീയമായ ഒരു ചിരി മാത്രം ഉത്തരമായി കൈമുതലാക്കിയ ഒരു പ്രവാസി. അപ്പോഴേക്കും ആ പരുവത്തിൽ എത്തിയിരിക്കും നമ്മുടെ പുരുഷ കേസരി. കാരണം ഒന്നു തന്നെ. എല്ലാവർക്കും ഉള്ള കാരണം ഒന്നുതന്നെ. നാട്ടിലെ വീടുപണി, കെട്ടിച്ചയക്കേണ്ട സഹോദരിമാര്‍, മാതാപിതാക്കളുടെ ചികിത്സ, സഹോദരങ്ങളുടെ പഠനം, അങ്ങനെ പലതും.
പിന്നെ ഒരിക്കൽ വീര്യം നഷ്ടപ്പെട്ട് കാര്യമായ അസുഖം പിടിപെട്ട് ഇനിയും ഇവിടെ നിന്നാൽ ചത്തുപോകും എന്ന് മനസ്സിലാക്കുമ്പോൾ പെട്ടിയും കിടക്കുകയും എടുത്ത് നാട്ടിലേക്ക് വണ്ടികയറും. അവിടെച്ചെന്ന് ചികിത്സയും ഒക്കെയായി ശിഷ്ടജീവിതം കഴിയും. ഇതാണ് ഒരു ശരാശരി പ്രവാസി ഗൾഫുകാരൻറ ജീവിതം. പുലിയായി വന്ന് എലിയായി മടങ്ങുന്ന മലയാളി.
“വിവാഹം എന്ന പദത്തിൻറെ അർത്ഥം എന്താണെന്ന് അറിയുമോ നിനക്ക്.”
ഒരിക്കൽ രാഘവേട്ടൻ ചോദിച്ചു. രാഘവേട്ടൻ അമ്പത് വയസ്സ് കഴിഞ്ഞ പ്രാരാബ്ദകാരൻ. ഒരു കമ്പനി സൂപ്പർവൈസർ. ദുബായിലെ ഒരു ലീഡിങ് കൺസ്ട്രക്ഷൻ കമ്പനിയാണ് രാഘവേട്ടന്റെത്.
“ഇല്ല.” ഞാൻ പറഞ്ഞു.
“വിശേഷാൽ വഹിക്കുന്നത് എന്നാണ് അതിന്റെ അർത്ഥം. ആര് വഹിക്കുന്നത് എന്ന് അറിയുമോ?” രാഘവേട്ടൻ എന്നോട് ചോദിച്ചു.
“ഇല്ല”. ഞാൻ പറഞ്ഞു.
“നാം പുരുഷകേസരികൾ. അപ്പോൾ ഭാരം എന്താണ് എന്ന് മനസ്സിലായോ?” രാഘവേട്ടൻ ചോദിച്ചു.
“വിവാഹത്തിൽക്കൂടി കയറി വരുന്ന ഭാരമാണെങ്കിൽ അത് ഭാര്യ തന്നെയാണ്.” ഞാന്‍ പറഞ്ഞു.
“അതുതന്നെ. ഇപ്പോൾ നിനക്ക് കാര്യങ്ങൾ മനസ്സിലായി വരുന്നുണ്ട്. നാം ആഗ്രഹിക്കുന്നത് ഒരു താങ്ങാണ്. ഏതാണ്ട് ചരിഞ്ഞ ഏത്തവാഴയ്ക്ക് ഊന്നു കൊടുക്കുന്നത് പോലെ ഒരു താങ്ങ്. അതാണ് നമ്മുടെ സങ്കല്പത്തിലെ ഭാര്യ ശരിയല്ലേ.” രാഘവേട്ടൻ ചോദിച്ചു.
“ശരിയാണ്”. ഞാൻ സമ്മതിച്ചു.
കാരണം ഞാനും പൈങ്കിളി നോവലുകളും സിനിമകളും ഒക്കെ കണ്ടാണല്ലോ എന്റെ കൗമാരം ആഘോഷിച്ചത്. അന്നത്തെ ‘മാ’ പ്രസിദ്ധീകരണം എന്നറിയപ്പെട്ടിരുന്ന വാരികകളിൽ ആർറ്റിസ്റ്റുകൾ വരച്ചുവെച്ച മാദകത്തിടമ്പുകളുടെ ചിത്രങ്ങൾ എന്നെപ്പോലുള്ള എത്ര കൌമാരക്കാരുടെ ഉറക്കം കെടുത്തിയിരിക്കുന്നു. സുന്ദരിമാരെല്ലാം സൽസ്വഭാവികളായിരിക്കുമെന്ന ഒരു ധാരണയും എനിക്കുണ്ടായിരുന്നു.
“എന്നാൽ യാഥാർത്ഥ്യം അങ്ങനെയല്ല. ചരിഞ്ഞ മരത്തിൽ ഓടിക്കയറാനാണ് അവർ വരുന്നത്. ചരിഞ്ഞ മരത്തിന് അതൊരു ഭാരമാണ്. എന്നാൽ കുതറിക്കളയാനും പറ്റില്ല. അതാണ് വിശേഷാലുള്ള ഭാരം. അല്ലെങ്കിൽ വിശേഷാൽ വഹിക്കേണ്ട ഭാരം.” ഞാൻ കേട്ടിരുന്നു രാഘവേട്ടന്റെ ഫിലോസഫി.
രാഘവേട്ടന് വലിയ വിദ്യാഭ്യാസം ഉള്ളതായി തോന്നുന്നില്ല. കാരണം അദ്ദേഹം ഒരു സർട്ടിഫിക്കറ്റും എടുത്തു നോക്കി മേനി പറയുന്നതായി കണ്ടിട്ടില്ല. ഇവിടെ അങ്ങനെയാണ്. പത്താംതരം പാസായവൻ ആണെങ്കിലും തൻറെ വിദ്യാഭ്യാസ നിലവാരത്തെപ്പറ്റി പൊങ്ങച്ചം പറഞ്ഞുകൊണ്ടിരിക്കും. ‘എനിക്ക് ഡിസ്റ്റിങ്ഷൻ ഉണ്ടായിരുന്നു. അല്ലെങ്കിൽ എസ്.എസ്.എൽ.സി. ക്ക് പതിനഞ്ചാം റാങ്കിന് ഒന്നര മാര്‍ക്കിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ’ എന്നൊക്കെ. ഒരിക്കലും നമ്മൾ അവരുടെ എസ്.എസ്.എൽ.സി. ബുക്ക് കാണാത്തതുകൊണ്ട് അവർക്ക് എന്തും പറയാം.
ദുബായിൽ ആദ്യമായി ജോലിക്ക് എത്തുമ്പോൾ എല്ലാവർക്കും വലിയ പ്രതീക്ഷയാണ്. കാരണം നാം സിനിമയിൽ കാണുന്ന അംബരചുംബികൾ നമ്മുടെ സങ്കല്പത്തെ വാനോളം ഉയർത്തും. ഏതാനും നാളുകൾക്കുള്ളിൽ ഒരു ബി.എം.ഡബ്ല്യു. വിൽ യാത്ര ചെയ്യുന്നത് സങ്കൽപ്പിക്കും. പക്ഷേ താമസം തുടങ്ങുന്നത് ഡോർമെറ്ററിയിലെ അടുക്കു കട്ടിലിൽ ആണ്. ഒരു നിരക്ക് മുകളിലേക്ക് മൂന്ന് പേർ. ചിലപ്പോൾ നാലു പേർ. ആഹാരത്തിന്‍റെ കാര്യം അതിലും കേമം. നാവിന്റെ രസമുകുളങ്ങളെ വെല്ലുവിളിക്കുന്ന വിഭവങ്ങൾ. എല്ലാത്തിനും എരിവു മുന്നിട്ടുനിൽക്കും. അവിടെ തുടങ്ങുന്നു നമ്മുടെ പുതിയ ജീവിത പരീക്ഷണം.
ആദ്യമൊക്കെ തൊഴിൽ ഗ്രേഡ് അനുസരിച്ച് താണവൻ എന്നും ഉയർന്നവൻ എന്നും കാണും. പിന്നെ പ്രായത്തെ ബഹുമാനിക്കാൻ പഠിക്കും. ഉദ്യോഗത്തിന്റെ വലിപ്പച്ചെറുപ്പം മാഞ്ഞുപോകും. എല്ലാവരും അറബിയെ സംബന്ധിച്ച് തൊഴിലാളികൾ മാത്രമാണ്. വെറും ലേബേഴ്സ്.
“നിനക്കറിയാമോ എന്റെ കമ്പനിയിൽ ഒരു ജോൺ ഉണ്ടായിരുന്നു. തമിഴൻ. ഗായകൻ. നന്നായി പാടും. ഇളയരാജയും എസ്.പി.ബിയും ദൈവത്തിൻറെ അവതാരങ്ങളായി കരുതി ആരാധിച്ചിരുന്നവന്‍”. രാഘവേട്ടൻ പറഞ്ഞു.
“ജോണിന്റെ പാട്ടിനെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട്” ഞാൻ പറഞ്ഞു. രാഘവേട്ടൻ തുടർ ന്നു.
“നമ്മുടെ കമ്പനിക്ക് മലേഷ്യയിൽ ഒരു വർക്ക് കിട്ടി. ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ നിർമ്മാണം. ജോണിനെ സൈറ്റ് എൻജിനീയറായി അവിടേക്ക് വിട്ടു. ഒരിക്കൽ കൺസ്ട്രക്ഷൻ സൈറ്റിൽ പണി സാമഗ്രികൾ മുകളിലേക്ക് കൊണ്ടുപോകുന്ന ടെമ്പററി ലിഫ്റ്റ് പൊട്ടിവീണു, താഴെ നിന്ന ജോണിന്റെ തലയിൽ. സ്പോട്ടിൽ പാവം തീർന്നു. ബോഡി അവന്റെ നാടായ തൂത്തുക്കുടിയിലേക്ക് എത്തിക്കാൻ ഞങ്ങൾ ശ്രമം ആരംഭിച്ചു. പക്ഷേ വലിയ ചിലവുള്ള പണിയാണ്. ഫ്ലൈറ്റ് ചാർജ് വലിയ തുക വേണം. ഏതാണ്ട് ഒന്നരലക്ഷം രൂപയ്ക്ക് മുകളിൽ. ചീഫ് എൻജിനീയർ എത്തി ജോണിന്റെ ഭാര്യയോടും ബന്ധുക്കളോടും ഫോണിൽ ബന്ധപ്പെട്ടു. അയാള്‍ തമിഴ് നന്നായി കൈകാര്യം ചെയ്യുന്ന മലേഷ്യൻ എൻജിനീയർ ആയിരുന്നു. അയാൾ ഒരു വ്യവസ്ഥ മുന്നോട്ടുവച്ചു. ജോണിന്റെ മരണം ആക്സിഡൻറ് ആണ്. കമ്പനിയുടെ ഒരു സാമ്പത്തിക നഷ്ടപരിഹാരം ഉണ്ടാകും. പക്ഷേ ജോൺ ഒരു സൈറ്റ് എൻജിനീയർ മാത്രമായതുകൊണ്ട് അതിലുപരി അധികകാലം വർക്ക് എക്സ്പീരിയൻസ് ഇല്ലാത്തതുകൊണ്ടും ഒരു വലിയ തുക പ്രതീക്ഷിക്കണ്ട. ബോഡി നാട്ടിലെത്തിക്കാനാണ് പ്ലാന്‍ എങ്കില്‍ അതിന്റെ ട്രാൻസ്പോർട്ടേഷൻ കമ്പനി വഹിക്കില്ല. അത് ജോണിന് കിട്ടേണ്ട നഷ്ടപരിഹാരത്തിൽ നിന്നും പിടിക്കും. അങ്ങനെ ആയാല്‍ വലിയൊരു തുക ബോഡി നാട്ടിലെത്തിക്കുന്നതിന് ചിലവാകും. പിന്നെ വളരെ നാമമാത്രമായ ഒരു തുകയേ ജോണിന്‍റെ ഭാര്യയുടെ അക്കൗണ്ടിൽ വരികയുള്ളൂ. ബോഡി വേണ്ട തുക മതി എന്നു തീരുമാനിച്ചാൽ നഷ്ടപരിഹാരത്തുക പൂർണമായും ഭാര്യക്ക് കിട്ടും. അങ്ങനെയെങ്കിൽ ബോഡി ഇവിടെ സംസ്കരിക്കും. അതായിരുന്നു വ്യവസ്ഥ.” രാഘവേട്ടന്‍ പറഞ്ഞു.
“എന്നിട്ട് ബോഡി നാട്ടിലെത്തിച്ചോ?” ഞാന്‍ ചോദിച്ചു.
“ഇല്ല”. രാഘവേട്ടന്‍ പറഞ്ഞു. “ബോഡി ഇവിടെ സംസ്കരിച്ചു. സംസ്കരിച്ചു എന്നു പറഞ്ഞാൽ ഏതെങ്കിലും വേസ്റ്റ് ഡമ്പിംഗ് സൈറ്റിലിട്ട് ടയർ കൂട്ടിയിട്ട് കത്തിച്ചു കളഞ്ഞു എന്ന് സാരം. അസ്ഥിയുടെ ശേഖരണം ഇല്ല, ശേഷക്രിയകൾ ഇല്ല, ത്രിവേണിയിൽ മരണാനന്തര കർമ്മങ്ങളും അസ്ഥിനിമഞ്ജനവും ഇല്ല. അതാണ് സത്യം.”
ഞാൻ നിസ്സംഗനായി എല്ലാം കേട്ടിരുന്നു. രാഘവേട്ടൻ ദൂരേക്ക് നോക്കിയിരിക്കുകയാണ്. ഞങ്ങൾ കടൽക്കരയിൽ ഇരിക്കുകയായിരുന്നു. ബീച്ചിലെ ബഹളങ്ങൾ അടങ്ങി വരുന്നു.
“ജീവികളെ ഭരിക്കുന്ന ഏറ്റവും വലിയ വികാരം എന്താണെന്നറിയാമോ?” രാഘവേട്ടൻ ചോദിച്ചു.
“കാമം”. എനിക്ക് സംശയമുണ്ടായിരുന്നില്ല.
“അല്ല, വിശപ്പ്.” രാഘവേട്ടൻ പറഞ്ഞു. “വിശപ്പിനു മുന്നില്‍ കാമവും കരിഞ്ഞു പോകും”.
ശരിയാവണം. ജീവിതാനുഭവങ്ങൾ ഏറെയുള്ള ഒരാളിന്റെ വാക്കുകളാണ് അത്. തെറ്റില്ല.
“അരുണ്‍. ബിയർ ഒന്ന് കുലുക്കിയിട്ട് പൊട്ടിച്ചാൽ ആദ്യം വലിയ ആരവത്തോടെ നുരയും പതയും പുറത്തേക്ക് ചാടും. അത് കാണാൻ എല്ലാവർക്കും ഹരമാണ്. അതാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. എന്നാൽ എല്ലാം കഴിഞ്ഞ ശേഷം ബിയർ കുപ്പിയുടെ ഏറ്റവും അടിയിൽ നിന്നും സാവധാനം മുകളിലേക്ക് വരുന്ന ചില ചെറു കുമിളകൾ ഉണ്ടാകും. അത് വളരെ സാവധാനം മുകളിലേക്ക് വന്ന് പൊട്ടിത്തീരും. അതാരും ശ്രദ്ധിക്കുകയില്ല. നമ്മുടെയൊക്കെ ജീവിതം അതുപോലെയാണ്. ആ ചെറിയ കുമിളകൾ പോലെ.” രാഘവേട്ടൻ പറഞ്ഞതിന്റെ പൂർണാർത്ഥം എനിക്ക് മനസ്സിലായില്ല. എങ്കിലും ഞാൻ കേട്ടിരുന്നു.
കൈയിൽ ഉണ്ടായിരുന്നതും സുഹൃത്തുക്കളിൽ നിന്നും വാങ്ങിയതുമായ ഒരു തുകയുമായി നാട്ടിലേക്ക് പോകും മുൻപേ തന്നെ ഒരു വിവാഹ ബ്രോക്കറെ പറഞ്ഞ് ഏർപ്പാടാക്കിയിരുന്നു. യോഗ്യമെന്നു തോന്നിയ ഒരു ഡസൻ പ്രൊപ്പോസൽ അയാൾ മുന്നോട്ടു വച്ചു. സാധാരണ പല യുവാക്കളും ചെയ്യുന്ന പോലെ ഒരുപാട് കയറിയിറങ്ങി നടക്കാൻ ഞാൻ തുനിഞ്ഞില്ല. കാരണം പുറപ്പെടുവാൻ തുടങ്ങുന്നതിന് മുമ്പ് രാഘവേട്ടൻ പറഞ്ഞിരുന്നു.
“അരുൺ. ഒരുപാട് പെണ്ണു കണ്ടു നടക്കരുത്. പിന്നെ അതിനേ നേരം ഉണ്ടാവുകയുള്ളൂ. ദിവസങ്ങൾ ശൂ എന്ന നിലയിൽ പോകും. നിനക്ക് നാല്‍പ്പത്തഞ്ചു ദിവസത്തെ ലീവ് അല്ലേ ഉള്ളൂ. മാത്രമല്ല ഓരോ പെണ്ണുകാണലും ഒരു പെൺകുട്ടിയെ സംബന്ധിച്ച് വലിയ പ്രതീക്ഷയാണ്. ഇത് നടക്കും എന്ന പ്രതീക്ഷ. അവർ എത്ര പേരുടെ മുന്നിൽ ഒരുങ്ങിക്കെട്ടി നില്‍ക്കുന്നതാ. നമ്മൾ പോയി അവരെ കണ്ട്, ചായകുടിച്ച്, മിച്ചറും തിന്ന്, പുറത്തിറങ്ങി നൂറു രൂപ ബ്രോക്കർക്ക് കൊടുത്തിട്ട്, അടുത്തത് നോക്കാം എന്ന് പറയുമ്പോൾ, ഒരു പെൺകുട്ടിയെ ദുഃഖിപ്പിക്കുക മാത്രമല്ല അവളെ അപമാനിക്കുക കൂടിയാണ്. എൻറെ വിലയിരുത്തലിൽ നീ തോറ്റുപോയി എന്ന് പറയാതെ പറയുക. അല്ലെങ്കിൽ ഒരു ശരാശരി പുരുഷന് യോഗ്യയല്ല നീ എന്ന് പ്രഖ്യാപിക്കുക. പലരും ചെയ്യുന്ന പണിയാണിത്. പെണ്ണു കാണലിലൂടെ ഷൈൻ ചെയ്യുക. എന്നിട്ട് അവരുടെയൊക്കെ മന:പ്രാക്ക് വാങ്ങി കൂട്ടുക. നീ അത് ചെയ്യരുത്. ഫോട്ടോയും ചുറ്റുപാടും ഒക്കെ കണ്ട് ഒന്നിനെ ഫിക്സ് ചെയ്യുക. ഒക്കുമെങ്കിൽ അതങ്ങ് നടത്തുക.” രാഘവേട്ടൻ പറഞ്ഞത് ശരിയാണെന്ന് എനിക്ക് തോന്നി. സമയമില്ല. മാത്രമല്ല വെറുതെ മന:പ്രാക്ക് വാങ്ങി കൂട്ടണ്ടല്ലോ. മൂന്ന് സഹോദരിമാരെ കെട്ടിച്ചയച്ച രാഘവേട്ടന് അത് പറയാനുള്ള യോഗ്യതയുണ്ട്.
നാട്ടിലെത്തി അടുത്ത ദിവസംതന്നെ ബ്രോക്കറോട് പറഞ്ഞുറപ്പിച്ച ഒരാളെ പോയിക്കണ്ടു. പെൺകുട്ടി ഡിഗ്രിക്ക് പഠിക്കുന്നു. സുന്ദരി. കുടുംബത്തിന് അത്യാവശ്യം സ്വത്ത് ഉണ്ട്. അതുകൊണ്ട് സ്ത്രീധനക്കാര്യം ഒന്നും സംസാരിച്ചില്ല. കിട്ടുന്നത് എന്തോ അത് വാങ്ങുക.
പിന്നെ എല്ലാം പെട്ടെന്ന് നടന്നു. വീട്ടുകാർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പോയി വന്നു. ജാതകം നോക്കി തൃപ്തിപ്പെട്ട് ഒരാഴ്ചയ്ക്കുള്ളിൽ വിവാഹ നിശ്ചയം വലിയ ആർഭാടമില്ലാതെ നടന്നു. പിന്നീട് രണ്ടാഴ്ചക്കുള്ളിൽ വിവാഹവും നടന്നു.
വിവാഹദിനം വളരെ വൈകി കൂട്ടുകാരെയും ബന്ധുക്കളെയും ഒക്കെ യാത്രയാക്കി ഞാനെൻറെ മണിയറയിലേക്ക് കടന്നു.
അത്യാവശ്യം മുല്ലപ്പൂക്കൾ കൊണ്ട് അലങ്കരിച്ച കട്ടിലിൽ, അതിൽ ടേബിൾ ലാമ്പിന് അഭിമുഖമായി പ്രിയ ഇരിക്കുന്നു. എന്റെ ഭാര്യ. ശരിക്കും പറഞ്ഞാൽ ഇതുവരെ ഞാൻ എൻറെ പ്രിയതമയുടെ മുഖം ശരിക്ക് കണ്ടിട്ടില്ല. ആകെയൊരു തിരക്കായിരുന്നു. പേര് നേരത്തെ ബ്രോക്കർ പറഞ്ഞിരുന്നു കൊണ്ട് സാധാരണഗതിയിൽ പെണ്ണുകാണൽ ചടങ്ങിൽ ഉള്ള ക്ലീഷേ ചോദ്യം ‘പേരെന്താ’ എന്നുള്ളത് ഉണ്ടായില്ല. രണ്ടുപേരും നേരത്തെ പേരു മനസ്സിലാക്കി വെച്ചിട്ട് ‘പേരെന്ത്’ എന്ന് ചോദിക്കുന്നതിലെ പരിഹാസ്യത വേണ്ടെന്നു കരുതി പേര് ചോദിച്ചില്ല. ഒന്നും മിണ്ടാനുള്ള സാഹചര്യവും ഉണ്ടായില്ല. മിണ്ടലും പറച്ചിലും എല്ലാം കാരണവന്മാർ തമ്മിലായിരുന്നു. ഞാൻ ഒരു കേൾവിക്കാരനായി എല്ലാം കേട്ടിരുന്നു. അതുകൊണ്ട് അവളുടെ ശബ്ദം കേൾക്കണം എന്നുള്ള ആഗ്രഹം നടന്നില്ല. സത്യം പറഞ്ഞാൽ അവളുടെ ശബ്ദം എങ്ങനെയിരിക്കും എന്നു പോലും എനിക്കറിയില്ല.
ഞാൻ പതുക്കെ അവൾക്ക് പിന്നിൽ ചെന്നിരുന്നു. അവൾ അപ്പോഴും മുഖം കുനിച്ചിരിക്കുകയാണ്. കല്യാണ മണ്ഡപത്തിലും അതിനു ശേഷവും അതുതന്നെ അവസ്ഥ. അവളുടെ മുഖം നേരെ ഒന്നു കാണാന്‍ ഇതുവരെ പറ്റിയിട്ടില്ല. നീളമുള്ള സമൃദ്ധമായ മുടിയാണ് അവള്‍ക്ക്. അത് നിറയെ മുല്ലപ്പൂ ചൂടിയിരിക്കുന്നു. സൗന്ദര്യത്തിനൊപ്പം നല്ല മുടിയും, കെട്ടാന്‍ പോകുന്ന പെണ്ണിന് വേണമെന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. സ്ത്രീയുടെ അഴക് മാത്രമല്ല ശക്തിയും മുടിയാണ്. മുടിക്കെട്ടില്‍ ശക്തിയിരിക്കുന്നു എന്നാണ് കരുതപ്പെടുന്നത്. അതാണ് മഹാഭാരതത്തിൽ ദ്രൗപദി ഓർമ്മപ്പെടുത്തുന്നത്.
“അങ്ങനെ നിനക്ക് വലിയ നിർബന്ധമാണെങ്കിൽ, ഉയരത്തിന്റെ കാര്യത്തിൽ നീ കോംപ്രമൈസ് ചെയ്യേണ്ടിവരും.”
ഒരിക്കൽ പനംകുല പോലത്തെ മുടിയുള്ള ഒരു പെണ്ണിനെ കെട്ടാനുള്ള ആഗ്രഹത്തെപ്പറ്റി പറഞ്ഞപ്പോൾ രാഘവേട്ടൻ പറഞ്ഞതാണിത്.
ഞങ്ങൾ കടൽക്കരയിൽ ഇരിക്കുകയായിരുന്നു. അറബി പെണ്ണുങ്ങൾ തലങ്ങും വിലങ്ങും നടക്കുന്നുണ്ടായിരുന്നു. ബീച്ച് പൊതുവേ ജനനിബിഡമാണ് സായാഹ്നങ്ങളിൽ. എന്നാൽ മൊത്തത്തിൽ ശരീരം മൂടിക്കെട്ടിനടക്കുന്ന സ്ത്രീ ജനങ്ങളുടെ മുടിയഴക് കാണാൻ കഴിയില്ല. മാത്രമല്ല അവരുടെ പ്രായവും ഊഹിക്കുക പ്രയാസമാണ്.
“നീ ഈ കാണുന്ന സൗന്ദര്യം കണ്ട് ഇളകണ്ട. ഒക്കെ അമ്മച്ചിമാരാണ്. തൈക്കിളവിമാർ. ഏറ്റവും കൂടുതൽ സുഗന്ധ വസ്തുക്കളും മേക്കപ്പ് ഐറ്റങ്ങളും വില്‍ക്കപ്പെടുന്നത് ഗൾഫ് രാജ്യങ്ങളിൽ ആണെന്ന് നിനക്കറിയാമോ? എല്ലാത്തിനും ഒരു ഇറച്ചിക്കോഴി ലുക്കില്ലേ? എല്ലാം ഏച്ചുകെട്ടൽ ആണ്.”
അറബി സുന്ദരിമാരെ ആർത്തിയോടെ നോക്കുന്ന എന്നെ കണ്ടപ്പോൾ രാഘവേട്ടൻ പറഞ്ഞതാണിത്.
“ഇപ്പോൾ നീ കാണുന്ന ഈ സുന്ദരിമാരെ മേക്കപ്പഴിച്ചു കണ്ടാൽ നീ തിരിച്ചറിയത്തില്ല. അതാണ് മേക്കപ്പിന്റെ ശക്തി.” രാഘവേട്ടൻ പറഞ്ഞു.
ശരിയാണ് ഒരിക്കൽ എന്റെ സുഹൃത്ത്, സ്കൂൾ അധ്യാപകൻ തന്റെ ക്ലാസിലെ സുന്ദരിക്കുട്ടിക്ക് ഹോം ട്യൂഷൻ എടുക്കാൻ പോയ കഥ പറഞ്ഞിട്ടുണ്ട്. ഹോം ട്യൂഷൻ മലയാളി അധ്യാപകർക്ക് ഗൾഫിലെ ഒരു നല്ല വരുമാന മാർഗ്ഗമാണ്. വൈകിട്ട് ഒരു മണിക്കൂർ പഠിപ്പിച്ചാൽ മതി, ഒരു ക്ലാസ്സിന് പത്ത് ദിർഹം വെച്ച് കണക്കാക്കിയുള്ള തുക മാസാവസാനം കിട്ടും. ഒരു വീട്ടിൽ ചുറ്റുവട്ടത്തിലുള്ള രണ്ടുമൂന്നു കുട്ടികളും കാണും. ഒരു വീട്ടിൽ ഒരു ക്ലാസ്സ് ഫിക്സ് ചെയ്താൽ അവിടെ നാല് അല്ലെങ്കിൽ അഞ്ചു കുട്ടികൾ ഉണ്ടാകും. ഒറ്റ മണിക്കൂർ കൊണ്ട് നാല്‍പത് അല്ലെങ്കിൽ അമ്പത് ദിർഹം തടയും.
ഒരു ദിവസം രണ്ടും മൂന്നും വീട്ടിൽ പോയി ക്ലാസെടുക്കും. വൈകിട്ട് ആറു മുതൽ ക്ലാസ് തുടങ്ങും. രാത്രി പത്തുവരെ. ക്ലാസ് ദിവസേന എടുക്കുന്നവരും ഉണ്ട്. സ്കൂളിൽ നിന്ന് കിട്ടുന്ന ശമ്പളത്തേക്കാളും വലിയൊരു തുക അങ്ങനെ സമ്പാദിക്കാം. അങ്ങനെ ഒരു ക്ലാസില്‍ തന്റെ തന്നെ ശിഷ്യയെ വൈകിട്ട് പഠിപ്പിക്കാൻ പോയ എൻറെ സുഹൃത്ത് പറഞ്ഞത്, ക്ലാസിൽ കണ്ട വെളുത്ത സുന്ദരി ആയിരുന്നില്ല വൈകിട്ട് വീട്ടിൽ പഠിക്കാൻ മുന്നിൽ വന്നിരുന്നത്. അവൾ ശരിക്കും ഇരുനിറത്തിലും അല്പം കറുപ്പായിരുന്നു.
“നിൻറെ ആഗ്രഹം സാധിക്കണമെങ്കിൽ അധികം ഉയരമില്ലാത്ത ഒന്നിനെ സെലക്ട് ചെയ്യണം. കാരണം ഉയരം കുറഞ്ഞ സുന്ദരിമാർക്ക് ധാരാളം മുടി ഉണ്ടാവാറുണ്ട്. ഇത് ഒരു പൊതു തത്വമല്ല. എങ്കിലും അങ്ങനെ കണ്ടുവരുന്നുണ്ട്.” രാഘവേട്ടൻ പറഞ്ഞു. ഏന്തായാലും വേണ്ടില്ല ഞാൻ ഉയരം കോംപ്രമൈസ് ചെയ്തു.
എൻറെ നവവധു വലിയ ലജ്ജാലുവാണെന്ന് എനിക്ക് തോന്നി. ഞാൻ പതുക്കെ എന്‍റെ കൈ അവളുടെ ചുമലിൽ വച്ചു. പിന്നെ പതുക്കെ ഒന്ന് അമർത്തി. അവൾ തിരിഞ്ഞു നോക്കി. ചെറുതായി ഒന്നു ചിരിച്ചു. പിന്നെ പതുക്കെപ്പറഞ്ഞു.
“മറ്റന്നാൾ എക്സാം ആണ്. അതിനുള്ള പ്രിപ്പറേഷനിലാണ്.”
അപ്പോൾ മാത്രമാണ് അവളുടെ മടിയിലിരുന്ന പുസ്തകം ഞാൻ ശ്രദ്ധിച്ചത്. അവളുടെ ചുമലിൽ അമർന്ന എൻറെ കൈ അയഞ്ഞു. ഞാൻ പതുക്കെ എണീറ്റു.
കണ്ണാടിക്ക് മുന്നിൽ, ഞാൻ എന്നെ തന്നെ ഏറെനേരം നോക്കി നിന്നു.
ഇപ്പോൾ എനിക്ക് ഞാൻ മാത്രമേയുള്ളൂ. എന്നിലെ കാല്പനികത പതഞ്ഞമർന്നുകഴിഞ്ഞു. തികച്ചും ഒരു നിസ്സംഗത എന്നെ പൊതിഞ്ഞു.
എന്നും രാത്രി കിടക്കുന്നതിനു മുമ്പ് ഞാൻ എൻറെ കൂട്ടുകാര്‍ക്ക് മുന്നില്‍ വിളമ്പുന്ന ആ പതിവ് പല്ലവി ഞാൻ എന്നോട് തന്നെ പറഞ്ഞു. “ഗുഡ് നൈറ്റ്”.
dr.sreekumarbhaskaran@gmail.com
*****