ഒരു നേതാവിനെതിരെ കോണ്‍ഗ്രസിന്റെ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ ഗ്രൂപ്പുകള്‍ക്കതീതമായി ഒരേ സ്വരത്തില്‍ നിലകൊള്ളുന്ന മറ്റൊരു വിവാദം ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന കെ.പി.സി.സിയുടെ നിലപാട് എ.ഐ.സി.സിയെ അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ രാഹുലിന്റെ രാജി ആവശ്യപ്പെടാന്‍ ഹൈക്കമാന്‍ഡും തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, കെ മുരളീധരന്‍, എം.എം ഹസന്‍ തുടങ്ങിയ നേതാക്കളെല്ലാം രാഹുല്‍ രാജിവച്ചേ മതിയാവൂ എന്ന കടുത്ത നിലപാടിലാണ്. എം.എല്‍.എമാരും നിലപാട് വ്യക്തമാക്കി രംഗത്തുവന്നു.
എന്നാല്‍ കടുത്ത ആരോപണങ്ങള്‍ക്ക് പിന്നാലെ നേതാക്കള്‍ രാജി സൂചന നല്‍കുമ്പോഴും രാജിയില്ലെന്ന വാശിയിലാണ് രാഹുല്‍. കോണ്‍ഗ്രസിന്റെ സമീപകാല ചരിത്രത്തില്‍ ഒന്നും ഇല്ലാത്ത വിധം വലിയ പിന്തുണയാണ് രാഹുലിന്റെ രാജി ആവശ്യത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജി മുറവിളി ഉയരുമ്പോഴും അതൊഴിവാക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് രാഹുല്‍. എന്നാല്‍ ഇങ്ങനെ കൂടുതല്‍ പിടിച്ചു നില്‍ക്കാന്‍ രാഹുലിന് ആവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷേ ഒന്ന് കളിച്ചു നോക്കുന്നുവെന്ന് മാത്രം.
മാങ്കൂട്ടത്തില്‍ ഇന്ന് അടൂരിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ചെങ്കിലും കൊട്ടാരക്കരയില്‍ എത്തി തിരികെ വീട്ടിലേയ്ക്ക് മടങ്ങി. താന്‍ നിരപരാധിയെന്ന് തെളിയിക്കാന്‍ ഒരു വാര്‍ത്താ സമ്മേളനവും നടത്തി. വ്യാപകമായി ഉയര്‍ന്ന രാജി ആവശ്യത്തില്‍ പ്രതികരിച്ചതുമില്ല. പകരം, തനിക്കെതിരെ ട്രാന്‍സ് വുമണ്‍ അവന്തിക ഉന്നയിച്ച ആരോപണത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ച രാഹുല്‍ അവന്തികയും ഒരു മാധ്യമലപ്രവര്‍ത്തകനും തമ്മില്‍ ഓഗസ്റ്റ് 1--ന് നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടു.
രാഹുല്‍ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും നല്ല സുഹൃത്താണെന്നും ഉള്‍പ്പെടെ അവന്തിക പറയുന്നതായുള്ള ശബ്ദരേഖയാണ് ലൈവായി പുറത്തുവിട്ടത്. പക്ഷേ, ഈ ഓഡിയോ ക്ലിപ്പ് തള്ളി അവര്‍ പാടേ തള്ളി. വെല്ലുവിളിയുടെ സ്വരത്തിലാണ് ഇപ്പോഴും അയാള്‍ സംസാരിക്കുന്നത്. അതിന്റെ ഭവിഷ്യത്തുകള്‍ ഒറ്റയ്ക്ക് അനുഭവിക്കേണ്ടേ എന്ന് ചോദിച്ച അവന്തിക സോഷ്യല്‍ മീഡിയയിലെ ഉള്‍പ്പെടെ പ്രചാരണങ്ങളില്‍ താന്‍ വല്ലാത്ത ട്രോമിയിലൂടെയാണ് കടന്നുപോകുന്നതെന്നും വ്യക്തമാക്കി. രാഹുല്‍ പുറത്തുവിട്ട ശബ്ദരേഖയിലുള്ളത് തന്റെ സംഭാഷണമാണെന്നും അത് രാഹുലിന് അയച്ചത് താനാണെന്നും അവന്തിക സ്ഥിരീകരിച്ചു. താന്‍ അന്ന് സംസാരിച്ച അതേ മാധ്യമ പ്രവര്‍ത്തകനോടാണ് പിന്നീട് താന്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയതെന്നും അവന്തിക പറഞ്ഞു.
എതായാലും രാജി പ്രതിസന്ധിയുടെ മുള്‍മുനയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. പാര്‍ട്ടിയുടെ അന്തസും അഭിമാനവും കാത്തുസൂക്ഷിക്കാന്‍ രാജി അനിവാര്യമാണെന്നാണ് നേതാക്കളെല്ലാവരും പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി സാധ്യത എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ തള്ളുന്നുമില്ല. കേരളത്തിലെ നേതാക്കള്‍ ഗൗരവമായി ആശയവിനിമയം നടത്തുകയാണെന്നും താന്‍ പറയുന്നതില്‍ എല്ലാമുണ്ടെന്നും കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. വൈകാതെ പാര്‍ട്ടി തീരുമാനം എല്ലാവരെയും അറിയിക്കും. വളരെ ഗൗരവമേറിയ വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു. പൊതുപരിപാടികളില്‍ നിന്നെല്ലാം വിട്ട് അടൂരിലെ വീട്ടില്‍ത്തന്നെ തുടരുകയാണ് രാഹുല്‍. പ്രതിഷേധത്തെത്തുടര്‍ന്ന് വീടിന് മുന്നില്‍ സ്ഥാപിച്ച ബാരിക്കേഡ് മാറ്റിയിട്ടുണ്ട്. പക്ഷേ, പോലീസ് സുരക്ഷ തുടരും.
അതേസമയം, രാഹുലിനെ കൂടി കേട്ട ശേഷമേ രാജിക്കാര്യത്തില്‍ കോണ്‍ഗ്രസ് അന്തിമ തീരുമാനത്തിലെത്തുകയുള്ളൂ. തനിക്ക് വിശദീകരിക്കാനുണ്ടെന്ന് പാര്‍ട്ടിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ അറിയിച്ചിരുന്നു. രാജി വിഷയത്തില്‍ കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യ സമിതി വിളിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. ഗുരുതരമായ പ്രശ്‌നമായതിനാല്‍ നേതൃത്വം ഏകപക്ഷീയമായി തീരുമാനമെടുക്കരുതെന്നാണ് ആവശ്യം. പാലക്കാട് എം.എല്‍.എ ആയ രാഹുലിന്റെ രാജി ആവശ്യം ജില്ലയിലും ശക്തമായി. പാലക്കാട് ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ആവശ്യം പരസ്യമായി ഉന്നയിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിന് രാജിയല്ലാതെ മറ്റൊരു വഴിയില്ലെന്ന് സി.പി.എം നേതാക്കളും ബി.ജെ.പിയും നിലപാട് എടുക്കുന്നതിനിടെയാണ് പാലക്കാട്ടെ പാര്‍ട്ടിയിലും സമാനമായ ആവശ്യം ശക്തമാകുന്നത്. ഇതിനിടെ രാഹുലിന്റെ പെരുമാറ്റദൂഷ്യം മൂലം എറണാകുളം ജില്ലയിലെ പെണ്‍കുട്ടികള്‍ കെ.എസ്.യു വിടുകയും രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്ത സംഭവം ഗൗരവതരമാണ്. നാനം കെട്ടവനെ ചുമക്കേണ്ട ഗതികോട് തങ്ങള്‍ക്കുണ്ടോയെന്ന് എറണാകുളം ജില്ല യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍ പലരും ചോദിക്കുന്നു. തര്‍ക്കം രൂക്ഷമായതോടെ ഗ്രൂപ്പ് 'അഡ്മിന്‍ ഒണ്‍ലി'യാക്കി ജില്ലാ നേതൃത്വം രക്ഷപെട്ടിരിക്കുകയാണ്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി വച്ചാല്‍ 6 മാസത്തിനുള്ളില്‍ പാലക്കാട്ട് വീണ്ടും ഉപതിരഞ്ഞെടുപ്പ് വരും. കഴിഞ്ഞ തവണ അവിടെ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ പാലക്കാട്ട് വന്‍ തിരിച്ചടി നേരിടുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ ആശങ്കയുണ്ട്. ഉപതിരഞ്ഞെടുപ്പ് ഫലം തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളെ ബാധിക്കുമെന്ന് അവര്‍ കരുതുന്നു. ബി.ജെ.പി നേട്ടം കെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ബി.ജെ.പിയുടെ സി കൃഷ്ണകുമാറിനെ 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ പരാജയപ്പെടുത്തിയത്. സി.പി.എമ്മിന്റെ ഡോ. പി സരിന്‍ മൂന്നാ സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയുണ്ടായി. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പിക്ക് വേരുകളുള്ള പാലക്കാടന്‍ മണ്ണില്‍ അത്ഭുതങ്ങള്‍ സംഭവിച്ചേക്കാം.