ഓട്ടവ : യുക്രെയ്നിലേക്ക് സൈന്യത്തെ അയക്കാൻ സന്നദ്ധമാണെന്ന് കാനഡ. റഷ്യയുമായി യുക്രെയ്ൻ വെടിനിർത്തലിൽ എത്തിയാലും സൈന്യത്തെ അയക്കുന്ന കാര്യം തള്ളിക്കളയുന്നില്ലെന്നും കനേഡിയൻ സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കി. യുക്രെയ്ൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മാർക്ക് കാർണി കീവിലേക്ക് പോകുന്നതിന് മുൻപായിരുന്നു പ്രസ്താവന.
യുദ്ധം അവസാനിക്കുകയാണെങ്കിൽ യുക്രെയ്‌നിന് നൽകേണ്ട ഭാവി സുരക്ഷാ ഉറപ്പുകളെക്കുറിച്ച് 30 രാജ്യങ്ങളുടെ കൂട്ടായ്മയായ “Coalition of the Willing” ചർച്ച ചെയ്യുന്നുണ്ടെന്ന് സർക്കാർ വക്താവ് അറിയിച്ചു. യുക്രെയ്‌നിന് ശക്തമായ സൈന്യമുണ്ടാകേണ്ടത് ആവശ്യമാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. അതിന് ആയുധങ്ങളും പരിശീലനവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യുക്രെയ്നിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
കാനഡയുടെ പ്രതിരോധ സേനാ മേധാവി സുരക്ഷാ ഉറപ്പുകൾക്കായുള്ള ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. യൂറോപ്പിന് പുറത്ത് യുക്രെയ്നിന്റെ ഏറ്റവും വലിയ പിന്തുണ കാനഡയാണ് എന്നും ഉദ്യോഗസ്ഥർ പറഞ്ഞു. യുക്രെയ്നിന് ശേഷമുള്ള തന്റെ യൂറോപ്യൻ പര്യടനത്തിൽ കാർണി പോളണ്ട്, ജർമ്മനി, ലാത്വിയ എന്നിവിടങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.