ഇന്ത്യയുടെ മേൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ അധിക തീരുവകൾ റഷ്യയുടെ മേൽ ശക്തമായ സാമ്പത്തിക ആയുധമായെന്നു വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഞായറാഴ്ച്ച അവകാശപ്പെട്ടു. യുക്രൈൻ യുദ്ധം ആരംഭിച്ചു മൂന്നര വർഷത്തിനിടയിൽ ആദ്യമായി ചില വിട്ടുവീഴ്ചകൾക്കു റഷ്യ തയ്യാറായത് അതു കൊണ്ടാണെന്നു അദ്ദേഹം എൻ ബി സി ന്യൂസിൽ അവകാശപ്പെട്ടു.
റഷ്യ എണ്ണ വിൽക്കുന്ന പണം യുദ്ധത്തിന് ഉപയോഗിക്കുന്നത് തടയാനാണ് അവരിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയുടെ മേൽ അധിക തീരുവ ചുമത്തിയതെന്നു പറഞ്ഞ വാൻസ് പക്ഷെ റഷ്യൻ എണ്ണ വാങ്ങുന്ന ചൈനയെയും യുറോപ്പിനെയും ഒഴിവാക്കിയത് എന്തിനെന്നു വിശദീകരിച്ചില്ല.
"എണ്ണ വിറ്റു പണമുണ്ടാക്കാനുള്ള റഷ്യയുടെ പദ്ധതി പൊളിക്കാൻ ട്രംപ് ശക്തമായ സാമ്പത്തിക ആയുധം ഉപയോഗിച്ചു," വാൻസ് പറഞ്ഞു.
"മോസ്‌കോയെ ചർച്ചയ്ക്കു പ്രേരിപ്പിക്കാൻ കരുതിക്കൂട്ടിയാണ് ട്രംപ് അത് ചെയ്തത്. യുക്രൈനിലെ കൂട്ടക്കൊല നിർത്താമെങ്കിൽ റഷ്യയ്ക്കു വീണ്ടും ആഗോള സമ്പദ് വ്യവസ്ഥയിൽ ഇടം നേടാൻ കഴിയുമെന്ന് അവരെ ബോധ്യപ്പെടുത്താൻ ട്രംപ് ശ്രമിച്ചു. കൊല്ലും കൊലയും തുടർന്നാൽ അവർ ഒറ്റപ്പെടുക മാത്രമാണ് ഉണ്ടാവുക."
എന്നാൽ ട്രംപിന്റെ നടപടി മൂലം റഷ്യ വഴങ്ങിയെന്നു വാൻസ് കരുതുന്നു. "മൂന്നര വർഷത്തിനിടയിൽ ആദ്യമായി റഷ്യ ട്രംപിനു ഗണ്യമായ ഇളവുകൾ നൽകി എന്നാണ് എന്റെ ചിന്ത. പല നിർണായക വിഷയങ്ങളിലും അവർ ഏറെ വഴങ്ങിയിട്ടുണ്ട്."
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ദേശീയ താല്പര്യങ്ങൾ പരിഗണിച്ചാണ് എന്നാണ് ഇന്ത്യ വാദിക്കുന്നത്. വിപണിയിലെ അവസ്ഥയും പരിഗണിക്കുന്നുണ്ട്. 2022ൽ യുദ്ധം ആരംഭിച്ചതോടെ പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ എണ്ണ നിർത്തിയതോടെ ഇന്ത്യ ഡിസ്‌കൗണ്ടിൽ അതു വാങ്ങാൻ തയാറായി.
ആരെയും നിർബന്ധിച്ചിട്ടില്ലെന്നു ജയ്‌ശങ്കർ
ഇന്ത്യ സംസ്കരിക്കുന്ന റഷ്യൻ എണ്ണ വാങ്ങാൻ ആരെയും നിർബന്ധിച്ചിട്ടില്ലെന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ ശനിയാഴ്ച്ച പറഞ്ഞു. "ബിസിനസുകാർക്കു വേണ്ടി നിലകൊള്ളുന്ന അമേരിക്കൻ ഭരണകൂടം മറ്റുള്ളവർ ചെയ്യുന്ന ബിസിനസിനെ വിമർശിക്കുന്നത് രസകരം തന്നെ.
"ഇന്ത്യയിൽ നിന്നു സംസ്കരിച്ച എണ്ണ വാങ്ങാൻ ആരെയും നിർബന്ധിച്ചിട്ടില്ല. പക്ഷെ യൂറോപ്പ് വാങ്ങുന്നുണ്ട്, അമേരിക്ക വാങ്ങുന്നുണ്ട്. നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ വാങ്ങേണ്ട."